29 March Friday

പാർലമെന്ററി ജനാധിപത്യം ഭീഷണിയിൽ - എളമരം കരീം എഴുതുന്നു

എളമരം കരീംUpdated: Tuesday Aug 24, 2021

പാർലമെന്റിന്റെ വർഷകാല സമ്മേളനം മോദി സർക്കാർ പ്രഹസനമാക്കി മാറ്റി. സഭാ ചട്ടങ്ങളും കീഴ്‌‌വഴക്കങ്ങളും കാറ്റിൽപ്പറത്തി. പ്രതിപക്ഷം ഉന്നയിച്ച ഒരുകാര്യംപോലും അംഗീകരിക്കാൻ സർക്കാർ സന്നദ്ധമായില്ല. ഇരുസഭയിലും തങ്ങൾക്ക് ഭൂരിപക്ഷമുണ്ട്‌ എന്നതിനാൽ പ്രതിപക്ഷത്തെ ഗൗനിക്കേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പാർലമെന്ററി ജനാധിപത്യവ്യവസ്ഥയുടെ തത്ത്വങ്ങളുടെ നഗ്നമായ ലംഘനമാണ്‌ ഉണ്ടായത്‌.

സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി കാര്യോപദേശസമിതിയിൽ പ്രതിപക്ഷ പാർടികൾ രണ്ട് പ്രധാന കാര്യം ഉന്നയിച്ചു. ഒന്ന് ദേശീയ പ്രാധാന്യമുള്ള മൂന്ന് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ അവസരമുണ്ടാകണം. പൗരന്മാരുടെ രഹസ്യങ്ങൾ ചോർത്തിയ പെഗാസസ് ചാര സോഫ്റ്റ്‌വെയർ പ്രശ്നം; മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കൽ; വിലക്കയറ്റം,- തൊഴിലില്ലായ്മ, സാമ്പത്തികത്തകർച്ച എന്നിവ ചർച്ച ചെയ്യാനായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. ആദ്യ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായില്ല. സർക്കാർ പ്രതിനിധികൾ പ്രതിപക്ഷ നേതാക്കളുമായി കൂടിയാലോചിച്ച് ധാരണയിൽ എത്തണമെന്ന് രാജ്യസഭാ ചെയർമാൻ നിർദേശിച്ചു. ലോക്‌സഭാ സ്പീക്കറും ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, സമ്മേളനം അവസാനിക്കുന്നതുവരെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാൻ സർക്കാർ സന്നദ്ധമായില്ല.

ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ച ബില്ലുകളിൽ ചിലത് അതീവ പ്രാധാന്യമുള്ളതായിരുന്നു. ഓർഡനൻസ് ഫാക്ടറികളിലെ പണിമുടക്ക് നിരോധിക്കൽ, വൈദ്യുതിനിയമ ഭേദഗതി, ജിഐസി നിയമഭേദഗതി, ഇൻസോൾവൻസി ആൻഡ്‌ ബാങ്ക്റപ്റ്റ്സി കോഡ് ഭേദഗതി ബിൽ എന്നിവ രാജ്യതാൽപ്പര്യത്തിന്‌ എതിരായിരുന്നു. അവ നാലും പാർലമെന്റ് സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ പരിശോധനയ്‌ക്ക് വിടണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഒരു കൂടിയാലോചനയും നടത്താതെ നാല് ബില്ലും സഭയിൽ അവതരിപ്പിച്ച് നേരിട്ട് പാസാക്കാനാണ് സർക്കാർ മുതിർന്നത്. പാർലമെന്റ് നടപടികൾ ബഹളത്തിൽ കലാശിച്ചത് സർക്കാരിന്റെ ദുശ്ശാഠ്യത്തിന്റെ ഫലമായിട്ടാണ്. കോവിഡ്, ഒബിസി സംവരണ ഭരണഘടനാ ഭേദഗതി ബിൽ എന്നിവകളിൽ സർക്കാരുമായി സഹകരിച്ച് ചർച്ച ചെയ്യാനും ഭരണഘടനാ ഭേദഗതി ബിൽ ഏകകണ്ഠമായി പാസാക്കാനും പ്രതിപക്ഷം സഹകരിച്ചു. പ്രതിപക്ഷം സഭയിൽ പ്രതിഷേധമുയർത്തുക മാത്രമല്ല ചെയ്തത്.

