23 April Tuesday

ഇടതു മുന്നേറ്റം

\ അഭിമുഖം : പിണറായി വിജയൻ/ പി എം മനോജ്‌Updated: Saturday Apr 20, 2019

കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായ മുന്നേറ്റം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണ പര്യടനം പൂർത്തിയാക്കിയശേഷം ‘ദേശാഭിമാനി’ക്ക് നൽകിയ അഭിമുഖത്തിലാണ് കേരളത്തിലുടനീളം പ്രകടമാകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ സാഹചര്യമാണെന്നും മികച്ച വിജയമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഇന്ത്യ ഇന്ന് നേരിടുന്ന വെല്ലുവിളി  മറികടക്കാൻ  ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം പാർലമെന്റിൽ ഉണ്ടാകണം എന്നാണ‌് ഞങ്ങൾ ജനങ്ങളോട് പറയുന്നത്. ഇത്ര ഗുരുതരമല്ലെങ്കിലും ഏതാണ്ട് സമാനമായ സാഹചര്യം രാജ്യം നേരിട്ട 2004 ൽ ഞങ്ങൾ ഇത് പറഞ്ഞപ്പോൾ കേരളം എൽഡിഎഫിന‌്  അനുകൂലമായി പ്രതികരിച്ചു.  എൽഡിഎഫ്  മുന്നേറ്റം തിരിച്ചറിഞ്ഞതുകൊണ്ടാണ് യുഡിഎഫും ബിജെപിയും സംസ്ഥാന ഗവൺമെന്റിനെതിരെയും കേരളത്തിനെതിരെയും തെറ്റായ പ്രചാരണങ്ങളിൽ മുഴുകുന്നത്. ലോക‌്സഭാ തെരഞ്ഞെടുപ്പായാൽപോലും  സംസ്ഥാന ഗവൺമെന്റുകൾക്കെതിരെ കുറെ കാര്യങ്ങൾ ഉയർന്നുവരാറുണ്ട്.  ഇന്ന് കേരളത്തിന്റെ  ആകെ  അനുഭവം വച്ചുനോക്കുമ്പോൾ അത്തരത്തിലുള്ള ഒന്നും ഒരിടത്തും ഉയർന്നുവന്നിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കൂടെയില്ലാത്ത ആളുകൾ ഉൾപ്പെടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലേക്ക് കടന്നുവന്നു. എൽഡിഎഫ് കൂടുതൽ ശക്തിപ്പെട്ടു. സർക്കാരിന്റെ ഇടപെടലുകളുടെ ഫലം ജനങ്ങൾ നേരിട്ടനുഭവിക്കുന്നു. അതുകൊണ്ടുതന്നെ നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ വളരെ മെച്ചപ്പെട്ട  ഫലമാണ് ഇത്തവണ എൽഡിഎഫിന‌് അനുകൂലമായി ഉണ്ടാവുക.

പുറത്തുവന്ന ഭൂരിപക്ഷം സർവേകളിലും യുഡിഎഫിന് മുൻതൂക്കവും എൻഡിഎയ‌്ക്ക‌് പ്രാതിനിധ്യവും പ്രവചിക്കുന്നുണ്ട്. എന്താണ് അഭിപ്രായം?


അഭിപ്രായ സർവേകൾ ശാസ‌്ത്രീയമായി നടക്കുന്നതാണെങ്കിൽ മാത്രമേ ഗൗരവമായി കാണാൻ പറ്റൂ. രണ്ടരക്കോടി വോട്ടർമാരുടെ മനസ്സറിയാൻ അഞ്ഞൂറ് പേരോട് ചോദിച്ചിട്ട‌് കാര്യമില്ല. ഇതുവരെ വന്ന ഒട്ടുമിക്ക സർവേകളും ശാസ്ത്രീയമായതോ സുതാര്യമായതോ അല്ല. അതുകൊണ്ടുതന്നെ ആരാണോ നടത്തുന്നത്, അവരുടെ താൽപ്പര്യങ്ങളാണ‌് സർവേകളിൽ പ്രതിഫലിക്കുക. പണം കൊടുത്ത് വാർത്ത എഴുതുന്നതുപോലെ പണം കൊടുത്ത് സർവേ നടത്തിച്ച‌് ഇഷ്ടമുള്ള റിസൾട്ട് വാങ്ങുന്ന തെറ്റായ രീതിയെക്കുറിച്ചുള്ള ചർച്ചകൾ കുറെനാളായി രാജ്യത്ത‌് നടക്കുന്നുണ്ട്. എന്തായാലും എല്ലാ സർവേ ഫലങ്ങളെയും കവച്ചുവയ‌്ക്കുന്ന വിജയമാണ് ഇത്തവണ എൽഡി എഫിനുണ്ടാവുക. എൻഡിഎയ‌്ക്ക‌് കേരളത്തിൽ ഒരു സീറ്റും ലഭിക്കാൻ പോകുന്നുമില്ല.

