19 April Friday

കാക്കാം സമാധാന കേരളം - കോടിയേരി
 ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 24, 2021

 

രണ്ടുവിഭാഗം വർഗീയശക്തികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ നടത്തിയ പരസ്‌പര അരുംകൊലകൾ നാടിന്റെ സമാധാനത്തിനും ഒരുമയ്‌ക്കും വെല്ലുവിളി ഉയർത്തുന്നതാണ്. ഈ സംഭവം മൂന്ന് കാര്യം കേരളസമൂഹത്തെ ജാഗ്രതപ്പെടുത്തുന്നു. 

(1) വർഗീയശക്തികൾ നടത്തുന്ന ചോരക്കളിക്കു പിന്നിലെ ലക്ഷ്യം ഇതിനെ ഏതെങ്കിലും ഘട്ടത്തിൽ വർഗീയകലാപമായി മാറ്റുക എന്നതാണ്. അത് എല്ലാ കേരളീയരും കരുതലോടെ ഇടപെടുന്നതിനുള്ള മുന്നറിയിപ്പ് നൽകുന്നതാണ്. കൊലപാതകങ്ങൾ നടത്തിയത് മതത്തിന്റെ പേരിലുള്ള വർഗീയതീവ്രവാദികളാണ്. മതനിരപേക്ഷതയെ ശക്തിപ്പെടുത്താൻ നിലകൊള്ളുന്നവരല്ല രണ്ടുകൂട്ടരും. എസ്ഡിപിഐയുടെ സംസ്ഥാന സെക്രട്ടറിയെ സ്‌കൂട്ടറിൽ കാറിടിച്ച് വീഴ്ത്തിയാണ് ബിജെപിക്കാർ അരുംകൊല ചെയ്തത്. തുടർന്ന് ബിജെപി നേതാവിനെ വീട് കയറി ആക്രമിച്ചാണ് എതിർപക്ഷം നിഷ്ഠുരമായി വകവരുത്തിയത്. രണ്ടിലും തെളിയുന്നത് സാമൂഹ്യവിരുദ്ധ ക്രിമിനൽ പ്രവർത്തനമാണ്.

സാമൂഹ്യമാറ്റത്തിനുള്ള പോരാട്ടത്തിന്റെ ഭാഗമായി രക്തസാക്ഷികൾ ഉണ്ടാകാം. ബ്രിട്ടീഷ് വാഴ്‌ചയും ജന്മിവാഴ്‌ചയും അവസാനിപ്പിക്കാനും സമരഭൂമിയിൽ എത്തിയവരെ ഭരണകൂടം തൂക്കിക്കൊന്നിട്ടുണ്ട്. രാജവാഴ്‌ചയ്‌ക്കും ദിവാൻ ഭരണത്തിനുമെതിരെ സമരം ചെയ്ത ജനങ്ങളെ ദിവാന്റെ പട്ടാളം കൂട്ടക്കൊല ചെയ്തിട്ടുണ്ട്. മതസൗഹാർദം സംരക്ഷിക്കാൻ ആരാധനാലയത്തിന് കാവൽനിന്ന സിപിഐ എം നേതാവ്‌  യു കെ കുഞ്ഞിരാമനെ ആർഎസ്എസ് അതിക്രൂരമായി കൊലപ്പെടുത്തി. ഇതെല്ലാം സാമൂഹ്യമാറ്റത്തിനും മതനിരപേക്ഷത സംരക്ഷിക്കാനുമുള്ള ജീവത്യാഗമാണ്. എന്നാൽ, ഇവിടെ രണ്ടു വർഗീയശക്തി പരസ്പരം ഏറ്റുമുട്ടുന്നത് രാജ്യപുരോഗതിയെ പിന്നോട്ടടിപ്പിക്കാനാണ്. ചേരിതിരിഞ്ഞുള്ള കൊലപാതകങ്ങൾക്ക് ഒരു ന്യായീകരണവുമില്ല. ഇത് മനുഷ്യത്വത്തിനുനേരെയുള്ള വെല്ലുവിളിയാണ്.

ആലപ്പുഴ സംഭവങ്ങളെത്തുടർന്ന് വർഗീയത ആളിക്കത്തിക്കാൻ പലവിധത്തിൽ വർഗീയശക്തികൾ പരിശ്രമിക്കുകയാണ്. അതിന് സമൂഹമാധ്യമങ്ങളെയടക്കം ദുരുപയോഗം ചെയ്യുന്നുണ്ട്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ അക്രമാസക്തമായി അഴിഞ്ഞാടുന്ന ആർഎസ്എസ് – ബിജെപി ക്രിമിനൽ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഇതിന്റെ മറുപുറമായി ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പ്രചരിപ്പിച്ച് ന്യൂനപക്ഷത്തിന്റെ ലേബലിൽ വർഗീയത പടർത്തുകയാണ് എസ്ഡിപിഐ– പോപ്പുലർ ഫ്രണ്ട്. ഹിന്ദുവർഗീയതയെ തോൽപ്പിക്കാൻ ന്യൂനപക്ഷ വർഗീയതകൊണ്ടാകില്ല. ഏതു തരത്തിലുള്ള വർഗീയതയും അപകടമാണ്. രണ്ടിനെയും ഒറ്റപ്പെടുത്തണം. ന്യൂനപക്ഷ തീവ്രവാദം ഹിന്ദുതീവ്രവാദത്തിന് വർഗീയത്തീ പടർത്താനുള്ള പെട്രോളാണ്.

