05 February Sunday

നിയമവിരുദ്ധ ഇടപെടൽ അനുവദിക്കില്ല - മുഖ്യമന്ത്രി സംസാരിക്കുന്നു

പിണറായി വിജയൻUpdated: Saturday Nov 5, 2022ഇന്ത്യയിലെ സർവകലാശാലകൾ ഇന്ന് സമാനതകളില്ലാത്ത പല വെല്ലുവിളിയും നേരിടുകയാണ്. ഭരണഘടനാ മൂല്യങ്ങളെ തകിടംമറിക്കുന്ന വർഗീയശക്തികൾ രാജ്യത്തെ പല സർവകലാശാലകളിലും പിടിമുറുക്കുന്നു.  കേരളത്തിലും ഇത്തരം ഇടപെടലുകൾ നടത്താൻ പല കേന്ദ്രവും ശ്രമിക്കുന്നുണ്ട്. അതിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ശക്തമായ നിലപാട്‌ എടുക്കുമ്പോഴാണ് സർക്കാരിനെതിരെ ഉത്തരവാദപ്പെട്ടവരിൽനിന്നടക്കം വലിയ എതിർപ്പുണ്ടാകുന്നത്.

മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ശാസ്ത്രബോധം സൃഷ്ടിക്കുകയും ചെയ്യുന്ന ഉന്നതവിദ്യാഭ്യാസ ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കാൻ സംസ്ഥാന സർക്കാർ ഒരിക്കലും തയ്യാറാകില്ല. തൽപ്പരകക്ഷികൾ നടത്തുന്ന അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾക്കുമുന്നിൽ സർക്കാർ ഒട്ടും പതറുകയുമില്ല.

സർവകലാശാലകളെ അപകീർത്തിപ്പെടുത്തുന്നു
കേരള നിയമസഭയിലേക്ക് ഒരംഗത്തെപ്പോലും തെരഞ്ഞെടുത്ത്‌ അയക്കാൻ കഴിയാത്തവർ തങ്ങളുടെ താൽപ്പര്യത്തിനൊത്തു നിൽക്കുന്ന ഒരാളെക്കൊണ്ട് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ  അട്ടിമറിച്ചുകളയാമെന്നാണ്‌ കരുതുന്നത്. ഗവർണർക്ക്‌ കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ പദവി കേരള നിയമസഭ നൽകിയതാണ്. എന്നിട്ട് ആ പദവിയിൽ ഇരുന്ന് കേരളത്തിലെ സർവകലാശാലകളെ അപകീർത്തിപ്പെടുത്തുകയാണ്. ആദ്യം അധ്യാപകർ കൊള്ളില്ലെന്നു പറഞ്ഞു. പിന്നെ തെരഞ്ഞെടുക്കപ്പെട്ട സെനറ്റ്, സിൻഡിക്കറ്റ് എന്നിവയ്ക്കെതിരെ തിരിഞ്ഞു. ഇപ്പോൾ വിസിമാരെ പുറത്താക്കാൻ നോക്കുന്നു.

കോടതിയിൽ ചോദ്യംചെയ്യപ്പെടാത്ത വിസിമാരുടെ നിയമനത്തെയാണ്, ചോദ്യംചെയ്യപ്പെട്ട ഒന്നിന്റെ പേരിൽ നിയമപരമല്ലെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ജുഡീഷ്യറിക്കുംമേലെയാണ് എന്നാണ് ഭാവം. ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ല, പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ഇടങ്ങളിലെല്ലാം ഗവർണർമാരെ രാഷ്ട്രീയ കരുക്കളായി ഉപയോഗിക്കുകയാണ് സംഘപരിവാർ. തമിഴ്നാട്, പശ്ചിമ ബംഗാൾ  തുടങ്ങിയ സംസ്ഥാനങ്ങളിൽ ചാൻസലർ എന്ന നിലയ്ക്ക് ഗവർണർമാർ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകൾ നമ്മുടെ മുന്നിലുണ്ട്.

