27 April Saturday

ജനങ്ങളെ പിഴിയുന്ന ഇന്ധനവില - എ വിജയരാഘവൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

കോവിഡ്- മഹാമാരി സൃഷ്ടിച്ച സാമ്പത്തികത്തകർച്ച കാരണം  വരുമാനം ഇല്ലാതാകുകയോ നാമമാത്രമാകുകയോ ചെയ്ത പാവപ്പെട്ടർക്കും സാധാരണക്കാർക്കുംനേരെ നരേന്ദ്ര മോദി സർക്കാർ നിർദയം നടത്തുന്ന കടന്നാക്രമണമാണ് പെട്രോളിന്റെയും ഡീസലിന്റെയും നിത്യേന ഉയരുന്ന വില. പെട്രോളിന് വെള്ളിയാഴ്ച 107. 39 രൂപയും ഡീസലിന് 100.93 രൂപ മീതെയുമാണ് കേരളത്തിൽ വില.  50- രൂപയ്ക്ക്- ഒരു ലിറ്റർ പെട്രോൾ എന്നതായിരുന്നു 2014ൽ ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം. പെട്രോൾ 50 രൂപയ്-ക്ക്- കിട്ടുമെങ്കിൽ ഡീസൽ മുപ്പതോ നാൽപ്പതോ രൂപയ്ക്ക്- നൽകുമെന്ന് ശുദ്ധാത്മാക്കൾ വിശ്വസിച്ചിട്ടുണ്ടാകും.  അന്ന് 70 രൂപയ്-ക്ക്- കിട്ടിയിരുന്ന പെട്രോളാണ് ഇപ്പോൾ 107 രൂപയ്-ക്ക്-  മേൽ വിൽക്കുന്നത്-. ഡീസൽ വില 100 കടന്നത്- 57ൽനിന്നാണ്.  രണ്ട്‌ ഇന്ധനവും തമ്മിലെ വില അന്തരം മിക്കവാറും അപ്രത്യക്ഷമായി. 10 മാസത്തിനിടെ ലിറ്ററിന് 20 രൂപ വീതമാണ് കൂട്ടിയത്‌.

പാചകവാതകത്തിന്റെ വിലയിൽ വന്ന വർധന ആരെയും അമ്പരപ്പിക്കുന്നതാണ്.  2014ൽ മോദി അധികാരത്തിൽ വരുമ്പോൾ ഗാർഹിക സിലിണ്ടറിന് 400 രൂപയായിരുന്നു.  അന്ന് സിലിണ്ടർ തലയിലേറ്റി പ്രതിഷേധിച്ചവരാണ് ബിജെപിക്കാർ.  ഇപ്പോൾ സിലിണ്ടറിന് 900 രൂപ ഇരട്ടിയിലധികം. വില 1000 രൂപയിൽ എത്തിയ പ്രദേശങ്ങളുമുണ്ട്-. ഒമ്പതുമാസത്തിനിടെ 205 രൂപയാണ് കൂട്ടിയത്-.  കവർച്ചക്കാരെപ്പോലും നാണിപ്പിക്കുന്നതാണ് പാചകവാതക വിലയുടെ കാര്യത്തിൽ മോദി സർക്കാരിന്റെ കബളിപ്പിക്കൽ.  പാചകവാതക സബ്-സിഡി ഓരോരുത്തരുടെയും ബാങ്ക്- അക്കൗണ്ടിലേക്ക്- എത്തുമെന്നായിരുന്നു പ്രചരിപ്പിച്ചത്-.  കുറച്ചുമാസം കൊടുത്തു.  ഇപ്പോൾ  സബ്-സിഡിയില്ല.  സബ്-സിഡി നിർത്തിയ കാര്യം ഇതുവരെ ജനങ്ങളോട്- പറഞ്ഞിട്ടുമില്ല.  സത്യസന്ധത തൊട്ടുതെറിപ്പിക്കാത്തവരുടെ കൈകളിലാണ് രാജ്യത്തിന്റെ ഭരണമെന്ന് നാം തിരിച്ചറിയണം. 

പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്-‌ടിയുടെ പരിധിയിൽ കൊണ്ടുവരാൻ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ എതിർക്കുന്നതാണ്  വില കുറയ്-ക്കാൻ തടസ്സമെന്ന പ്രചാരണവും സംഘപരിവാർ അഴിച്ചുവിട്ടിരുന്നു. ജിഎസ്‌ടി ബാധകമായ പാചകവാതകത്തിന്റെ വില കൂടുന്നത്- എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ജിഎസ്ടി  കൗൺസിൽ ചേർന്നപ്പോൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്-‌ടിയിലേക്ക്- മാറ്റുന്നതിനെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും  എതിർത്തതോടെ ആ പ്രചാരണവും ചീറ്റിപ്പോയി. 

