28 March Thursday

ഒപ്പിടേണ്ടത്‌ ഗവർണറുടെ ഭരണഘടനാ ബാധ്യത - പി ഡി ടി ആചാരി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 10, 2022



സഭ സമ്മേളിക്കാതിരുന്ന സന്ദർഭങ്ങളിൽ അടിയന്തര നിയമനിർമാണം ആവശ്യമാണെന്ന്‌ ഒരു സർക്കാരിനുള്ള ബോധ്യമാണ്‌ ഓർഡിനൻസുകൾക്ക്‌ അടിസ്ഥാനം. ഭരണഘടനയുടെ 213–-ാം വകുപ്പ്‌ അനുസരിച്ച്  സർക്കാർ നൽകുന്ന ഓർഡിനൻസുകൾ ഒപ്പിടേണ്ടത്‌ ഗവർണറുടെ ഭരണഘടനാ ബാധ്യതയാണ്‌. ഒപ്പ്‌ ഇടാതിരുന്നാൽ അത്‌ ഗുരുതരമായ ഭരണഘടനാ ലംഘനമായി മാറും.

ഗവർണറുടെ തൃപ്‌തിയാണ്‌  ഓർഡിനൻസ്‌ ഇറക്കാനുള്ള മാനദണ്ഡമായി പറയുന്നതെങ്കിലും  അത്‌ വ്യക്തിപരമായ ഒന്നല്ലെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്‌. 1974ൽ ഷംസേർ സിങ്‌ വേഴ്‌സസ്‌ സറ്റേറ്റ്‌ ഓഫ്‌ പഞ്ചാബ്‌ കേസിലെ വിധിന്യായത്തിൽ ജസ്റ്റിസ്‌ വി ആർ കൃഷ്‌ണയ്യർ അടങ്ങുന്ന ഏഴംഗ ബെഞ്ച്‌ ഗവർണറുടെ തൃപ്‌തിയെന്നാൽ മന്ത്രിസഭയുടെ തൃപ്‌തിയെന്ന്‌ അടിവരയിട്ടു പറയുന്നു. ഫലത്തിൽ അടിയന്തരമായി നടത്തേണ്ട നിയമനിർമാണത്തെ സംബന്ധിച്ച്‌ ഗവർണറെ സർക്കാർ അറിയിച്ചാൽ അദ്ദേഹം  ഓർഡിനൻസിൽ ഒപ്പുവയ്‌ക്കുകയാണ്‌ ചെയ്യേണ്ടത്‌. വേണമെങ്കിൽ ഗവർണർക്ക്‌ ചില സാഹചര്യങ്ങളിൽ രാഷ്‌ട്രപതിയുടെ ഉപദേശം തേടാവുന്നതാണ്‌. അതും 213–-ാം വകുപ്പ്‌ വിശദീകരിക്കുന്നുണ്ട്‌.


 

