25 April Thursday

പുൽവാമ : മലിക്‌ വാതുറന്നു, മോദി വായടച്ചു

വി ബി പരമേശ്വരൻUpdated: Wednesday Apr 19, 2023


നാലുവർഷംമുമ്പാണ്‌ പുൽവാമ ഭീകരാക്രമണം നടന്നത്‌. 40 സിആർപിഎഫ്‌ ജവാന്മാർക്കാണ്‌ അന്ന്‌ ജീവൻ നഷ്ടപ്പെട്ടത്‌. തീർത്തും ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഇതെന്ന്‌ അന്നേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആ സമയത്ത്‌ ജമ്മു കശ്‌മീർ ഗവർണറായിരുന്ന സത്യപാൽ മലിക്‌ ഇപ്പോൾ വെളിപ്പെടുത്തിയതും അതാണ്‌. ‘ദ വയർ’ എന്ന ഓൺലൈൻ ചാനലിൽ കരൺ ഥാപ്പർക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌, പ്രധാനമന്ത്രി മോദിയുമായി അടുത്തബന്ധമുള്ള സത്യപാൽ മലിക് സത്യം വിളിച്ചുപറഞ്ഞിരിക്കുന്നത്‌. മോദി സർക്കാർ മൂടിവയ്‌ക്കാൻ വെമ്പൽകൊണ്ട, വസ്‌തുതകളാണ്‌ ബിജെപിയിലെ ‘ഇൻസൈഡറായ’ മലിക് പുറത്തുപറഞ്ഞിരിക്കുന്നത്‌. ‘തും അഭ്‌ ചുപ്‌ രഹോ’ എന്നുപറഞ്ഞ്‌ 2019 ഫെബ്രുവരി 14നു പ്രധാനമന്ത്രി മോദി, മലിക്കിന്റ വായ അടപ്പിച്ചെങ്കിലും ഇപ്പോൾ മൗനത്തിന്റെ വാല്‌മീകം ഭേദിച്ച്‌ അദ്ദേഹം വസ്‌തുതകൾ പൊതുസമൂഹവുമായി പങ്കുവച്ചിരിക്കുന്നു. മലിക്കിന്റെ വെളിപ്പെടുത്തൽ തെറ്റാണെന്നോ അവാസ്‌തവമാണെന്നോ കേന്ദ്ര സർക്കാരോ പ്രധാനമന്ത്രിയോ ഇതുവരെയും പറഞ്ഞിട്ടില്ലാത്തതിനാൽ അത്‌ അവിശ്വസിക്കേണ്ടതുമില്ല. 

സൈനികരെ നീക്കാൻ സിആർപിഎഫ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട്‌  അഞ്ച്‌ വിമാനം ആവശ്യപ്പെട്ടെങ്കിലും അതിന്‌ അനുവാദം ലഭിച്ചില്ലെന്നാണ്‌ മലിക് വെളിപ്പെടുത്തിയത്‌. ശ്രീനഗറിലെ സിആർപിഎഫ്‌ ഐജിയാണ്‌ വിമാനങ്ങൾ ആവശ്യപ്പെട്ടത്‌. ജമ്മുവിലെ ഇടത്താവളത്തിൽനിന്ന്‌ (ട്രാൻസിറ്റ്‌ ക്യാമ്പ്‌) 2500ൽ അധികം സൈനികരെ ശ്രീനഗറിലേക്ക്‌ കൊണ്ടുപോകാനായിരുന്നു വിമാനങ്ങൾ ചോദിച്ചത്‌. കോൺവോയി ആയാണ്‌ സൈനികരെ നീക്കാറുള്ളത്‌ എന്നത്‌ ശരിയാണ്‌. എന്നാൽ, അന്നത്തെ പ്രത്യേക സുരക്ഷാ സാഹചര്യത്തിലായിരുന്നു  ഈ ആവശ്യം ഉന്നയിച്ചത്‌. കോൺവോയിക്ക്‌ എതിരെ ആക്രമണം ഉണ്ടാകുമെന്ന്‌ രഹസ്യാന്വേഷണ വിവരങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും അന്നത്തെ ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ് വിമാനങ്ങൾ അനുവദിച്ചില്ല. അവസാനം 78 വാഹനത്തിന്റെ കോൺവോയി ആയാണ്‌ സൈനികരെ ശ്രീനഗറിലേക്ക്‌ കൊണ്ടുപോയത്‌. ഈ വാഹനവ്യൂഹത്തിനു നേരെയാണ്‌ ഭീകരാക്രമണം ഉണ്ടായത്‌. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ബിഎസ്‌എഫിന്റെ എയർവിങ്ങിനെ സൈനികരെ കൊണ്ടുപോകാനായി ജമ്മു കശ്‌മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സാധാരണ ഉപയോഗിക്കാറുണ്ട്‌. എന്നാൽ, സിആർപിഎഫ്‌ ആവശ്യപ്പെട്ടിട്ടു പോലും അത്‌ നൽകാതിരുന്നത്‌ എന്തുകൊണ്ടാണ്‌.  ഇതിനുപിന്നിൽ എന്തെങ്കിലും രഹസ്യ അജൻഡയുണ്ടോ. കേന്ദ്രമാണ്‌ മറുപടി പറയേണ്ടത്‌. പുൽവാമയിൽ ജവാന്മാർ കൊല്ലപ്പെട്ടതിന്റെ പ്രാഥമിക ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും ദേശീയ സുരക്ഷാ ഉപദേശകൻ അജിത്‌ ഡോവലിനുമാണെന്ന്‌ മുൻ കരസേനാ മേധാവി ജനറൽ ശങ്കർ റോയ്‌ ചൗധരി കുറ്റപ്പെടുത്തിയത്‌ ഈ പശ്ചാത്തലത്തിലാണ്‌. ബിഎസ്‌എഫ്‌ (റിട്ട.) അഡീഷണൽ ഡയറക്ടർ ജനറൽ സൻജീവ്‌ കൃഷൻ സൂദും ഈ വാദത്തെ പിന്തുണച്ച്‌ രംഗത്തുവന്നിട്ടുണ്ട്‌. 