ആലപ്പുഴ കൊലപാതകസംഭവത്തിനുമുമ്പേ കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷത്തെ ദുർബലപ്പെടുത്താൻ വർഗീയശക്തികൾ കരുക്കൾ മുറുക്കിയിരുന്നു. അതിന്റെ ഭാഗമായാണ് ഹലാൽ ഭക്ഷണവിവാദം ഉൾപ്പെടെ സൃഷ്ടിച്ചത്. മതപുരോഹിതർ തുപ്പുന്ന ഭക്ഷണമാണ് മുസ്ലിങ്ങൾ നടത്തുന്ന കടകളിൽ വിൽക്കുന്നതെന്ന നെറികെട്ട ആക്ഷേപം ഉന്നയിക്കാൻ ബിജെപിയുടെ സംസ്ഥാന നേതാക്കൾക്ക് ഒട്ടും മനഃസാക്ഷിക്കുത്തുണ്ടായില്ല. അതടക്കമുള്ള ആക്ഷേപങ്ങളും അതിന്മേലുള്ള ചേരിതിരിവും സമൂഹത്തിൽ വർഗീയത വളർത്താൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇതിന് എരിവ് പകരാൻ വർഗീയസംഘടനാ നേതാക്കൾ കൊലവിളി നടത്തിയിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് ആലപ്പുഴയിലെ വർഗീയക്കൊലപാതകങ്ങൾ. കൊലപാതകങ്ങൾക്കുശേഷമാകട്ടെ വർഗീയത്തീ കെടുത്താനല്ല പടർത്താനായിരുന്നു ശ്രമം. വർഗീയലഹളയുണ്ടാക്കി സമൂഹത്തെ  വേർതിരിച്ച് പാർടിയെയും സംഘടനയെയും വളർത്തുക എന്നതാണ് സംഘപരിവാർ നയവും ശൈലിയും. അത്‌ പകർത്തുകയാണ് ന്യൂനപക്ഷ വർഗീയശക്‌തികൾ. ഈ അപകടം തിരിച്ചറിഞ്ഞ് സമാധാനകേരളം സംരക്ഷിക്കാൻ മതനിരപേക്ഷതയും സമാധാനജീവിതവും കാംക്ഷിക്കുന്ന വ്യക്തികളും കുടുംബങ്ങളും സംഘടനകളും യോജിച്ച് രംഗത്തുവരണം.


 

(2) സംഘർഷവും സംഘട്ടനവും പടരാതെ സമാധാനം ഉറപ്പാക്കുക എന്നതാണ് അടിയന്തര ആവശ്യം. അതിനുള്ള കരുതൽനടപടി തീവ്രമായി സ്വീകരിക്കാനുള്ള ജാഗ്രതയിലാണ് ബന്ധപ്പെട്ട മിക്ക കേന്ദ്രങ്ങളും. സംസ്ഥാന സർക്കാരും പൊലീസും ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കുന്നു. സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും നേതാക്കളും പ്രവർത്തകരും പ്രതിബദ്ധതയോടെ രംഗത്തുണ്ട്. ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമീപ ജില്ലകളിലും പ്രശ്നബാധിതമാകാവുന്ന പ്രദേശങ്ങളിലും പൊലീസ് സേനയുടെ പ്രത്യേക സംഘങ്ങളെ വിന്യസിച്ചു. മന്ത്രിമാരും നേതാക്കളും പങ്കെടുത്ത് സർവകക്ഷിയോഗവും ചേർന്നു.

കേരളത്തിലെ സമാധാനജീവിതം  അട്ടിമറിക്കാനുള്ള ഗൂഢാലോചന വർഗീയശക്തികളുടെ നേതൃത്വത്തിൽ നടത്തിയതിന്റെ ഭാഗമാണ് ആലപ്പുഴ കൊലപാതകങ്ങൾ. ഈ പാപക്കറ ഇരു വർഗീയകക്ഷികളുടെയും നേതൃത്വത്തിനുമേൽ വീണിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവായ ഇച്ഛയ്ക്ക്‌ കീഴടങ്ങി കൊലക്കത്തികൾ ഉറയിലിടാൻ  തയ്യാറാകണം. അതിനുവേണ്ടിയുള്ള ജനവികാരം ശക്തിപ്പെടുത്താൻ പുരോഗമന മതനിരപേക്ഷ ശക്തികൾ മുന്നോട്ടുവരണം.