ആഗോളവിപണിയാണ് എണ്ണവില നിയന്ത്രിക്കുന്നതെന്നും സർക്കാരിന് അതിൽ പങ്കില്ലെന്നുമുള്ള വാദം സംഘപരിവാർ തുടർച്ചയായി പ്രചരിപ്പിക്കുന്നുണ്ട്-.  2010 വരെ വില നിയന്ത്രിച്ചിരുന്നത്- സർക്കാരായിരുന്നു.  2010ൽ മൻമോഹൻ സിങ്- സർക്കാർ പെട്രോളിന്റെ വിലനിയന്ത്രണം നീക്കി.  പിന്നാലെ വന്ന മോദി സർക്കാർ 2014ൽ ഡീസലിന്റെ നിയന്ത്രണവും ഒഴിവാക്കി. ഇത്‌ തെളിയിക്കുന്നത്-, ജനങ്ങളോട്- ഉത്തരവാദിത്വമുള്ള സർക്കാരാണെങ്കിൽ വില നിയന്ത്രണം സാധിക്കുമെന്നാണ്.  ഈവർഷം ആദ്യം കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക്- തെരഞ്ഞെടുപ്പ്- നടന്നപ്പോൾ വില വർധിച്ചില്ലല്ലോ.  അന്നും ആഗോളവിപണിയിൽ നിന്നല്ലേ ക്രൂഡ്- ഓയിൽ വാങ്ങിയത്-? മെയ്- രണ്ടിന്‌ തെരഞ്ഞെടുപ്പുഫലം വന്നതോടെ വീണ്ടും വില കൂടാൻ തുടങ്ങി. 

2013ൽ ക്രൂഡ്- ഓയിൽ ബാരലിന് 101 ഡോളറായി ഉയർന്നിരുന്നു.  അന്ന് 63 രൂപയായിരുന്നു പെട്രോൾ ലിറ്ററിന് വില.  ഡോളർ–രൂപ വിനിമയ മൂല്യത്തിലെ ചാഞ്ചാട്ടം കണക്കിലെടുത്താൽ പരമാവധി 77 രൂപ.  എന്നാൽ, ആഗോളവിപണിയിൽ ക്രൂഡ്- വില 30 ശതമാനം കുറഞ്ഞപ്പോൾ ഇവിടെ വില കുറയുകയല്ല, 30 ശതമാനം കൂടുകയാണ്‌ ഉണ്ടായത്-.  ഇപ്പോൾ ക്രൂഡ്- ഓയിൽ ബാരലിന് 84 ഡോളറാണ് വില. പെട്രോളും ഡീസലും നൂറിനു മീതെയും. അന്താരാഷ്ട്ര ക്രൂഡ്- വിലയുമായി ഇന്ത്യയിലെ എണ്ണ–പാചകവാതക വിലയ്-ക്ക്- ഒരു ബന്ധവുമില്ലെന്ന് വ്യക്തം.

ബിജെപിയുടെ വക്താക്കൾക്കോ നേതാക്കൾക്കോ നുണ പറയുന്നതിന് ഒരു അറപ്പുമില്ല.  ഇന്ധനവിലയുമായി ബന്ധപ്പെട്ട നുണകളിൽ ഒന്ന് 2005 മുതൽ 2010 വരെയുള്ള കാലയളവിൽ മൻമോഹൻ സിങ്- സർക്കാർ എണ്ണവിപണന കമ്പനികൾക്ക്- കൊടുത്ത ഓയിൽ ബോണ്ടിന്റെ തുകയിലേക്ക്- മോദി സർക്കാർ രണ്ടുലക്ഷം കോടി രൂപ അടച്ചെന്നാണ്. എന്നാൽ, പാർലമെന്റിൽ 2018ൽ ലഭിച്ച മറുപടികളിൽനിന്ന് ഇത്‌ ശുദ്ധനുണയാണെന്ന് വ്യക്തമായി. സർക്കാർവില നിർണയിക്കുമ്പോൾ എണ്ണവിപണന കമ്പനികൾക്ക്‌ ഉണ്ടാകുന്ന നഷ്ടം നികത്താനാണ് ബോണ്ട്- ഇഷ്യൂ ചെയ്-തത്-. അതിന്റെ ബാധ്യത 1.3 ലക്ഷം കോടി രൂപ വരും.  അതിലേക്ക്- രണ്ടാം യുപിഎ സർക്കാർ 53,000 കോടി  അടച്ചിരുന്നു.  എൻഡിഎ സർക്കാർ (2014–19) അടച്ചത്- 50,000 കോടി രൂപ. മോദിയുടെ രണ്ടാം സർക്കാർ അടയ്-ക്കാനുള്ളത്- 41,000 രൂപ മാത്രമാണ്. രണ്ടു ലക്ഷം കോടി രൂപ എന്നത്- വെറും പ്രചാരണം മാത്രം. 

