20 September Monday
ഇന്ത്യയിലെ 40 
മാധ്യമപ്രവർത്തകർ, കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷത്തെ നേതാക്കൾ 
എന്നിവരുടെ ഫോൺ, പെഗാസസ് 
ഉപയോഗിച്ച് ചോർത്തി എന്നാണ് 
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

എല്ലാം കാണുന്ന പറക്കുംകുതിര - നിഖിൽ നാരായണൻ എഴുതുന്നു

നിഖിൽ നാരായണൻUpdated: Tuesday Jul 20, 2021

മറ്റുള്ളവർ എന്ത്, എപ്പോൾ, എങ്ങനെ ചെയ്യുന്നു. ഇതറിയാനുള്ള മനുഷ്യന്റെ ത്വരയെ ഡിജിറ്റൽ സാങ്കേതികവിപ്ലവം വളരെ എളുപ്പമുള്ളതാക്കിയിരിക്കുന്നു. കമ്പനികൾമുതൽ സൈന്യംവരെ, വ്യക്തികൾമുതൽ നിയമപാലകർവരെ തങ്ങൾക്ക് വേണ്ടപ്പെട്ടവരുടെയും അനഭിമതരുടെയും ഓരോ ചലനവും മനസ്സിലാക്കാൻ ഇന്ന് ഇത്തരം സാങ്കേതികവിദ്യയുടെ സഹായം തേടുന്നു. ചിലപ്പോൾ ഇത് സമ്മതത്തോടുകൂടി, നല്ല ലക്ഷ്യങ്ങൾ മുൻനിർത്തിയാകാം. അല്ലാത്തപ്പോൾ മറ്റുള്ളവനിലേക്കുള്ള ഈ ഡിജിറ്റൽ കണ്ണുകളുടെ ലക്ഷ്യവും മാർഗവും ഹീനമായതാകാം. നമ്മുടെ സമ്മതത്തോടെ ഉപയോക്താനുഭവം (യൂസർ എക്സ്പീരിയൻസ്) മെച്ചപ്പെടുത്താൻ ഡിജിറ്റൽ ജീവിതത്തിലെ ചലനങ്ങൾ ഒപ്പിയെടുക്കുന്ന ഗൂഗിളിനെപ്പോലുള്ള ഭീമന്മാർ ഒരറ്റത്ത്‌; മറ്റേയറ്റത്താകട്ടെ നമ്മുടെ സമ്മതമില്ലാതെ ഡിജിറ്റൽ ജീവിതത്തിൽ നുഴഞ്ഞുകയറി മറ്റാർക്കോ വേണ്ടി വിവരശേഖരണം നടത്തുന്ന, ഇപ്പോൾ വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന പെഗാസസ് പോലുള്ള സ്‌പൈവെയറുകൾ (ഗ്രീക്ക് പുരാണത്തിലെ പറക്കുംകുതിരയായ പെഗാസസിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്).

ഇസ്രയേലി കമ്പനിയായ എൻഎസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് എന്ന സോഫ്റ്റ്‌വെയർ സർക്കാരുകൾക്ക് മാത്രമുള്ളതാണെന്ന്‌ അവർ കഴിഞ്ഞ മാസം പുറത്തിറക്കിയ സുതാര്യതാ റിപ്പോർട്ടിൽവരെ അവകാശപ്പെടുന്നു. തീവ്രവാദത്തിലും മറ്റു കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നവരുടെ മൊബൈൽ ഫോണുകളിൽനിന്ന് വിവരം ശേഖരിക്കാൻ സർക്കാരുകളെ സഹായിക്കുന്ന പെഗാസസ്, ഫോൺ ഉപയോക്താവിന്റെ സമ്മതമില്ലാതെ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും എന്നതാണ് സവിശേഷത. ഇൻസ്റ്റാൾ ചെയ്യപ്പെട്ടതിനുശേഷം പെഗാസസിന് ഫോണിന്റെ പൂർണനിയന്ത്രണം ലഭിക്കുമെന്നത് ഇതിനെ സർക്കാരുകളുടെ പ്രിയപ്പെട്ട സ്‌പൈവെയർ ആക്കുന്നു. വാട്സാപ്, സിഗ്നൽ അടക്കമുള്ള മെസഞ്ചറുകളുടെയും മൈക്രോഫോൺ, ക്യാമറ എന്നിവയുടെയും നിയന്ത്രണം ഉപയോക്താവിന്റെ സമ്മതമില്ലാതെ സംഘടിപ്പിക്കുന്ന പെഗാസസ് ചില്ലറക്കാരനല്ല. പക്ഷേ, തങ്ങളുടെ ഉപയോക്താക്കളായ രാജ്യങ്ങൾക്ക് ഉപകാരപ്പെടാനാണ് ഈ ഉൽപ്പന്നം അവർക്ക് വിൽക്കുന്നതെന്നും അവർ ആരെയൊക്കെ ഇതിലൂടെ ‘പിന്തുടരുന്നു' എന്നത് തങ്ങൾക്ക് അറിയില്ലയെന്നും എൻഎസ്‌ഒ ഗ്രൂപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു.

