01 December Thursday

മയക്കുവഴി 
മഹാവിപത്ത് - ലഹരിവിരുദ്ധപ്രചാരണപരിപാടിയിൽ മുഖ്യമന്ത്രി നടത്തിയ ഉദ്ഘാടനപ്രസംഗ
ത്തിന്റെ പ്രസക്‌തഭാഗം

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

 

കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലെന്നതിനേക്കാൾ കുഞ്ഞുങ്ങളോട് അവരുടെ  മുത്തച്ഛൻ എന്ന നിലയിലും രക്ഷാകർത്താക്കളോട് മുതിർന്ന  സഹോദരൻ എന്ന നിലയിലുമാണ്‌ ഞാൻ സംസാരിക്കുന്നത്. അധികാരത്തിന്റെ ഭാഷയിലല്ല, മനുഷ്യത്വത്തിന്റെ ഭാഷയിലാണു പറയുന്നത്. അത് ഈ നിലയ്ക്ക് ഉൾക്കൊള്ളണമെന്ന്‌ അഭ്യർഥിക്കട്ടെ.

കുഞ്ഞുങ്ങളെ രക്ഷിക്കണം
ഞങ്ങളൊക്കെ ജീവിച്ചതിനേക്കാൾ സമാധാനപൂർവവും സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ അവസ്ഥയിൽ  അനന്തര തലമുറ വളരണമെന്നതാണ്  ആഗ്രഹം. എന്നാൽ, അതിനെ അപ്പാടെ തകർത്തുകളയുന്ന  മഹാവിപത്ത് നമ്മെ ചൂഴ്ന്നുവരുന്നു. മയക്കുമരുന്നിന്റെ രൂപത്തിലാണത് വരുന്നത്. ഇതിൽനിന്ന്‌ കുഞ്ഞുങ്ങളെ രക്ഷിക്കാനാകുന്നില്ലെങ്കിൽ  വരുംതലമുറകളാകെ  തകർന്നടിഞ്ഞുപോകും.  ആ സർവനാശം ഒഴിവാക്കാൻ ഒരു നിമിഷംപോലും വൈകാതെ ജാഗ്രതയോടെ ഇടപെട്ടാലേ പറ്റൂ. വാക്കുകൾകൊണ്ട്‌ പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല മയക്കുമരുന്ന് എന്ന മാരകവസ്തു സൃഷ്ടിക്കുന്ന ഘോരവിപത്തുകൾ. അത്‌ വ്യക്തിയെയും കുടുംബത്തെയും സാമൂഹ്യബന്ധങ്ങളെയും തകർക്കുന്നു. നാടിനെ തകർക്കുന്നു. മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു.

മനുഷ്യനെ മൃഗങ്ങളിൽനിന്നു വ്യത്യസ്തനാക്കുന്നത് പാടുള്ളതും പാടില്ലാത്തതും തമ്മിൽ തിരിച്ചറിയാനുള്ള വിവേചനബോധമാണ്. ഈ ബോധത്തെതന്നെ മയക്കുമരുന്ന് ഇല്ലാതാക്കുന്നു. അതുകൊണ്ടുതന്നെ ബോധാവസ്ഥയിൽ ഒരിക്കലും ഒരാളും ചെയ്യാത്ത അതിക്രൂരമായ അധമകൃത്യങ്ങൾപോലും മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയിൽ അവർ ചെയ്യുന്നു.  മയക്കുമരുന്നിന് പൂർണമായി അടിപ്പെട്ടവർക്ക് അതിൽനിന്നുള്ള മോചനം അത്ര എളുപ്പമല്ല. ചികിത്സയിലൂടെപ്പോലും തിരിച്ചുകൊണ്ടുവരാനാകാത്ത സമ്പൂർണ നാശത്തിലേക്കാണത്‌ വ്യക്തികളെ പലപ്പോഴും നയിക്കുന്നത്. 

സ്വയം ഭാരമാകുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാകുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാൻ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണ്‌ മയക്കുമരുന്ന്‌ നയിക്കുന്നത്. നാശംവിതയ്ക്കുന്ന ആ മഹാവിപത്തിന് ഇനി ഒരാളെപ്പോലും വിട്ടുകൊടുക്കാനാകില്ല. പെട്ടുപോയവരെ എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ, സമൂഹത്തെ രക്ഷിക്കാൻ ഇതല്ലാതെ നമുക്കു വേറെ മാർഗമില്ല. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് "നോ ടു ഡ്രഗ്സ്' എന്ന അതിവിപുലമായ  ജനകീയ ക്യാമ്പയിൻ കേരളസർക്കാർ ആരംഭിച്ചിട്ടുള്ളത്.

