18 April Thursday
പീപ്പിൾസ് ഡെമോക്രസി മുഖപ്രസംഗം

ബിജെപിയുടെ ക്രൈസ്‌തവ വിദ്വേഷം

വെബ് ഡെസ്‌ക്‌Updated: Monday Apr 17, 2023

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. പ്രധാനമന്ത്രിയായി ഒമ്പതുവർഷത്തിനുശേഷം ആദ്യമാണ് ഇത്തരമൊരു സന്ദർശനം. അതേ ദിവസം ബിജെപി നേതാക്കൾ ക്രൈസ്തവസഭാ മേധാവികളെയും ക്രൈസ്തവരുടെ വീടുകളും സന്ദർശിച്ച് ഈസ്റ്റർ ആശംസ കൈമാറി.

ക്രൈസ്തവരോടുള്ള ബിജെപി നിലപാടിൽ പെട്ടെന്ന് മാറ്റംവന്നത് പലരെയും ആശ്ചര്യപ്പെടുത്തി. മാറ്റത്തിനുള്ള പ്രേരണ മോദിതന്നെ സൂചിപ്പിച്ചിരുന്നു. മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുവിജയം ആഘോഷിക്കാൻ ബിജെപി ആസ്ഥാനത്തുനടന്ന യോഗത്തിൽ സംസാരിക്കവെ, ക്രിസ്ത്യൻ ആധിപത്യമുള്ള മേഘാലയയിലും നാഗാ ലാൻഡിലും വിജയിച്ചത് ക്രിസ്ത്യൻ സമൂഹത്തിന് ബിജെപിയെ സ്വീകാര്യമായതിന്റെ സൂചനയാണെന്നും വ്യക്തമാക്കി. ബിജെപിയുടെ അടുത്ത ലക്ഷ്യം കേരളമാണെന്നും മോദി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മേഘാലയയിലെയും നാഗാലാൻഡിലെയും ക്രിസ്ത്യൻ പിന്തുണയെക്കുറിച്ചുള്ള അവകാശവാദംതന്നെ പൊള്ളയാണ്. മേഘാലയയിലെ 60 സീറ്റിൽ രണ്ടിടത്തുമാത്രം ജയിച്ച ബിജെപി നാഗാലാൻഡിലാകട്ടെ ഭരണസഖ്യത്തിലെ വെറും ജൂനിയർ പങ്കാളി മാത്രവുമാണ്.

ജനസംഖ്യയുടെ 45 ശതമാനം വരുന്ന മുസ്ലിങ്ങളെയും ക്രൈസ്തവരെയും വിശ്വാസത്തിലെടുക്കാതെ കേരളത്തിൽ നിലയുറപ്പിക്കാനാകില്ലെന്ന്‌ ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്‌. മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ കഴിയില്ലെന്ന്‌ മനസ്സിലാക്കിയ ബിജെപി ജനസംഖ്യയുടെ 18 ശതമാനംവരുന്ന ക്രൈസ്തവർക്കിടയിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുകയാണ്‌. അതിന്‌ അവർ ദ്വിമുഖ സമീപനമാണ്‌ സ്വീകരിച്ചത്‌. ഒന്നാമതായി ക്രിസ്‌ത്യൻ സമൂഹത്തിൽ പ്രത്യേകിച്ച്‌ കേരളത്തിലെ സിറോ മലബാർ സഭ എന്നറിയപ്പെടുന്ന കത്തോലിക്കാ സഭയിൽ മുസ്ലിംവിരുദ്ധ വികാരം വളർത്താൻ ശ്രമിച്ചു. സമീപകാലത്ത്‌ ചില സഭാ നേതാക്കൾ ‘ലൗവ്‌ ജിഹാദി’നെതിരെ സംസാരിച്ചു. ഒപ്പം ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള ചില സംഘടനകളുമായി സഹകരിച്ച്‌ ഒരു ക്രൈസ്‌തവസംഘടന മുസ്ലിംവിരുദ്ധ പ്രചാരണം സൃഷ്ടിച്ചു. ക്രിസ്‌ത്യൻ–- മുസ്ലിം വേർതിരിവുണ്ടാക്കി നേട്ടമുണ്ടാക്കാമെന്നാണ്‌ ബിജെപിയും ആർഎസ്‌എസും പ്രതീക്ഷിക്കുന്നത്‌. ബിജെപി–-ആർഎസ്‌എസ്‌ രാഷ്ട്രീയവുമായി പൊരുത്തപ്പെടാത്ത ആരെയും ഭയപ്പെടുത്താനും കീഴ്‌പ്പെടുത്താനും മോദി സർക്കാർ പരീക്ഷിച്ചതും നടപ്പാക്കുന്നതുമായ രീതിയാണ്‌ മറുവശം. ചർച്ച്‌ ഓഫ്‌ ഇന്ത്യയുടെ മോഡറേറ്റർ ബിഷപ് ധർമരാജ്‌, കെ പി യോഹന്നാൻ തുടങ്ങിയ വിവിധ സഭാനേതാക്കൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ നടത്തിയ അന്വേഷണം കേരളം കണ്ടതാണ്‌.

