18 August Thursday

തോട്ടം തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കും

പി എസ് രാജൻUpdated: Saturday Jun 11, 2022

കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷന്റെ 13–-ാമത് സംസ്ഥാന സമ്മേളനവും 53–-ാം വാർഷികവും ശനിയും ഞായറും മൂന്നാറിൽ ചേരുകയാണ്. പുനലൂരിൽ ചേർന്ന കഴിഞ്ഞ സമ്മേളനം തോട്ടം തൊഴിലാളികളുടെ മിനിമംകൂലി വർധിപ്പിക്കണമെന്നു തീരുമാനിച്ചാണ് പിരിഞ്ഞത്. ഫെഡറേഷൻ മുൻകൈയെടുത്ത് പിഎൽസി യോഗങ്ങൾ വിളിച്ച് ശമ്പള ചർച്ച ആരംഭിച്ചു. തീരുമാനം നീണ്ടുപോയ സന്ദർഭത്തിൽ അന്നത്തെ തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ കൂടി പങ്കെടുത്തുകൊണ്ട് തുടർ ചർച്ച നടത്തി. പ്രതിദിന കൂലിയിൽ 52 രൂപയുടെ വർധനയുണ്ടായി.  പൊതുമേഖലാ തോട്ടമായ പ്ലാന്റേഷൻ കോർപറേഷൻ 80 രൂപ വർധിപ്പിച്ചു. 

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 65 തോട്ടം തൊഴിലാളി പ്രവർത്തകർ തെരഞ്ഞെടുക്കപ്പെട്ടു.  അസംബ്ലി തെരഞ്ഞെടുപ്പിൽ തോട്ടംമേഖലകൂടി ഉൾപ്പെടുന്ന 18 നിയോജക മണ്ഡലത്തിൽനിന്നും എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ യൂണിയനുകൾ സജീവമായി പ്രവർത്തിച്ചു. തുടർച്ചയായി തൊഴിലാളിദ്രോഹ നടപടികൾ നേരിടുന്ന പ്ലാന്റേഷൻ കോർപറേഷൻ, ഹാരിസൺ മലയാളം എന്നിവിടങ്ങളിൽ കമ്പനിയുടെ ഹെഡ് ഓഫീസുകൾക്കും എസ്റ്റേറ്റ് ഓഫീസുകൾക്കും മുമ്പിൽ ശക്തമായ സമരങ്ങളും തുടർന്ന് സൂചനാ പണിമുടക്കുകളും നടത്തി. റബർ ആക്ട് കൃഷിക്കാരുടെയും  തൊഴിലാളികളുടെയും റബർ ബോർഡിന്റെതന്നെയും താൽപ്പര്യങ്ങൾക്കെതിരായി ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും വൻകിട ടയർ ലോബികൾ ഒത്തുകളിച്ച് ടയർ വില കൂട്ടുകയും  കൃഷിവായ്പയും സബ്സിഡികളും വൻകിട ബാങ്കുകളുമായി ചേർന്ന് തട്ടിയെടുക്കുകയും ചെയ്ത നടപടികൾക്കെതിരെ ഫെഡറേഷൻ രംഗത്തുവന്നു. എംആർഎഫ് അടക്കമുള്ള അഞ്ച്‌ ടയർ കമ്പനിക്ക് കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ ചുമത്തിയ 1788 കോടി രൂപ പിഴത്തുക പിടിച്ചെടുത്ത് നഷ്ടം നേരിട്ട തൊഴിലാളികൾക്കും കൃഷിക്കാർക്കും നൽകണമെന്ന് ആവശ്യപ്പെട്ട്‌ 2022 മാർച്ചിൽ റബർ ബോർഡിന്റെ കോട്ടയത്തെ ഹെഡ് ഓഫീസിനു മുമ്പിലും 10 ജില്ലയിലെ ഓഫീസുകൾക്കുമുമ്പിലും ധർണ നടത്തി.  

സംസ്ഥാന സർക്കാർ ലൈഫ് പദ്ധതി വഴി നൽകുന്ന വീടുകൾ സ്വന്തമായി ഭൂമിയുള്ള തോട്ടം തൊഴിലാളികൾക്ക് ലഭിക്കുന്നതിനായി അതത് പ്രദേശത്ത് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇടപെടലുകൾ നടത്തിയിട്ടുണ്ട്.  അതിന്റെ ഫലമായി മൂന്നാറിലും പീരുമേട്ടിലും വയനാട്ടിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും തോട്ടം തൊഴിലാളികൾക്ക് വീട്‌ ലഭിച്ചു. മറ്റെല്ലാ ജില്ലയിലും ഏറിയും കുറഞ്ഞും വീട്‌ ലഭിച്ചിട്ടുണ്ട്.  എന്നാൽ, മാനേജ്മെന്റ് സഹകരിക്കാത്തതിനാലും ഭൂമി വിട്ടുനൽകാത്തതിനാലും തോട്ടങ്ങളിൽ ലയങ്ങൾക്ക് പകരം വർക്കേഴ്സ് ക്വാർട്ടേഴ്സുകൾ തോട്ടം ഉടമകൾ സർക്കാർ സഹായത്തോടെ നിർമിച്ചുനൽകിയിട്ടില്ല.