കേരളത്തിലെ വിസിമാർ രാജിവയ്‌ക്കണമെന്ന് ചാൻസലറായ ഗവർണർ ആവശ്യപ്പെടുമ്പോൾ അതിനെ സ്വാഗതംചെയ്തവരാണ് ഇവിടത്തെ കോൺഗ്രസുകാർ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും. അതിൽ വലിയ അത്ഭുതമൊന്നുമില്ല. കാരണം ഡിസിസി സെക്രട്ടറിയെയും സ്കൂൾ മാഷിനെയുമൊക്കെ വൈസ് ചാൻസലർ ആക്കാമെന്നാണ് അവർ കരുതുന്നത്. എന്നാൽ, അതല്ല ഇടതുപക്ഷം. യോഗ്യത ഇല്ലാത്ത ഒറ്റയാൾ പോലും ഇടതുപക്ഷ ഭരണകാലത്ത് നിയമിതരായിട്ടില്ല.

ഭരണഘടനാപരമായ അവകാശങ്ങൾ തകർക്കാൻ നീക്കം
വിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്തിനുള്ള ഭരണഘടനാപരമായ അവകാശങ്ങളെപ്പോലും തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെപ്പോലും മറികടന്ന്‌ സർവകലാശാലകളിൽ ഇടപെടുകയും അവയുടെ സ്വയംഭരണാധികാരം തകർക്കുകയുമാണ്. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽപ്പെടുന്ന വിഷയമാണ്. സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമം നിർമിക്കാനുള്ള അധികാരമുണ്ട്. സംസ്ഥാനത്തിന്റെ നിയമം കേന്ദ്ര നിയമത്തിന് എതിരാകുന്നത് ഏതു വ്യവസ്ഥ മുൻനിർത്തിയാണോ ആ വ്യവസ്ഥ മാത്രമേ ഇത്തരം സന്ദർഭങ്ങളിൽ നിയമവിരുദ്ധമാകുന്നുള്ളൂ. കേന്ദ്ര നിയമവുമായി ഒരുവിധത്തിലും വൈരുധ്യമില്ലാത്ത സംസ്ഥാന നിയമത്തിലെ വ്യവസ്ഥകളെ നഗ്നമായി ലംഘിക്കാൻ എവിടെയും ആർക്കും അധികാരമൊന്നുമില്ല.

 


ചാൻസലർക്ക്‌ സവിശേഷ പരിരക്ഷയില്ല
ഗവർണറാണ് ഭരണഘടനപ്രകാരം നിയമിതനായ അധികാരി. ചാൻസലർ ഇങ്ങനെ നിയമിതനായ ആളല്ല. ചാൻസലർക്ക് യൂണിവേഴ്സിറ്റി നിയമത്തിന്റെയല്ലാതെ ഭരണഘടനയുടെ സവിശേഷ പരിരക്ഷയില്ല എന്നർഥം. യൂണിവേഴ്സിറ്റികളാണ് അവയുടെ നിയമപ്രകാരം ചാൻസലറെ എക്സ് ഒഫീഷ്യോയായി നിയമിക്കുന്നത്. ആ നിയമനം യൂണിവേഴ്സിറ്റി ആക്ട് പ്രകാരമുള്ളതാണ്. ആ നിയമത്തിൽ പറയുന്ന അധികാരമേ ഉപയോഗിക്കാൻ അധികാരമുള്ളൂവെന്ന്‌ ചുരുക്കം.ചാൻസലർ ഒരു പ്രാവശ്യം വൈസ് ചാൻസലറെ നിയമിച്ചുകഴിഞ്ഞാൽ, ആ ചാൻസലർ അതുമായി ബന്ധപ്പെട്ട അധികാരം പൂർണമായി ഉപയോഗിച്ചു കഴിഞ്ഞുവെന്നതാണ് നിയമത്തിന്റെ നില. ഫങ്റ്റസ് ഒഫീഷ്യോ എന്നുപറയും. അധികാരം ഉപയോഗിക്കപ്പെട്ടു കഴിഞ്ഞുവെന്നു ചുരുക്കം. പിന്നീട് വൈസ് ചാൻസലർക്കെതിരെ നടപടിയെടുക്കണമെങ്കിൽ യൂണിവേഴ്സിറ്റി ആക്ട് പ്രകാരമേ സാധ്യമാകൂ.

