25 April Thursday
ഇന്ന്‌ പെൻഷൻദിനം

ഔദാര്യമല്ല, അവകാശമാണ്‌ - വി എ എൻ നമ്പൂതിരി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 17, 2021

പെൻഷൻകാരുടെ അവകാശസമരചരിത്രത്തിലെ സുപ്രധാനദിനമാണ് ഡിസംബർ 17. 39 വർഷംമുമ്പ് ഇതേദിവസമാണ് പെൻഷൻകാരുടെ "മാഗ്നകാർട്ട' എന്ന്‌ വിളിക്കപ്പെടുന്ന, സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ അതിപ്രധാനമായ വിധി പുറപ്പെടുവിക്കപ്പെട്ടത്. അതിന്റെ ഓർമയിൽ പെൻഷൻ സംഘടനകൾ എല്ലാ വർഷവും ഡിസംബർ 17 പെൻഷൻ ദിനമായി ആചരിക്കുന്നു.

1871-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആദ്യമായി പെൻഷൻ നടപ്പാക്കിയത്. 1925-ലെ റോയൽ കമീഷൻ അത് നിയമപരമാക്കുകയും  സർവീസ് അടിസ്ഥാനത്തിൽ ക്രമീകരിക്കുകയും ചെയ്തു. 1950-കളിൽ കുടുംബ പെൻഷനും നടപ്പാക്കി. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന 148(4), 309 വകുപ്പുകളുടെ അടിസ്ഥാനത്തിൽ സെൻട്രൽ സിവിൽ സർവീസസ് (പെൻഷൻ) നിയമം 1972-ൽ നടപ്പാക്കി. പെൻഷൻ നൽകാവുന്ന മേൽപരിധി ക്രമത്തിൽ ഉയർത്തി. 1979-ൽ പുതിയ പെൻഷൻ പദ്ധതി നടപ്പാക്കി 1500 രൂപയാക്കി; പക്ഷേ, മുൻകാല പ്രാബല്യം നൽകിയില്ല. ഈ അനീതിക്കെതിരെ പ്രതിരോധ വകുപ്പിലെ ഉന്നത റിട്ട.  ഉദ്യോഗസ്ഥനായ ഡി എസ് നകാരയും നേവിയിലെ റിട്ട. റിയൽ അഡ്മിറൽ സത്യേന്ദ്രസിങ്ങും സുപ്രീംകോടതിയെ സമീപിച്ചു. "കോമൺകോസ്' എന്ന സന്നദ്ധ സംഘടനയെ പ്രതിനിധാനംചെയ്‌ത്‌ എച്ച് ഡി ഷൗരി കക്ഷിചേർന്നു.

ചീഫ് ജസ്റ്റിസ് വൈ വി ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ വി ഡി ഉൽസാപുർക്കർ, ഡി എ ദേശായി, ഒ ചിന്നപ്പറെഡ്ഡി, ബഹറുൽ ഇസ്ലാം എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ച് 1982 ഡിസംബർ 17-ന് വിധി പ്രസ്താവിച്ചു. പരാതിക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടൊപ്പം പെൻഷൻ നൽകുന്നതുസംബന്ധിച്ച് മൗലികമായ പരാമർശങ്ങളും നടത്തി. പെൻഷൻ ഔദാര്യമല്ലെന്നും അത് ഭരണഘടനയുടെ  വകുപ്പുകൾക്കനുസരിച്ചാണെന്നും കഴിഞ്ഞകാല സേവനത്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി. തങ്ങൾക്കാകാവുന്ന കാലത്ത് സേവനം നൽകിയതിന് വിരമിക്കുമ്പോൾ നൽകുന്ന അവകാശമാണ് പെൻഷനെന്നും ചൂണ്ടിക്കാട്ടി. വിഷമതയില്ലാതെ അന്തസ്സോടും  സ്വതന്ത്രമായും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശം പെൻഷൻകാർക്കുണ്ട്. അതിനനുസൃതമായ പെൻഷൻ പദ്ധതി നടപ്പാക്കണം. സർവീസിലിരിക്കുമ്പോഴുള്ള ജീവിതനിലവാരം  പിരിഞ്ഞാലും പുലർത്താൻ കഴിയണം.  റിട്ടയർ ചെയ്ത തീയതിയുടെ അടിസ്ഥാനത്തിൽ ആനുകൂല്യം നിഷേധിക്കരുതെന്നും ഭരണഘടനാബെഞ്ച്  ചൂണ്ടിക്കാട്ടി. 64 പേജ് വരുന്ന വിധിന്യായത്തിൽ പെൻഷൻകാരുടെ അവകാശങ്ങളെക്കുറിച്ച് വിശദമായി പ്രസ്താവിച്ചു. കേന്ദ്രസർക്കാരിന്റെ പെൻഷൻവിരുദ്ധ തീരുമാനങ്ങൾക്കേറ്റ കടുത്തപ്രഹരമായി വിധി. തുടർന്ന്, ഉത്തരവുകൾ പുറപ്പെടുവിക്കാൻ കേന്ദ്രം നിർബന്ധിതമായി.  കേന്ദ്രശമ്പള കമീഷനുകൾ പെൻഷൻ പരിഷ്കരണം തുടങ്ങിയവ ശുപാർശ ചെയ്യാനും സുപ്രീംകോടതി നിർദേശങ്ങൾ കാരണമായി.  കൂടുതൽ ഗുണകരമായതും കാലാനുസൃതവുമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിനുപകരം നിലവിലുള്ള ആനുകൂല്യങ്ങൾപോലും നിഷേധിക്കാനാണ് തുടർന്നുവന്ന സർക്കാരുകൾ നീക്കം നടത്തിയത്.

