25 April Thursday

ഉന്നതവിദ്യാഭ്യാസം
 സംരക്ഷിക്കാൻ ഈ കൂട്ടായ്മ - ഇ പി ജയരാജൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല കൂടുതൽ ഉയരങ്ങളിലേക്ക്‌ കുതിക്കുകയാണ്‌. അതിന്‌ കൂടുതൽ ഊർജം പകരുന്ന തരത്തിലുള്ള ബഹുമുഖ നടപടികളുമായി സംസ്ഥാന സർക്കാർ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. കേരളത്തിന്റെ ഭാവി മുന്നിൽക്കണ്ടുള്ള സക്രിയമായ ഇടപെടലാണ്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്നത്‌. മാറുന്ന കാലത്തിന്‌ അനുസരിച്ചുള്ള പരിഷ്‌കാരങ്ങൾ ഉന്നതവിദ്യാഭ്യാസരംഗത്ത്‌ കൊണ്ടുവന്നു. ലോകം ശ്രദ്ധിക്കുന്ന അക്കാദമിക മികവുകളാണ്‌ കേരളത്തിലെ സർവകലാശാലകൾ കൈവരിച്ചിട്ടുള്ളത്‌. ആ പാതയിലുള്ള കുതിപ്പ്‌ തടയാനുള്ള ആസൂത്രിത നീക്കങ്ങളാണ്‌ ഏതാനും നാളുകളായി നടക്കുന്നത്‌. ഉന്നതവിദ്യാഭ്യാസ രംഗം കൂടുതൽ കാലികമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക്‌ വിഘാതം സൃഷ്ടിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനിൽനിന്നു തുടർച്ചയായി ഉണ്ടാകുന്നത്‌. സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിലുള്ള ചുമതല അദ്ദേഹം വിനിയോഗിക്കുന്നത്‌ സർവകലാശാലകളെ തകർക്കാനാണ്‌ എന്നു വ്യക്തമായിരിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച രാജ്‌ഭവനു മുന്നിൽ പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്‌. ലക്ഷം പേരെ അണിനിരത്തിയുള്ള കൂട്ടായ്‌മ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനാണ്‌. കേരളം കൈവരിച്ച നേട്ടങ്ങളെ പിറകോട്ടടിപ്പിക്കാനുള്ള സംഘപരിവാർ അജൻഡയ്‌ക്കെതിരായ പ്രത്യക്ഷ പ്രതിഷേധമായി ഈ കൂട്ടായ്‌മ മാറും എന്നുറപ്പാണ്‌. ജില്ലകളിലും പ്രതിഷേധക്കൂട്ടായ്മ നടക്കുന്നുണ്ട്.

കേരള സംസ്ഥാനം രൂപീകൃതമായശേഷം 28 ഗവർണർമാർ ആ പദവിയിൽ ഇരുന്നു. പലകാലങ്ങളിലായി നിർണായകമായ പല സാഹചര്യങ്ങളിലും സംസ്ഥാനത്ത്‌ ഭരണതലത്തിലോ മറ്റേതെങ്കിലും തരത്തിലോ തന്റെതന്നെ സർക്കാരിനെ  പ്രതിസന്ധിയിലാക്കുന്ന രീതിയിൽ ഒരു ഗവർണറും പ്രവർത്തിച്ചിട്ടില്ല. എന്നാൽ, അതിനു വിരുദ്ധമായി ആരിഫ് മൊഹമ്മദ് ഖാൻ നിക്ഷിപ്‌ത താൽപ്പര്യങ്ങൾക്കായി പദവി ദുരുപയോഗം ചെയ്യുകയാണ്‌.  അദ്ദേഹം ഗവർണർപദവി ഭരണഘടനാപരമായല്ല ഉപയോഗിക്കുന്നത്‌. മാത്രമല്ല തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘപരിവാറിന്റെയും ബിജെപിയുടെയും നിർദേശങ്ങൾക്കനുസരിച്ച്‌ നീങ്ങുകയും ചെയ്യുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി മിക്ക സംസ്ഥാനങ്ങളും കോടികൾ ഉപയോഗിച്ച്‌ ജനാധിപത്യം അട്ടിമറിച്ച്‌ ഭരണം പിടിച്ചെടുത്തത്‌ നാം കണ്ടു. കേരളത്തിലും പണമൊഴുക്കി സീറ്റുപിടിക്കാമെന്ന്‌ അവർ കരുതി. കൂടാതെ ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളും നടത്തി. ഒന്നും വിജയിക്കില്ലെന്ന്‌ വന്നതോടെയാണ്‌ ഗവർണറെ ഉപയോഗിച്ച്‌ ഭരണപ്രതിസന്ധി ഉണ്ടാക്കാൻ ശ്രമം തുടങ്ങിയത്‌. സംഘപരിവാറിന്റെ വർഗീയ അജൻഡ നടപ്പാകണമെങ്കിൽ കേരളം വിദ്യാഭ്യാസരംഗത്ത്‌ നേടിയ പുരോഗതി ഇല്ലാതാക്കിയേ മതിയാകൂ. കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്ന സകല മേഖലയിലുമുള്ള കാവിവൽക്കരണം മറ്റു സംസ്ഥാനങ്ങളിൽ ചെയ്‌ത പോലെ കേരളത്തിൽ പ്രാവർത്തികമാകില്ല എന്ന്‌ അവർക്കറിയാം. കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കുന്നത്‌ കാവി അജൻഡകളാണ്‌. അതിനു പാകമായ മണ്ണൊരുക്കുന്നതിന്‌ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഉന്നതവിദ്യാഭ്യാസരംഗത്തെ നേട്ടങ്ങൾ ഇല്ലാതാക്കണം. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കി പരിവർത്തിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾ തടയണം. അതിനാണ്‌ സർവകലാശാലകളെത്തന്നെ ലക്ഷ്യമിട്ടിരിക്കുന്നത്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ പ്രതികരിക്കേണ്ടത്‌ എല്ലാ കേരളീയരുടെയും ആവശ്യമാണ്‌.