വൈസ് ചാൻസലർക്കെതിരെ നടപടിയെടുക്കാനുള്ള അധികാരത്തെ ആ നിയമത്തിൽ നിർവചിച്ചിട്ടുണ്ട്. അത് രണ്ട് കാര്യമാണ്. ഒന്ന്, വൈസ് ചാൻസലർ തന്റെ അധികാരം മിസ് മാനേജ് ചെയ്തുവെന്നു തെളിയണം. രണ്ട്, യൂണിവേഴ്സിറ്റി ഫണ്ട് വൈസ് ചാൻസലർ മിസ് അപ്രോപ്രിയേറ്റ് ചെയ്തുവെന്നു തെളിയണം. ഇത് രണ്ടും ഇവിടെ ഉണ്ടായിട്ടില്ല. എന്നുപറഞ്ഞാൽ ചാൻസലർക്ക് ഇടപെടാനുള്ള ഒരു ഇടവും നിയമം അനുവദിക്കുന്നില്ല. എന്നിട്ടും തൊട്ടടുത്ത ദിവസം പതിനൊന്നര മണിക്കകം രാജിവയ്‌ക്കണമെന്ന് കൽപ്പിക്കുകയാണ് ചെയ്തത്. അത് കോടതി അംഗീകരിച്ചില്ല എന്നതിൽ നിന്നുതന്നെ അതിലെ നിയമവിരുദ്ധത വ്യക്തമാകുന്നുണ്ടല്ലോ.

കേരളത്തിലെ പൊതു–- ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തപ്പെടുന്നത് കേരളത്തിലെ നിയമങ്ങൾക്ക് അനുസൃതമായാണ്. സംസ്ഥാനത്തിന്റെ നിയമങ്ങളെയും അവ നിർമിക്കുന്ന നമ്മുടെ നിയമസഭയെയും അതിലെ അംഗങ്ങളായ സാമാജികരെയും നോക്കുകുത്തികളാക്കിക്കളയാമെന്നാണ് ചിലർ കരുതുന്നത്. ലെജിസ്ലേച്ചറിന്റെ അധികാരങ്ങൾക്കു മുകളിലുള്ള ഒരു കടന്നുകയറ്റത്തെയും അനുവദിക്കുന്ന പ്രശ്നമില്ല.
ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്ത്‌ അയക്കുന്നത് ഈ നാട്ടിലെ ജനങ്ങളാണ്. അവരോടാണ് നിയമസഭയിലെ അംഗങ്ങൾ ഉത്തരവാദപ്പെട്ടിരിക്കുന്നത്. എന്നാൽ, ഭരണഘടനാപരമായ ഇത്തരം രീതികളിലല്ല, മറിച്ച് തന്നിലാണ് ഇന്നാട്ടിലെ എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്നത് എന്നാരെങ്കിലും കരുതിയാൽ, വെറുതെ അങ്ങനെ കരുതാമെന്നു മാത്രം. കേരളത്തിലെ ജനങ്ങൾ അതൊന്നും വകവച്ചു കൊടുക്കുന്ന പ്രശ്നമില്ല.

