19 April Friday

ജനങ്ങൾ ഏറ്റെടുത്ത പാർടി കോൺഗ്രസ്‌ - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 6, 2022

സിപിഐ എമ്മിന്റെ 23–-ാം പാർടി കോൺഗ്രസിന്‌ ഇന്ന്‌ തിരശ്ശീല ഉയരുകയാണ്‌. രാവിലെ 10ന്‌ മുതിർന്ന പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന്‌ തുടക്കമാകും. പൊതുസമ്മേളന നഗരിയിൽ ഇന്നലെ സ്വാഗതസംഘം ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. പതാക വയലാറിൽനിന്നും കൊടിമരം കയ്യൂരിൽനിന്നുമാണ്‌ കൊണ്ടുവന്നത്‌. കേരളത്തിന്റെ ചരിത്രസംഭവങ്ങളെ ഓർമിപ്പിച്ചുള്ള ജനകീയമുന്നേറ്റങ്ങളാണ്‌ പതാക–-കൊടിമര ജാഥയിലാകെ പ്രകടമായത്‌. യുവതീയുവാക്കൾ വൻതോതിൽ അത്ലറ്റുകളായും ഇരുചക്രവാഹനങ്ങളിൽ വളന്റിയർമാരായും പരിപാടികളെ അനുഗമിച്ചതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.സിപിഐ എം അംഗങ്ങൾ അല്ലാത്തവർപോലും ഈ സമ്മേളനനടത്തിപ്പിൽ തുടക്കംമുതൽ വളരെയെറെ താൽപ്പര്യമാണ്‌ പ്രകടിപ്പിക്കുന്നതെന്ന്‌ ഓരോ പരിപാടിയും വ്യക്തമാക്കുന്നു.

സിപിഐ എം സമ്മേളനങ്ങൾ എന്നത്‌ കമ്മിറ്റികളെയും സെക്രട്ടറിമാരെയും തെരഞ്ഞെടുക്കലും വളന്റിയർ മാർച്ചും പൊതുയോഗങ്ങളും നടത്തൽമാത്രമല്ല. സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലുടനീളം ഒരുമാസത്തിലേറെയായി ബഹുജന രാഷ്‌ട്രീയവിദ്യാഭ്യാസ പ്രവർത്തനമാണ്‌ നടന്നത്‌. ജില്ലയിലെ 18 ഏരിയകളിലും വിവിധ സെമിനാറുകൾ സംഘടിപ്പിച്ചു. അതിൽ ദേശീയതലത്തിൽ പ്രശസ്‌തരായ വ്യക്തികൾ ഉൾപ്പെടെ പ്രഭാഷണം നടത്തി. ധർമശാലയിൽ നടന്ന ശാസ്‌ത്രമേള വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

ഇതാദ്യമായാണ്‌ പാർടി സമ്മേളനത്തോടനുബന്ധിച്ച്‌ ശാസ്‌ത്രമേള സംഘടിപ്പിക്കുന്നത്‌. ശാസ്‌ത്രബോധവും ചരിത്രബോധവും യുക്തിചിന്തയുമുള്ള ഒരു സമൂഹത്തെ സൃഷ്‌ടിക്കാൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്ന പാർടി എന്നനിലയിലാണ്‌ ചരിത്രപ്രദർശനം, പുസ്‌തകോത്സവം, കലാപരിപാടികൾ എന്നിവയെല്ലാം സംഘടിപ്പിച്ചത്‌. പാർടി കോൺഗ്രസ്‌ ജനങ്ങളാകെ ഏറ്റെടുത്തതാണ്‌ ഏറ്റവും വലിയ പ്രത്യേകത. ബ്രാഞ്ചുതലത്തിൽവരെ സംഘാടകസമിതികൾ പ്രവർത്തിക്കുന്നു.

