22 May Sunday

മതഭ്രാന്തിനെ തോൽപ്പിക്കാൻ ചെങ്കൊടി - കോടിയേരി 
ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 10, 2021

കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന സംഭവമാണ് പാർടി കോൺഗ്രസ്. 2022 ഏപ്രിലിൽ കണ്ണൂരിൽ ചേരുന്ന പാർടി കോൺഗ്രസിന് മുന്നോടിയായ സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌  ഡിസംബർ 10ന് തുടക്കം കുറിക്കുകയാണ്. സാധാരണയായി മൂന്ന്‌ വർഷത്തിലൊരിക്കലാണ് പാർടി കോൺഗ്രസ്. എന്നാൽ, ലോകത്തെ ഇപ്പോഴും അസ്വസ്ഥമാക്കുന്ന  കോവിഡ് മഹാമാരി കാരണമാണ് ഇക്കുറി നാലുവർഷത്തെ ഇടവേളയിൽ സമ്മേളനം ചേരുന്നത്.

പാർടിയുടെ നിലപാടും അടവും രൂപപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സംവിധാനമാണ് പാർടി കോൺഗ്രസ്. അതുകൊണ്ടുതന്നെ, ഒരു നിർദിഷ്ട കാലയളവിലെ പാർടിയുടെ നിലപാടിനെയും ദിശയെയും  പാർടി കോൺഗ്രസ്  നിർണയിക്കുന്നു. ആർഎസ്എസ് നയിക്കുന്ന ബിജെപിയുടെ,  നാടിന് ശാപമായ കേന്ദ്രഭരണത്തിന് അന്ത്യം കുറിക്കാൻ 2024ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ–-മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ കരുത്തു വർധിപ്പിക്കണം. അതിനിണങ്ങുന്ന അടവുകൾ സ്വീകരിക്കുന്നതാകും പാർടി കോൺഗ്രസിലെ രാഷ്ട്രീയപ്രമേയം. ജനുവരിയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി ഇത്‌ അംഗീകരിക്കും. പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയപ്രമേയം പാർടി ഘടകങ്ങളുടെയും അംഗങ്ങളുടെയും അഭിപ്രായത്തിനായി പ്രസിദ്ധീകരിക്കും.

പാർടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ചുമുതൽ സംസ്ഥാനതലംവരെയുള്ള സമ്മേളനങ്ങളും സുപ്രധാനമാണ്. ഇതിനകം സംസ്ഥാനത്തെ 35,179 ബ്രാഞ്ചുസമ്മേളനവും 2273 ലോക്കൽ സമ്മേളനവും നടന്നു. 209 ഏരിയ സമ്മേളനത്തിൽ കുറച്ചെണ്ണമൊഴികെ എല്ലാം പൂർത്തിയായി. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ഓരോ പ്രദേശത്തും നടന്ന പ്രവർത്തനങ്ങളും അതിന്റെ ഫലമായി പ്രസ്ഥാനത്തിനുണ്ടായ സ്വാധീനവും ഇതിനകം നടന്ന സമ്മേളനങ്ങളിൽ പൊതുവിൽ പരിശോധിച്ചിട്ടുണ്ട്. പുതിയ വിഭാഗങ്ങളിലേക്ക് പാർടിയുടെ സ്വാധീനം വർധിപ്പിക്കുക, വനിതകളുടെ പങ്കാളിത്തം കൂട്ടുക, എൽഡിഎഫ് സർക്കാരിനെ അധികാരത്തിലേറ്റാൻ വോട്ടുചെയ്ത ന്യൂനപക്ഷ–- ദളിത് വിഭാഗത്തിൽപ്പെട്ടവരെ പ്രത്യേകമായി പാർടിയുമായി കൂട്ടിയിണക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ എന്തെല്ലാം ചെയ്തെന്ന വിലയിരുത്തലും നടത്തിയിട്ടുണ്ട്. പാർടിയുടെ വിവിധ തലങ്ങളിലെ ഘടകങ്ങളെ ചലിപ്പിക്കാനും ജില്ലയിലെ ബഹുജനസ്വാധീനം വർധിപ്പിക്കാനും തെരഞ്ഞെടുപ്പിൽ പിന്നോട്ടടി ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണങ്ങളും ശത്രുചേരിയെ ദുർബലപ്പെടുത്തുന്നതിന് എത്രമാത്രം കഴിഞ്ഞു തുടങ്ങിയ സംഘടനാപരമായ പരിശോധനയാണ് ജില്ലാസമ്മേളനങ്ങളിൽ നടക്കുക. പാർടി അംഗങ്ങളെ മാർക്സിസം–-ലെനിനിസം പഠിപ്പിക്കുന്നതിനും പ്രത്യയശാസ്ത്രപരമായി ഉറച്ച ധാരണയുള്ളവരാക്കാനും നടത്തിയ പ്രവർത്തനങ്ങളെന്തെല്ലാം, ഇക്കാര്യത്തിൽ ദേശാഭിമാനി ഉൾപ്പെടെയുള്ള പാർടി പ്രസിദ്ധീകരണങ്ങളുടെ പ്രചാരം വർധിപ്പിക്കാൻ നടത്തിയ ഇടപെടലുകൾ വിജയം കണ്ടോ എന്നിത്യാദി കാര്യങ്ങളിലും വിലയിരുത്തൽ നടത്തും.


