28 March Thursday

പെട്രോളിന് കേന്ദ്രം ചുമത്തുന്ന നികുതിയില്‍ 41% സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്നുണ്ടോ?

ദീപക് പച്ചUpdated: Saturday Feb 20, 2021

പെട്രോള്‍ വില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിരിക്കുകയാണ്. ഏതാണ്ട് 32 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് നികുതിയായി ചുമത്തുന്നത്.  കേന്ദ്ര സര്‍ക്കാരിന്റെ ഈ തീവെട്ടി കൊള്ള മറക്കാന്‍ സംഘപരിവാര്‍ പുതിയ നുണയുമായി എത്തിരിക്കുകയാണ്. സംസ്ഥാനം ഈടാക്കുന്ന VAT നു പുറമെ കേന്ദ്രം എടുക്കുന്ന എക്‌സൈസ് നികുതിയുടെ 41 %, അതായത് ഏകദേശം 13 രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് എന്നാണ് സൈബര്‍ സംഘികള്‍ പറയുന്നത്. എന്താണ് വാസ്തവം?

15 മത് ഫിനാന്‍സ് കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര നികുതിയുടെ 41% സ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന നിര്‍ദ്ദേശമുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണ് ഈ നുണ പ്രചാരണം. പക്ഷേ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ പങ്ക് വയ്ക്കേണ്ട നികുതി സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ പറയുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 270 പ്രകാരം കേന്ദ്രം ചുമത്തുന്ന സ്പെഷ്യല്‍ സെസ്സും / സര്‍ ചാര്‍ജ്ജ്ഉം ഒഴികെയുള്ള കേന്ദ്ര നികുതിയുടെ പങ്ക് മാത്രമേ സംസ്ഥാങ്ങള്‍ക്ക് കൊടുക്കേണ്ടതുള്ളൂ. 

അപ്പോള്‍ കേന്ദ്രം ഈടാക്കുന്ന ഈ 32 രൂപയില്‍ എത്രയാണ് സെസ്സിന്റെയും സര്‍ ചാര്‍ജ്ജിന്റെയും പരിധിയില്‍ വരുന്നത്? ഇക്കാര്യം മനസ്സിലാക്കാന്‍ Petroleum Planning & Analysis Cell ന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ടാക്‌സിന്റെ പട്ടിക നോക്കിയാല്‍ മതി.

കേന്ദ്രം ചുമത്തുന്ന നികുതിക്ക് നാലു ഭാഗങ്ങള്‍ ആണുള്ളത്. അതില്‍ പെട്രോളിന് ലിറ്ററിന് 18 രൂപ Road and infrastructure Cess ഉം, 11 രൂപ Special Additional Excise Duty യും, 2.5 രൂപ Agriculture Infrastructure & Development Cess (AIDC) മാണ്. ഇതിലൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമില്ല. (Additonal excise duty ഒരു തരം സര്‍ചാര്‍ജ്ജ് ആണ്) സംസ്ഥാനത്തിന് വിഹിതത്തിന് അവകാശമുള്ളത് 32 രൂപയില്‍ വരുന്ന 1.4 രൂപ യുടെ   Basic Exercise Duty യില്‍ മാത്രമാണ്. അതായത് 32 രൂപയില്‍ ഒരു രൂപ നാല്പത് പൈസമാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ടത്. ഇതിന്റെ 41% മാണ് സംസ്ഥാനങ്ങള്‍ക്ക് എല്ലാം കൂടി കിട്ടുക.

ഇവിടെ തീര്‍ന്നില്ല, മറ്റൊരു പ്രധാനപ്പെട്ട വസ്തുത, സെസ്സ് കഴിച്ചുള്ള കേന്ദ്ര നികുതിയുടെ ഈ 41 % എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായോ അവരുടെ പെട്രോള്‍ ഉപഭോഗത്തിന്റെ തോതനുസരിച്ചോ അല്ല വിതരണം ചെയ്യുന്നത്. അത് വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളും ഫിനാന്‍സ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പതിനഞ്ചാം ഫിനാന്‍സ് കമ്മീഷന്‍ പ്രകാരം അതിങ്ങനെയാണ് (i) 45% for the income distance, (ii) 15% for the population in 2011, (iii) 15% for the area, (iv) 10% for forest and ecology, (v) 12.5% for demographic performance, and (vi) 2.5% for tax effort. 

കേന്ദ്രം പിരിക്കുന്ന നികുതിയില്‍ നിന്നും സെസ്സ് കുറിച്ചുള്ള തുകയുടെ 41 % സംസ്ഥാനങ്ങള്‍ക്ക് വീതിക്കുമ്പോള്‍ നമ്മുടെ കേരളത്തിന് അതില്‍ നിന്നും കിട്ടുന്നത് 0.8 % മാണ്. അതായത് ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രം 32 രൂപ പിരിക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ചത് പോലെ അതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശപ്പെട്ട 1.4 രൂപയുടെ 0.8 % മാത്രമാണ് കേരളത്തിന് ലഭിക്കുന്നത് 1.1 പൈസ. അതായത് കൃത്യമാക്കിയാല്‍ ഒരു പൈസ. ഈ കണക്കിലാണ് ചിലര്‍ വെള്ളം ചേര്‍ത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തേക്കാള്‍ വരുമാനം കിട്ടുന്നു എന്ന് നുണപറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top