എണ്ണവില നിയന്ത്രണം ഫലപ്രദമാക്കാനും ആഗോളവിപണിയിൽ വില ഉയരുമ്പോൾ  കമ്പനികൾക്കുള്ള നഷ്ടം നികത്തുന്നതിനും ഇന്ത്യയിൽ ഓയിൽ പൂൾ അക്കൗണ്ട്- ഉണ്ടായിരുന്നു.  കമ്പനികളുടെ വരുമാനം ഇതിലേക്ക്- പോകും.  വില നിയന്ത്രണംമൂലം നഷ്ടം വരുന്നുണ്ടെങ്കിൽ സർക്കാർ പണമായി നൽകും.  ആഗോള വിപണിയിൽ വില കുറയുമ്പോൾ കമ്പനികൾക്ക്- നല്ല ലാഭമായിരിക്കും. അതും ഈ അക്കൗണ്ടിലേക്ക്- പോകും.  വില കൂടുമ്പോൾ അത്- എടുത്ത്- ഉപയോഗിക്കും.  എന്നാൽ, വില നിയന്ത്രണം ഒഴിവാക്കുന്നതിന്റെ ആദ്യപടിയായി വാജ്-പേയി പ്രധാന മന്ത്രിയായിരിക്കുമ്പോൾ 2002ൽ ഓയിൽ പൂൾ അക്കൗണ്ട്- അവസാനിപ്പിച്ചു.  അതിലെ പണം ബജറ്റ് കമ്മി നികത്താൻ കേന്ദ്രം ഉപയോഗിച്ചു.

സർക്കാരിന്റെ ധനകമ്മി നികത്താനുള്ള വഴിയായിട്ടാണ് ഇന്ധനവിലയെ മോദി സർക്കാർ കാണുന്നത്-.  ഉപയോക്താവ്- നൽകുന്ന വിലയിൽ 60 ശതമാനം നികുതിയാണ്. പല തരത്തിലുള്ള സെസ്സുകൾ  ചുമത്തുന്നുണ്ട്-.  അതിൽനിന്നുള്ള വരുമാനം കേന്ദ്രത്തിന് പൂർണമായി എടുക്കാം. സംസ്ഥാനങ്ങളുമായി പങ്കുവയ്-ക്കേണ്ടതില്ല.  2020–21–ൽ 2,67,000 കോടി രൂപയാണ് എണ്ണവിലയിൽനിന്ന് സെൻട്രൽ എക്-സൈസായി ബജറ്റിൽ പ്രതീക്ഷിച്ചിരുന്നത്-. എന്നാൽ, പിരിച്ചത്- 3,61,000 കോടി.  94,000 കോടിയുടെ വർധന.  2021–22ൽ പ്രതീക്ഷിക്കുന്നത്- 3.2 ലക്ഷം കോടിയാണ്.  യഥാർഥ വരുമാനം  എത്രയോ കൂടുതലായിരിക്കും.  ക്രൂഡിന് വില കുറയുമ്പോൾ ഇവിടെ എണ്ണയ്-ക്കും പാചകവാതകത്തിനും വില കൂട്ടി  കൊള്ളയടി-ക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്-. 


 

പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയാൽ ഉപയോഗം കുറയ്-ക്കാൻ കഴിയുമെന്നത്- മിഥ്യാധാരണയാണ്.  ഇന്ധന ഉപയോഗം കൂടിവരികയാണ്.  2021 മാർച്ചിൽ അവസാനിച്ച പാദത്തിൽ 78 ലക്ഷം ടണ്ണാണ് ഇന്ത്യയുടെ ഉപയോഗം.  വില വർധനയിൽ റെക്കോഡുണ്ടായിട്ടും മുൻവർഷത്തിൽ ഇതേ കാലയളവിനെ അപേക്ഷിച്ച്- 9.7 ശതമാനം വർധന. പാരമ്പര്യേതര ഊർജത്തിന് സാമ്പത്തിക ഇളവുകൾ, മികച്ച പൊതുഗതാഗത സംവിധാനം, നിലവാരമുള്ള റോഡുകൾ, വൈദ്യുതി വാഹനങ്ങൾക്ക്- പ്രോത്സാഹനം എന്നിവയൊക്കെ വരുമ്പോഴേ ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം കുറയ്-ക്കാൻ കഴിയൂവെന്നത്- പൊതുവിജ്ഞാനമാണ്.  അല്ലാതെ, വില കൂട്ടിയാൽ  ജനങ്ങളുടെമേൽ അധികഭാരം വരികയേയുള്ളൂ.  