 

ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വർഷം പിന്നിട്ടിരിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75–-ാം വാർഷിക വേളയുമാണ്. ഈ ഘട്ടത്തിലാണ് എൽഡിഎഫ് നേതൃത്വത്തിലുള്ള  പിണറായി വിജയൻ നയിക്കുന്ന സർക്കാരിന് രണ്ടാമൂഴം ലഭിച്ചിരിക്കുന്നത്. ഇത് അത്യന്തം ആവേശകരമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കൂടുതൽ വളരാൻ കഴിഞ്ഞാൽ മാത്രമേ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും മതനിരപേക്ഷ വിശ്വാസികൾക്കും സമാധാനത്തോടെയും ഐശ്വര്യത്തോടെയും ജീവിക്കാൻ കഴിയുകയുള്ളൂ. എന്നാൽ, ഈ ഭരണത്തെ ദുർബലപ്പെടുത്താൻ മോദി സർക്കാരിന്റെ പിന്തുണയോടെ ബിജെപിയും വർഗീയശക്തികളും യുഡിഎഫും കൈകോർത്തിരിക്കുകയാണ്. ഈ അവിശുദ്ധ സഖ്യത്തെ തോൽപ്പിക്കണം. ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാൻ ഓരോ പാർടി അംഗത്തിനും ഓരോ പാർടി ഘടകത്തിനും ചുമതലയുണ്ട്. ഇക്കാര്യങ്ങൾ കാര്യക്ഷമമായി നിർവഹിക്കുന്നുണ്ടോയെന്ന വിലയിരുത്തൽ ജില്ലാസമ്മേളനങ്ങളിലുണ്ടാകും.

എൽഡിഎഫ് വിജയത്തിന് സാർവദേശീയമായിപ്പോലും പ്രാധാന്യമുണ്ട്. ഇടതുപക്ഷബദൽ നയത്തിനുള്ള അംഗീകാരമാണ് ഈ ചരിത്രവിജയം. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനമികവിനും വികസനക്ഷേമനയത്തിനുമുള്ള അംഗീകാരം ജനങ്ങൾ നൽകുകയായിരുന്നു. എൽഡിഎഫിന്റെയും സിപിഐ എമ്മിന്റെയും സംഘടനാമികവും വിജയത്തിന് പ്രധാനഘടകമാണ്. രണ്ട് തവണ തുടർച്ചയായി മത്സരിച്ചവരെ നിർത്തേണ്ടതില്ലെന്ന്  സംസ്ഥാനകമ്മിറ്റി തീരുമാനിച്ച പ്രകാരം 33 സിറ്റിങ്‌ എംഎൽഎമാരെ മത്സരരംഗത്തുനിന്ന് മാറ്റി. ആ സീറ്റുകളെല്ലാം എൽഡിഎഫ് നിലനിർത്തി. പാർലമെന്ററി പ്രവർത്തനമാണ് പരമപ്രധാനമെന്ന തെറ്റായ ചിന്തയിൽനിന്ന്‌ സഖാക്കളെ മോചിപ്പിക്കുന്നതിനുള്ള പാർടി വിദ്യാഭ്യാസ പരിപാടികൂടിയായിരുന്നു അത്. പാർലമെന്ററി വ്യാമോഹത്തിന് അടിപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചവരുത്തിയ സഖാക്കളെ തെറ്റുതിരുത്തൽ നടപടിക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിലൂടെ സിപിഐ എം  വ്യത്യസ്തതയുള്ള സംശുദ്ധ പാർടിയാണെന്ന് തെളിയിച്ചു.  