 

(3) ആലപ്പുഴ സംഭവത്തിന്റെ മറപറ്റി എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇകഴ്‌ത്താനും ആക്ഷേപിക്കാനും വലതുപക്ഷ കക്ഷികളും വർഗീയ തീവ്രവാദികളും പിന്തിരിപ്പൻ മാധ്യമങ്ങളും യോജിച്ച് ക്യാമ്പയിൻ നടത്തുന്നുണ്ട്. ഇതിന്റെ പൊള്ളത്തരം തുറന്നുകാട്ടേണ്ടതുണ്ട്. മതവർഗീയ– ഭീകര സംഘടനകൾ നടത്തിയ കൊലപാതകങ്ങൾക്കു പിന്നിലെ ലക്ഷ്യം വർഗീയലഹള ഉണ്ടാക്കുക എന്നതാണ്‌.  അത്‌ മനസ്സിലാക്കിക്കൊണ്ടുതന്നെ അത് തടയാനുള്ള കരുത്തോടെയുള്ള നടപടി പിണറായി വിജയൻ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. രണ്ടു സംഭവത്തിലെയും കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരികയും കർശനനടപടി എടുക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ആദ്യംതന്നെ വ്യക്തമാക്കി. അതുപ്രകാരം ഭരണ– പൊലീസ് നടപടി നീങ്ങുകയാണ്. ഏതെങ്കിലും വർഗീയശക്തിയോട് ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും എൽഡിഎഫ് ഭരണം കാട്ടില്ല. അതിന് ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവനയും സർക്കാരിന്റെ പ്രവൃത്തിയും.

എന്നാൽ, ഈ യാഥാർഥ്യത്തെ മറച്ച് സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്താനും കൊലയാളി പ്രസ്ഥാനങ്ങളെ വെള്ളപൂശാനുമാണ് പ്രതിപക്ഷവും ചില വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുന്നത്. രണ്ടു കൊലപാതകവും പൊലീസിന്റെ വീഴ്ചകൊണ്ട് സംഭവിച്ചതല്ല. വർഗീയ കൊലയാളി സംഘങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്നത് എൽഡിഎഫ് സർക്കാരിന്റെ ഭരണനയമല്ല. എന്നാൽ, ബിജെപി ഭരണമുള്ള പല സംസ്ഥാനങ്ങളിലും പൊലീസ് കാഴ്ചക്കാരാകുകയും പിന്തുണ നൽകുകയും ചെയ്ത് നിരപരാധികളെ മതവൈരത്തിന്റെയും രാഷ്ട്രീയവിരോധത്തിന്റെയും ഭാഗമായി സംഘപരിവാർ അക്രമികൾ കൊല്ലുന്നുണ്ട്. അത് ഒറ്റപ്പെട്ട സംഭവമല്ല. അത് ബിജെപിയുടെ ഭരണനയമാണ്. അത്തരം നയം സ്വീകരിച്ചിട്ടുള്ള ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേരളം നിയമവാഴ്ചയില്ലാത്ത സംസ്ഥാനമെന്ന് കുറ്റപ്പെടുത്തുന്നത് വിചിത്രമാണ്. അതിനപ്പുറം അപഹാസ്യമാണ് കോൺഗ്രസിന്റെയും യുഡിഎഫ് നേതാക്കളുടെയും സമാനരൂപത്തിലെ അഭിപ്രായങ്ങൾ. സംസ്ഥാനത്തെ വർഗീയക്കുരുതിക്കളമാക്കി മാറ്റാൻ നിൽക്കുന്ന വർഗീയശക്തികളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്നതാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സമീപനം.

എൽഡിഎഫ് സർക്കാരിന്റെ സവിശേഷത അത് ഒരുതരത്തിലുള്ള വർഗീയതയെയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നതാണ്. ഭൂരിപക്ഷ–ന്യൂനപക്ഷ വർഗീയതകളെ ഒരുപോലെ എതിർക്കുന്നു. എന്നാൽ, ബിജെപിയും യുഡിഎഫും വർഗീയത ഉപയോഗിച്ച് രാഷ്ട്രീയം വളർത്താൻ നിലകൊള്ളുന്നു. ഭരണത്തിൽ ഉള്ളപ്പോഴെന്നപോലെ പ്രതിപക്ഷത്തിരിക്കുമ്പോഴും ഇക്കാര്യത്തിൽ യുഡിഎഫിന്റെ നയം ഒന്നാണ്.  നേതൃത്വത്തിന്റെ ഈ വഴിതെറ്റലിന് അംഗീകാരം നൽകുന്നവരല്ല യുഡിഎഫ് കക്ഷികളിലെ മതനിരപേക്ഷ വിശ്വാസികളാകെ. അവർ ഈ വിഷയത്തിൽ നേതൃത്വത്തിനെതിരെ തിരിയും എന്നത് ഉറപ്പ്.  ജനങ്ങളെ ഒന്നിപ്പിച്ച്‌ കൊണ്ടുപോകുന്നു എന്നതാണ് മതനിരപേക്ഷത കൊടിയടയാളമാക്കിയ എൽഡിഎഫ് ഭരണത്തിന്റെ നേട്ടം. അതുകൊണ്ടാണ് വർഗീയലഹള ഇല്ലാത്ത നാടായി കേരളത്തെ സംരക്ഷിക്കുന്നത്. അത് തകർക്കാനുള്ള വർഗീയശക്തികളുടെ നീക്കങ്ങളെ ഒരുമനസ്സോടെ കേരളം ചെറുക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top