കഴിഞ്ഞ തവണത്തെ വോട്ട് വാങ്ങാൻ ഇത്തവണ ബിജെപിക്ക് ആകുമോ എന്ന് പ്രചാരണരംഗത്ത് ഒരു  ചോദ്യം ഉയർത്തിയതായി കണ്ടു ? 


പറയാൻ രാഷ്ട്രീയവും ചൂണ്ടിക്കാണിക്കാൻ നേട്ടങ്ങളും ഇല്ലാതാകുമ്പോഴാണ് തെരഞ്ഞെടുപ്പ് ജയിക്കാൻ കുറുക്കുവഴികൾ തേടുന്നത്. കേരളത്തിൽ അത്തരം കുറുക്കുവഴികളിലൂടെ അവിശുദ്ധസഖ്യം ഉണ്ടാക്കി ഇടതുപക്ഷത്തെ നേരിട്ട അനുഭവം നേരത്തെ ഉണ്ടായിട്ടുണ്ട്. അത് ആവർത്തിക്കാൻ ബിജെപിയും കോൺഗ്രസും സംസ്ഥാനത്ത് തയ്യാറാകുന്നു എന്നതിന്റെ തെളിവുകൾ യുഡിഎഫ് സ്ഥാനാർഥികളിൽനിന്നും ബിജെപിയുടെ നേതാക്കളിൽനിന്നും പുറത്തുവന്നുകഴിഞ്ഞു. ചില മണ്ഡലങ്ങളിൽ ദുർബലരായ സ്ഥാനാർഥികളെ നിർത്തിയും  പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നും  ബിജെപി യുഡിഎഫിനെ സഹായിക്കുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അങ്ങനെ വോട്ട് വിൽപ്പന നടത്തുന്ന പല മണ്ഡലങ്ങളിലും ബിജെപിയുടെയോ സഖ്യകക്ഷിയുടെയോ  സ്ഥാനാർഥികൾക്ക് നേരത്തെ ഉണ്ടായിരുന്ന വോട്ട് പോലും കിട്ടുമോ എന്ന‌ സംശയമാണ് ഞാൻ ഉന്നയിച്ചത്. മുൻ തെരഞ്ഞെടുപ്പുകളിൽ നേടിയ വോട്ടെങ്കിലും ഉറപ്പാക്കാൻ കഴിയും എന്ന് പറയാനുള്ള ആർജവം കാണിക്കേണ്ടത് ബിജെപിയാണ‌്. വർഗീയതയുമായി സന്ധി ചെയ‌്ത‌് വിചിത്ര സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ  നേരിട്ടപ്പോൾ  ജനങ്ങൾ യുഡിഎഫിനെ ശിക്ഷിച്ച അനുഭവമാണ‌് കേരളത്തിന്റേത‌്.

എന്തുകൊണ്ടാണ് എൽഡിഎഫിന് കൂടുതൽ മികച്ച റിസൾട്ട് പ്രതീക്ഷിക്കാൻ ആകുന്നത്?

 
മതനിരപേക്ഷതയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നതുകൊണ്ടും അതിജീവനത്തിന്റെയും പുരോഗതിയുടെയും ബദൽ മാതൃകയുണ്ട‌് എന്ന് തെളിയിക്കുന്നതുകൊണ്ടും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സംസ്ഥാന സർക്കാരും രാജ്യത്തിനാകെ മാതൃകയായി മാറുന്നത് രണ്ടർഥത്തിലാണ്. സംഘപരിവാർ ശക്തികളുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ  ഉയർന്നുവരേണ്ട പ്രതിരോധത്തിന്റെ ശരിയായ രീതിയാണ് കേരളം കാണിക്കുന്നത്. എല്ലാ പരിമിതികളെയും ദുരന്തങ്ങളെയും  അതിജീവിച്ചും എതിർപ്പുകളെ നേരിട്ടും കേരളത്തിന് രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി മാറാൻ കഴിയുന്നത് എൽഡിഎഫ്  സർക്കാരിന്റെ നയവ്യക്തത കൊണ്ടാണ്. ഇത് രണ്ടും കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അത് തീർച്ചയായും തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കും.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാക്കുമോ?