ഏകോപിത നടപടികൾ
ചിത്രശലഭങ്ങളെപ്പോലെ പാറിക്കളിക്കേണ്ട പ്രായമാണ്‌ ബാല്യം. ബാല്യം ആഘോഷിക്കേണ്ട ഘട്ടത്തിൽ  കുഞ്ഞുങ്ങൾക്ക് അതു നഷ്ടപ്പെടുത്തുകയാണ്. അവരെ അപായകരമായ അവസ്ഥകളിലേക്കു നയിക്കുകയാണ്. കുട്ടികളുടെ പക്കൽ മയക്കുമരുന്നുണ്ടെങ്കിലതു കണ്ടെത്തുക അത്ര എളുപ്പമല്ല. അതുകണ്ടെത്തുകതന്നെ ചെയ്യും. അതിനു പഴുതടച്ചുള്ള ശ്രമങ്ങളാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സർക്കാർ നടത്തുന്നത്.

ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനായി രൂപം നൽകിയ ലഹരിവർജന മിഷനായ വിമുക്തിയുടെയടക്കം പ്രവർത്തനങ്ങൾ ഊർജിതമായി നടന്നുവരുമ്പോൾത്തന്നെയാണ് ഈ ക്യാമ്പയിൻ. ഒന്നുനിർത്തി മറ്റൊന്നു തുടങ്ങുകയല്ല. എല്ലാം ഒരുമിച്ചു കൊണ്ടുപോകുകയാണ്.  
ജനമൈത്രി, എസ്‌പിസി, ഗ്രീൻ ക്യാമ്പസ് ഡ്രീം ക്യാമ്പസ് എന്നിവ വഴി പൊലീസ് വകുപ്പ് വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാർഥികളെ കണ്ടെത്തി നേർവഴിയിലേക്ക് കൊണ്ടുവരുന്നതിനായി പൊലീസ് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ "യോദ്ധാവ് ' എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നുണ്ട്. 

‘ഉണർവ്‌, നേർക്കൂട്ടം, ശ്രദ്ധ’
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും വാർഡുകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.  സംസ്ഥാനത്തൊട്ടാകെ 19,391 വാർഡ്‌ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. 14 ജില്ലയിലും ഡി-അഡിക്‌ഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.  വിദ്യാലയങ്ങളിൽ  പിടിഎ സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു വരികയാണ്. കോളേജുതലത്തിൽ ഇത്തരത്തിലുള്ള 899 ക്ലബ്ബും സ്കൂൾതലത്തിൽ  5410 ക്ലബ്ബും പ്രവർത്തിച്ചു വരുന്നു. വിദ്യാർഥികളെ ലഹരി ഉപയോഗിക്കുന്നതിൽനിന്ന്‌ പിന്തിരിപ്പിക്കുന്നതിനായി സ്കൂളുകളിൽ "ഉണർവ് ' എന്ന പേരിലും കോളേജ് ക്യാമ്പസുകളിൽ "നേർക്കൂട്ടം' എന്ന പേരിലും കോളേജ് ഹോസ്റ്റലുകളിൽ  "ശ്രദ്ധ' എന്ന പേരിലും കൂട്ടായ്മകൾ രൂപീകരിച്ചിട്ടുണ്ട്. രക്ഷാകർത്താക്കൾ  കുഞ്ഞുങ്ങളിൽ അസാധാരണ പെരുമാറ്റമുണ്ടാകുന്നുണ്ടോ എന്നതു നിരീക്ഷിക്കണം.  വിദ്യാലയങ്ങളോടു ചേർന്നുള്ള ചില കടകളിലടക്കമാണ് മയക്കുമരുന്നുകളുടെ വിപണി നടക്കുന്നത്. ഇതു പുറത്തുവന്നതോടെ, കടകളെ ഒഴിവാക്കി കുട്ടികളെത്തന്നെ കാരിയറാക്കുന്ന നിലയുമുണ്ട്.

സങ്കീർണമായ ശൃംഖലകൾ
മാരക വിഷവസ്തുക്കളായ രാസവസ്തുക്കളുടെ സങ്കലനങ്ങൾപോലും ലഹരിക്കായി വിതരണം ചെയ്യപ്പെടുന്നുവെന്നത്‌ ഞെട്ടിക്കുന്ന കാര്യമാണ്. ഇവയുടെ ഉൽപ്പാദനം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിർത്തികൾക്കപ്പുറത്തുകൂടി വ്യാപിച്ചു കിടക്കുന്നു. മയക്കുമരുന്നു വിപണനത്തിന്റെ സങ്കീർണമായ ശൃംഖലകൾ ഉണ്ടായിരിക്കുന്നു.

സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശഭരണ, വിദ്യാലയതലങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതികൾ പ്രവർത്തിക്കും. ഒക്ടോബർ രണ്ടുമുതൽ നവംബർ ഒന്നുവരെ തീവ്രമായ പ്രചാരണ പരിപാടികളാണ് നടക്കുക. ഗ്രാമ–-- നഗര വ്യത്യാസമില്ലാതെ എല്ലായിടത്തും എല്ലാ മനസ്സുകളിലും "നോ റ്റു ഡ്രഗ്സ്' എന്ന സന്ദേശമെത്തണം. യുവാക്കൾ, വിദ്യാർഥികൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, മത–-സാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡന്റ്‌സ്‌ അസോസിയേഷനുകൾ, സാമൂഹ്യ സാംസ്കാരിക സംഘടനകൾ, രാഷ്ട്രീയ പാർടികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഈ ക്യാമ്പയിനിലുണ്ടാകണം.  ബസ് സ്റ്റാൻഡ്‌, റെയിവേ സ്റ്റേഷൻ, ലൈബ്രറി, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ച് ജനങ്ങളിലേക്കിറങ്ങുകയാണ്. ബസ് സ്റ്റാൻഡുകളിലും ക്ലബ്ബുകളടക്കമുള്ള ഇടങ്ങളിലും ഇത്തരത്തിൽ പരിപാടികൾ നടക്കണം. വിദ്യാർഥികളുടെ നേതൃത്വത്തിൽ റോൾപ്ലേ, സ്കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കണം. 

ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും. ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യപ്രശ്നങ്ങൾ, സാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പരിശീലനത്തിലേക്കും നാം കടക്കുകയാണ്. വിമുക്തി മിഷനും എസ്‌സിഇആർടിയും ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകൾ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കുകയുള്ളൂ.വ്യാപാരസ്ഥാപനങ്ങളിൽ ലഹരി പദാർഥങ്ങൾ വിൽപ്പന നടത്തുന്നില്ലെന്ന ബോർഡ് പ്രദർശിപ്പിക്കണം.  കേവലം ക്യാമ്പയിനിൽ ഒതുങ്ങിനിൽക്കുന്ന പ്രവർത്തനമല്ല സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുക. ഒരു തലത്തിൽ ബോധവൽക്കരണം, മറ്റൊരു തലത്തിൽ മയക്കുമരുന്നുശക്തികളെ കർക്കശമായി അടിച്ചമർത്തൽ, രണ്ടുമുണ്ടാകും. വിട്ടുവീഴ്ചയില്ലാതെ കേസെടുക്കും. നിലവിൽ സർക്കാർ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായി ലഹരികടത്തു കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കുന്നുണ്ട്.


 

സിന്തറ്റിക് രാസലഹരി വസ്തുക്കൾ തടയുന്നതു മുൻനിർത്തി അന്വേഷണ രീതിയിലും കേസുകൾ ചാർജ്‌ ചെയ്യുന്ന രീതിയിലും ചില മാറ്റങ്ങൾ വരുത്തും. ട്രെയിനുകൾ വഴിയുള്ള കടത്തുതടയാൻ സ്നിഫർ ഡോഗ് സ്ക്വാഡ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കും. മയക്കുമരുന്ന് കടന്നുവരാനിടയുള്ള എല്ലാ അതിർത്തികളിലെയും പരിശോധന കർക്കശമാക്കുകയും ചെയ്യും. വിദ്യാഭ്യാസസ്ഥാപന പരിസരത്തുള്ള കടകളിൽ  ലഹരിവസ്തു ഇടപാടു കണ്ടാൽ ആ കട അടപ്പിക്കും. പിന്നീട് തുറക്കാൻ അനുവദിക്കില്ല. മയക്കുമരുന്ന് ഉൽപ്പാദകരെയും വിതരണക്കാരെയും വിൽപ്പനക്കാരെയും ദേശവിരുദ്ധ സാമൂഹ്യദ്രോഹ ശക്തികളായി കാണുന്ന ഒരു സംസ്കാരം ശക്തിപ്രാപിക്കണം. 