കത്തോലിക്കാ സഭയുടെ പരമോന്നനേതാവും എറണാകുളം–- അങ്കമാലി അതിരൂപത ആർച്ച്‌ ബിഷപ്പുമായ കർദിനാൾ ജോർജ്‌ ആലഞ്ചേരിക്കെതിരെയാണ്‌ ഇപ്പോൾ ഇഡിയുടെ അന്വേഷണം. അതിരൂപതയുടെ സ്വത്തുക്കൾ വിറ്റതിൽ ക്രമക്കേട്‌ ആരോപിച്ചാണ്‌ കള്ളപ്പണം വെളുപ്പിക്കലിന്‌ കേസെടുത്തിരിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണനിയമം (എഫ്‌സിആർഎ) കർശനമായി നടപ്പാക്കുമെന്നതിന്റെ പേരിലും സമ്മർദം വർധിപ്പിച്ചിട്ടുണ്ട്‌. ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്‌ പള്ളികൾക്ക്‌ ലഭിക്കുന്ന വിദേശ ധനസഹായം വെട്ടിക്കുറയ്‌ക്കാനും നിയന്ത്രിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. ഭീഷണികൾക്കു പുറമെ ഇത്തരം മാർഗങ്ങളിലൂടെ വിവിധ സഭകളിലെ നേതാക്കളെ മയപ്പെടുത്തിയശേഷമാണ്‌ ഇപ്പോൾ പുതിയ രീതി പ്രയോഗിക്കുന്നത്‌.

മോദിയുടെ കത്തീഡ്രൽ സന്ദർശനവും ബിജെപി നേതാക്കൾ കേരളത്തിലെ ക്രൈസ്‌തവസഭാ മേലധ്യക്ഷന്മാരെ സന്ദർശിച്ച്‌ ചർച്ച നടത്തുന്നതും ഈ പശ്ചാത്തലത്തിൽ വേണം കാണാൻ. എന്നാൽ, ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ ബിജെപി ഭരണത്തിൻകീഴിൽ സംഭവിക്കുന്ന കാര്യങ്ങൾ തികച്ചും വ്യത്യസ്‌തമാണ്‌. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ക്രിസ്‌ത്യൻ ആരാധനാലയങ്ങൾക്കും ക്രിസ്‌ത്യൻ സമൂഹത്തിനുമെതിരായ ആക്രമണങ്ങൾ ക്രമാനുഗതമായി വർധിച്ചു. മുസ്ലിങ്ങളെയും ക്രിസ്‌ത്യാനികളെയും ഹിന്ദുസമൂഹത്തിൽനിന്നും അന്യരായി കാണുന്ന ആർഎസ്‌എസ്‌ പ്രത്യയശാസ്‌ത്രത്തിൽനിന്നാണ്‌ ക്രിസ്‌ത്യാനികൾക്കെതിരെ ശത്രുതയും ആക്രമണവും ഉൽഭവിക്കുന്നത്‌. ആർഎസ്‌എസിന്റെ രണ്ടാമത്തെ സർ സംഘചാലക്‌ എം എസ്‌ ഗോൾവാൾക്കർ പറഞ്ഞത്‌ മുസ്ലിങ്ങളും ക്രിസ്‌ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ്‌ രാജ്യത്തിന്റെ മൂന്ന്‌ ആഭ്യന്തര ശത്രുക്കളെന്നാണ്‌.

