20 April Saturday

വ്യവസായത്തിന്‌ 
അനുകൂലം - വ്യവസായിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി ബാലഗോപാൽ 
കേരളത്തിലെ വ്യവസായ സാഹചര്യം വിലയിരുത്തുന്നു

തയ്യാറാക്കിയത്‌ സന്തോഷ്‌ ബാബുUpdated: Wednesday Jul 28, 2021

മുപ്പത് വർഷംമുമ്പ് 50 ജീവനക്കാരുമായി പെനിൻസുല പോളിമേർസ് (പെൻപോൾ) എന്ന ബ്ലഡ് ബാഗ് നിർമാണ ഫാക്ടറി തുടങ്ങി 4000 
കോടി രൂപയുടെ വിറ്റുവരവിലേക്ക് വളർന്ന വ്യവസായിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി ബാലഗോപാൽ 
കേരളത്തിലെ വ്യവസായ സാഹചര്യം വിലയിരുത്തുന്നു.
 തയ്യാറാക്കിയത്‌: 
ദേശാഭിമാനി വാണിജ്യകാര്യ ലേഖകൻ സന്തോഷ്‌ ബാബു

ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന താങ്കൾ വ്യവസായി ആയത് എങ്ങനെയാണ്?
ഞാൻ മണിപ്പുർ കേഡറിലായിരുന്നു. കുറച്ചുകാലം കേരളത്തിലും ജോലി ചെയ്തിട്ടുണ്ട്. 1980-–-81ൽ കൊല്ലം സബ്കലക്ടറായിരുന്നു. ആർമി ഓഫീസറായിരുന്ന സഹോദരന്റെ അപകടമരണത്തെ തുടർന്ന് കുടുംബ സാഹചര്യം അനുകൂലമല്ലാതായി. ജോലി തുടരാൻ പറ്റാത്ത അവസ്ഥ വന്നു. സർവീസിന് പുറത്ത് എന്തെങ്കിലും ചെയ്യാനാകുമോ എന്ന അന്വേഷണം യാദൃച്ഛികമായി ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. വല്യാത്താന്റെ അടുത്തെത്തിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം അവിടത്തെ ഗവേഷണവിഭാഗം മേധാവി പ്രൊഫ. എ വി രമണിയുമായുള്ള കൂടിക്കാഴ്ച എന്നെ ഒരു സംരംഭകനാക്കി മാറ്റുകയായിരുന്നു.

കേരളത്തിൽ അത്ര സുപരിചിതമല്ലാത്ത ബ്ലഡ് ബാഗ് നിർമിക്കാനാണ് തീരുമാനിച്ചത്?
അതെ. കേരളത്തിൽ വ്യവസായം തുടങ്ങാൻ പലരും മടിച്ചുനിന്നിരുന്ന കാലത്താണ് വ്യവസായത്തെക്കുറിച്ച് കാര്യമായ വിവരമൊന്നും ഇല്ലാത്ത ഞാൻ ഇത്‌ തെരഞ്ഞെടുത്തത്. നമ്മുടെ രാജ്യത്ത് വികസിപ്പിച്ചെടുക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യകൾ ജനങ്ങൾക്കും ആശുപത്രികൾക്കും എത്തിക്കുക എന്നത് വ്യത്യസ്തമായ അനുഭവമായിരിക്കും. വ്യവസായം വിജയിപ്പിക്കാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു. അത് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. 25 വർഷംകൊണ്ട് 1500 കോടിയിലധികം ബ്ലഡ് ബാഗാണ് ഞങ്ങൾ വിദേശ വിപണിയിലടക്കം വിറ്റഴിച്ചത്. ഏതാണ്ട് നാലായിരം കോടി രൂപയുടെ വിറ്റുവരവ് നേടി.

വൻ സാങ്കേതികവിദ്യ ആവശ്യമുള്ള ഒരു ഉൽപ്പന്നം ആഗോളവിപണിയിൽ എത്തിച്ചത് എങ്ങനെയാണ്?
അതാണ് കേരളത്തിന്റെ മിടുക്ക്. ഏതൊരു വ്യവസായത്തിലും സാങ്കേതികവിദ്യ 50 ശതമാനമേ വരുന്നുള്ളൂ. ബാക്കി അമ്പത് ശതമാനം മാനേജ്മെന്റിന്റെ കാഴ്ചപ്പാടിനെയും ലക്ഷ്യബോധത്തെയും സമീപനത്തെയുമൊക്കെ ആശ്രയിച്ചാണ്‌. കാശുണ്ടാക്കാൻ കുറുക്കുവഴി തേടുന്നവർക്ക് മുന്നോട്ട് പോകാനാകില്ല. മികച്ച ഉൽപ്പന്നം ഉണ്ടാക്കാനും വ്യവസായം നന്നായി മുന്നോട്ട് കൊണ്ടുപോകാനും കുറുക്കുവഴിയില്ല. അത് നമ്മൾ ഫാക്ടറിക്കുള്ളിൽ ചെയ്യേണ്ട കാര്യങ്ങളാണ്. സർക്കാർ ഉദ്യോഗസ്ഥരോ മലിനീകരണ നിയന്ത്രണ അതോറിറ്റിയോ ഒന്നും കാണാനില്ലാത്ത സമയത്തും നമ്മൾ എന്ത് ചെയ്യുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അക്കാര്യത്തിൽ വ്യവസായിതന്നെ തീരുമാനമെടുക്കണം. അത് സ്ഥാപനത്തിന്റെ നയമായി മാറണം. അതൊരു സാമൂഹ്യ ഉത്തരവാദിത്തം കൂടിയാണ്. ഞാൻ അതാണ് പാലിച്ചത്.