സർക്കാരിന് വികസനപദ്ധതികൾ നടപ്പാക്കാൻ വരുമാനം വേണ്ടേ എന്ന ചോദ്യം  സംഘപരിവാർ ഉന്നയിക്കുന്നുണ്ട്-.  കോവിഡ്- മൂലവും അതിനുമുമ്പ്- നോട്ട്- നിരോധനംകൊണ്ടും ദുരിതത്തിലായ ജനങ്ങളെ ഇനിയും പിഴിഞ്ഞാണോ വികസനത്തിന് പണം കണ്ടെത്തുന്നത്-? 2019 ൽ കോർപറേറ്റ് നികുതി 10 ശതമാനം കുറച്ചപ്പോൾ 1.45 ലക്ഷം  കോടി രൂപയാണ് സർക്കാരിന് നഷ്ടപ്പെട്ടത്-.  അതേസമയം, ആ വർഷം പെട്രോൾ–ഡീസൽ നികുതിയായി 2.4 ലക്ഷം കോടി രൂപ സർക്കാർ പിരിച്ചെടുത്തു.  ജനങ്ങളെ പിഴിഞ്ഞ്- വൻകിട കമ്പനികൾക്ക്- നൽകുന്നു എന്നല്ലേ ഇതിനർഥം?  കുറഞ്ഞ കോർപറേറ്റ് നികുതി കാരണം വ്യവസായവളർച്ചയോ തൊഴിലവസരങ്ങളുടെ വർധനയോ ഉണ്ടാകുന്നില്ല എന്നത്- മറ്റൊരു വസ്-തുത.  2021ൽ ആഭ്യന്തര വരുമാനം (ജിഡിപി) 7.3 ശതമാനം ചുരുങ്ങുകയാണ്‌ ഉണ്ടായത്-.  ഇന്ധനവില കൂടുമ്പോൾ ചോദനം കുറയുകയാണ് ചെയ്യുക.  കാരണം, ജനങ്ങളുടെ വരുമാനത്തിൽ ഇടിവുണ്ടാകും.  ഫലം തൊഴിൽ ലഭ്യത വീണ്ടും കുറയലാണ്. 

പെട്രോളും ഡീസലും ഉപയോഗിക്കുന്നത്-  സാമ്പത്തിക ശേഷിയുള്ളവരാണെന്ന വാദവും കേൾക്കുന്നുണ്ട്.  എന്നാൽ, പരോക്ഷമായിട്ടാണെങ്കിലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ പ്രധാന ഉപയോക്താക്കൾ സാധാരണക്കാരാണ്.  ഡീസലിന് വില കൂടുമ്പോൾ ചരക്കുകുലി വർധിക്കുമെന്നും അതുമൂലം അത്യാവശ്യ സാധനങ്ങളുടെ വില ഉയരുമെന്നും ആർക്കാണ് അറിയാത്തത്. എണ്ണവില കൂടുമ്പോൾ ബാധിക്കാത്ത മേഖലയില്ല. എണ്ണവില കൂട്ടുന്നതിനു പകരം, കോർപറേറ്റ് നികുതിയിലെ ഇളവുകൾ അവസാനിപ്പിക്കുകയും ന്യായമായ സ്വത്തുനികുതി ഏർപ്പെടുത്തുകയുമാണ് വേണ്ടത്.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിയും സെസ്സും നിരന്തരം വർധിപ്പിച്ച്- കേന്ദ്ര സർക്കാർ നടത്തുന്ന കൊള്ളയ്-ക്ക്- സമാനതകളില്ല. ചരക്കുകടത്തുകൂലിയിലെ വർധന കാരണം എല്ലാ നിത്യോപയോഗ സാധനത്തിനും വില ഉയർന്നുകൊണ്ടിരിക്കയാണ്.  കാർഷികമേഖലയിലെ തകർച്ചയും വ്യവസായ മാന്ദ്യവും കാരണം തൊഴിലില്ലായ്-മ വർധിച്ചുകൊണ്ടിരിക്കുന്നു.  മോദി സർക്കാരിൽനിന്ന് നമുക്ക്- നന്മയൊന്നും പ്രതീക്ഷിക്കാനാകില്ല.  ശക്തമായ ജനകീയ സമരങ്ങളിലൂടെ മാത്രമേ കേന്ദ്ര സർക്കാരിനെ തിരുത്താനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top