സ്വന്തം സർക്കാരിനും അതിനെ നയിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ ഗവർണർ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുകയാണ്‌. അതിൽ ഒന്നുപോലും കഴമ്പുള്ളവയല്ല. മാത്രമല്ല അടിസ്ഥാനരഹിതമായ ആരോപണങ്ങളും ചില പ്രത്യേക കേന്ദ്രങ്ങൾ നൽകുന്ന വിവരങ്ങളും മറ്റും സത്യമാണ്‌ എന്ന തരത്തിൽ ആവർത്തിക്കുകയും ചെയ്യുന്നു. ഗവർണറും അദ്ദേഹത്തെ ഉപദേശിക്കുന്ന മന്ത്രിസഭയും അടങ്ങുന്നതാണ്‌ സർക്കാർ.  ആ സർക്കാരിനെ മുന്നോട്ടുനയിക്കേണ്ടത്‌ ഗവർണറിൽ നിക്ഷിപ്‌തമായ ഭരണഘടനാ ബാധ്യതയാണ്‌. അത്‌ നിറവേറ്റണം. ഗവർണറുടെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയുമെല്ലാം ഉത്തരവാദിത്വവും ചുമതലകളും ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്‌. ഭരണഘടനാ ഭേദഗതിയിലും എല്ലാം ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്‌. നിർഭാഗ്യവശാൽ അതെല്ലാം മറന്നാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നീക്കം. ഏകാധിപതിയെപ്പോലെയാണ്‌ ഗവർണർ ഇടപെടുന്നത്‌.  ഭരണഘടനയുടെ 213–-ാം വകുപ്പ്‌ അനുസരിച്ച്  സർക്കാർ നൽകുന്ന ഓർഡിനൻസുകൾ ഒപ്പിടേണ്ടത്‌ ഗവർണറുടെ ഭരണഘടനാ ബാധ്യതയാണ്‌. ഇടാതിരുന്നാൽ അത്‌ ഗുരുതരമായ ഭരണഘടനാ ലംഘനമായി മാറുമെന്ന്‌ നിയമവിദഗ്‌ധർ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഗവർണർക്ക്‌ ചില സാഹചര്യങ്ങളിൽ 213–-ാം വകുപ്പ്‌  പ്രകാരം രാഷ്ട്രപതിയുടെ ഉപദേശം തേടാവുന്നതാണ്‌. ഓർഡിനൻസോ ബില്ലോ പിടിച്ചുവയ്‌ക്കാൻ ഗവർണർക്ക്‌ ഭരണഘടന അധികാരം നൽകുന്നില്ല. പക്ഷേ, അതെല്ലാം കാറ്റിൽപ്പറത്തിയാണ്‌ ഗവർണർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നത്‌.