അത് യുഡിഎഫിന്റെ പ്രതീക്ഷയായിരുന്നു. ഇപ്പോൾ അവർക്കുതന്നെ ആ പ്രതീക്ഷ ഇല്ല. ഇരുപത‌് യുഡിഎഫ് സ്ഥാനാർഥികളിൽ ഒരാളായാണ് ഞങ്ങൾ അദ്ദേഹത്തെ കാണുന്നത്. ഒരു അഖിലേന്ത്യാ നേതാവ് ഒരിടത്ത‌ുവന്ന‌് മത്സരിച്ചതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങൾ മാറ്റിമറിക്കാൻ കഴിയും എന്ന് കരുതുന്നത് മൗഢ്യമാണ്. അദ്ദേഹം ഇവിടെ വന്നുപറഞ്ഞ കാര്യങ്ങൾ കോൺഗ്രസുകാരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ആർഎസ് എസ് നയിക്കുന്ന ബിജെപി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ-വർഗീയ അജൻഡകളെ തുറന്നെതിർക്കാനുള്ള ആർജവം കോൺഗ്രസിനില്ലാതെ പോയതുകൊണ്ടാണ് അവർ ബിജെപിയുമായി വോട്ടു കച്ചവടത്തിന് തയ്യാറാകുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിൽ വന്നു പറഞ്ഞത് ഇവിടെ ദൈവനാമം ഉരുവിടുന്നവരെ കള്ളക്കേസിൽ കുടുക്കുന്നു എന്നാണ‌്. അത്തരം പ്രചാരണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമോ?


കേരളത്തെക്കുറിച്ച് അസത്യജഡിലവും  വസ‌്തുതാ വിരുദ്ധവുമായ പ്രചാരണമാണ്  പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടായത്.  നിർഭാഗ്യകരമാണത്.    ആദ്യം കേരളത്തിനു പുറത്തുപോയി പ്രധാനമന്ത്രി ഇത് പറഞ്ഞു, ഇപ്പോൾ കേരളത്തിൽ വന്നും പറഞ്ഞു. കേരളത്തിനു പുറത്ത‌് ചിലരെ തെറ്റിദ്ധരിപ്പിക്കാൻ ഇത് ഉതകിയേക്കാം.  എന്നാൽ, കേരളത്തിൽ പറഞ്ഞാലോ? കേരളീയർക്കാകെ സത്യം അറിയാമെന്നിരിക്കെ അവരുടെ മനസ്സിൽ പ്രധാനമന്ത്രിയെക്കുറിച്ച് എന്തു ചിത്രമാണുണ്ടാകുക എന്ന് അദ്ദേഹം തന്നെ ആലോചിക്കേണ്ടതാണ്.  ദൈവനാമം ഉച്ചരിച്ചതിന്റെ പേരിൽ ഒരൊറ്റ കേസുപോലും കേരളത്തിലെവിടെയും എടുത്തിട്ടില്ല.  ഉദാഹരണമായി ഒരു കേസെങ്കിലും എടുത്തുകാണിക്കാനാകുമോ? കേരളത്തിലുണ്ടായ കേസുകൾ  അക്രമം നടത്തിയതിന്റെ പേരിലാണ്. സന്നിധാനത്ത് ആക്രമണം നടത്താൻ ശ്രമിച്ചത്  ആർഎസ്എസുകാർ ആണ്.   സംഘർഷ ഭൂമിയാക്കി ശബരിമലയെയും കേരളത്തെയും മാറ്റുക എന്നതായിരുന്നു ഉദ്ദേശ്യം. അത് പൂർണമായി തടയാൻ സംസ്ഥാനസർക്കാരിന് കഴിഞ്ഞിട്ടുണ്ട്. തീർഥാടകരെയും പൊലീസിനെയും ആക്രമിക്കാൻ സംഘപരിവാർ  ഒരുമ്പെട്ടപ്പോൾ സംയമനത്തോടെയാണ് പൊലീസ് അതിനെ നേരിട്ടത്. അത്തരം അക്രമികൾക്കെതിരെയാണ് നിയമനടപടി എടുത്തിട്ടുള്ളത്. അത് വ്യക്തമായ തെളിവോടുകൂടിയാണ്.  ക്യാമറയിൽ പതിഞ്ഞ അക്രമദൃശ്യങ്ങൾ ഉൾപ്പെടെ  പരിശോധിച്ചാണ് നടപടി ഉണ്ടായത്.