ബ്രാഞ്ചുതലത്തിൽ 4247, ലോക്കൽതലത്തിൽ 243, ഏരിയതലത്തിൽ 18 എന്നിങ്ങനെയാണ്‌ സംഘാടകസമിതികൾ. പാർടിയോടൊപ്പം നിൽക്കുന്ന ബഹുജനങ്ങളെയാകെ സമ്മേളനത്തിന്റെ ഭാഗമായി രംഗത്തിറക്കാൻ സാധിച്ച ഏറ്റവും വിപുലമായ സംഘടനാപ്രവർത്തനമാണ്‌ കാഴ്‌ചവച്ചത്‌. സമ്മേളനനടത്തിപ്പിന്റെ ചെലവാകെ വീടുകളിലും കടകളിലും പോയി ബക്കറ്റ്‌ പിരിവ്‌ വഴിയാണ്‌ സമാഹരിച്ചത്‌. എല്ലാ പാർടി അംഗങ്ങളും അവരവരുടെ കഴിവനുസരിച്ച്‌ സംഭാവന നൽകി. ഇങ്ങനെ പൂർണമായും ജനപങ്കാളിത്തത്തോടെ എങ്ങനെയാണ്‌ സമ്മേളനം നടത്തേണ്ടതെന്ന ഉത്തമമാതൃക സൃഷ്‌ടിച്ചു.


 

26 സംസ്ഥാനങ്ങളിൽനിന്നും തെരഞ്ഞെടുത്ത പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 812 പേരാണ്‌ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും. പകൽ ഒന്നിന്‌ ഉദ്‌ഘാടനസമ്മേളനം കഴിയും. വൈകിട്ട്‌ നാലിന്‌ പ്രതിനിധി സമ്മേളനത്തിന്‌ തുടക്കമാകും. രാഷ്‌ട്രീയപ്രമേയം അവതരിപ്പിക്കും. ഇതിനകം ലഭിച്ച ഭേദഗതികളും നിർദേശങ്ങളും സമ്മേളനത്തിൽ റിപ്പോർട്ട്‌ ചെയ്യും. തുടർന്ന്‌ ഓരോ സംസ്ഥാനം തിരിച്ചുള്ള ഗ്രൂപ്പുചർച്ചയ്‌ക്കായി പിരിയും. വ്യാഴം രാവിലെ പൊതുചർച്ച ആരംഭിക്കും.

കഴിഞ്ഞ രണ്ടുമാസം കരട്‌ രാഷ്‌ട്രീയപ്രമേയത്തിന്മേൽ വിവിധ ഘടകങ്ങൾക്കകത്ത്‌ ചർച്ചകൾ നടന്നു. ഓരോ ഘടകവും വ്യക്തികളും അയച്ച ഭേദഗതികളാണ്‌ ആദ്യഘട്ടത്തിൽ പരിശോധിക്കുക. അതിൽ സ്വീകരിക്കാൻപറ്റുന്ന നിർദേശങ്ങൾ റിപ്പോർട്ട്‌ ചെയ്യും. ഇങ്ങനെ വിപുലമായ ഉൾപ്പാർടി ചർച്ചയ്‌ക്കുശേഷമാണ്‌ പ്രതിനിധികളുടെ നിർദേശങ്ങൾകൂടി പരിഗണിച്ച്‌ പാർടി കോൺഗ്രസ്‌ രാഷ്‌ട്രീയപ്രമേയത്തിന്‌ അന്തിമരൂപം നൽകുന്നത്‌. ഇത്തരത്തിൽ ജനാധിപത്യപരമായ പ്രക്രിയയിലൂടെയാണ്‌ പാർടിനയം അംഗീകരിക്കുന്നത്‌. ഇങ്ങനെ ജനാധിപത്യപരമായ പ്രക്രിയ ഇന്ത്യയിൽ മറ്റൊരു രാഷ്‌ട്രീയപാർടിക്കും ഇല്ലെന്നത്‌ ഏറ്റവും പ്രധാന കാര്യമാണ്‌. സിപിഐ എമ്മിനുമാത്രം അവകാശപ്പെടാവുന്നതാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top