ഇന്ത്യയിലെ ക്രിസ്‌ത്യൻ ജനസംഖ്യ ഒരു ചെറിയ ന്യൂനപക്ഷമാണ്‌. ദശാബ്ദങ്ങളായി അത്‌ കുറയുകയാണ്‌. 1971ൽ 2.53 ശതമാനമായിരുന്നത്‌ 1991ൽ 2.43ഉം 2001ൽ 2.34ഉം 2011ൽ 2.3 ശതമാനവുമായി. ഈ ചെറിയ ന്യൂനപക്ഷം രാജ്യത്തിന്റെ പല ഭാഗത്തും ഇപ്പോൾ ഉപരോധ സമാന സാഹചര്യമാണ്‌ നേരിടുന്നത്‌. യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം (-യുസിഎഫ്) നടത്തിയ സർവേയിൽ 2022ൽ ക്രൈസ്‌തവർക്കെതിരായ ആക്രമണം വർധിച്ചു. 21 സംസ്ഥാനത്തായി 598 ആക്രമണം നടന്നു. 2018ൽ 292ഉം 2019ൽ 328ഉം. 2020ൽ കോവിഡ്‌ കാലത്തുപോലും 279 ആക്രമണം നടന്നു. 2021ൽ 505 കടന്നാക്രമണങ്ങളുണ്ടായി. 2022ലെ അവസാന മാസങ്ങളിൽ ഛത്തീസ്‌ഗഢിൽ ക്രിസ്‌ത്യൻ ആദിവാസികൾക്കെതിരെ വ്യാപകമായ ആക്രമണം നടന്നു. ആർഎസ്‌എസിന്റെ നിയന്ത്രണത്തിലുള്ള ‘ജൻജാതി സുരക്ഷാമഞ്ച്‌’ എന്ന സംഘടന ദക്ഷിണ ഛത്തീസ്‌ഗഢിലെ മൂന്ന്‌ ജില്ലയിൽ ആക്രമണം സൃഷ്ടിക്കാൻ തുടർച്ചയായി ക്രിസ്‌ത്യൻവിരുദ്ധ പ്രചാരണം അഴിച്ചുവിട്ടു. ആക്രമണവും സാമൂഹിക ബഹിഷ്‌കരണവുംമൂലം ആയിരക്കണക്കിന്‌ ക്രൈസ്‌തവർ അവരുടെ ഗ്രാമങ്ങൾ വിട്ടുപോകാൻ നിർബന്ധിതരായി. ക്രിസ്‌ത്യൻ ആദിവാസികൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച്‌ പ്രദേശം സന്ദർശിച്ച സിപിഐ എം പ്രതിനിധിസംഘം സമഗ്രമായ റിപ്പോർട്ട്‌ തയ്യാറാക്കിയിട്ടുണ്ട്‌. ക്രിസ്‌ത്യൻ ആദിവാസികളെ പട്ടികവർഗ സംവരണത്തിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള ആദിവാസി സംഘടന നടത്തുന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഛത്തീസ്‌ഗഢിലെ ആക്രമണങ്ങളെ കാണേണ്ടത്‌. ക്രിസ്‌തുമതം സ്വീകരിച്ച ആദിവാസികൾക്ക്‌ സംവരണത്തിന്‌ അർഹതയില്ലെന്നാണ്‌ ഇവരുടെ വാദം. ഇത്‌ അംഗീകരിച്ചാൽ വടക്കുകിഴക്കൻ പ്രദേശത്തെ ക്രിസ്‌ത്യാനികളായ ഗോത്രവർഗ വിഭാഗങ്ങൾക്ക്‌ എസ്‌ടി പദവി നഷ്ടപ്പെടും.