മയക്കുമരുന്ന് കേസുകളിൽ ഒന്നിലധികം തവണ ഉൾപ്പെടുന്നവരുടെ വിവരശേഖരണം നടത്തി ഒരു ഹിസ്റ്ററി ഷീറ്റ് തയ്യാറാക്കി പൊലീസ് സ്റ്റേഷനുകളിലും എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും സൂക്ഷിക്കാനും അവരെ നിരന്തരം നിരീക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇത്തരം നടപടികൾകൊണ്ടുമാത്രം ഈ കാര്യങ്ങൾ പൂർണമായി നിയന്ത്രിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ല. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഏകോപിതവും സംഘടിതവുമായ സംവിധാനം ഉണ്ടാകണം.  നാടാകെ ചേർന്നുള്ള ഒരു നീക്കമാണ് ആവശ്യം.

വ്യാവസായിക വികസനവും ക്ഷേമപ്രവർത്തനങ്ങളുമുള്ള ഉൽപ്പാദനോന്മുഖമായ നവകേരളമാണ്  ലക്ഷ്യംവയ്‌ക്കുന്നത്. ഉൽപ്പാദനോന്മുഖം എന്നു പറയുമ്പോൾ കേവലം വ്യാവസായികോൽപ്പന്നങ്ങൾ മാത്രല്ല അതിൽപ്പെടുന്നത്. വിജ്ഞാനവും വിനോദവുമടക്കം ആധുനികസമൂഹം ആവശ്യപ്പെടുന്നതെല്ലാം അതിലുണ്ടാകും. അതിന് ശാരീരികവും മാനസികവുമായ ശേഷിയുള്ള ജനതയുണ്ടാകണം. എല്ലാ വ്യക്തികളും അവരവർക്കു കഴിയുന്ന തരത്തിൽ സാമൂഹ്യപുരോഗതിക്കായി സംഭാവന നൽകുന്ന ഒരു കേരളസമൂഹമാണ് സർക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിൽ നിരവധി പ്രതിബന്ധങ്ങൾ നമുക്കു തട്ടിമാറ്റേണ്ടതായുണ്ട്.

സമൂഹത്തിന്റെ ഉൽപ്പാദനോന്മുഖമായ സ്വഭാവത്തെ റദ്ദുചെയ്തുകളയുന്ന സാമൂഹ്യതിന്മകളുണ്ട്. അവയിൽ  പ്രധാനപ്പെട്ട ഒന്നാണ് ലഹരിയുടെ ഉപയോഗം. സ്വന്തം താൽക്കാലിക ആനന്ദത്തിലേക്ക് ചുരുങ്ങുകയും സമൂഹത്തെക്കുറിച്ച് ഒരു ബോധവും ഉള്ളിൽ പേറാതിരിക്കുകയും ചെയ്യുന്ന ഒറ്റപ്പെട്ട മനുഷ്യനെയാണ് ലഹരി ആത്യന്തികമായി സൃഷ്ടിക്കുന്നത്.  വിവിധ വകുപ്പുകൾ അവരുടേതായ നിലയ്ക്ക് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കിവരുന്നുണ്ട്. ഇവയ്ക്ക് ഒരു ഏകീകൃത സ്വഭാവം നൽകാൻ കഴിയേണ്ടതുണ്ട്. അതിനായുള്ള പ്രവർത്തനങ്ങൾകൂടി ഈ ക്യാമ്പയിന്റെ ഭാഗമാകും.

ഇത് സർക്കാരിന്റെ മാത്രമായ ഒരു പോരാട്ടമല്ല. ഒരു നാടിന്റെ,  സമൂഹത്തിന്റെ കൂട്ടായ പോരാട്ടമാണ്. നിലനിൽക്കാനും അതിജീവിക്കാനും വേണ്ടിയുള്ള പോരാട്ടം. ഇളംതലമുറയെയും വരും തലമുറകളെയും രക്ഷിക്കാനുള്ള ജീവൻ മരണപോരാട്ടം. ഈ പോരാട്ടം വിജയിച്ചാൽ ജീവിതം വിജയിച്ചു. പരാജയപ്പെട്ടാൽ മരണമാണ് വിജയിക്കുന്നത്. അത്രമേൽ പ്രാധാന്യമുണ്ട് ഈ ക്യാമ്പയിന്. ഈ പ്രാധാന്യം ഉൾക്കൊള്ളണമെന്നും നാടിന്റെ രക്ഷയ്ക്കായി അണിനിരക്കണമെന്നും അഭ്യർഥിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top