സംസ്ഥാനഭരണം നമുക്ക് ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതി സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മെക്കിട്ട്കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതിയാൽ അവർക്ക് സ്ഥാനം പാർടിക്ക് പുറത്താണ്. എൽഡിഎഫ് സർക്കാർ സിപിഎമ്മിന്റെമാത്രം സർക്കാരല്ല, എല്ലാവരുടെയും സർക്കാരാണ്. അതുകൊണ്ട്, എല്ലാവർക്കും നീതി എന്നതാണ് പാർടി കാഴ്ചപ്പാട്. സിപിഐ എം നേതാക്കളും പ്രവർത്തകരും, അവർ ഭരണത്തിലുള്ളവരാകട്ടെ ഇല്ലാത്തവരാകട്ടെ എല്ലാവരും തലക്കനമില്ലാതെ, ജനങ്ങളുടെ മുന്നിൽ ശിരസ്സുകുനിച്ച് മുന്നോട്ടുപോകണം. സംസ്ഥാനഭരണം അഴിമതിരഹിതമാക്കണമെന്ന ഉറച്ച നിശ്ചയത്തോടുകൂടിയാണ് മുഖ്യമന്ത്രി  പിണറായി വിജയന്റെ നേതൃത്വത്തിൽ ഓരോ ചുവടും മുന്നോട്ടുവയ്ക്കുന്നത്. ഇത് സംസ്ഥാനഭരണത്തിൽ മാത്രമല്ല, ഗ്രാമതല ഭരണത്തിലും സഹകരണ മേഖലയിലും നടപ്പാക്കേണ്ടതാണ്. ഇക്കാര്യത്തിൽ സൂക്ഷ്മമായ പരിശോധനയും ശ്രദ്ധയും എല്ലാ ഘടകത്തിനും ഉണ്ടാകണം.


 

സിപിഐ എമ്മിനെ തകർക്കാൻ പ്രവർത്തകരെയും നേതാക്കളെയും ഇല്ലായ്മ ചെയ്യുന്ന ശത്രുചേരിയുടെ അക്രമരാഷ്ട്രീയം തുടരുകയാണ്. ഏറ്റവും ഒടുവിൽ തിരുവല്ലയിലെ പെരിങ്ങരയിൽ പാർടി ലോക്കൽ സെക്രട്ടറിയായ സന്ദീപിനെ ബിജെപി ആർഎസ്എസ് അക്രമി സംഘം അരുംകൊല ചെയ്തു. കൊല നടത്തി പാർടിയെ ഇല്ലാതാക്കാമെന്ന് ആരും കരുതരുത്. കൊലയ്ക്ക് പകരം കൊലയെന്നത് സിപിഐ എമ്മിന്റെ നയമല്ല. ആർഎസ്എസിന്റെ അക്രമരാഷ്ട്രീയത്തെ ജനാധിപത്യപരമായും സമാധാനപരമായും ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കണം. പാർടി സംസ്ഥാനസമ്മേളനം മാർച്ച് ഒന്നുമുതൽ നാലുവരെ എറണാകുളത്താണ്. 2018 ഫെബ്രുവരിയിൽ തൃശൂരിൽ സംസ്ഥാന സമ്മേളനം ചേരുമ്പോൾ പല പ്രചാരണങ്ങളും പാർടിക്കെതിരെ അഴിച്ചുവിട്ടിരുന്നു. ഇത്തവണയും ഉണ്ടാകും.  ബൂർഷ്വാ മാധ്യമങ്ങൾ എഴുതിവിടുന്നതിനൊത്ത് തുള്ളുന്നതല്ല സിപിഐ എം സമ്മേളനങ്ങൾ.