പുൽവാമയുമായി ബന്ധപ്പെട്ട്‌ മലിക് ഉന്നയിക്കുന്ന രണ്ടാമത്തെ സുപ്രധാന വിഷയം രഹസ്യന്വേഷണ വിഭാഗത്തിന്റെ പരാജയമാണ്‌. 300 കിലോയിലധികം സ്‌ഫോടകവസ്‌തുക്കളുമായി ഒരു കാർ 10–-15 ദിവസം പുൽവാമയിലും പരിസരപ്രദേശത്തുമായി കറങ്ങിത്തിരിഞ്ഞിട്ടും അത്‌ കണ്ടെത്താനോ ആ വാഹനം പരിശോധിക്കാനോ ആരും തയ്യാറായില്ല.  ഗുരുതരമായ വീഴ്‌ചയാണ്‌ ഇത്‌. രാജ്യത്ത്‌ ഏറ്റവും സുരക്ഷാസംവിധാനങ്ങളുള്ള ഒരു സംസ്ഥാനമാണ്‌ ജമ്മു -കശ്‌മീർ. മാത്രമല്ല, സിആർപിഎഫ്‌ ജവാന്മാരുടെ കോൺവോയിക്കുനേരെ ഭീകരാക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണവിവരം അധികൃതർക്ക്‌ ലഭിച്ചിരുന്നു. ഒരുവർഷം നീണ്ട അന്വേഷണത്തിനുശേഷം ‘ഫ്രണ്ട്‌ലൈൻ’ ദ്വൈവാരിക 2021 മാർച്ച്‌ 12ന്‌ ഇറക്കിയ ലക്കത്തിൽ പറയുന്നത്‌ 2019 ജനുവരി രണ്ടിനും ഭീകരാക്രമണം നടക്കുന്നതിന്റെ തലേന്ന്‌ ഫ്രെബുവരി 13നും ഇടയിൽ 11 രഹസ്യാന്വേഷണ വിവരങ്ങൾ അധികൃതർക്ക്‌ ലഭിച്ചിരുന്നു എന്നാണ്‌. പുൽവാമയ്‌ക്കടുത്തുവച്ച്‌ സുരക്ഷാസേനയ്‌ക്കെതിരെ ഭീകരാക്രമണത്തിന്‌ സാധ്യതയുണ്ടെന്ന വ്യക്തമായ വിവരവും അതിൽ അടങ്ങിയിരുന്നു. എന്നിട്ടും എന്തുകൊണ്ട്‌ മുൻകരുതൽ എടുത്തില്ല. സൈനികരെ കൊണ്ടുപോകാൻ എന്തുകൊണ്ട്‌ വിമാനങ്ങൾ അനുവദിച്ചില്ല. ഇതിനുപിന്നിൽ ആഴത്തിലുള്ള ആസൂത്രണവും ഗൂഢാലോചനയും ഉണ്ടായിരുന്നോ.

