16 April Tuesday

ഇന്ധനവില : കോൺഗ്രസ്‌ കൊള്ളക്കാർക്കൊപ്പം - എ കെ ബാലൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

രാജ്യത്താകമാനം ജനങ്ങളുടെ നിത്യജീവിതത്തെ ഏറ്റവും പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും  വിലക്കയറ്റം. ഇത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതത്തിൽ താങ്ങാൻ കഴിയാത്ത അധികഭാരം കയറ്റിവച്ചിരിക്കുന്നു. ഇന്ധനവില ഉയരുന്നതനുസരിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരുന്നു. എന്നാൽ,  മഹാമാരിയുടെ ഫലമായി സമ്പദ്‌വ്യവസ്ഥയ്‌ക്കേറ്റ തിരിച്ചടിമൂലം സാധാരണ ജനങ്ങളുടെ വരുമാനം  വൻതോതിൽ  കുറയുകയും ചെയ്തു.   ഈ സാഹചര്യത്തെ രൂക്ഷമാക്കുകയാണ് അനിയന്ത്രിതമായ ഇന്ധനവിലക്കയറ്റം.

ഇന്ധന വിലക്കയറ്റത്തിനെതിരെ,  അതിന് കാരണക്കാരായ കേന്ദ്ര സർക്കാരിനെതിരെ രാജ്യവ്യാപകമായി  ശക്തമായ പ്രക്ഷോഭം നടത്തുകയാണ് ഇടതുപാർടികൾ. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ കേരളത്തിലെ ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ ചൊവ്വാഴ്ച രാവിലെ 10  മുതൽ വൈകിട്ട് ആറുവരെ  പ്രതിഷേധ സമരം നടക്കുകയാണ്‌.

കേരളത്തിൽ  ഇന്ധന വിലവർധനയ്‌ക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ  പ്രതിപക്ഷ പാർടികൾ   സമരാഭാസം നടത്തുന്നുണ്ട്. അത് സംസ്ഥാന സർക്കാരിനെതിരെയാണ്. ഇതുകണ്ടാൽ ജനം എന്ത് ധരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ വിചാരിച്ചിരിക്കുന്നത്? രാജ്യത്താകമാനം പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുന്നത് കേരളത്തിലെ പിണറായി സർക്കാർ ആണോ? ആർക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും വില നിർണയിക്കാനുള്ള അധികാരം? 2010  ജൂലൈയിൽ മൻമോഹൻ സിങ്‌ സർക്കാർ പെട്രോളിന്റെ വിലനിർണയാവകാശം  എണ്ണക്കമ്പനികൾക്ക് നൽകി. 2014ൽ മോഡി സർക്കാർ അധികാരത്തിലേറിയ ഉടൻ ഡീസലിന്റെ വിലനിർണയാവകാശവും  എണ്ണക്കമ്പനികൾക്ക് നൽകി. 2008ൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് ആഗോള മാർക്കറ്റിൽ 145  ഡോളർവരെ വില വർധിച്ചിരുന്നു. ഈ വിലയ്ക്ക് ആഗോള മാർക്കറ്റിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങി ശുദ്ധീകരിച്ച്   ആഭ്യന്തര വിപണിയിൽ  വിൽക്കുമ്പോൾ എണ്ണക്കമ്പനികൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്താൻ കേന്ദ്ര സർക്കാരിന്റെ ഓയിൽ പൂളിൽനിന്ന് സഹായം നൽകിയാലും മതിയാകില്ലെന്ന കാരണം പറഞ്ഞാണ് വില നിയന്ത്രണാധികാരം കേന്ദ്ര സർക്കാർ ഉപേക്ഷിച്ചത്. വില നിയന്ത്രണാധികാരം കേന്ദ്ര സർക്കാർ ഉപേക്ഷിക്കുമ്പോൾ, ആഗോളവിപണിയിൽ ക്രൂഡ്‌ ഓയിൽ വിലയുടെ  ഏറ്റക്കുറച്ചിലനുസരിച്ച് ഇന്ധനവിലയിലും അതേ തോതിൽ മാറ്റം വരുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, എന്താണ് അനുഭവം? ക്രൂഡ് ഓയിൽ വില കൂടിയാൽ പെട്രോൾ, ഡീസൽ, പാചകവാതക വില ഉയരുമെന്നത് നിശ്‌ചയം. എന്നാൽ, ക്രൂഡ് ഓയിൽ വില കുറഞ്ഞാലോ? ഒരിഞ്ചും വില താഴില്ലെന്നതാണ് അനുഭവം. ആരാണ് ഈ പ്രതിഭാസത്തിന് കാരണം? അവർക്കെതിരെയല്ലേ കെ സുധാകരനും വി ഡി സതീശനും കൂട്ടരും സമരം ചെയ്യേണ്ടത്?