വിഭാഗീയതയുടെ വിപത്ത് പിഴുതെറിയാൻ സമ്പൂർണമായി പാർടിക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ, മുൻകാലത്തെപ്പോലെ വിഭാഗീയതയുടെ ഭാഗമായുള്ള മത്സരങ്ങളോ വോട്ടെടുപ്പോ സംസ്ഥാനത്ത്  പൊതുവിൽ ഉണ്ടായിട്ടില്ല. പാർടി കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും സമ്മേളനപ്രതിനിധികളുടെയും തെരഞ്ഞെടുപ്പിനെ പാർടി വിലക്കിയിട്ടില്ല. ജനാധിപത്യപരമായി വോട്ടെടുപ്പ്‌ നടക്കുന്നതിനെ നിരോധിച്ചിട്ടുമില്ല. അതായത്, കോൺഗ്രസിനെയും ബിജെപിയെയും മുസ്ലിംലീഗിനെയുംപോലെ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പ്രസ്ഥാനമല്ല സിപിഐ എം. വിഭാഗീയ പ്രവർത്തനമോ ഗ്രൂപ്പിസമോ പാർടി അംഗീകരിക്കുകയില്ല.

കർഷകരുടെ ഒരു വർഷംനീണ്ട മഹത്തായ പ്രക്ഷോഭം വിജയംകണ്ട വേളയിലാണ് സിപിഐ എം ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്. കർഷകസമരത്തിൽ മോദി ഭരണം മുട്ടുകുത്തിയെങ്കിലും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ആർഎസ്‌എസിന്റെയും ബിജെപിയുടെയും അക്രമാസക്തമായ നടപടികൾക്ക് കുറവില്ല. രാജ്യത്ത് മതനിരപേക്ഷതയുടെ തുരുത്തായ കേരളത്തെപ്പോലും മതഭ്രാന്തിലേക്ക് തള്ളിവിടാൻ ഒരു ഭാഗത്ത് സംഘപരിവാർ കൊണ്ടുപിടിച്ച പരിശ്രമം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് പള്ളി പൂട്ടിക്കുമെന്നും ഹലാൽ ഭക്ഷണം അനുവദിക്കില്ലെന്നുമുള്ള സംഘപരിവാറിന്റെ തീട്ടൂരം. ഇത്തരം വർഗീയഭ്രാന്തിനെ മതനിരപേക്ഷതയുടെ ഉറച്ച അടിത്തറയിൽനിന്നുകൊണ്ടുവേണം നേരിടാൻ. ഹിന്ദുരാഷ്ട്രമെന്ന മുദ്രാവാക്യത്തിന് പകരം ജമാഅത്തെ ഇസ്ലാമി മുഴക്കുന്ന ഇസ്ലാംരാഷ്ട്രം എന്നതാകരുത് മറുപടി. വർഗീയശക്തികളെ നിലയ്ക്കുനിർത്താൻ രാഷ്ട്രീയ ഭരണനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷസന്ദേശത്തിലൂടെ ജനങ്ങളുടെ യോജിപ്പ് വളർത്തി വർഗീയവിപത്തിനെ തടയാൻ എൽഡിഎഫ് സർക്കാരും സിപിഐ എമ്മും മുന്നിൽനിന്ന് പ്രവർത്തിക്കും. ഈ ദിശയിലേക്കുള്ള പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതുകൂടിയാകും സിപിഐ എമ്മിന്റെ സമ്മേളനങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top