19 April Friday

പെഗാസസ് വിധിയുടെ മാനങ്ങൾ - അഡ്വ. നിഖിൽ നരേന്ദ്രൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 30, 2021

ഒരു രഹസ്യം കാത്തുസൂക്ഷിക്കണമെങ്കിൽ, നിങ്ങളിൽനിന്നുതന്നെ അത് മറച്ചുവയ്‌ക്കേണ്ടി വരും എന്ന -ജോർജ് ഓർവെല്ലിന്റെ, ‘1984’ നോവലിലെ വാചകം ഉദ്ധരിച്ചുകൊണ്ടാണ്, പെഗാസസ്‌ കേസിൽ സുപ്രീംകോടതിയുടെ ചരിത്രവിധി തുടങ്ങുന്നതുതന്നെ. ഈ കേസിൽ കേന്ദ്ര സർക്കാർ തുടക്കംമുതൽ സ്വീകരിച്ചുവന്ന സാങ്കേതികതയുടെ മറവിലുള്ള ഒളിച്ചുകളിക്കെതിരായ ഒരു പ്രതിഷേധമായിത്തന്നെ ഇതിനെ നമുക്ക് വായിക്കാം. ഒളിച്ചുകളിയിൽ സർക്കാർ ഉപയോഗിച്ചത് രാജ്യസുരക്ഷയെന്ന പുകമറയായിരുന്നു. ആദ്യംമുതൽതന്നെ, പെഗാസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചോ എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം നൽകാതെ രാജ്യസുരക്ഷയെന്ന ഉമ്മാക്കി കാട്ടി കേസിനെ വഴിതെറ്റിക്കാനായിരുന്നു സർക്കാരിന്റെ ശ്രമം.

സുപ്രീംകോടതി വിധിപറഞ്ഞ വിവിധ കേസുകളുടെ ചരിത്രം പരിശോധിച്ചാൽ, സർക്കാരിന്റെ ‘രാജ്യസുരക്ഷാ’ നയം പലപ്പോഴും വിജയിച്ചതായി കാണാം. രാജ്യസുരക്ഷ ഉൾപ്പെടുന്ന കാര്യങ്ങളുടെ തീരുമാനം സർക്കാരിന്റേതാണെന്നുപറഞ്ഞ്‌, കോടതികൾ ഇടപെടാതിരിക്കുന്ന രീതി കീഴ്വഴക്കമായി.  റഫേൽ കേസിന്റെ വിധിയിലും അതാണ്‌ സംഭവിച്ചത്‌. എന്നാൽ, ഈ മുൻതീരുമാനങ്ങളിൽനിന്ന് മാറി പെഗാസസ് കേസിൽ സുപ്രീംകോടതി ധീരമായ ചുവടുമാറ്റമാണ് നടത്തിയിരിക്കുന്നത്.

ഈ ചുവടുമാറ്റത്തിന്റെ അടിസ്ഥാനമായ കാരണം പെഗാസസ് ഉയർത്തിയത് സങ്കീർണമായ ഭരണഘടനാ വിഷയങ്ങളായിരുന്നു എന്നതാണ്. ഭരണഘടനാ സ്ഥാപനങ്ങളെയും അതുവഴി ജനാധിപത്യത്തെയും അപകടപ്പെടുത്താൻ കെൽപ്പുള്ള അത്യാധുനിക ചാര സോഫ്റ്റ്‌വെയറാണ് പെഗാസസ്. നമ്മുടെ ജുഡിഷ്യറിയെയും പാർലമെന്റിനെയും മാധ്യമങ്ങളെയും ഒരുപോലെ തകർക്കാൻ കെൽപ്പുള്ളതാണ് പെഗാസസ്. ഇന്ത്യയുടെ സർവൈലൻസ് നിയമങ്ങൾക്ക്‌ ഏതാണ്ട് മുപ്പതു വർഷത്തിന്റെ കാലപ്പഴക്കമുണ്ട്. ആ നിയമങ്ങൾ ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും വ്യാപക ഉപയോഗത്തിനു മുമ്പുള്ള കാലഘട്ടത്തിൽ വന്നതായിരുന്നു. ചാര സോഫ്‌റ്റ്‌വെയറുകളുടെയും ആപ്പുകളുടെയും മുമ്പുള്ള ഈ നിയമങ്ങൾ കാലഹരണപ്പെട്ടതും നിഷ്ക്രിയവുമാണ്. കോടതിയുടെയോ പാർലമെന്റിന്റെയോ ഒരു രീതിയിലുമുള്ള മേൽനോട്ടവുമില്ല. വിവരാവകാശ നിയമങ്ങളും ബാധകമല്ല. ചുരുക്കത്തിൽ, സർക്കാരിന് ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല എന്നർഥം.