41 ഓർഡനൻസ് ഫാക്ടറികളിൽ ജോലി ചെയ്യുന്നത് സിവിലിയൻ തൊഴിലാളികളാണ്. ഈ ഫാക്ടറികൾ ഏഴ്‌ കോർപറേഷനാക്കി മാറ്റി കുത്തകകൾക്ക് വിൽക്കലാണ് സർക്കാരിന്റെ ലക്ഷ്യം. അതിനെതിരെ ജൂലൈ 26 മുതൽ ജീവനക്കാർ ഒറ്റക്കെട്ടായി പണിമുടക്കാൻ തീരുമാനിച്ചു. ഈ പണിമുടക്ക് നിരോധിച്ചുകൊണ്ട് സർക്കാർ ഓർഡിനൻസ്‌ ഇറക്കി. പ്രസ്തുത ഓർഡിനൻസ് നിയമമാക്കാനുള്ളതായിരുന്നു ഒരു ബിൽ. തൊഴിലാളികളുടെ കൂട്ടായ വിലപേശലിനുള്ള അവകാശം ഇല്ലാതാക്കുന്നതും ഐഎൽഒ പ്രമാണങ്ങൾക്ക്‌ എതിരായതുമായ ഒരു നിയമം പരിശോധനയൊന്നും കൂടാതെ ഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കാൻ സർക്കാർ ധൃതികാണിച്ചു.


 

കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ അടിയറവച്ച മൂന്ന്‌ കാർഷികനിയമം 2020ൽ പാർലമെന്റ് പാസാക്കിയതും പ്രതിപക്ഷത്തിന്റെ കൂട്ടായ എതിർപ്പുകളെ മാനിക്കാതെയാണ്. ഈ ബില്ലുകൾ സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ പരിശോധനയ്‌ക്ക് വിടാൻ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതൊന്നും അംഗീകരിക്കാതെ ഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന് എട്ട്‌ പാർലമെന്റംഗങ്ങളെ രാജ്യസഭയിൽ സസ്‌‌പെൻഡ്‌ ചെയ്തു. ജനാധിപത്യവിരുദ്ധമായ നിലയിൽ പാസാക്കിയ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട് കർഷകർ ഒമ്പതു മാസമായി പ്രക്ഷോഭം നടത്തുകയാണ്. വൈദ്യുതിവിതരണം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കാനുള്ളതാണ് മറ്റൊരു നിയമനിർമാണം. ഈ ബില്ലിനെ കർഷകസംഘടനകളും ശക്തമായി എതിർത്തുവരികയാണ്. ഈ നിയമ നിർമാണം ഉപേക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് രാജ്യത്തെ വൈദ്യുതി ബോർഡുകളിലെ ജീവനക്കാർ ഒറ്റക്കെട്ടായി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഈ സമ്മർദത്തിന്റെ ഫലമായി വൈദ്യുതി ഭേദഗതി ബിൽ കഴിഞ്ഞ സമ്മേളനത്തിൽ അവതരിപ്പിച്ചില്ല.

ബാങ്കുകളിലെ കിട്ടാക്കടം പിരിച്ചെടുക്കാനുള്ള നടപടികൾ ഊർജിതമാക്കാൻ വേണ്ടിയാണ് 2016ൽ ഇൻസോൾവൻസി ആൻഡ്‌ ബാങ്ക്റപ്റ്റ്സി കോഡ് പാർലമെന്റ് പാസാക്കിയത്. ഈ നിയമം നിലവിൽ വന്നിട്ടും 2016 മുതൽ 2020 വരെ കിട്ടാക്കട കേസുകൾ 221 എണ്ണമുണ്ടായതിൽ തീർപ്പായത് 44 ശതമാനത്തിൽ മാത്രമാണ്. 2020 മെയിൽ ധന മന്ത്രി പറഞ്ഞത് കിട്ടാക്കടമായിരുന്ന 4.13 ലക്ഷം കോടി രൂപയിൽ പിരിഞ്ഞുകിട്ടിയത് 1.84 ലക്ഷം കോടി മാത്രമെന്നാണ്‌. 2.29 ലക്ഷം കോടി എഴുതിത്തള്ളി. ഇതിനുപുറമെ വെളിപ്പെട്ട മറ്റൊരു വസ്തുത 5.01 ലക്ഷം കോടിയുടെ 13,566 കേസുകൾ പിൻവലിച്ചു എന്നാണ്. കോർപറേറ്റുകളോട് സർക്കാർ കാണിക്കുന്ന ഉദാരത ഇതിൽനിന്ന് വ്യക്തമാണ്. നിലവിലുണ്ടായിരുന്ന നിയമം കോർപറേറ്റുകൾക്ക്‌ അനുകൂലമായി ഭേദഗതി ചെയ്യാനുള്ള ബില്ലായിരുന്നു കൊണ്ടുവന്നത്. ഇത് സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം അംഗീകരിച്ചില്ല.

പൊതുമേഖലയിലെ ജനറൽ ഇൻഷുറൻസ് കോർപറേഷനെ സ്വകാര്യവൽക്കരിക്കുന്ന ബില്ലായിരുന്നു സുപ്രധാനമായ മറ്റൊന്ന്‌. രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളാണ് എൽഐസിയും ജിഐസിയും. ഇതിൽ ജിഐസിയെ കോർപറേറ്റുകളെ ഏൽപ്പിക്കുകയാണ്. രാഷ്ട്ര താൽപ്പര്യത്തിന് അത്യന്തം അപകടകരമായ മേൽപ്പറഞ്ഞ നിയമനിർമാണങ്ങളെയാണ് പാർലമെന്റിൽ പ്രതിപക്ഷം എതിർത്തത്. ജനാധിപത്യമര്യാദ മാനിക്കാതെ നിയമനിർമാണം നടത്തുന്ന രീതി അംഗീകരിക്കാനാകില്ല. യുപിഎ കാലത്ത് 70 ശതമാനം ബില്ലും പാർലമെന്റ് സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ പരിശോധനയ്‌ക്കുശേഷമാണ് പാസാക്കിയത്. മോദിസർക്കാരിന്റെ കാലത്ത് 10 ശതമാനം ബിൽ മാത്രമേ സ്റ്റാൻഡിങ്‌ കമ്മിറ്റിക്ക് വിട്ടുള്ളൂ. ജനാധിപത്യത്തോട് ബിജെപിയുടെ അസഹിഷ്ണുതയാണ് നാം കാണുന്നത്.