പക്ഷേ, ഇതിൽനിന്ന് വിപരീതമാണ് ഫോർബിഡൻ സ്റ്റോറീസ് എന്ന സ്ഥാപനം പുറത്തുവിട്ട റിപ്പോർട്ട്. തീവ്രവാദികളെയും മറ്റു കുറ്റവാളികളെയും ലക്ഷ്യമിട്ട്‌ ഉപയോഗിക്കാൻ വിപണിയിൽ ഇറക്കിയ പെഗാസസ് സ്‌പൈവെയർ ലോകമെമ്പാടുമുള്ള നൂറ്റിഎൺപതിൽപ്പരം മാധ്യമപ്രവർത്തകരെ ലക്ഷ്യം വയ്ക്കാൻ ഉപയോഗിച്ചതായി ഇവർ പറയുന്നു. ഫ്രാൻസ്, സൗദി അറേബ്യ, മൊറോക്കോ, ഹംഗറി, മെക്സിക്കോ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പത്രപ്രവർത്തകരെ മാത്രമല്ല ഭരണകൂടങ്ങൾ പെഗാസസ് ഉപയോഗിച്ച് ലക്ഷ്യമിട്ടത്. മനുഷ്യാവകാശപ്രവർത്തകർ, വ്യാപാരപ്രമുഖർ, രാഷ്ട്രീയക്കാർ, ഡോക്‌ടർമാർ, അഭിഭാഷകർ എന്നിങ്ങനെ നാനാതുറയിൽപ്പെട്ട അമ്പതിനായിരം പേരുടെ ഫോണുകളിലേക്ക് ഭരണകൂടങ്ങൾ ‘നുഴഞ്ഞുകയറി' എന്നാണ് ഫോർബിഡൻ സ്റ്റോറീസിന്റെ അന്വേഷണത്തിൽ പറയുന്നത്.

2016-ലാണ് പെഗാസസ് ഡിജിറ്റൽ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ശ്രദ്ധയിൽപ്പെട്ടത്. ടെക്സ്റ്റ് സന്ദേശം, അല്ലെങ്കിൽ ഇ–-മെയിലിൽ വരുന്ന ലിങ്കിൽ ഫോൺ ഉപയോക്താവിനെക്കൊണ്ട് ക്ലിക്ക് ചെയ്യിപ്പിച്ചായിരുന്നു പെഗാസസിന്റെ അക്കാലത്തെ പതിവ്‌ നുഴഞ്ഞുകയറ്റം. ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ അത് നിർമിച്ചവർക്ക് അറിയാത്ത, അല്ലെങ്കിൽ പരിഹരിക്കാൻ കഴിയാത്ത ചില സുരക്ഷാപഴുതുകൾ ഉണ്ടായേക്കാം. ഇത്തരം സുരക്ഷാ പഴുതുകളെ സീറോ ഡെ എന്ന് വിളിക്കുന്നു. ഇങ്ങനെയുള്ള ന്യൂനതകളെ മുതലാക്കിയാണ് പെഗാസസിന്റെ പിന്നീടുള്ള പതിപ്പുകളുടെ നുഴഞ്ഞുകയറ്റമെന്ന് സുരക്ഷാ വിദഗ്ധർ 2019-ൽ കണ്ടെത്തി. അവരുടെ ഭാഷയിൽ പറഞ്ഞാൽ സീറോ ക്ലിക്ക്‌ ആക്രമണം. നിങ്ങൾപോലും അറിയാതെ, ഒരു അബദ്ധ -ക്ലിക്ക്പോലും ചെയ്യാതെ ഡിജിറ്റൽ ജീവിതത്തിലേക്ക് എത്തിനോക്കാൻ ചാരൻ കടന്നുവരുന്നു. അതാണ് ചുരുക്കത്തിൽ പെഗാസസ്. 