മലിക്കിന്റെ വെളിപ്പെടുത്തലിലെ മൂന്നാമത്തെ കാര്യം പുൽവാമ ഭീകരാക്രമണം നടക്കുന്ന ദിവസം പ്രധാനമന്ത്രിയുടെ പ്രവൃത്തികളിലുള്ള അസാധാരണത്വമാണ്‌. 2019 ഫെബ്രുവരി 14നു പകൽ മൂന്നോടടുത്താണ്‌ ഭീകരാക്രമണം നടക്കുന്നത്‌. 40 ജവാന്മാരുടെ ശരീരം ചിതറിത്തെറിക്കുമ്പോൾ പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ ജിംകോർബറ്റ്‌ ദേശീയ ഉദ്യാനത്തിൽ ഡിസ്‌കവറി ചാനലിന്റെ ഷൂട്ടിങ്ങിൽ ആയിരുന്നു. ഇപ്പോൾ ബിബിസിക്കെതിരെ കലിതുള്ളുന്ന പ്രധാനമന്ത്രി ഡിസ്‌കവറി ചാനലിൽ ബെയർ ഗ്രില്ലുമായി നടത്തിയ ‘മെൻ വേഴ്‌സസ്‌ വൈൽഡ്‌’ ഷൂട്ടിങ് ആഘോഷമാക്കിയിരുന്നു. പുൽവാമ ആക്രമണം കഴിഞ്ഞ്‌ നാല്‌ മണിക്കൂറോളമാണ്‌ പ്രധാനമന്ത്രി ഷൂട്ടിങ്ങിൽ എർപ്പെട്ടത്‌. രാത്രി ഏഴിനുശേഷം മാത്രമാണ്‌ അദ്ദേഹം പാർക്കിൽനിന്നും പുറത്തുവന്നത്‌. ഇതിനിടയിൽ ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തെ പ്രധാനമന്ത്രി ഫോണിലൂടെ അഭിസംബോധന ചെയ്യുന്നുമുണ്ട്‌. രാജ്യസ്‌നേഹത്തെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്നവർ എന്തേ ഈ ഷൂട്ടിങ് നിർത്തിവയ്‌ക്കാതിരുന്നത്‌. തെരഞ്ഞെടുപ്പ്‌ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതെങ്കിലും ഉപേക്ഷിക്കാമായിരുന്നില്ലേ? സത്യപാൽ മലിക് ഫോൺ ചെയ്‌ത്‌ ഒരു മണിക്കൂറിനു ശേഷമാണത്രെ പ്രധാനമന്ത്രി തിരിച്ചുവിളിച്ചത്‌. ഫോൺ സൗകര്യം ഇല്ലാത്തതിനാൽ ഉദ്യാനപരിസരത്തെ ഒരു ചായക്കടയിൽനിന്നാണ്‌  പ്രധാനമന്ത്രി തിരിച്ചുവിളിച്ചതെന്നും മലിക് വെളിപ്പെടുത്തുന്നുണ്ട്‌. പ്രധാനമന്ത്രിക്ക്‌ ഫോൺ ബന്ധമില്ലെന്ന്‌ പറഞ്ഞാൽ ആരെങ്കിലും ഇപ്പോൾ വിശ്വസിക്കുമോ. പ്രധാനമന്ത്രി മൊബൈൽ ഫോൺ കൈവശം കൊണ്ടുനടക്കാറില്ലെങ്കിലും കൂടെയുള്ളവരുടെ കൈവശം എല്ലാ വാർത്താവിനിമയ സംവിധാനങ്ങളും ഉണ്ടാകുമെന്ന്‌ ഉറപ്പാണ്‌. എന്നിട്ടും പ്രധാനമന്ത്രിക്ക്‌ ഫോൺ സൗകര്യം ലഭ്യമായിരുന്നില്ലെന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌. ഈ സംശയങ്ങൾക്ക്‌ ഉത്തരം നൽകേണ്ടവർ മൗനത്തിലാണ്‌. ആദാനി വിഷയത്തിൽ എന്നതുപോലെ മലിക്കിന്റെ വെളിപ്പെടുത്തലിനെക്കുറിച്ചും മോദിയും രാജ്‌നാഥ്‌ സിങ്ങും ഡോവലും മൗനത്തിലാണ്‌. എന്നാൽ, പുൽവാമയിലെ ജവാന്മാരുടെ രക്തസാക്ഷിത്വത്തിന്റെ പേരിൽ 2019ലെ തെരഞ്ഞെടുപ്പിൽ വോട്ട്‌ അഭ്യർഥിക്കാൻ മോദിക്ക്‌ ഒരു മടിയുമുണ്ടായില്ല. ബാലാകോട്ട്‌ ആക്രമണം നടത്തി സ്വന്തം പ്രതിച്ഛായാ നിർമാണത്തിന്‌ ഉപയോഗിക്കാനും മടിയുണ്ടായില്ല. ഒരു തെരഞ്ഞെടുപ്പ്‌ വിജയിക്കാൻ 40 പേരുടെ ജീവൻ മോദി ഭരണകൂടം  കുരുതികൊടുക്കുക ആയിരുന്നില്ലേയെന്ന ചോദ്യമാണ്‌ ഇപ്പോൾ ശക്തമായി ഉയരുന്നത്‌. സൈനികരുടെ ജീവൻ രക്ഷിക്കാൻ കഴിയാത്തവർക്ക്‌ അധികാരത്തിൽ തുടരാൻ എന്ത്‌ അവകാശമാണ്‌ ഉള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top