നിയമസഭയിൽ  അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ നടത്തിയ പ്രസംഗം കേട്ടാൽ തോന്നുക, രാജ്യത്താകെ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വർധിപ്പിക്കുന്നത് പിണറായി സർക്കാരാണെന്നാണ്.   സംസ്ഥാന സർക്കാരിന് ലഭിക്കുന്ന പരിമിതമായ നികുതിവരുമാനം വേണ്ടെന്നുവച്ചാൽ പെട്രോൾ വില താഴുമെന്നാണ് സതീശന്റെ  കണ്ടെത്തൽ. എന്താണ് വാസ്തവം?


 

പെട്രോൾ വിലയിൽ ഏകദേശം 33  ശതമാനമാണ് കേന്ദ്ര സർക്കാർ ചുമത്തുന്ന  നികുതി. 2014ൽ പെട്രോളിന് സെസും സ്പെഷ്യൽ അഡീഷണൽ എക്സൈസ്   ഡ്യൂട്ടിയും ഉൾപ്പെടെ 8.27  രൂപയാണ് കേന്ദ്ര സർക്കാർ ചുമത്തിയിരുന്നത്. ഇത് 2021  ഫെബ്രുവരി ആയപ്പോഴേക്ക് 31 .50  രൂപയായി വർധിപ്പിച്ചു. ഇതാണ് ഇന്ധനവില കുതിച്ചുകയറാൻ  കാരണമായത്. ഇതിൽ ഇപ്പോൾ കുറച്ചത് പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10  രൂപയുംമാത്രം.

2016ൽ അടിസ്ഥാന എക്‌സൈസ്  നികുതി 9.48  രൂപയായിരുന്നത് 1.40  രൂപയായി കേന്ദ്രം കുറച്ചു. കാരണം ഈ നികുതി സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കണം. അതിനുപകരം സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ലാത്ത അഗ്രി. സെസ്, അഡീഷണൽ സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി എന്നിവ 31. 50  രൂപയായി വർധിപ്പിച്ചു. ഈ തുക സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ല. ഇവിടെയാണ് വി ഡി സതീശൻ പറയുന്ന അഭിപ്രായം കേരളത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമാകുന്നത്. സംസ്ഥാനം അതിനു ലഭിക്കേണ്ട നികുതിവരുമാനം വേണ്ടെന്നുവയ്‌ക്കണം; കേന്ദ്രം നികുതി കുറയ്ക്കുകയും വേണ്ട. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാകട്ടെ, കേന്ദ്രം ഇന്ധനക്കൊള്ള നിർബാധം തുടരട്ടെയെന്നാണ് സതീശന്റെ മനസ്സിലിരുപ്പ്.

