09 December Saturday

മറനീക്കുന്ന ഏകാധിപത്യം - അഡ്വ. എ എം ആരിഫ് 
എംപി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 23, 2023

ജൂലൈ 20 ന് ആരംഭിച്ച് ഈ മാസം 11 ന് അവസാനിച്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം, അവശേഷിക്കുന്ന രാഷ്ട്ര വിഭവങ്ങൾ കൂടി കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള അവസരമായാണ്‌ ഭരണപക്ഷം ഉപയോഗപ്പെടുത്തിയത്‌. ഇതിനെതിരെ ഉയരുന്ന  പ്രതിഷേധത്തെ വർഗീയത പടർത്തി പ്രതിരോധിക്കാനാണ്‌ ബിജെപിയുടെ തീരുമാനമെന്നും സഭാ സമ്മേളനത്തിൽ വെളിപ്പെട്ടു.

മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് പാർലമെന്റിൽ പ്രതികരിക്കണമെന്നായിരുന്നു തുടക്കംമുതൽ പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ഒന്നാകെ ആവശ്യപ്പെട്ടത്‌.  ‘പ്രധാനമന്ത്രി സദൻ മേം ആവോ’ എന്ന മുദ്രാവാക്യം വിളിക്കുമ്പോൾ തന്റെ  ക്യാബിനിലും ബിജെപി ഓഫീസിലും എത്തി അൻപത് വീതം എംപിമാരെ വിളിച്ചുവരുത്തി 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ  തന്ത്രങ്ങൾ ചർച്ചചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മണിപ്പുരിലെ സംഭവങ്ങൾ കൂടുതൽ വഷളാക്കാൻ ഇന്ധനം നിറയ്ക്കുന്ന അമിത് ഷായോ പ്രതിരോധ മന്ത്രിയോ മണിപ്പുർ വിഷയത്തിൽ വേണമെങ്കിൽ പ്രതികരിക്കാം, പ്രധാനമന്ത്രി മറുപടി പറയുന്ന പ്രശ്നമില്ല എന്ന ദുശ്ശാഠ്യമായിരുന്നു തുടക്കംമുതൽ. ഇതിനിടയിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്നതും അവരെ ബലാത്സംഗം ചെയ്‌തതുമെല്ലാം  സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത പരന്നപ്പോൾ ‘‘ ദേഷ്യം, ലജ്ജ” എന്നൊക്കെ പാർലമെന്റിന് വെളിയിൽ മോദി പറഞ്ഞതിനെ മുതലക്കണ്ണീർ എന്നാണ്‌ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്‌. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയോടാണ് പലരും മോദിയെ ഉപമിച്ചത്. എന്ത് തന്നെ സംഭവിച്ചാലും പ്രധാനമന്ത്രി പാർലമെന്റിൽ വരികയോ മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച അനുവദിക്കുകയോ ചെയ്യില്ല എന്ന സ്ഥിതി വന്നപ്പോൾ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് തീരുമാനിച്ചു. അതിന് മറുപടി പറയാനെങ്കിലും പ്രധാനമന്ത്രി വന്നേ പറ്റൂ. അങ്ങനെ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രിയെ സഭയിൽ വരുത്താൻ  പ്രതിപക്ഷം ഒറ്റക്കെട്ടായി അവിശ്വാസ പ്രമേയം അവതരിപ്പിച്ചു.

അവിശ്വാസം അവതരിപ്പിക്കാൻ തീരുമാനിച്ചാൽ കഴിയുംവേഗം അത് ചർച്ച ചെയ്ത് തള്ളുകയോ കൊള്ളുകയോ ചെയ്യുക എന്ന ജനാധിപത്യ മര്യാദയ്ക്ക് പുല്ലുവില  കൽപ്പിക്കാതെ  ചർച്ച ആഗസ്‌ത്‌ 8,9 തീയതികളിലേക്കും  മറുപടി ആഗസ്‌ത്‌ 10 ലേക്കും നീട്ടുകയായിരുന്നു. അവിശ്വാസ പ്രമേയ ചർച്ച തീരുമാനിച്ചുകഴിഞ്ഞാൽ   നയപരമായ തീരുമാനങ്ങളിലേക്ക് നയിക്കുന്ന ഒന്നുംതന്നെ പാർലമെന്റിൽ ചർച്ചയ്ക്കെടുക്കുവാൻ പാടില്ല എന്നാണ് സഭാ നടപടികളുടെ കീഴ്വഴക്കം. പ്രമാണിക രേഖകൾ ഉയർത്തി പ്രതിപക്ഷം ഇത് സ്പീക്കറോടും ഭരണകക്ഷിയോടും പറഞ്ഞിട്ടും അതെല്ലാം കാറ്റിൽപ്പറത്തുകയായിരുന്നു. രാജ്യത്തിന്റെ സമ്പദ്‌ഘടനയിലും ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന   17 ബില്ലുകൾ ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെ ഒരു ചർച്ചയുമില്ലാതെ ഭരണകക്ഷിയുടെ ഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കി.