നില മറക്കരുത്‌
അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നു കരുതുന്നതുകൊണ്ടാണ് തന്റെ പ്രീതി പിൻവലിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്താൻ തോന്നുന്നത്. അതൊക്കെ തീരുമാനിക്കാൻ ഇവിടെ ഒരു മന്ത്രിസഭയുണ്ട്, അത് ഉത്തരവാദപ്പെട്ടിരിക്കുന്ന ഒരു നിയമസഭയുണ്ട്, ഇതിനെല്ലാം മുകളിൽ ഇവിടത്തെ ജനതയുണ്ട്. അതൊന്നും ആരും മറക്കണ്ട. ഗവർണർമാർ സാധാരണഗതിയിൽ സജീവ രാഷ്ട്രീയത്തിൽ ഇടപെടാറില്ല. അങ്ങനെയാകണം ഗവർണർ എന്നാണ് പൊതുസങ്കൽപ്പം. എന്നാൽ, ഇവിടെ ഒരാൾ സമാന്തര സർക്കാർ ആകാൻ ശ്രമിക്കുന്നു. രാജ്ഭവനിൽ വാർത്താസമ്മേളനം നടത്തുന്നു. മന്ത്രിയെ പിരിച്ചുവിടണമെന്നു പറയുന്നു. സെനറ്റംഗങ്ങളെയും സിൻഡിക്കറ്റ് അംഗങ്ങളെയും പുറത്താക്കുന്നു. എന്താണ് ചെയ്യേണ്ടതെന്ന് പൊലീസ് മേധാവിക്ക്‌ നിർദേശം നൽകുന്നു. പൊലീസിനു നിർദേശം നൽകാൻ ഇവിടെ സംസ്ഥാനത്ത് മന്ത്രിസഭയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരുമൊക്കെയുണ്ട്. അവരുടെ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ അവർക്കറിയാം. അവരല്ല, മറിച്ച് താനാണ് ഇതൊക്കെ ചെയ്യേണ്ടത് എന്നാരും കരുതണ്ട.

ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാനും ചുമതലപ്പെടുത്താത്ത ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും വ്യഗ്രതപ്പെടുന്നവർ എന്നാൽ, ഭരണഘടനാപരമായി നിറവേറ്റേണ്ട ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നില്ല എന്നതാണ് വസ്തുത. ഒരു ഘട്ടത്തിൽ ബില്ലുകളിൽ ഒപ്പിടില്ലെന്നു മാധ്യമങ്ങളോടു പറയുന്നു. തൊട്ടടുത്ത നിമിഷത്തിൽ തന്നെ ഒപ്പിടില്ലെന്നു പറഞ്ഞ ബില്ലുകൾ വായിച്ചിട്ടില്ലെന്നും പറയുന്നു. ഒപ്പിടില്ലെന്നു പറയുന്ന അതേ ബില്ലുകൾ തന്നെ ഓർഡിനൻസ് ആയിരുന്നപ്പോൾ ഒപ്പിട്ടിരുന്നു.

ഒപ്പിടില്ലെന്നു പറയുന്ന ബില്ലുകളിൽ മൂന്നെണ്ണം കേരളത്തിലെ സർവകലാശാലയുമായി ബന്ധപ്പെട്ടവയാണ്. കേരള നിയമസഭ നിയമംമൂലം സ്ഥാപിച്ചവയാണ് കേരളത്തിലെ സർവകലാശാലകൾ. അവയുടെ നടത്തിപ്പ് കേരള നിയമസഭയുടെ ഉത്തരവാദിത്വവും അധികാരവുമാണ്. അത്‌ അനുവദിക്കില്ലെന്നത് ഭരണഘടനാവിരുദ്ധമായ സമീപനമാണ്. അതുകൊണ്ടാകട്ടെ കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തനങ്ങളാണ് സ്തംഭിക്കുന്നത്. ഇതിൽനിന്നുതന്നെ വ്യക്തമാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളർച്ച പലരെയും അസ്വസ്ഥരാക്കുന്നുണ്ട് എന്നത്.
 ആ വളർച്ചയെ അട്ടിമറിക്കാനാണ് വിസിയാകാൻ അയോഗ്യരാണെന്ന് സെർച്ച് കമ്മിറ്റി കണ്ടെത്തിയവരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിക്കിട്ടണമെന്ന് ചാൻസലർ നിർദേശിച്ചത്. ചാൻസലറുടെ പ്രവൃത്തികൾക്കു പിന്നിലെ നിക്ഷിപ്ത താൽപ്പര്യങ്ങളെ ഗവർണർ എന്ന പദവി ഉപയോഗിച്ച് സംരക്ഷിക്കാം എന്നാരും കരുതരുത്. ഗവർണറുടെ തീരുമാനം ചോദ്യംചെയ്യാൻ കഴിയില്ലെന്ന ഭരണഘടനാപരമായ വ്യവസ്ഥയല്ല നിയമംവഴി നൽകപ്പെട്ടിട്ടുള്ള ചാൻസലർ എന്ന പദവിയിൽ ഇരുന്നുകൊണ്ട് എടുക്കുന്ന തീരുമാനങ്ങൾക്ക് ബാധകമാകുന്നതെന്ന് തിരിച്ചറിയണം.