കേരളത്തിൽ നിലവിലുള്ള വ്യവസായ അന്തരീക്ഷത്തെ എങ്ങനെ കാണുന്നു?
വ്യവസായത്തിന് മികച്ച സാഹചര്യമാണ് ഇവിടെയുള്ളത്. മികച്ച വ്യവസായ പരിസ്ഥിതിയുണ്ട്. പഴയകാലത്തുനിന്ന്‌ വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു. വ്യവസായം വരാൻ അടിസ്ഥാന സൗകര്യങ്ങൾ വേണം, സാങ്കേതികവിദ്യ വേണം, വെള്ളവും വൈദ്യുതിയും ഗതാഗതസൗകര്യവും മികച്ച നൈപുണ്യമുള്ള തൊഴിലാളികളും വേണം. ഇതിൽ ഏതാണ് കേരളത്തിൽ ഇല്ലാത്തത്? തൊഴിലാളികൾക്ക് ഫാക്ടറിക്ക് അടുത്ത് ആരോഗ്യകരമായ താമസ സൗകര്യം കൊടുക്കാനും പറ്റണം.

തൊഴിലാളികളെയും യൂണിയനുകളെയുമാണല്ലോ ചില വ്യവസായികൾ പൊതുവിൽ കുറ്റം പറയുന്നത്?
എന്റെ ഫാക്ടറിയിൽ നാല് തൊഴിലാളി യൂണിയൻ ഉണ്ടായിരുന്നു. തുടക്കത്തിൽ 50 തൊഴിലാളികളേ ഉണ്ടായിരുന്നുള്ളൂ. അതിൽ 15 പേരെ സ്ഥിരപ്പെടുത്തി യൂണിയൻ ഉണ്ടാക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് ഞാൻ ചെയ്തത്. തൊഴിലാളികളുടെ എണ്ണം പിന്നീട് പടിപടിയായി ഉയർന്ന് മൂന്ന് ഷിഫ്റ്റിലായി 1500 പേരായി. 25 വർഷം ഒരു ഷിഫ്റ്റിൽപ്പോലും യൂണിയൻ പ്രശ്നംമൂലം ഉൽപ്പാദനം മുടങ്ങിയിട്ടില്ല. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. അത് ചർച്ചചെയ്ത് പരിഹരിക്കും. യൂണിയനുകളുമായി ദീർഘകാല കരാറുകളാണ് ഉണ്ടാക്കിയിരുന്നത്. അത് ഫാക്ടറിയുടെ നയമായിരുന്നു. വ്യവസായിയുടെ ആവശ്യങ്ങൾ മാത്രമല്ല, തൊഴിലാളികളുടെ ആവശ്യങ്ങളും പരിഗണിക്കണം.

അപ്പോൾ, കേരളത്തിൽ മികച്ച നിക്ഷേപ സാധ്യതയുണ്ട് എന്നല്ലേ?
അതിലെന്താ സംശയം രാജ്യത്തു തന്നെ ഏറ്റവും മികച്ച സാധ്യതയാണ് കേരളത്തിലുള്ളത്‌. പക്ഷേ, അത് ഇല്ലാതാക്കുന്ന ചർച്ചകൾ, പ്രചാരണങ്ങൾ നടക്കുന്നു എന്നതാണ് പ്രശ്നം. സമീപകാലത്ത് ഉണ്ടായ വിവാദങ്ങളിൽ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളല്ല പല വ്യവസായികളും നടത്തിയത്‌. വികാരപരമായി അഭിപ്രായപ്രകടനം നടത്തി. അത് വ്യവസായത്തിനും സംസ്ഥാനത്തിനും ദോഷമാണ്.