തോട്ടംവിളകളുടെ വിലത്തകർച്ച നിമിത്തം ഉടമകൾക്ക് ഉൽപ്പാദനച്ചെലവുപോലും ലഭിക്കുന്നില്ല.  ഈ പ്രതികൂല സാഹചര്യം തോട്ടം തൊഴിലാളികളുടെ ജീവിതത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നു. പണമില്ലെന്ന കാരണത്താൽ ഉടമകൾ പ്ലാന്റേഷൻ ലേബർ ആക്ടിൽ വ്യവസ്ഥ ചെയ്തിട്ടുള്ള കാര്യങ്ങൾ തൊഴിലാളികൾക്ക് ചെയ്തുകൊടുക്കുന്നില്ല.  തോട്ടംജോലി ഒട്ടും ആകർഷകമല്ല. അതിനാൽ തോട്ടം തൊഴിലാളികളുടെ ആശ്രിതർ തോട്ടം ജോലി സ്വീകരിക്കാൻ  തയ്യാറല്ല.  തമിഴ്നാട് ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് പുതുതായി ജോലിക്കെത്തുന്നത്. 

കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്ലാന്റേഷൻ പോളിസി അംഗീകരിക്കുകയും പുതിയ സർക്കാർ അപ്രകാരം പ്ലാന്റേഷൻ ഡയറക്ടറേറ്റ് വ്യവസായ വകുപ്പിന്റെ കീഴിൽ രൂപീകരിക്കാനും പ്ലാന്റേഷനെ വ്യവസായമായി പരിഗണിക്കാനുമെടുത്ത തീരുമാനം പ്ലാന്റേഷൻ മേഖലയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നു. പ്ലാന്റേഷനുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ബോർഡുകളെ ഏകോപിപ്പിച്ചുകൊണ്ട് കോ–-ഓർഡിനേഷൻ സമിതി സർക്കാർ തലത്തിൽ രൂപീകരിക്കുമെന്ന തീരുമാനവും പ്രതീക്ഷ നൽകുന്നു.

തോട്ടം മേഖലയെ ലാഭകരമാക്കാനും കൂടുതൽ തൊഴിൽ അവസരം  സൃഷ്ടിക്കാനുമായി ഭരണപരമായ നടപടികൾ സ്വീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം സ്വാഗതാർഹമാണ്.  തോട്ടംമേഖലയിൽ മിശ്ര–-ഇടവിള കൃഷിയിലൂടെ വൻതോതിൽ ഉൽപ്പാദനവും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാൻ കഴിയും. ആഭ്യന്തരവിപണിയിലെ ഉയർന്ന വിപണിമൂല്യമുള്ള സംസ്‌കരിച്ച ഫലവർഗ, പച്ചക്കറി  ഉൽപ്പാദനം മൂന്നാർ, പീരുമേട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ ഉൽപ്പാദിപ്പിക്കാനാണ് പ്ലാന്റേഷൻ പോളിസി വിഭാവനം ചെയ്യുന്നത്.  മിശ്ര/ഇടവിളക്കൃഷി നടത്താൻ തടസ്സമായിനിൽക്കുന്ന 1967ലെ ലാൻഡ്‌ യൂട്ടിലൈസേഷൻ ഉത്തരവ് കാലാനുസൃതമായി പരിഷ്കരിക്കണം. 

തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 2022 ഏപ്രിൽ ഒന്നുമുതൽ 58 ൽനിന്ന് അറുപതായി തീരുമാനിച്ചു. അത് നടപ്പാക്കുകയും ചെയ്തു. തൊഴിലാളികൾക്ക് അതിന്റെ ഫലമായി ഇനിമുതൽ വർധിക്കുന്ന കൂലിയും ഡിഎയും അവരുടെ ശമ്പളനിരക്ക് ഉയർത്തും.  അതിനനുസരിച്ച് പിഎഫ് തുകയും വർധിക്കും. 60 വയസ്സിൽ പിരിയുമ്പോൾ ഗ്രാറ്റുവിറ്റിയിലും നല്ല വർധനയുണ്ടാകും. പിഎൽസിയിൽ മിനിമംകൂലി വർധിപ്പിക്കുന്നതിനായി ചർച്ച ആരംഭിക്കണമെന്ന് എല്ലാ ഫെഡറേഷനുകളിലെയും നേതാക്കൾ തൊഴിൽ മന്ത്രിയോട് ആവശ്യപ്പെട്ടു.  സംയുക്ത ട്രേഡ് യൂണിയൻ സമിതി ഒന്നിച്ച് ഒപ്പിട്ട് സർക്കാർ മുമ്പാകെയും മാനേജ്മെന്റ് മുമ്പാകെയും പുതിയ ഡിമാൻഡ് നോട്ടീസ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. 

ഈ സാഹചര്യത്തിലാണ് ഫെഡറേഷൻ സമ്മേളനം മൂന്നാറിൽ ചേരുന്നത്. തോട്ടം തൊഴിലാളികൾക്കും തോട്ടം മേഖലയ്ക്കും ഗുണകരമായ ഒട്ടേറെ കാര്യം സമ്മേളനം ചർച്ച ചെയ്യും. തൊഴിലാളികളുടെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഭാവിപ്രവർത്തന പരിപാടികൾക്ക് രൂപംനൽകും.

(കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top