മദ്രാസ്‌ ഹൈക്കോടതി പറഞ്ഞത്‌
ഇക്കാര്യത്തിലുള്ള ഗവർണറുടെ അധികാരത്തെക്കുറിച്ചുപോലും ഇന്ത്യയിലെ കോടതികൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട് എന്നത് ഓർക്കണം. തമിഴ്നാട്ടിലെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ബിൽ തമിഴ്നാട് നിയമസഭ പാസാക്കി ഗവർണർക്ക്‌ അയച്ചു. ഗവർണർ അത് ഒപ്പിടാതെ അനിശ്ചിതമായി വൈകിപ്പിച്ചു. ഇത് മദ്രാസ് ഹൈക്കോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. ഗവർണർക്കെതിരായി കേസ് എടുക്കാൻ പറ്റില്ലെന്ന നിലപാടായിരുന്നു ആ നടപടിക്കെതിരായി ഉയർന്നുവന്നത്. അപ്പോൾ ഹൈക്കോടതി പറഞ്ഞത് Extra ordinary situation requires extra ordinary remedies എന്നാണ്. അസാധാരണമായ സാഹചര്യങ്ങൾ അസാധാരണമായ പ്രശ്നപരിഹാരങ്ങളെ ആവശ്യപ്പെടുന്നു എന്നർഥം.

ഗവർണർമാർക്ക് തങ്ങളുടെ മുന്നിലെത്തുന്ന ഓർഡിനൻസുകളും ബില്ലുകളും അനിശ്ചിതമായി വൈകിപ്പിക്കാനുള്ള അധികാരമൊന്നുമില്ല. ഇതുസംബന്ധിച്ച് ഭരണഘടനയുടെ 200–-ാം വകുപ്പ് ഗവർണർക്ക് നൽകുന്നത് മൂന്ന് അധികാരമാണ്. ഒന്ന്, സഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിട്ട് അംഗീകരിക്കുക. രണ്ട്, പ്രസിഡന്റിന്റെ പരിഗണനയ്ക്ക് റഫർ ചെയ്യുക. മൂന്ന്, അഭിപ്രായക്കുറിപ്പോടെ സഭയുടെ പുനഃപരിശോധനയ്ക്കായി തിരിച്ചയക്കുക. ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്യാൻ ബാധ്യസ്ഥനാണ് ഗവർണർ. എപ്പോഴെങ്കിലും ചെയ്താൽ പോരാ. 200–-ാം വകുപ്പ് ഇക്കാര്യവും വ്യക്തമാക്കുന്നുണ്ട്. As soon as possible എന്നാണ് പറയുന്നത്. എത്ര വേഗം പറ്റുമോ അത്ര വേഗം എന്നർഥം. രണ്ടാമതൊരിക്കൽക്കൂടി സഭ പാസാക്കി അയച്ചാൽ ഗവർണർക്ക് ഒപ്പിടുകയല്ലാതെ മറ്റൊരു മാർഗവും ഭരണഘടന തുറന്നുനൽകുന്നില്ല. എന്നാൽ, ഇവിടെ ഓർഡിനൻസുകളും ബില്ലുകളും ഇപ്പറഞ്ഞ മൂന്ന് കാര്യത്തിൽ ഒന്നും ചെയ്യാതെ അനിശ്ചിതമായി പിടിച്ചുവയ്‌ക്കുകയാണ് ഗവർണർ.

