20 April Saturday

ബഹുജന അടിത്തറ ശക്തമാക്കും- കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Apr 10, 2022

പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ അവതരിപ്പിച്ച രാഷ്‌ട്രീയ സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയാണ്‌ ഇന്നലെ നടന്നത്‌. 22–-ാം പാർടി കോൺഗ്രസിനുശേഷം പാർടി നടത്തിയ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചാണ്‌ റിപ്പോർട്ടിന്റെ ഒന്നാംഭാഗം പ്രതിപാദിക്കുന്നത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർടി നടത്തിയ ഇടപെടലുകൾ സംബന്ധിച്ചും റിപ്പോർട്ടിലുണ്ട്‌. പൊതുവിൽ പാർടിയുടെ ബഹുജനസ്വാധീനത്തിൽ കുറവ്‌ വന്ന കാലഘട്ടമായിരുന്നു. ഈ സമ്മേളനകാലത്ത്‌ കേരളം ഒഴികെയുള്ള ചില സംസ്ഥാനങ്ങളിൽ തിരിച്ചടിയുണ്ടായി. രാഷ്‌ട്രീയമായും സംഘടനാപരമായും കേരളത്തിൽ നേടിയ വളർച്ച പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്‌. ദേശീയതലത്തിൽ 9,85,757 പാർടി അംഗങ്ങളാണ്‌ ഇപ്പോഴുള്ളത്‌. കഴിഞ്ഞ പാർടി കോൺഗ്രസ്‌ കാലത്തെ അപേക്ഷിച്ച്‌ ചില സംസ്ഥാനങ്ങളിൽ മെമ്പർഷിപ്പിൽ നേരിയ കുറവ്‌ സംഭവിച്ചു.

ട്രേഡ്‌ യൂണിയൻ രംഗത്ത്‌ 53,71,332 അംഗങ്ങളാണുള്ളത്‌. കർഷകമുന്നണിയിൽ 1,17,41,513ഉം കർഷകത്തൊഴിലാളി മുന്നണിയിൽ 68,05,038ഉം മഹിളാമുന്നണിയിൽ 96,31,116ഉം യുവജനരംഗത്ത്‌ 96,39,135ഉം  വിദ്യാർഥിമുന്നണിയിൽ 23,28,854ഉം അംഗങ്ങളാണുള്ളത്‌. കോവിഡ്‌ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടതിനാൽ വിദ്യാർഥിസംഘടനാ അംഗത്വം ക്യാമ്പസുകളിൽ നടത്താനായില്ല. അതിനാൽ വിദ്യാർഥിമുന്നണിക്ക്‌ വിദ്യാർഥികളുടെ വീടുകളിൽ പോയി നേരിട്ട്‌ അംഗങ്ങളെ ചേർക്കേണ്ടിവന്നു.

സംഘടനാരംഗത്ത്‌ ദൗർബല്യം പരിഹരിച്ച്‌ കൂടുതൽ സ്വാധീനമുള്ള വിപ്ലവ ബഹുജന പാർടി കെട്ടിപ്പടുക്കാൻ പ്രവർത്തിക്കും. അതിന്റെ ഭാഗമായി ഗുണനിലവാരം വർധിപ്പിക്കുക, പാർടി ബ്രാഞ്ചുകൾ ദിവസവും പ്രവർത്തിക്കുന്ന ഘടകങ്ങളാക്കുക, പാർടി മാധ്യമങ്ങളുടെ പ്രചാരം വർധിപ്പിക്കുക, സാമൂഹ്യപ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ പ്രവർത്തിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ സംഘടനാ റിപ്പോർട്ട്‌ ആഹ്വാനം ചെയ്യുന്നു. പാർടി കോൺഗ്രസ്‌ അംഗീകരിച്ച രാഷ്‌ട്രീയ അടവുനയം നടപ്പാക്കാൻ പര്യാപ്‌തമായവിധം പാർടിയുടെ ശക്തി വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ സംഘടനാ റിപ്പോർട്ടിൽ ഊന്നൽ നൽകുന്നു.

കോവിഡ്‌ കാലത്തുണ്ടായ പ്രത്യേക സാഹചര്യം മറികടന്ന്‌ കൂടുതൽ ശക്തി സമാഹരിക്കാൻ സാധിക്കത്തക്കവിധം പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ സാധ്യത വളർന്നുവന്നിട്ടുണ്ട്‌. ഇന്നത്തെ രാഷ്‌ട്രീയസാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാൻ ശക്തമായ പാർടി സംവിധാനം ഉണ്ടാക്കണം. ഇതിനായി ബഹുജനങ്ങളുമായി നിരന്തരബന്ധം വേണം. ഇത്തരം കാര്യങ്ങൾക്കാണ്‌ സംഘടനാ റിപ്പോർട്ട്‌ ഊന്നൽ നൽകുന്നത്‌. പൊതുവിൽ പാർടി സമ്മേളനം ഭാവിയെക്കുറിച്ച്‌ പ്രതീക്ഷ നൽകുന്നു. ധാരാളം യുവതീയുവാക്കൾ പാർടിയിലേക്ക്‌ കടന്നുവരുന്നു.

മറ്റു പാർടികളിൽനിന്ന്‌ കൂടുതൽപേർ സിപിഐ എമ്മിൽ ആകൃഷ്‌ടരാകുന്നു. ഇത്തരം സാഹചര്യങ്ങൾ ഉപയോഗിക്കാനുള്ള പ്രചോദനമാണ്‌ പാർടി കോൺഗ്രസിലെ ചർച്ചയുടെ പൊതു ഊന്നൽ. ചർച്ചയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ അതത്‌ സംസ്ഥാനത്തെ സംഘടനാസ്ഥിതി വിശദീകരിച്ചു. സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്‌ക്ക്‌ ഞായർ രാവിലെ മറുപടി നൽകും. ഭേദഗതികൾ നിർദേശങ്ങൾകൂടി പരിശോധിച്ച്‌ റിപ്പോർട്ട്‌ അംഗീകരിക്കും. തുടർന്ന്‌ പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും പൊളിറ്റ്‌ബ്യൂറോ അംഗങ്ങളെയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
വിവിധ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.

സംസ്ഥാന സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാണ്‌ ഒരു പ്രമേയം. ദേശീയസ്വത്തുക്കൾ കൂട്ടമായി വിറ്റഴിച്ച്‌ പണമാക്കുന്ന നാഷണൽ മോണിറ്റൈസേഷൻ പൈപ്പുലൈൻ (എൻഎംപി–- ദേശീയ ആസ്‌തി വിൽപ്പന) പദ്ധതിക്കെതിരെ  ജനങ്ങൾ സംഘടിച്ച്‌ ചെറുത്തുനിൽപ്പ്‌ ഉയർത്തണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. ആറുലക്ഷം കോടി രൂപ സമാഹരിക്കാനാണ്‌ നീക്കം. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പശ്‌ചാത്തലസൗകര്യ സ്വത്തുക്കളെല്ലാം വിദേശകുത്തകകൾ അടക്കം വൻകിട കോർപറേറ്റുകൾക്ക്‌ കൈമാറുന്നതാണ്‌ പദ്ധതി. കേരളം പൊതുമേഖലയിൽ സിൽവർലൈൻ പദ്ധതി ഉൾപ്പെടെ നടപ്പാക്കുമ്പോഴാണ്‌ പൊതുമേഖലയിലുള്ളതും കേന്ദ്രം വിറ്റുതുലയ്‌ക്കുന്നതെന്നും ഓർക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top