ലാത്തിച്ചാർജ് നടത്തി എന്നാണല്ലോ ആരോപണം?

ശുദ്ധമായ വ്യാജ പ്രചാരണം ആണത്.  പ്രധാനമന്ത്രിക്ക് ആരാണ് ഇത്തരമൊരു കാര്യം ബോധ്യപ്പെടുത്തിയത് എന്ന് അദ്ദേഹംതന്നെ പരിശോധിക്കട്ടെ.  ലാത്തിച്ചാർജ് നടത്തിക്കണം എന്ന പദ്ധതി സംഘപരിവാറിന്  ഉണ്ടായിരുന്നു,  അത് സന്നിധാനത്തു തന്നെ വേണമെന്നും അവർ ആഗ്രഹിച്ചിരുന്നു.  അതിനാണ് അവിടെ അക്രമം കാണിച്ചത്. പൊലീസിനെ ആക്രമിച്ചു, ഭക്തജനങ്ങളെ ആക്രമിച്ചു. നെയ‌്ത്തേങ്ങ കൊണ്ട് തീർഥാടകയെ ആക്രമിക്കുന്നത് കണ്ടിട്ടില്ലേ. എല്ലാ പ്രകോപനങ്ങളെയും സംയമനത്തോടെയാണ് പൊലീസ് നേരിട്ടത്. എല്ലാ വിശ്വാസങ്ങൾക്കും വിശ്വാസികൾക്കും സംരക്ഷണം നൽകുന്ന സംസ്ഥാനമാണ് കേരളം.  മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഉദ്ഘോഷിച്ച ശ്രീനാരായണ ഗുരുവിന്റെ പാരമ്പര്യമാണ് നമ്മുടേത്.  ഈ സഹവർത്തിത്വത്തിനും  സാഹോദര്യത്തിനും  ഉലച്ചിൽ വരുത്താൻ  ആഗ്രഹിക്കുന്നത് ആർഎസ്എസ് ആണ് . ആ ദുരാഗ്രഹം അംഗീകരിച്ചുകൊടുക്കാൻ ആകില്ല. വിശ്വാസം സംരക്ഷിക്കാൻ ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ നടപടികളും സ്വീകരിക്കും.  ഭരണഘടന ഉറപ്പുനൽകുന്ന കാര്യങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇതുവരെ നരേന്ദ്ര മോഡി പലകാര്യങ്ങളും ചെയ‌്തിട്ടുള്ളത‌്.  ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സംഘപരിവാർ അക്രമം കാണിച്ചാലോ  കൊലപാതകങ്ങൾ നടത്തിയാലോ സർക്കാർതന്നെ സംരക്ഷണം നൽകുന്നതാണ‌് പതിവ്.   അങ്ങനെ  കേരളത്തിലും വേണമെന്നാണ് നരേന്ദ്ര മോഡിയുടെ ആഗ്രഹം.  അത് ഇവിടെ നടക്കില്ല.  ഇവിടെ അക്രമം ആര് കാണിച്ചാലും നിയമനടപടി ഉണ്ടാകും.  കർക്കശ നടപടിതന്നെ ഉണ്ടാകും.  അതിൽ  ഒരു വിട്ടുവീഴ‌്ചയുമില്ല.  പ്രശ്നങ്ങൾ ഉണ്ടാക്കി അതിന്റെപേരിൽ രാഷ്ട്രീയവും വർഗീയവുമായി മുതലെടുപ്പ് നടത്തുക എന്നതായിരുന്നു ഉദ്ദേശ്യമെന്ന് ഇപ്പോൾ കൂടുതൽ വ്യക്തമായി. അത് നടക്കാതെ പോയെങ്കിലും നടന്നു എന്ന പ്രതീതിയുണ്ടാക്കി മുതലെടുക്കാമോ എന്നതാണ് ഇപ്പോൾ നോട്ടം. അതിന്റെ ഭാഗമാണ് ദൈവത്തിന്റെ പേര് ഉച്ചരിക്കുന്നവർക്കെതിരെ കള്ളക്കേസെടുക്കുന്നു എന്നതടക്കമുള്ള പ്രചാരണം.