മദ്രാസ് ഹൈക്കോടതിയുടെ വിധിയിലേക്കു തന്നെ നമുക്കുപോകാം. ഗവർണർക്കുള്ള പരിരക്ഷയെക്കുറിച്ച് കോടതി ഇങ്ങനെ പറഞ്ഞു; The protection has been given by the framers of the Constitution with the hope and trust in the appointees that they would perform their constitutional functioning promptly and there would not be any situation that they would be called for to give explanation or they would be questioned in the court of law.

ഗവർണർമാരായി വരുന്നവർ ഭരണഘടനാ ചുമതലകൾ കൃത്യമായി നിർവഹിക്കാതിരിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ഭരണഘടനാ നിർമാതാക്കൾക്ക് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല എന്നർഥം. അത്തരമൊരു സാഹചര്യമുണ്ടായാലോ. ആ ചോദ്യത്തിനും മദ്രാസ് ഹൈക്കോടതി മറുപടി പറഞ്ഞിട്ടുണ്ട്. When the situtaion changes and present kind of a situation arises a different approach has to be taken by the court in the interest of the public. പൊതുജനങ്ങളുടെ താൽപ്പര്യം മുൻനിർത്തി,  കോടതികൾക്ക് വ്യത്യസ്ത സാഹചര്യങ്ങളുണ്ടായാൽ വ്യത്യസ്ത നിലപാടെടുക്കേണ്ടിവരും എന്നർഥം. ഈ പരാമർശത്തിന് അനുബന്ധമായാണ് Extra ordinary situation requires extra ordinary remedies എന്ന്‌ കോടതി പറഞ്ഞത്. ഭരണഘടനാബോധമുള്ള ആരുംതന്നെ അത്തരം വിചിത്രമായ സാഹചര്യമുണ്ടാക്കുകയില്ല.

സ്വന്തം വിസിയെ നിയമിക്കാൻ ശ്രമം
നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി നിയമഭേദഗതി ബിൽ കേരള സർവകലാശാലാ വൈസ്ചാൻസലർ റിട്ടയർ ചെയ്യാനിരിക്കെ ഗവർണർ തടഞ്ഞുവച്ചു. എന്നിട്ട് സ്വന്തമായി രണ്ടംഗ സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയെ വച്ചു. ഇതിലേക്ക്‌ ഒരാളെ നോമിനേറ്റ്‌ ചെയ്യാൻ സെനറ്റിനുമേൽ സമ്മർദം ചെലുത്തി. കേരള യൂണിവേഴ്സിറ്റി നിയമമോ, യുജിസി റഗുലേഷനോ നിർദേശിക്കുംവിധമല്ല ആ കമ്മിറ്റിയുടെ രൂപീകരണം പോലുമെന്ന് ഓർക്കണം. ഇതെല്ലാം എന്തിനുവേണ്ടിയാണ്. സ്വന്തം താൽപ്പര്യത്തിലുള്ള ഒരാളെ വൈസ് ചാൻസലർ സ്ഥാനത്തെത്തിക്കാൻ വേണ്ടി. എന്തിനാണ് അങ്ങനെ ഒരാളെ വയ്‌ക്കുന്നത്. സർവകലാശാലയെ സംഘപരിവാറിന്റെ കൂത്തരങ്ങാക്കി മാറ്റാൻവേണ്ടി. ആർക്കാണ്‌ ഇതൊക്കെ മനസ്സിലാകാത്തത്.