ഡൽഹി സംസ്ഥാന ഭരണത്തിന്   ജീവനക്കാരുടെ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാനും നിയന്ത്രിക്കാനും അധികാരം ഉണ്ടെന്ന് സുപ്രീംകോടതി വിധി വന്ന് ഒരാഴ്ച കഴിയുംമുൻപ് ഈ വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 123 ഉപയോഗിച്ച് അത്യസാധാരണ സാഹചര്യങ്ങളിൽ മാത്രമേ രാഷ്‌ട്രപതി മുഖേന നിയമം നിർമിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാവൂ എന്ന് പലവട്ടം സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്‌.  ഇതൊക്കെ  മറികടന്നുള്ള ഓർഡിനൻസ് നിയമമാക്കാൻ കൊണ്ടുവന്ന ബില്ലിൻമേൽ ചർച്ച വേണമെന്നും ബിജെപിയുടെ അമിതാധികാര പ്രവണത തുറന്ന് കാട്ടണമെന്നും പ്രതിപക്ഷം  തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ദി ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (അമെൻഡ്മെന്റ് 2023) ബില്ലിന്മേൽ ഗൗരവമേറിയ ചർച്ചയാണ് പാർലമെന്റിൽ നടന്നത്. ഡൽഹിയിലെ നാല് മുനിസിപ്പൽ കോർപറേഷനുകൾ ഒന്നാക്കി. അവിടെ അധികാരം പിടിക്കാൻ  ബിജെപിക്ക്‌ കഴിഞ്ഞിരുന്നില്ല. ആം ആദ്മി പാർടി ജയിച്ചുകഴിഞ്ഞപ്പോൾ സ്വതന്ത്രമായി മേയറെ തെരഞ്ഞെടുക്കുവാൻ അനുവദിച്ചില്ല. അവസാനം കോടതി ഇടപെട്ടാണ് മേയർ തെരഞ്ഞെടുപ്പ് നടന്നത്.  ഇതെല്ലാം പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിനെ നോക്കുകുത്തിയാക്കി  ലെഫ്‌റ്റനന്റ് ഗവർണറെ ഉപയോഗിച്ച് ജനഹിതം അട്ടിമറിക്കുന്നത്‌ തുറന്നുകാട്ടാനും  പ്രതിപക്ഷത്തിന്‌ കഴിഞ്ഞു. 


 

സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളിൽ ബിജെപിക്ക്‌ നുഴഞ്ഞുകയറാനുള്ള ലക്ഷ്യത്തോടെ തയ്യാറാക്കിയ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (അമെൻഡ്മെന്റ്) ബിൽ കൊണ്ടുവന്നതും ഈ സമ്മേളനത്തിലായിരുന്നു. കാടും വനവിഭവങ്ങളും ആദിവാസികൾക്ക് അവകാശപ്പെട്ടതാണ്‌.  കാടിന്റെ ആവാസവ്യവസ്ഥ സംരക്ഷിച്ചുവേണം വികസനം നടപ്പാക്കാൻ.  ഇതു സംബന്ധിച്ച  നിയമങ്ങളെ അട്ടിമറിച്ച് വികസന ആവശ്യങ്ങൾക്കെന്ന പേരിൽ കോർപറേറ്റുകൾക്കടക്കം കാടുകൈയേറാൻ അവസരം ഒരുക്കുന്ന ദി ഫോറസ്റ്റ് കൺസർവേഷൻ (അമെൻഡ്മെന്റ് ബിൽ –-2023), വനവിഭവങ്ങളിലെ ഔഷധ സസ്യവിഭവങ്ങൾ കോർപറേറ്റുകൾക്ക്‌ ഏറ്റെടുക്കുവാൻ അനുവദിക്കുന്ന ബയോളജിക്കൽ ഡൈവേഴ്സിറ്റി (അമെന്റ്മെന്റ് ബിൽ 2023), പൗരാവകാശവും വിവരാവകാശവും അടക്കമുള്ള നിയമത്തിന് മാറ്റം വരുത്തിയുള്ള ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ (അമെൻഡ്മെന്റ് ബിൽ–- 2023) തുടങ്ങി 17 ബിൽ അപ്പം ചുട്ടെടുക്കുന്നതുപോലെ ഭരണക്കാർ പാസാക്കിയെടുത്തു.
ഇതിനിടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിധികൾക്ക് സ്റ്റേ അനുവദിച്ച്‌ സുപ്രീംകോടതി വിധി വന്നു.  ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത നീക്കിയ വിധി വന്ന്‌ മാസങ്ങൾ കഴിഞ്ഞിട്ടും അയോഗ്യത നീക്കാതിരുന്നതുപോലെ രാഹുൽ ഗാന്ധിയെയും സഭയിൽ  പ്രവേശിപ്പിക്കാതിരിക്കാൻ  തന്ത്രങ്ങൾ മെനഞ്ഞെങ്കിലും പ്രതിഷേധം ശക്തമാകുമെന്ന് കണ്ട് അത്‌ ഉപേക്ഷിച്ചു.