വിശ്വാസികളോട് കമ്യൂണിസ്റ്റുകാർക്ക് എതിർപ്പുണ്ട് എന്ന വാദമുണ്ടല്ലോ?

അടുക്കളയിൽ സൂക്ഷിച്ച  ഭക്ഷണത്തിന്റെ  പേരിൽ നിരപരാധികൾ കൊലചെയ്യപ്പെട്ടപ്പോൾ അത് തെറ്റാണ് എന്ന് പറയാനോ അത്തരം കൊലപാതകങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ല.  ഘർവാപ്പസി എന്ന പേരിൽ നിർബന്ധിത മതപരിവർത്തനം നടത്തിയപ്പോൾ ലോകത്താകെ പ്രതികരണങ്ങൾ ഉയർന്നു. അന്നും നരേന്ദ്ര മോഡിയിൽനിന്നോ  സംഘപരിവാർ നേതൃത്വത്തിൽനിന്നോ ഒരു പ്രതികരണവും ഉണ്ടായില്ല.  ഭരണഘടന ഉറപ്പുനൽകുന്ന അവകാശം നിഷേധിക്കാനുള്ള ശ്രമമാണ് സംഘപരിവാറിൽനിന്ന്  തുടർച്ചയായി ഉണ്ടാകുന്നത്.  അതുകൊണ്ടാണ് ഭരണഘടനതന്നെ പൊല്ലാപ്പായി അവർ കാണുന്നത്. കേരളത്തിലെ മഹാഭൂരിപക്ഷം ആളുകൾ വിശ്വാസികളാണ്.  കമ്യൂണിസ്റ്റ് പാർടിയുടെ കൂടെ അണിനിരക്കുന്ന വോട്ടർമാരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്.  അവരെല്ലാം അവരവരുടേതായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അനുസരിച്ച് ജീവിക്കുന്നു.  അതിനൊന്നും ഒരു ഘട്ടത്തിലും തടസ്സം ഉണ്ടായ സംസ്ഥാനമല്ല കേരളം.  കമ്യൂണിസ്റ്റ് പാർടി  അത്തരം ഒന്നിനെയും ഒരിക്കലും തടസ്സപ്പെടുത്തിയിട്ടില്ല എന്നു മാത്രമല്ല, എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുന്നതിന് മുൻപന്തിയിൽ   പാർടി ഉണ്ട്.  അതുകൊണ്ടാണ് ചില പ്രത്യേക മതവിഭാഗങ്ങളുടെ പ്രാർഥന തടസ്സപ്പെടുത്താനും ആരാധനാസ്വാതന്ത്ര്യം തടയാനും ആർഎസ്എസ് ശ്രമിച്ചപ്പോൾ അതിനെതിരെ ശക്തമായി കമ്യൂണിസ്റ്റ് പാർടി നിലകൊണ്ടത്.

ശബരിമലയെ സൂചിപ്പിച്ച‌് പാരമ്പര്യവും വിശ്വാസവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്?

