24 April Wednesday

പാർടി സ്വാധീനം വർധിപ്പിക്കും - കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 9, 2022

സാർഥകവും ക്രിയാത്മകവുമായ ചർച്ചകൾക്കുശേഷം സിപിഐ എം 23–-ാം പാർടി കോൺഗ്രസ്‌ രാഷ്‌ട്രീയ സംഘടനാപ്രമേയം അംഗീകരിച്ചു. പാർടിയുടെ അടുത്ത മൂന്നു വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള അടവ്‌ നയരേഖയാണ്‌ ഇതോടെ രൂപപ്പെട്ടിരിക്കുന്നത്‌. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട്‌ രാഷ്‌ട്രീയ പ്രമേയത്തിൻമേൽ രണ്ടു ദിവസമായി നടന്ന ചർച്ചയിൽ 48 പ്രതിനിധികളാണ്‌ പങ്കെടുത്തത്‌. ഇതിൽ ഒമ്പത്‌ വനിതകളും ഉൾപ്പെടുന്നു. സംസ്ഥാന പ്രതിനിധികളും കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള ഘടകങ്ങളുടെ പ്രതിനിധികളുമാണ്‌ പങ്കെടുത്തത്‌. ചർച്ചയിൽ പങ്കെടുത്തവരെല്ലാം പൊതുവിൽ രാഷ്‌ട്രീയ പ്രമേയത്തെ അനുകൂലിച്ച്‌ സംസാരിച്ചു. ഓരോ സംസ്ഥാന പ്രതിനിധിയും അവരവരുടെ സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി അതിലൂന്നി സംസാരിച്ചു. ബിജെപി സർക്കാരിനെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താഴെയിറക്കുന്നതിൽ കേന്ദ്രീകരിച്ചുള്ള നിർദേശങ്ങളും ഫലപ്രദമായ ചർച്ചകളുമാണ്‌ നടന്നത്‌. സിപിഐ എമ്മിന്റെ സ്വതന്ത്ര സ്വാധീനം വർധിപ്പിക്കാനും ദേശീയതലത്തിൽ ഇടതുപക്ഷഐക്യം ശക്തിപ്പെടുത്താനും കൂടുതൽ ഇടപെടൽ വേണമെന്ന്‌ പ്രതിനിധികൾ നിർദേശിച്ചു. ബിജെപി ഭരണത്തിൽ ഭരണഘടനയും മതനിരപേക്ഷതയും ജനാധിപത്യവും സ്വതന്ത്ര ജുഡീഷ്യറിയും അപകടത്തിലെന്ന കാര്യവും ചർച്ചയിൽ ഉയർന്നു.

ഹിജാബ്‌, ഹലാൽ പോലുള്ള പ്രശ്‌നങ്ങൾ സൃഷ്ടിച്ച്‌ ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളിൽനിന്നും ശ്രദ്ധ തിരിച്ചുവിടാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്‌. അതുകൊണ്ടുതന്നെ ജീവൽപ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന നിർദേശവും പ്രതിനിധികൾ മുന്നോട്ടുവച്ചു. കർഷകരുടെയും തൊഴിലാളികളുടെയും വിവിധങ്ങളായ പ്രശ്‌നങ്ങൾ ഏറ്റെടുത്തു നടന്ന മാതൃകയിലുള്ള പ്രക്ഷോഭങ്ങൾ ദേശീയ തലത്തിൽ വളർത്തിക്കൊണ്ടുവരണം. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ പോരാട്ടം സംഘടിപ്പിക്കണം. പ്രത്യേകിച്ച്‌ ദളിത്‌, സ്‌ത്രീ, ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ, ഭൂരഹിതർ, താമസിക്കാൻ സ്വന്തമായി വീടില്ലാത്തവർ എന്നീ വിഭാഗങ്ങൾക്കായി പ്രവർത്തിക്കണം. തൊഴിലില്ലായ്‌മയ്‌ക്കെതിരായ പ്രക്ഷോഭം ഉയർത്തണം. വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണത്തിനെതിരെ ഈ രംഗത്ത്‌ പ്രവർത്തിക്കുന്നവരെ ഏകോപിപ്പിച്ചുള്ള പോരാട്ടം നടത്തണം. സ്വതന്ത്ര ജുഡീഷ്യറിയെ തകർക്കുന്ന നിലപാടുകൾക്കെതിരെ അഭിഭാഷകരെയും സാമൂഹ്യപ്രവർത്തകരെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കണമെന്ന നിർദേശവും ഉയർന്നുവന്നു.

പ്രതിനിധികൾ പ്രമേയത്തിൻമേൽ 390 ഭേദഗതി അവതരിപ്പിച്ചു. എട്ടെണ്ണം അംഗീകരിച്ചു. 12 നിർദേശവും നൽകി. പൊളിറ്റ്‌ ബ്യൂറോ യോഗം ചേർന്ന്‌ ഇവ ചർച്ച ചെയ്‌തു. തുടർന്ന്‌ ജനറൽ സെക്രട്ടറി മറുപടി പറഞ്ഞു. പ്രമേയം സമ്മേളനം അംഗീകരിച്ചതോടെ പാർടിയുടെ അടുത്ത മൂന്നു വർഷത്തേക്കുള്ള രാഷ്‌ട്രീയ അടവുനയം നിലവിൽവന്നു. രാജ്യത്ത്‌ രൂക്ഷമായ തൊഴിലില്ലായ്‌മ പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന്‌ പാർടി കോൺഗ്രസ്‌ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏഴ്‌ പതിറ്റാണ്ടിലേറെയായി ജന്മനാടിനായി പൊരുതുന്ന പലസ്‌തീൻ ജനതക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും അംഗീകരിച്ചു. വൈകിട്ട്‌ പൊളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ രാഷ്‌ട്രീയ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഇതിൻമേലുള്ള ചർച്ച ശനിയാഴ്‌ച നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top