കേരളത്തെ കുറ്റം പറയുന്നവർ ഒരു കാര്യം ഓർക്കണം. മുപ്പത് വർഷത്തെ കണക്ക് നോക്കിയാൽ എംഎസ്എംഇ മേഖലയിൽ ആരുടെയും ശ്രദ്ധയിൽ പെടാതിരുന്ന, ചെറിയ തോതിൽ തുടങ്ങിയ നിരവധി വ്യവസായങ്ങൾ വളർന്ന് വലിയ വ്യവസായങ്ങളായിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സ്റ്റീൽ ഫാക്ടറി, ഇന്ത്യയിൽത്തന്നെ ഒന്നാം സ്ഥാനത്തുള്ള ഇലക്ട്രോണിക് ഉൽപ്പന്ന കയറ്റുമതി സ്ഥാപനം, രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ ഉപകരണ നിർമാണ ഫാക്ടറി, ഏഷ്യയിലെ ഏറ്റവും വലിയ ദന്തൽ ഉൽപ്പന്ന ഫാക്ടറി, മുങ്ങിക്കപ്പലിന് ആവശ്യമായ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന റബർ ഫാക്ടറി എല്ലാം കേരളത്തിലാണ്‌. പടിപടിയായി വളർന്ന് വലിയ വ്യവസായങ്ങളായതാണ്. ഇവരൊക്കെ എങ്ങനെ വളർന്നു? വ്യവസായത്തിന് അനുകൂല സാഹചര്യം ഉള്ളതുകൊണ്ടാണല്ലോ ഞങ്ങൾക്കും വളരാൻ കഴിഞ്ഞത്. അത് ജപ്പാൻ കമ്പനി ഏറ്റെടുക്കുകയും ചെയ്തു.

ഈ വ്യവസായവളർച്ചയ്ക്ക് തുടർച്ച ഉണ്ടാകുന്നുണ്ടോ?
തീർച്ചയായും ഉണ്ട്. കേരളത്തിൽ വ്യവസായ സ്തംഭനാവസ്ഥയില്ല. വ്യവസായത്തിന്റെ പുനർജീവനമാണ് നടക്കുന്നത്. സർക്കാരും ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപനങ്ങളും ജനങ്ങളും ഒക്കെ അനുകൂലമായി നിൽക്കുന്നതുകൊണ്ടാണ് വ്യവസായങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കുന്നത്. വലിയൊരു വ്യവസായം ഒരാൾ വിചാരിച്ചാൽമാത്രം വിജയിക്കില്ലല്ലോ. 1980ൽ വ്യവസായ ഉൽപ്പാദനം സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദന(ജിഎസ്ഡിപി)ത്തിന്റെ എട്ട് ശതമാനത്തിൽ താഴെയായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2018ൽ, അത് 26 ശതമാനത്തിലേക്ക് എത്തി. അതിൽ 14 ശതമാനവും ഉൽപ്പാദന വ്യവസായത്തിൽ നിന്നാണ്.

അഞ്ച് വർഷത്തിനിടയിൽ വ്യവസായപുരോഗതിക്ക് സർക്കാർ സ്വീകരിച്ച പ്രധാനപ്പെട്ട നടപടി എന്തായിരുന്നു?
സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കൊണ്ടുവന്ന ഏകജാലക സംവിധാനമായ കെ സിഫ്റ്റാണ് ഏറ്റവും വലിയ നേട്ടം. മറ്റ് സംസ്ഥാനങ്ങൾ ഏകജാലകം എന്ന് പറയുന്നുണ്ടെങ്കിലും അതിൽ വലിയ അർഥമില്ല. ഇവിടെ പല വകുപ്പിന്റെ കീഴിലുള്ള 78 ചട്ടവും നിയമങ്ങളും ഏകീകരിച്ചു കൊണ്ടാണ് കെ സിഫ്റ്റ് കൊണ്ടുവന്നത്‌. ഇത് വ്യവസായ മേഖലയിൽ മുന്നേറ്റം ഉണ്ടാക്കും. ഭരണമികവിന്റെ കാര്യത്തിൽ കേരളം ഏറ്റവും മികച്ചതാണെന്ന് നിതി ആയോഗ്തന്നെ സമ്മതിക്കുന്നുണ്ട്.

വ്യവസായ പുരോഗതിക്ക് സംസ്ഥാനം സ്വീകരിക്കേണ്ട നിലപാട് എന്തായിരിക്കണം?
സംരംഭകർക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കണം. പക്ഷേ, മലിനീകരണംപോലുള്ള കാര്യങ്ങളിൽ വീട്ടുവീഴ്ച കാണിക്കരുത്. സർക്കാർ നയങ്ങൾ കൃത്യമായി നടപ്പാക്കപ്പെടണം. മിനിമംകൂലി വ്യവസ്ഥ പാലിക്കുന്നവരായിരിക്കണം. കേരളത്തിൽ നിക്ഷേപകർക്ക് വലിയ താൽപ്പര്യമുണ്ട്. 2014ൽ 1 കോടി ഡോളറാണ് സ്റ്റാർട്ടപ്പുകളിലേക്ക് വന്നത്. 2020ൽ അത് 8.50 കോടിയായി. 2021ൽ ആദ്യ ആറ് മാസത്തിനുള്ളിൽ 11 കോടി ഡോളർ നിക്ഷേപം എത്തി. കേരളം മോശമാണെങ്കിൽ ഇത് സംഭവിക്കില്ലല്ലോ. ഇത് ഉയർത്തിക്കാണിക്കാൻ നമുക്ക് കഴിയണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top