പാരമ്പര്യവും സംസ്‌കാരവും കേരളത്തിലെന്നല്ല രാജ്യത്താകെ നിലനിൽക്കുന്നുണ്ട്. അതിന്റെ ക്രെഡിറ്റ് ബിജെപി അവകാശപ്പെടേണ്ടതില്ല. ഈ രാജ്യത്തിന്റെ പൊതുവായ മതേതര സംസ്‌കാരത്തിന്റെ ഭാഗമാണത്. നവോത്ഥാന സംരംഭങ്ങളുടെ ഭാഗമായി ശക്തിപ്പെട്ടുവന്നതാണത്. അതിനെയും അതിന്റെ ഭാഗമായുള്ള വൈവിധ്യപൂർണമായ വിശ്വാസ സംസ്‌കാരങ്ങളെയും ഇല്ലായ‌്മ ചെയ്യാൻ സംഘപരിവാർ ശക്തികൾ അങ്ങേയറ്റം ശ്രമിച്ചിട്ടും അതൊക്കെ ഇവിടെ തുടരുന്നു എന്നതാണ് സത്യം. അതിനെയൊക്കെ തകർക്കാൻ നടത്തിയ ശ്രമങ്ങളെ അവയെ സംരക്ഷിക്കുമെന്ന വാദംകൊണ്ട് മറച്ചുവയ്ക്കാനാകില്ല. പൂജാകർമങ്ങൾ ഇവിടെ അനുവദിക്കുന്നില്ല എന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്. വിശ്വാസികൾക്ക് അതനുസരിച്ചുള്ള എല്ലാ ആചാരവിശ്വാസങ്ങളും നടത്താൻ കഴിയുന്നുണ്ട്. അതിന് തടസ്സമുണ്ടായിട്ടില്ല. ബിജെപിയും ആർഎസ്എസും ഒക്കെയാണ് തങ്ങൾക്കിഷ്ടമില്ലാത്ത ആചാരം അനുഷ്ഠിക്കുന്നവരെ എതിർക്കാൻ ശ്രമിക്കുന്നത്. അത് ഇവിടെ നടക്കുന്നില്ല. അതിനാലാകാം ബിജെപിക്ക് അസ്വസ്ഥത. നിയമവാഴ്ചയുള്ള രാജ്യമാണ് ഇന്ത്യ. സുപ്രീംകോടതിയുടെ വിധിതീർപ്പ് എന്നുപറയുന്നത് നിയമം തന്നെയാണ്. അത് നടപ്പാക്കാൻ ജനാധിപത്യ സർക്കാരുകൾക്ക് ചുമതലയുണ്ട്. അത് നടപ്പാക്കിയതിനെ പരോക്ഷമായി എതിർക്കുന്നവർ യഥാർഥത്തിൽ ചെയ്യുന്നത്
ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ജനാധിപത്യത്തെത്തന്നെയും വെല്ലുവിളിക്കുകയാണ്.

കേരളത്തിലെ മന്ത്രിമാരിൽ പലരും  അഴിമതിയുടെ നിഴലിൽ ആണെന്ന് ആരോപിച്ചിട്ടുണ്ട്?


അധികാരം കിട്ടിയാൽ  അഴിമതി നടത്തിയിരിക്കുമെന്ന ബിജെപി അനുഭവംവച്ച് പറയുകയായിരിക്കണം പ്രധാനമന്ത്രി. ഇവിടെ ഒരു മന്ത്രിക്കെതിരെയും അഴിമതിയാരോപണംപോലും ഉയർന്നിട്ടില്ല. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന അംഗീകാരം ദേശീയതലത്തിൽത്തന്നെ കേരളത്തിനു ലഭിച്ചകാര്യം പ്രധാനമന്ത്രി അറിഞ്ഞിട്ടില്ലെന്നു വരുമോ? സെന്റർ ഫോർ മീഡിയാ സ്റ്റഡീസിന്റെ സർവേയിൽ കേരളമാണ്  അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം. അതുകൊണ്ട് കേരളത്തിൽ ചെലവാകുന്ന ആരോപണം അല്ല അത്. അതിനുപുറമെ കേരളം നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികകളിൽ ഒന്നാംസ്ഥാനത്താണ്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നീ സൂചികകളിൽ കേരളം ഒന്നാമതാണ്. ഇതൊക്കെ മനസ്സിലാക്കി പ്രതികരിക്കാനുള്ള ഉത്തരവാദിത്തം പ്രധാന മന്ത്രിക്കുണ്ട്.

ലാവ‌്‌ലിൻ കേസും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട് ? 


അവിടെയാണ് അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്ത വർത്തമാനമാണത് എന്ന് വീണ്ടും പറയേണ്ടിവരുന്നത്. കോടതി കുറ്റവിമുക്തനാക്കിയ ഒരാളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ നടത്തുന്ന ശ്രമം കോടതിയോടും നിയമവാഴ്ചയോടും  നടത്തുന്ന വെല്ലുവിളിയാണ്. അങ്ങനെ  ചെയ്യുന്നതോ?  റഫേൽ കേസിൽ ആരോപണവിധേയനായി നിൽക്കുന്ന വ്യക്തി. റഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പങ്ക് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നതിനെക്കുറിച്ച്  വിശ്വസനീയമായ വിശദീകരണം നൽകാൻ  ബിജെപി നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച കേസിൽ  സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ പ്രധാനമന്ത്രിയെ സംശയത്തിന്റെ കരിനിഴലിലാക്കിയിരിക്കുകയാണ്. തന്റെ സുഹൃത്തായ അനിൽ അംബാനിയെ സഹായിക്കാൻ എല്ലാ നടപടിക്രമങ്ങളും കാറ്റിൽപ്പറത്തി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട പ്രശ്നമാണ് ഇപ്പോൾ സുപ്രീംകോടതിയുടെ മുമ്പിലുള്ളത്. ഇത്തരം ആരോപണം നേരിടുന്ന പ്രധാനമന്ത്രിയാണ് കോടതിയാൽ കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിയെ ആക്ഷേപിക്കാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നത് അനുചിതമാണ് എന്നുമാത്രം ഓർമിപ്പിക്കട്ടെ.