1974ൽ ഷംസേർ സിങ്‌ വേഴ്‌സസ്‌ സ്റ്റേറ്റ്‌ ഓഫ്‌ പഞ്ചാബ്‌ കേസിലെ വിധിന്യായത്തിൽ ഗവർണറുടെ തൃപ്‌തിയെന്നാൽ മന്ത്രിസഭയുടെ തൃപ്‌തിയെന്ന്‌ വ്യക്തമായി പറയുന്നുണ്ട്‌. അതിനു വിരുദ്ധമായാണ്‌ മന്ത്രിമാരിൽ തനിക്ക്‌ പ്രീതി നഷ്ടമായി എന്ന്‌ ഗവർണർ പറഞ്ഞത്‌. സർവകലാശാലാ വിസിമാരിൽനിന്നു രാജി ആവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ നീക്കവും സെർച്ച്‌ കമ്മിറ്റി നിയമനവുമായി ബന്ധപ്പെട്ടുള്ള പരസ്യപരാമർശങ്ങളുമെല്ലാം വിമർശത്തിനു വിധേയമായിക്കഴിഞ്ഞു. ഗവർണർമാർ രാഷ്ട്രീയത്തിൽ ഇടപെടുകയോ അവരുടെ അഭിപ്രായപ്രകടനങ്ങൾ നടത്തുകയോ ചെയ്യാൻ പാടില്ല. തനിക്ക്‌ രാഷ്ട്രീയമുണ്ട്‌ എന്ന്‌ പരസ്യമായി പറയുന്ന ഗവർണറിൽനിന്ന്‌ മറിച്ചൊരു നിലപാട്‌ പ്രതീക്ഷിക്കുകയും വേണ്ട.

കിഫ്‌ബിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസരംഗത്ത്‌ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അടിസ്ഥാന സൗകര്യവികസനമാണ്‌ നടക്കുന്നത്‌. കേരളത്തിലെ സർവകലാശാലകൾ രാജ്യത്തുതന്നെ മുൻപന്തിയിൽ നിൽക്കുന്നു. ന്യൂജൻ കോഴ്സുകൾ തുടങ്ങി. അധ്യാപന നിലവാരം മെച്ചപ്പെടുത്താൻ പ്രത്യേക കർമപദ്ധതി നടപ്പാക്കി വരികയാണ്‌. കേരള സർവകലാശാലയ്‌ക്ക് മികവിനുള്ള നാക്‌ അക്രഡിറ്റേഷൻ എ++ ഗ്രേഡ് ലഭിച്ചു. സംസ്കൃത സർവകലാശാലയ്‌ക്കും കൊച്ചി സർവകലാശാലയ്‌ക്കും കോഴിക്കോട് സർവകലാശാലയ്‌ക്കും എ+ ലഭിച്ചു. കേരളത്തിലെ ക്യാമ്പസുകളിലേക്കും പഠന വകുപ്പുകളിലേക്കും കൂടുതൽ വിദേശ വിദ്യാർഥികൾ പഠനത്തിനും ഗവേഷണത്തിനുമായി എത്തിച്ചേരുന്നു. ആഗോള അന്താരാഷ്ട്ര കമ്പനികൾ കേരളത്തിലെ ക്യാമ്പസുകളിലേക്ക്‌ റിക്രൂട്ട്‌മെന്റിനായി എത്തുന്നു.

ഇതെല്ലാം തെളിയിക്കുന്നത്‌ മറ്റെല്ലാ മേഖലകളിലും എന്നപോലെ ഉന്നതവിദ്യാഭ്യാസ രംഗത്തും അതിവേഗം കുതിപ്പ്‌ തുടരുകയാണ്‌ എന്നാണ്‌. അതിനു തടയിട്ടുകൊണ്ട്‌ അടിസ്ഥാന വിദ്യാഭ്യാസരംഗത്തുതന്നെ അന്ധവിശ്വാസങ്ങളിലും അബദ്ധ ധാരണകളിലും അധിഷ്‌ഠിതമായ വിദ്യാഭ്യാസമാണ്‌ സംഘപരിവാർ അജൻഡ. അത്തരം നീക്കങ്ങൾ ആസൂത്രിതമായി കേരളത്തിലെ സർവകലാശാലകളിലും ഒളിച്ചുകടത്താനുള്ള നീക്കങ്ങളെ ചെറുക്കേണ്ടത്‌ ഓരോ കേരളീയന്റെയും കടമയാണ്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top