സർക്കാരിന്റെ ഈ നടപടികളെ എതിർത്ത് പ്രതിഷേധിച്ച 13 പ്രതിപക്ഷ എംപിമാരെ (സിപിഐ എം അംഗം എ എം ആരിഫ് ഉൾപ്പെടെ) ലോക്‌സഭാ സ്പീക്കർ താക്കീതുചെയ്തു. അതിനെയൊന്നും വകവയ്‌ക്കാതെ പ്രതിപക്ഷം ശബ്ദമുയർത്തി. രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ സഭാനടപടികൾ തടസ്സപ്പെട്ടു. പ്രതിഷേധം വകവയ്‌ക്കാതെ ബില്ലുകൾ പാസാക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സർക്കാർ കാര്യങ്ങൾ നടത്തിക്കൊടുക്കുക എന്നല്ലാതെ പാർലമെന്റിന്റെ അന്തസ്സുയർത്തിപ്പിടിക്കാൻ സഭാ ചെയർമാനും ഡെപ്യൂട്ടി ചെയർമാനും സന്നദ്ധമായില്ല.

രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തി കർഷകരും തൊഴിലാളികളും രാജ്യമാകെ സമരം നടത്തുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് പാർലമെന്റിൽ ഉണ്ടായത്. ജനങ്ങളോടുള്ള ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണത്. കോർപറേറ്റുകൾക്ക് രാജ്യത്തിന്റെ വിലപ്പെട്ട സമ്പത്ത് തീറെഴുതിക്കൊടുക്കുകയും പ്രസ്തുത നടപടിയെ എതിർത്ത് സമരം നടത്തുന്ന തൊഴിലാളികളെയും കർഷകരെയും അടിച്ചമർത്തുകയും ചെയ്യുന്ന നയങ്ങൾക്കെതിരെ പാർലമെന്റിന്റെ ‘മഹത്വം' പറഞ്ഞ് നിശ്ശബ്ദരായി ഇരിക്കണമെന്ന വാദം ആരുയർത്തിയാലും സ്വീകരിക്കാനാകില്ല.

പാർലമെന്ററി സഹമന്ത്രി നടത്തിയ വിലകുറഞ്ഞ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. പ്രതിഷേധമുയർത്തിയത് 14 പ്രതിപക്ഷ പാർടി ഒന്നിച്ചാണ്. 2019 ൽ എൻഡിഎക്ക് ആകെ ലഭിച്ച വോട്ട് 36 ശതമാനമാണ്. 60 ശതമാനത്തിലധികം വോട്ട് ലഭിച്ചവരാണ് പ്രതിപക്ഷത്തുള്ളവർ. 14 പാർടി നടത്തിയ പ്രതിഷേധത്തെ ഇടതുപക്ഷത്തെ മാത്രം കുറ്റപ്പെടുത്തിയ മലയാളിയായ സഹമന്ത്രിയുടെ പ്രസ്താവന അൽപ്പത്തമാണ്. ഇരുസഭയിലും പ്രതിപക്ഷ പ്രതിഷേധങ്ങളിൽ എല്ലാ പ്രതിപക്ഷ പാർടികളുടെ അംഗങ്ങളും പങ്കെടുത്തതാണ്. ന്നാൽ, ബിജെപി നേതാവായ മന്ത്രി ഇടതുപക്ഷ പാർടി അംഗങ്ങളെ മാത്രമേ കണ്ടുള്ളൂവെന്നത് അദ്ദേഹത്തിന്റെ സങ്കുചിതമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്. രാജ്യസഭയിൽ പ്രതിപക്ഷത്തെ കൈകാര്യം ചെയ്യാൻ അണിനിരത്തിയ സുരക്ഷാസേനയിൽ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നു. വനിതകൾ ഉൾപ്പെടെ ഏതാനും പാർലമെന്റംഗങ്ങൾക്കു നേരെ സുരക്ഷാഭടന്മാരുടെ കൈക്കരുത്ത് കാണിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ എംപിമാർ കത്തുനൽകിയിട്ടുണ്ട്. നമ്മുടെ ജനാധിപത്യം അപകടത്തിലേക്കാണോ പോകുന്നതെന്ന ആശങ്ക എല്ലാവരിലും ഉയർന്നുവരുന്നുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top