പ്രളയം മനുഷ്യനിർമിതമാണ് എന്ന് യുഡിഎഫ് പറഞ്ഞിരുന്നു. അതേവാദം നരേന്ദ്ര മോഡി ഉയർത്തുന്നുണ്ട് ?


 പെരുമഴയുണ്ടായത് ആഗസ‌്ത‌് 14 മുതൽ 16 വരെയാണ്. 14നുശേഷമുള്ള പെരുമഴക്കാലത്ത് പതിനാലായിരം ദശലക്ഷം ഘനമീറ്റർ വെള്ളം നദികളിൽ ഒഴുകിയെത്തിയതായി കണ്ടെത്തിയത് കേന്ദ്ര ജല കമീഷൻ തന്നെയാണ്. 2280 ദശലക്ഷം ഘനമീറ്റർ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷിമാത്രമേ കേരളത്തിലെ നദികൾക്കുള്ളു. ഈ കണക്കുകൾ ആധാരമാക്കി അധികജലം ഒഴുകിയെത്തിയതാണ് പ്രളയത്തിനു കാരണമെന്ന് പ്രധാനമന്ത്രിയുടെ ഭരണത്തിൽത്തന്നെയുള്ള കേന്ദ്ര ജല കമീഷൻ കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് ആഗസ‌്ത‌് 13 മുതൽ 19 വരെ കേരളത്തിലാകെ മഴയിൽ 362 ശതമാനത്തിന്റെ വർധന ഉണ്ടായിട്ടുണ്ട്. ഇടുക്കിയിൽമാത്രം ഇത് 568 ശതമാനം അധികമാണ്. അതായത്, അധികമഴ പ്രളയമുണ്ടാക്കി എന്നു ചുരുക്കം. ഇതൊക്കെ കേന്ദ്രത്തിന്റെ പക്കൽ തന്നെയുള്ള വസ്തുതകളാണ്. അതു  മറച്ചുവച്ച‌്  ഒരു പ്രധാനമന്ത്രിക്ക് എങ്ങനെയാണ് ഇങ്ങനെ അസത്യം പ്രചരിപ്പിക്കാൻ കഴിയുന്നത്? ഡാമുകൾ സർക്കാർ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയമുണ്ടായത് എന്ന‌് വാദിക്കുന്നവർ ഡാമുകളേ ഇല്ലാത്ത അച്ചൻകോവിലാർ, ചാലിയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ  പ്രളയമുണ്ടായത് എങ്ങനെ എന്നതിന‌ുകൂടി മറുപടി പറയണം. ഐക്യരാഷ്ട്രസഭയുടെ ഏജൻസിയടക്കം 31,000 കോടിരൂപയുടെ നഷ്ടം കേരളത്തിനുണ്ടായതായി വിലയിരുത്തിയതാണ്.

കേരളത്തോട് പകപോക്കുകയാണ് എന്ന് കരുതുന്നുണ്ടോ?