ഒരു യോഗത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയാൽ കഴിയാതെ പോയ സെനറ്റ് അംഗങ്ങളെയാകെ കൂട്ടത്തോടെ പുറത്താക്കുക. കേട്ടുകേൾവിയെങ്കിലുമുള്ള നടപടിയാണോ ഇത്. പുതിയ അംഗങ്ങളെ ഇവർക്ക്‌ പകരക്കാരായി നിയമിക്കരുതെന്ന്‌ ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞതിൽ നിന്നുതന്നെ ഇതിലെ നിയമ സാധുതയില്ലായ്മ വ്യക്തമാകുന്നുണ്ട്.

എങ്കിൽപ്പിന്നെ, സെർച്ച്‌ കമ്മിറ്റി എന്തിന്‌
കേരള സർക്കാർ ഗവർണർ ചാൻസലറാകുന്ന കീഴ്വഴക്കം അവസാനിപ്പിക്കാതിരുന്നത് ഉത്തമമായ ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾ കേരള നിയമ നിർമാണസഭ പാസാക്കിയുണ്ടാക്കിയ നിയമപ്രകാരമുള്ള സർവകലാശാലകളുടെ കാര്യത്തിൽ ജനാധിപത്യപരമല്ലാത്ത രീതിയിൽ പ്രവർത്തിക്കില്ലെന്ന പ്രത്യാശയിലാണ്.

ചാൻസലർ സെർച്ച് കമ്മിറ്റി പാനലിന്റെ കാര്യം പറയുന്നു. സെർച്ച്‌ കമ്മിറ്റിയുടെ മുമ്പാകെ പത്തുപേർ എത്തുന്നുവെന്നും അതിൽ ഒമ്പതുപേരും അയോഗ്യരാണെന്ന്‌ സെർച്ച് കമ്മിറ്റി കണ്ടെത്തുന്നുവെന്നും വയ്‌ക്കുക. ആ സാഹചര്യത്തിലും മൂന്നുപേരുടെ പാനൽ വേണമെങ്കിൽ അയോഗ്യരുൾപ്പെട്ട പാനലുണ്ടാക്കണ്ടേ. അയോഗ്യരെന്ന്‌ തങ്ങൾക്ക്‌ ബോധ്യമുള്ളവരെ പാനലിൽ ഉൾപ്പെടുത്തണമെന്ന് വന്നാൽ ആത്മാഭിമാനമുള്ള സെർച്ച് കമ്മിറ്റി അതു സഹിക്കുമോ. എങ്കിൽ പിന്നെ എന്തിനാണ്‌ സെർച്ച് കമ്മിറ്റി. പാനൽ ഏകകണ്ഠമായി ഒരാളെ യോഗ്യനായി കണ്ടെത്തുന്ന ഏർപ്പാട് എൽഡിഎഫ് തുടങ്ങിയതൊന്നുമല്ല.  

പ്രീതിയുടെ കാര്യത്തിലും ഒരു വാക്ക്. പ്രീതി എന്നത് ആത്മനിഷ്ഠമല്ല. മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന്റെ പരിധിക്കുള്ളിലാണ്‌ അത്. അല്ലാതെ മറ്റൊരുവിധത്തിലാണെങ്കിൽ, മുഖ്യമന്ത്രിക്കല്ല ഗവർണർക്കാണ് മന്ത്രിസഭയിൽ ആരുണ്ടാകണം, ആരുണ്ടാകരുത് എന്നൊക്കെ നിശ്ചയിക്കാൻ അധികാരം എന്നുവരുമല്ലോ. മുഖ്യമന്ത്രി നിർദേശിക്കുന്നയാളെ അല്ലാതെ സ്വന്തം ആളെ സ്വന്തം പ്രീതിപ്രകാരം നിയമിക്കാൻ കഴിയുമോ എന്ന് അദ്ദേഹം ആലോചിച്ചാൽ ഇതിന്റെ യഥാർഥ ഭരണഘടനാവശം അദ്ദേഹത്തിനു വ്യക്തമായി കിട്ടും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top