 

സുപ്രീംകോടതിയുടെതന്നെ വിധിയായ പുട്ടസ്വാമി കേസ് പ്രകാരം ഒരാളുടെ സ്വകാര്യതയെ ഹനിക്കണമെങ്കിൽ അത് നിയമപരമായിരിക്കണം. പക്ഷേ, സർക്കാർതന്നെ ഒരു സുതാര്യതയുമില്ലാതെ ഇത് തീരുമാനിച്ചാൽ ആര് പരിശോധിക്കും. രാജ്യസുരക്ഷയെ മറയാക്കി രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്ക് ഇത് ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഒരു സംവിധാനവുമില്ല. അമേരിക്കയിൽ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇക്കാര്യം പരിശോധിക്കുന്നത് പ്രത്യേക കോടതികളാണ്. ഇവിടെയാണ്‌ പെഗാസസ്‌ കേസിലെ സുപ്രീംകോടതി വിധി സുപ്രധാനമാകുന്നത്‌. ഇന്ത്യയിൽ ഇങ്ങനെ ഒരു പരിശോധനാ സംവിധാനവും ഇല്ലാത്തതിനാൽ കുതിരക്കച്ചവടം, ബ്ലാക്‌മെയ്‌ലിങ്‌ തുടങ്ങി പലതിനും ഉപയോഗിക്കുന്നു എന്ന ആക്ഷേപം നേരത്തേ ഉയർന്നിട്ടുണ്ട്‌. മാത്രമല്ല, ഇരയാകുന്നത്‌ രാജ്യത്തെ ജനാധിപത്യവും നിയമവ്യവസ്ഥയുമാണ്. ഈ തിരിച്ചറിവാണ് സുധീരമായ വിധിന്യായത്തിലെത്താൻ സുപ്രീംകോടതിയെ പ്രേരിപ്പിച്ച പ്രധാന ഘടകം.

ഈ വിധി സർക്കാരിനേറ്റ വലിയ തിരിച്ചടിയാണ്. ആദ്യം പാർലമെന്റിലും പിന്നെ സുപ്രീംകോടതിയിലും സർക്കാർ നിർബന്ധ ബുദ്ധിയോടെതന്നെ നിൽക്കുകയാണ്‌ ചെയ്‌തത്. പാർലമെന്ററി അന്വേഷണം, ചർച്ച തുടങ്ങിയ പ്രതിപക്ഷ ആവശ്യങ്ങൾ കേന്ദ്രം നിരാകരിച്ചു. മാധ്യമമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ന്യൂയോർക്ക് ടൈംസ് പോലുള്ളവയുടെ ആധികാരിക റിപ്പോർട്ടുകളെ ചോദ്യം ചെയ്യാനാണ് കേന്ദ്രസർക്കാർ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചത്. കോടതിയിൽ നൽകിയ സത്യവാങ്‌മൂലങ്ങളാകട്ടെ പെഗാസസ് ഉപയോഗിച്ചോ എന്നത്‌ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ രാജ്യസുരക്ഷ എന്ന മറയിൽമാത്രം കേന്ദ്രീകരിച്ചതായിരുന്നു.

അതോടെ ഗവൺമെന്റിന്റെ എന്തോ മറയ്ക്കാനുണ്ടെന്ന ധാരണ ജനമധ്യത്തിലും കോടതിയിലും ഉണ്ടായി. ഈ വിധിയിലുടനീളം ആ അവിശ്വാസം നിഴലിച്ചു നിൽക്കുന്നുമുണ്ട്. മാധ്യമറിപ്പോർട്ടുകളെമാത്രം ആധാരമാക്കി കേസ് പരിഗണിക്കില്ലെന്ന കീഴ്‌വഴക്കവും കോടതി തെറ്റിച്ചു. നിഷേധാത്മക നിലപാടിനെ നിശിതമായി വിമർശിച്ച കോടതി മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ ഇരകളുടെ ഒപ്പം നിൽക്കേണ്ടത് സർക്കാരിന്റെ കർത്തവ്യമാണെന്നും ഓർമിപ്പിച്ചു. സുതാര്യതയുടെ ആവശ്യകത ചൂണ്ടിക്കാട്ടിയ കോടതി സർക്കാർസമിതിയുടെ അന്വേഷണമെന്ന സർക്കാരിന്റെ നിലപാട് നീതിനിഷേധത്തിനു തുല്യമാകുമെന്നും വിധിച്ചു. ഇതു ചൂണ്ടിക്കാട്ടിയാണ് സാങ്കേതികസമിതി, മേൽനോട്ടസമിതി എന്ന രണ്ടു അന്വേഷണസമിതി കോടതി രൂപീകരിച്ചത്.ഈ കേസിൽ വേഗം വിധിയുണ്ടായി. അതുപോലെ സാധാരണക്കാരെ ബാധിക്കുന്ന പല ഭരണഘടനാ വ്യവഹാരങ്ങളും വിധിയാകാതെ കിടപ്പുണ്ട് . അതിലും ഉടൻ തീരുമാനമാനമുണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top