ഇപ്പോഴാണ് നരേന്ദ്ര മോഡിയുടെ മനസ്സ് എന്തായിരുന്നുവെന്ന് കൃത്യമായി തെളിയുന്നത്. ഈ മനസ്സുകൊണ്ടാണ് കേരളം സഹായം ചോദിച്ചപ്പോൾ നാമമാത്രമായ സഹായംമാത്രം തന്നത്.  5000 കോടിരൂപയുടെ സ്പെഷ്യൽ പാക്കേജ് ചോദിച്ചു; ഒരു പൈസ തന്നില്ല. സഹായം നൽകാൻ വിദേശരാഷ്ട്രങ്ങൾ തയ്യാറായി. അതു വാങ്ങുന്നതിൽനിന്ന‌് വിലക്കി. കേരളത്തെ സഹായിക്കാൻ ലോകവ്യാപകമായി മലയാളികൾ മുമ്പോട്ടു വന്നു. ആ സഹായം തേടുന്നതിനുള്ള വിദേശയാത്രയ‌്ക്ക‌് അനുമതി നിഷേധിച്ചു. സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. ആ ആവശ്യത്തെയും നിരാകരിച്ചു. കേരളം പ്രളയത്തിൽ തകർന്നപ്പോൾ  അതിനപ്പുറമുള്ള തകർച്ച ഉണ്ടാക്കുക എന്നതായിരുന്നു കേന്ദ്ര ഭരണാധികാരികളുടെ താൽപ്പര്യം.  ആ മനസ്സ് ഇപ്പോഴെങ്കിലും തുറന്നുപറഞ്ഞതിന് നന്ദി രേഖപ്പെടുത്തുന്നു. കേരള വിരുദ്ധമായ ഈ നിലപാടുകൾക്കെല്ലാം പിന്നിൽ പ്രധാനമന്ത്രി തന്നെയായിരുന്നു എന്ന‌് കരുതേണ്ടിയിരിക്കുന്നു. ഗുജറാത്തിൽവരെ വിദേശസഹായം സ്വീകരിച്ച അതേ വ്യക്തിയാണ് കേരളത്തിനുള്ള വിദേശസഹായം നിഷേധിച്ചത്. ഇത്രയേറെ ഗുരുതരമായ നില കേരളത്തിലുണ്ടായിട്ടും സഹായിക്കില്ല എന്ന നിലപാട് പകപോക്കലിന്റെ അല്ലെങ്കിൽ മറ്റെന്താണ്?  

നൂറുകണക്കിന് ബിജെപി പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടു എന്നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെ യോഗത്തിൽ പറഞ്ഞത്?


 മറ്റൊരു അസത്യമാണത്.  കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘട്ടനങ്ങളിലുമായി ഈ മൂന്നുവർഷത്തിനുള്ളിൽ പല പാർടികളിൽനിന്നായി മരണപ്പെട്ടവരുടെ മൊത്തം സംഖ്യ ഔദ്യോഗിക രേഖകൾപ്രകാരം നൂറിന്റെ അഞ്ചിലൊന്നുപോലും വരുന്നില്ല. എവിടെനിന്നു കിട്ടി പ്രധാനമന്ത്രിക്ക് ഈ നൂറുകണക്കിന് ബിജെപി രക്തസാക്ഷികളെ? ബിജെപിയുടെ കേരളനേതൃത്വംപോലും പറയാത്തതാണിത്. ഇതുവരെ കേരളത്തിൽമാത്രം സിപിഐ എമ്മിന്റെ പ്രവർത്തകരും നേതാക്കളുമായി  209 പേരെയാണ്  ബിജെപിയും ആർഎസ്എസും കൊലപ്പെടുത്തിയത്. മറ്റു പാർടികളിൽപ്പെട്ട നിരവധിയാളുകളെ  അവർ കൊന്നിട്ടുണ്ട്.  രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ കാര്യക്ഷമമായി നടപടിയെടുത്ത സർക്കാരാണ് ഇവിടെയുള്ളത്. അടിസ്ഥാനരഹിതമായ  ഭാവനയുടെ  അടിസ്ഥാനത്തിൽ പ്രധാനമന്ത്രി ആരോപണങ്ങൾ ഉന്നയിച്ചുകൂടാത്തതാണ്.

നമ്പി നാരായണനെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗവേളയിൽ നടത്തിയ പരാമർശങ്ങൾ, നമ്പി നാരായണൻ നൽകിയ കേസിൽ ഉൾപ്പെട്ടതും നമ്പി നാരായണനെതിരെ അധിക്ഷേപം ചൊരിഞ്ഞതുമായ മുൻ ഡിജിപി  സെൻകുമാറിനെ ഒപ്പമിരുത്തിക്കൊണ്ടാണ് എന്നത് ബിജെപിയുടെ ഇരട്ടത്താപ്പിനെ മാത്രമല്ല, പ്രധാനമന്ത്രിയുടെ ലാഘവ ബുദ്ധിയെയും സൂചിപ്പിക്കുന്നു.  ഇടതുപക്ഷത്തെയാണ് വലിയ ശത്രുവായി കാണുന്നത് എന്നതുകൊണ്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിക്കുതന്നെ ഇത്തരം പ്രചാരണങ്ങൾ ഏറ്റെടുക്കേണ്ടിവരുന്നത്. അതുതന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി തെളിയിക്കുന്ന അനുഭവം. അത് തിരിച്ചറിഞ്ഞുള്ള ജനവിധിയാകും കേരളത്തിന്റേത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top