നിർബന്ധിത മതപരിവർത്തനം ആരോപിക്കലാണ്‌ ക്രിസ്‌ത്യാനികൾക്കെതിരെയുള്ള ആക്രമണത്തിന്റെ മറ്റൊരു രൂപം. കർണാടകത്തിൽ 2022 സെപ്‌തംബറിൽ ‘മത സ്വാതന്ത്ര്യത്തിനുള്ള അവകാശസംരക്ഷണ നിയമം’ എന്നപേരിൽ മതപരിവർത്തന വിരുദ്ധ നിയമം കൊണ്ടുവന്നു. മതം മാറിയ വ്യക്തിയുടെ കുടുംബത്തിന്‌ പുറത്തുള്ളവരുടെ പരാതിയിൽ പുരോഹിതരെ നിർബന്ധിത മതപരിവർത്തനമെന്ന കുറ്റം ചുമത്തി അറസ്റ്റുചെയ്‌ത്‌ ജയിലിൽ അടയ്‌ക്കാനുള്ള വ്യവസ്ഥകൾ നിയമത്തിലുണ്ട്‌. ഈ കരിനിയമത്തിനെതിരെ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്‌തിട്ടുണ്ട്‌.

കേന്ദ്രത്തിലെ ബിജെപി ഭരണാധികാരികളുടെ തുടർച്ചയായ സമ്മർദംമൂലം കേരളത്തിൽ തലശേരി അതിരൂപത ആർച്ച്‌ ബിഷപ് ജോസഫ്‌ പാംപ്ലാനിയെ പോലുള്ള ചില സഭാനേതാക്കൾ വഴങ്ങുകയും വിട്ടുവീഴ്‌ചയ്‌ക്ക്‌ തയ്യാറാകുകയും ചെയ്‌തു. തനിക്കെതിരായ ക്രിമിനൽ കേസുകൾ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ നൽകിയ ഹർജി അടുത്തിടെ തള്ളിയതോടെ കർദിനാൾ ജോർജ്‌ ആലഞ്ചേരി പോലും നിലപാട്‌ മാറ്റി. ഈസ്റ്റർ ദിനത്തിൽ നൽകിയ അഭിമുഖത്തിൽ മോദി നല്ല നേതാവാണെന്നും ബിജെപി ഭരണത്തിൽ ക്രൈസ്‌തവർ സുരക്ഷിതരാണെന്നുമാണ്‌ പറഞ്ഞത്‌. ചില സഭാ നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ സഭയുടെയും സമൂഹത്തിന്റെയും മൊത്തത്തിലുള്ള അഭിപ്രായമായി കാണാനാകില്ല. കത്തോലിക്കാ സഭയിലെ ചില വിഭാഗങ്ങൾ പാംപ്ലാനിയുടെ വീക്ഷണങ്ങളെ എതിർത്തിട്ടുണ്ട്‌. കേരള സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ മതനിരപേക്ഷ ഘടനയുടെ ഭാഗമാണ്‌ ക്രിസ്‌ത്യാനികൾ. ബിജെപിയുടെയും ആർഎസ്‌എസിന്റെയും ക്രൈസ്‌തവ വിരുദ്ധ മനോഭാവത്തെക്കുറിച്ചും രാജ്യത്താകെയുള്ള ക്രൈസ്‌തവരുടെ ജീവിതാനുഭവങ്ങളെക്കുറിച്ചും അവർക്ക്‌ നല്ല ബോധ്യമുണ്ട്‌. ബിജെപിയുടെയും ഹിന്ദുത്വശക്തികളുടെയും ഈ കുതന്ത്രങ്ങളെ ചെറുക്കാൻ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ആവശ്യമായതെല്ലാം ചെയ്യുമെന്ന്‌ ഉറച്ചുവിശ്വസിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top