എൽഡിഎഫ് സർക്കാർ നികുതി കുറയ്ക്കുന്നില്ലെന്ന കോൺഗ്രസിന്റെയും സതീശന്റെയും വാദം തെറ്റാണ്. 2011 –-15  കാലത്ത് യുഡിഎഫ്  പെട്രോളിന്  മൂന്നു തവണ നികുതി കുറച്ചുവെന്നത് ശരിയാണ്. എന്നാൽ, 13  തവണ കൂട്ടുകയും ചെയ്തു.  2011ൽ 26.64  ശതമാനമായിരുന്ന പെട്രോളിന്റെ നികുതി 2015ൽ 31.8  ശതമാനമായി യുഡിഎഫ് ഉയർത്തി. ഡീസലിൽ ഇക്കാലയളവിൽ രണ്ടു തവണ നികുതി കുറയ്ക്കുകയും ആറ്  തവണ കൂട്ടുകയും ചെയ്തു. 2011  ജൂണിൽ ഡീസലിന്റെ സംസ്ഥാന നികുതി 22.6  ശതമാനമായിരുന്നത് 2015ൽ 24.52  ശതമാനമായി ഉയർന്നു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ പെട്രോളിന്റെയോ ഡീസലിന്റെയോ നികുതി വർധിപ്പിച്ചിട്ടില്ല. മാത്രമല്ല, 2018ൽ പെട്രോളിന്റെ നികുതി 30.08  ശതമാനമായും  ഡീസലിന്റേത് 22.76  ശതമാനമായും കുറച്ചു. ഇതുവഴി 509  കോടി രൂപയുടെ ആശ്വാസം ജനങ്ങൾക്ക് നൽകി.  ഈ യാഥാർഥ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച്  തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണ് പ്രതിപക്ഷം. നവംബർ മൂന്നിന് കേന്ദ്ര സർക്കാർ  നാമമാത്രമായി വില കുറച്ചതിനെത്തുടർന്ന് അപ്പോൾത്തന്നെ സംസ്ഥാനം പെട്രോളിന് 1 .56  രൂപയും ഡീസലിന്‌ 2 .30  രൂപയും കുറച്ചു. മുഴുവൻ നികുതിയും വേണ്ടെന്നുവച്ചാൽ സംസ്ഥാനം പിച്ചപ്പാത്രമെടുക്കേണ്ടിവരും.


 

പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില ഗണ്യമായി ഉയരുന്നതിന് ആരാണ് കാരണക്കാർ എന്നത് ഈ കണക്ക് വ്യക്തമാക്കും. 2014ൽ ഇന്ധനനികുതിയിലൂടെ കേന്ദ്ര സർക്കാരിന് ലഭിച്ച വരുമാനം 99,000  കോടി രൂപയാണ്. 2020-–-21ൽ  എക്സൈസ്  നികുതിവരുമാനമായി കേന്ദ്രത്തിന് കിട്ടിയത്  3.73  ലക്ഷം കോടി. ഇന്ധനവിൽപ്പനയിൽ നിന്നുള്ള മൊത്തം നികുതി വരുമാനം 2020-–-21ൽ 4.2  ലക്ഷം  കോടിയായി വർധിച്ചു.  ഈ നികുതിയിൽ പകുതി കേന്ദ്ര സർക്കാർ വേണ്ടെന്നു വച്ചാൽത്തന്നെ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 75  രൂപയിൽ താഴെയാക്കാൻ കഴിയും.   2020-–-21  സാമ്പത്തികവർഷം എല്ലാ സംസ്ഥാനവുംകൂടി പിരിച്ച ഇന്ധനനികുതി 2.17  ലക്ഷം കോടി  മാത്രമാണ്.

സംസ്ഥാനങ്ങൾ നികുതി പിരിക്കുന്നതിന്റെ ചിത്രം നോക്കാം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 36  ശതമാനമാണ് പെട്രോളിന്റെ സംസ്ഥാന നികുതി. ഡീസലിന് 26  ശതമാനം. കേരളം 30  ശതമാനം പെട്രോളിനും 23  ശതമാനം ഡീസലിനും ഈടാക്കുന്നു. അവിടെ കുറയ്ക്കുന്നുണ്ടോ? കേരളംമാത്രം നികുതിനഷ്ടം അനുഭവിക്കണമെന്നും കേന്ദ്രം യഥേഷ്ടം ഇന്ധനനികുതിക്കൊള്ള തുടരണമെന്നുമുള്ള മനോഭാവം ബിജെപിയോടും മോഡി സർക്കാരിനോടുമുള്ള കോൺഗ്രസിന്റെ മൃദുസമീപനത്തിന്റെയും ഇടതു പ്രസ്ഥാനങ്ങളോടും പിണറായി സർക്കാരിനോടുമുള്ള അന്ധമായ വിരോധത്തിന്റെയും സൂചനയായി  മാത്രമായേ കാണാൻ കഴിയൂ.

ഇന്ധനവില വർധിപ്പിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ സമരം നടത്താതെ വില വർധിപ്പിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ സമരം നടത്തുന്ന കോൺഗ്രസിന്റെ നിലപാട് ബി ജെപിയോടുള്ള ഉപകാരസ്മരണ  മാത്രമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top