അന്തർസംസ്ഥാന വാണിജ്യം, കേന്ദ്രനിയമങ്ങൾക്കെതിരെയുള്ള വകുപ്പുകൾ സംസ്ഥാന നിയമത്തിൽ ഉണ്ടാകൽ തുടങ്ങിയ സന്ദർഭങ്ങളിലാണ്‌ രാഷ്‌ട്രപതിയുടെ ഉപദേശം തേടേണ്ടത്‌. എന്നാൽ, ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന്‌ മാറ്റുന്നതു സംബന്ധിച്ച ഓർഡിനൻസ്‌ കേന്ദ്രനിയമങ്ങളെ ലംഘിക്കാത്തതും പരിപൂർണമായും ഭരണഘടനാനുസൃതവുമാണ്‌.  അതിനാൽ ഓർഡിനൻസിൽ രാഷ്‌ട്രപതിയുടെ ഉപദേശം തേടാതെ തന്നെ ഗവർണർ ഒപ്പിടേണ്ടതാണ്‌. ഓർഡിനൻസോ ബില്ലോ പിടിച്ചുവയ്‌ക്കാൻ ഗവർണർക്ക്‌ ഭരണഘടന അധികാരം നൽകുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്‌. ഒപ്പിടാൻ ഗവർണർ വിസമ്മതിക്കുകയും സർക്കാർ കോടതിയെ സമീപിക്കുകയും ചെയ്‌താൽ ആദ്യ സംഭവമാകും അത്‌. 361 –-ാം വകുപ്പ്‌ അനുസരിച്ച്‌ ഗവർണർക്ക്‌  സംരക്ഷണമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവൃത്തി ഭരണഘടനാ വിരുദ്ധമാണെന്ന്‌ ബോധ്യപ്പെടുന്ന മുറയ്‌ക്ക്‌  കോടതിക്ക്‌ റദ്ദാക്കാനാകും. 2006ലെ രാമേശ്വർ പ്രസാദ്‌ വേഴ്‌സസ്‌ യൂണിയൻ ഓഫ്‌ ഇന്ത്യ കേസിൽ ഗവർണറുടെ നടപടി ദുരുദ്ദേശ്യപരവും മറ്റു പരിഗണനകൾ വച്ചുള്ളതുമാണെങ്കിൽ റദ്ദാക്കാൻ അധികാരമുണ്ടെന്ന്‌ സുപ്രീംകോടതി വിധിച്ചിരുന്നു. ബിഹാർ നിയമസഭ പിരിച്ചുവിട്ട ഗവർണർ ഭൂട്ടാസിങ്ങിന്റെ നടപടി  റദ്ദുചെയ്‌തുള്ള വിധിയിലാണ്‌ ഇക്കാര്യമുള്ളത്‌.

ഭരണഘടനയെ അട്ടിമറിക്കുന്നതുകണ്ട്‌ നിശ്ശബ്ദരായിരിക്കാൻ കഴിയില്ലെന്നായിരുന്നു ചീഫ്‌ ജസ്റ്റിസ്‌ വൈ കെ സബർവാൾ അധ്യക്ഷനായ ബെഞ്ച്‌ വിധിന്യായത്തിൽ എഴുതിയത്‌. സർക്കാർ രൂപീകരണത്തിൽനിന്ന്‌ നിതീഷ്‌ കുമാറിനെയും ജെഡിയുവിനെയും തടയാനായിരുന്നു ഭൂട്ടാസിങ്ങിന്റെ ശ്രമം. സംശയവും ഭാവനയുംവച്ച്‌ 356–-ാം വകുപ്പ്‌ ഉപയോഗിക്കുന്നത്‌ ന്യായീകരിക്കാൻ കഴിയില്ലെന്നും കോടതി അന്ന്‌ വ്യക്തമാക്കിയിരുന്നു.
ആരോപണങ്ങൾ  സ്വയം 
ചീത്ത വിളിക്കുന്നതിന്‌ തുല്യം

സർക്കാരിന്‌ എതിരെയും മുഖ്യമന്ത്രിക്ക്‌ എതിരെയും ഗവർണർ നടത്തുന്ന ആരോപണങ്ങൾ ഫലത്തിൽ സ്വയം ചീത്ത വിളിക്കുന്നതിന്‌ തുല്യമാണ്‌. ഗവർണറും അദ്ദേഹത്തെ ഉപദേശിക്കുന്ന മന്ത്രിസഭയും അടങ്ങുന്നതാണ്‌ സർക്കാർ. ആ സർക്കാരിൽനിന്ന്‌ ഭിന്നമായ വ്യക്തിത്വം ഗവർണർക്ക്‌ അവകാശപ്പെടാനാകില്ല.  ഗവർണർ രാഷ്‌ട്രീയത്തിൽ ഇടപെടുകയോ അഭിപ്രായപ്രകടനങ്ങൾ നടത്തുകയോ ചെയ്യരുത്‌. അങ്ങനെ നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ  തനിക്ക്‌  ദുരുദ്ദേശ്യമുണ്ടെന്ന്‌ ഗവർണർ സ്വയം തെളിയിക്കുന്നതാണ്‌. ഉന്നത ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയങ്ങളിൽ പ്രതികരിക്കുന്നതും ഭൂഷണമല്ല.

(ലോക്‌സഭാ മുൻ സെക്രട്ടറി ജനറലാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top