പുതിയ പെൻഷൻ സ്കീം എന്ന പേരിൽ, നിയമപരമായി നിശ്ചയിച്ച പെൻഷൻ മാറ്റിമറിക്കുകയും 2004 മുതൽ കോൺട്രിബ്യൂട്ടറി പെൻഷൻ അടിച്ചേൽപ്പിക്കുകയും ചെയ്തു. ഇതിനായി പെൻഷൻ ഫണ്ട്‌ റെഗുലേറ്ററി ആൻഡ്‌ ഡെവലപ്പ്മെന്റ് അതോറിറ്റി ആക്ട് (പി എഫ്ആർഡിഎ) കൊണ്ടുവരികയും സർക്കാരിന് ആവശ്യമെന്നു തോന്നിയാൽ പുതിയ സ്കീം പഴയ പെൻഷൻകാർക്കുകൂടി ബാധകമാക്കാനുള്ള വകുപ്പ് ഉൾപ്പെടുത്തുകയും ചെയ്തു. കേരള, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ അന്ന് നിലവിലുണ്ടായിരുന്ന ഇടതുപക്ഷ സർക്കാരുകൾ ഒഴികെ മറ്റെല്ലാ സംസ്ഥാനസർക്കാരും പുതിയ പദ്ധതി നടപ്പാക്കി. കേരളത്തിലും ത്രിപുരയിലും മറ്റു പാർടികൾ അധികാരത്തിലെത്തിയപ്പോൾ അവിടെയും പുതിയ പെൻഷൻ പദ്ധതി നടപ്പാക്കി. പിൽക്കാലത്ത് ന്യൂ പെൻഷൻ സ്കീം എന്ന പേര് നാഷണൽ പെൻഷൻ സ്കീം എന്നാക്കി മാറ്റി. ഉള്ളടക്കം ഒന്നുതന്നെ.

ബാങ്കുകൾ, എൽഐസി തുടങ്ങിയ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷനുകൾ വ്യത്യസ്ത രീതിയിലാണ്. പലർക്കും നിശ്ചിത കാലയളവിൽ പെൻഷൻ പരിഷ്കരണമില്ല. ചില മേഖലയിൽ ക്ഷാമബത്ത നൽകുന്നില്ല. ഇപിഎഫ് പെൻഷൻ ചുരുങ്ങിയത് 1000 രൂപയാക്കി ഉയർത്തണമെന്ന ആവശ്യമുയർന്നിട്ടും പൂർണമായി നടപ്പാക്കിയിട്ടില്ല. കേന്ദ്രസർക്കാർ വെറും 200 രൂപ മാത്രമാണ് വയോജന ക്ഷേമപെൻഷനായി അനുവദിച്ചിട്ടുള്ളത്. അത് 5000 രൂപയാക്കി ഉയർത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. കേരള സർക്കാർ 1600 രൂപ  നൽകുന്നു. അതും വർധിപ്പിക്കേണ്ടതുണ്ട്. "നകാര' വിധിയിൽ ചൂണ്ടിക്കാട്ടിയപോലെ അന്തസ്സായും സ്വതന്ത്രമായും ജീവിക്കാനാവശ്യമായ പെൻഷൻ ലഭിക്കണം. നകാരവിധിയും പെൻഷൻ ദിനാചരണവും ഈ ആവശ്യം നേടിയെടുക്കുന്നതിന് തീർച്ചയായും പ്രചോദനമേകും.

( നാഷനൽ കോ–-ഓർഡിനേഷൻ കമ്മറ്റി ഓഫ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷൻ രക്ഷാധികാരിയാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top