ലീക്ക് ചെയ്യപ്പെട്ട അമ്പതിനായിരം ഫോൺ നമ്പർ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടതല്ല, മറിച്ച് എച്ച്‌എൽആർ–-ലൂക്ക്‌അപ്‌ ( ഹോം ലൊക്കേഷൻ രജിസ്‌റ്റർ എന്ന ഫോണിന്റെ മൊബൈൽ നമ്പർ, സേവനദാതാവിന്റെ വിവരങ്ങൾ എന്നിവയെല്ലാം അടങ്ങിയ രഹസ്യസ്വഭാവം കുറഞ്ഞ വിവരങ്ങൾ) പോലുള്ള സേവനങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് എൻഎസ്ഒ ഗ്രൂപ്പിന്റെ ഭാഷ്യം. ഈ ലിസ്റ്റിലെ ഓരോ ഫോണും പരിശോധിച്ചാൽ മാത്രമേ പെഗാസസിന്റെ പങ്ക് മനസ്സിലാക്കാൻ സാധിക്കൂ. ആംനെസ്റ്റി ഇന്റർനാഷണലിന്റെ സുരക്ഷാലാബിന്റെ സഹായത്തോടെ ഫോർബിഡൻ സ്റ്റോറീസ് നടത്തിയ ഫോറൻസിക്‌ പരിശോധനയിൽ നിരവധി പത്രപ്രവർത്തകരുടെ ഫോണുകളിൽ പെഗാസസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്‌.

മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളുമടക്കം സമൂഹത്തിന്റെ നാനാതുറയിൽ പ്രവർത്തിക്കുന്നവർ ഡിജിറ്റൽ സാങ്കേതികവിദ്യയെ തങ്ങളുടെ വിശ്വസ്ത സഹായി എന്നാണ് ധരിച്ചുപോന്നത്. മറിച്ച്‌, അവരുടെ ജീവിതത്തിലേക്ക് ശത്രുക്കൾക്ക് വഴി തുറന്നുകൊടുത്ത് വഞ്ചിച്ചതും ഇതേ സാങ്കേതികവിദ്യയാണെന്ന്‌ ഇപ്പോൾ അവർ മനസ്സിലാക്കിയിരിക്കുന്നു. ഇന്ത്യയിലെ നാൽപ്പത് മാധ്യമപ്രവർത്തകർ, കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷത്തെ നേതാക്കൾ എന്നിവരുടെ ഫോൺ, പെഗാസസ് ഉപയോഗിച്ച് ചോർത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്‌ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഫോൺ ഇന്റർസെപ്ഷനുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിൽ നിയമങ്ങൾ ഉണ്ടെന്നും ഡിജിറ്റൽ സ്വകാര്യതാ ബില്ലിനെക്കുറിച്ചും പറയുന്നു.

ഈ പ്രശ്‌നത്തിൽ കേന്ദ്രസർക്കാരിന്റെ മറുപടിയുടെ പശ്ചാത്തലത്തിൽ ഉത്തരമില്ലാത്ത ഒട്ടേറെ ചോദ്യങ്ങൾ ബാക്കിനിൽക്കുന്നു. ഇന്ത്യയിൽ നിന്നുള്ള നിരവധിപേരെ ലക്ഷ്യം വച്ച ഇസ്രയേലി സോഫ്റ്റ്‌വെയറിന്റെ യഥാർഥ ഉപയോക്താവ് ആരാണ്? ഇതിൽ കേന്ദ്രസർക്കാരിന് പങ്കില്ലെങ്കിൽ സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പൗരന്റെ സ്വകാര്യതയിലേക്ക് നടത്തുന്ന ഈ ഒളിഞ്ഞുനോട്ടത്തിന്‌ നിയമം ഉപയോഗിച്ചും സാങ്കേതികവിദ്യ ഉപയോഗിച്ചും തടയിടാൻ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നത്? സർക്കാരുകൾക്കുമാത്രം പ്രാപ്യമെന്നു പറയപ്പെടുന്ന ഈ സ്‌പൈവെയർ ഇന്ത്യയിലെ പ്രമുഖരുടെ ഫോണുകളിലേക്ക് ഒളിഞ്ഞുനോക്കാൻ ഉപയോഗിച്ചത് സർക്കാർ അല്ലെങ്കിൽ പിന്നെ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ ആണോ? അല്ല മറ്റേതെങ്കിലും രാജ്യമാണോ?

(ഐടി വിദഗ്‌ധനും എഴുത്തുകാരനുമാണ്‌ 
ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top