അവിശ്വാസ പ്രമേയ ചർച്ച ആരംഭിച്ച ദിവസമൊന്നും   പ്രധാനമന്ത്രി സഭയിൽ വരാൻ കൂട്ടാക്കിയില്ല.  കോൺഗ്രസിലാകട്ടെ രാഹുൽ ഗാന്ധിയാണോ അതോ പ്രമേയ അവതാരകൻ ഗൗരവ് ഗൊഗോയ് ആണോ ആദ്യം സംസാരിക്കേണ്ടതെന്ന തർക്കവും പ്രകടമായിരുന്നു. ഗൗരവ് ഗൊഗോയ് മണിപ്പുർ സംഭവങ്ങൾ വിശദീകരിച്ചു എങ്കിലും ശക്തി പോരായിരുന്നുവെന്ന്‌  അംഗങ്ങൾക്കിടയിൽ സംസാരം ഉണ്ടായി. പിന്നീട് സഭയിൽ സംസാരിച്ച പ്രതിപക്ഷ അംഗങ്ങൾ  ബിജെപിയുടെ തനിനിറം വെളിച്ചത്തുകൊണ്ടുവന്നു. മണിപ്പുരിനു പുറമെ ഹരിയാനയിലും   വർഗീയ കലാപം പടർത്തുന്നതും  ജ്ഞാൻവ്യാപി പള്ളിയിൽ പരിശോധന നടത്താൻ   ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയതും ഏക സിവിൽ കോഡുമെല്ലാം പ്രതിപക്ഷം ഉന്നയിച്ചു. മണിപ്പുർ വിഷയത്തിൽ  സുപ്രീംകോടതിയുടെ ശക്‌തമായ ഇടപെടൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി.  നാണവും മാനവും അവശേഷിക്കുന്നുവെങ്കിൽ പ്രധാനമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷം മിണ്ടാതിരുന്നില്ലെങ്കിൽ ഇഡി നിങ്ങളുടെ വീടുകളിലെത്തുമെന്ന് മീനാക്ഷി ലേഖി പറഞ്ഞതിനെതിരെ സഭയിൽ വലിയ  പ്രതിഷേധമുയർന്നു.  

‘ഇന്ത്യ’യെന്ന പ്രതിപക്ഷമുന്നണിയെ  പ്രധാനമന്ത്രി ഈസ്റ്റ് ഇന്ത്യ കമ്പനിയുമായും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായും  താരതമ്യം ചെയ്‌തത്‌ വിഭജന രാഷ്ട്രീയമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മേക്ക് ഇൻ ഇന്ത്യ, സ്റ്റാൻഡപ്‌ ഇന്ത്യ, സ്റ്റാർട്ടപ് ഇന്ത്യ എന്ന മോദിയുടെ മുദ്രാവാക്യങ്ങൾ ഇപ്പോൾ മറന്നതിനുകാരണം അതിൽ ഇന്ത്യയുള്ളത് കൊണ്ടാണ്. ‘മേയ്ക്ക് ഇൻ ഇന്ത്യ’ എന്നത് രണ്ട് ബഡാഭായിമാരായ അദാനിയെയും അംബാനിയെയും ഏൽപ്പിച്ചുകഴിഞ്ഞു. ഇപ്പോൾ മോദി പറയുന്നത്‌ ‘ക്വിറ്റ് ഇന്ത്യ' എന്ന മുദ്രാവാക്യത്തിന്റെ അർഥം അറിയില്ലെന്നാണ്‌.  ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിന് എതിരായിരുന്നതുകൊണ്ട് മോദിക്ക്‌ അതിന്റെ അർഥം അറിയില്ല എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് അവിശ്വാസം പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യയിലെ  ജനങ്ങളുടെ ഭൂരിപക്ഷം ഉപയോഗിച്ച് സർക്കാരിനെ മാറ്റുന്നതിനുള്ള യഥാർഥ അവിശ്വാസം അടുത്ത തെരഞ്ഞെടുപ്പിൽ  വിജയിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. അവസാനം അവിശ്വാസ പ്രമേയത്തിന്‌ മോദി രണ്ടര മണിക്കൂർ മറുപടി പറഞ്ഞെങ്കിലും അതുമുഴുവൻ  പ്രതിപക്ഷത്തിനെതിരായ കടന്നാക്രമണമായിരുന്നു. മോദിയെ സഭയിലെത്തിക്കാൻ തന്നെയായിരുന്നു അവിശ്വാസ പ്രമേയത്തിലൂടെ  പ്രതിപക്ഷം ലക്ഷ്യമിട്ടത്‌. 90 മിനിറ്റ് പ്രസംഗം കഴിഞ്ഞിട്ടും  പ്രധാനമന്ത്രി മണിപ്പുരിനെ കുറിച്ച് ഒരക്ഷരം -മിണ്ടാതിരുന്നതിനാൽ പ്രതിപക്ഷം വാക്കൗട്ട് നടത്തുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top