29 March Friday

അമൂല്യ
സംഗീതത്തിന്റെ പൊന്നമ്മാൾ - വി ജയിൻ എഴുതുന്നു

വി ജയിൻUpdated: Wednesday Jun 23, 2021

96–--ാം വയസ്സിലായിരുന്നു പാറശാല ബി പൊന്നമ്മാളിന്റെ അവസാന സംഗീതക്കച്ചേരി. 2019 ഒക്ടോബർ ആറിന് തിരുവനന്തപുരം കോട്ടയ്ക്കകത്തെ നവരാത്രി മണ്ഡപത്തിൽ. നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ വനിത പൊന്നമ്മാൾ ടീച്ചർ ആയിരുന്നു. 2019 ജൂലൈ 30ന് ദൂരദർശന്റെ ദേശീയ സംഗീതപരിപാടിക്കുവേണ്ടിയും കച്ചേരി നടത്തി. 2019 ആഗസ്ത്‌ 17ന് കച്ചേരി ദൂരദർശന്റെ ദേശീയ ശൃംഖലയിൽ സംപ്രേഷണം ചെയ്തു. കോവിഡ് ലോക്ഡൗൺ ആയതോടെ സജീവമായ ആ സംഗീതജീവിതത്തിന്‌ അർധവിരാമമായി. സംഗീതക്കച്ചേരികളില്ലാത്ത രണ്ടുവർഷം തികയുംമുമ്പ് അവർ യാത്രയാകുകയും ചെയ്തു.

തൊണ്ണൂറ് വയസ്സിനുശേഷവും കേരളത്തിനകത്തും പുറത്തും നിരവധി സംഗീത കച്ചേരികളുണ്ടായിരുന്നു. "ഇനിയും ഈ വയസ്സുകാലത്ത് എന്തിനാ പാടുന്നത്? എന്നൊക്കെ അവർ പറയുമായിരുന്നു. "ടീച്ചർക്കല്ല, ഞങ്ങൾക്കാണ് വയസ്സായത്, ടീച്ചർ ഇനിയും പാടണം' എന്ന് ശിഷ്യർ പറയുമ്പോൾ തുറന്നു ചിരിക്കും. സംഗീതത്തിന്റെ പരിശുദ്ധി ജീവിതത്തിലും പകർത്താൻ പൊന്നമ്മാളിന്‌ കഴിഞ്ഞു. നിരവധി ഒന്നാം സ്ഥാനത്തിന്റെ ഉടമയായ അവർ സംഗീതജ്ഞാനത്തിന്റെ കാര്യത്തിലും കേരളത്തിലെ വനിതാ സംഗീതജ്ഞരിൽ ഒന്നാമതാണെന്ന് നിസ്സംശയം പറയാൻ കഴിയും. 1939ൽ തിരുവനന്തപുരത്ത് ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജ് പ്രവർത്തനം തുടങ്ങിയപ്പോൾ ആദ്യ ബാച്ചിലെ വിദ്യാർഥിയായിരുന്നു അവർ. ആദ്യം സംഗീത കോളേജ് അധ്യാപികയായി ജോലിയിൽ ചേർന്നതും ആദ്യം പ്രിൻസിപ്പൽ ആയതും അവർതന്നെയായിരുന്നു. പതിനാറാം വയസ്സുമുതൽ ആകാശവാണിയിൽ പാടി.

പാപനാശം ശിവൻ, ഹരികേശനെല്ലൂർ മുത്തയ്യാ ഭാഗവതർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ തുടങ്ങിയ മഹാരഥരായ സംഗീതജ്ഞരിൽനിന്ന് ശിക്ഷണം നേടിയ അവർ വിവിധ ഗായന ശൈലികൾ കൂട്ടിയിണക്കി തന്റേതായ ഒരു പാത തുറന്നു. പാഠങ്ങൾ പഠിപ്പിക്കുമ്പോൾ, ശിഷ്യർക്ക് ചെറിയ തെറ്റുകൾ വന്നാൽപോലും ആവർത്തിച്ചു പാടി ഉറപ്പിക്കും. ശിഷ്യർ വിചാരിക്കും, തങ്ങൾ ശരിയായാണല്ലോ പാടുന്നതെന്ന്. പക്ഷേ, പിന്നീട് സൂക്ഷ്മമായി ശ്രദ്ധിച്ചാൽ, പൊന്നമ്മാൾ എത്ര ശരിയിലേക്കാണ് ആവർത്തിച്ച് പാടി എത്തിക്കുന്നതെന്ന് ബോധ്യമാകും.

രാഗാലാപന, നിരവൽ, കൽപ്പനസ്വരം എന്നിങ്ങനെ മനോധർമ സംഗീതം പഠിപ്പിക്കുന്നതിൽ അവരുടെ ശൈലി സവിശേഷമാണ്. ഓരോ രാഗവും വളരെയേറെ നേരം വിസ്തരിക്കും. ആനന്ദഭൈരവിപോലുള്ള ആലാപനസാധ്യത അധികമില്ലാത്ത രാഗങ്ങളും വിസ്തരിച്ചു പാടും. രാഗത്തിന്റെ അതുവരെ കയറാത്ത മേച്ചിൽപ്പുറങ്ങളിലേക്കാണ് അവർ യാത്ര ചെയ്യുക. നിരവലിന് പലരും കൃതിയിലെ ഒരു നിശ്ചിത സാഹിത്യഭാഗമായിരിക്കും എപ്പോഴും എടുക്കുക. എന്നാൽ, കൃതിയിലെ വ്യത്യസ്ത സാഹിത്യഭാഗങ്ങളിലായിരിക്കും അവർ ഓരോ തവണയും നിരവൽ നടത്തുക. സംസ്കൃതത്തിൽ അഗാധ പാണ്ഡിത്യമുള്ളതുകൊണ്ട് സാഹിത്യത്തിന്റെ മുഴുവൻ അർഥവും ഗ്രഹിച്ചാണ് പാടുക. അതിനാൽ വ്യത്യസ്ത സാഹിത്യഭാഗങ്ങളെ നിരവലിനായി ഉപയോഗിക്കുമ്പോൾ ആസ്വാദകർക്ക് അതുവരെയില്ലാത്ത പുതിയ സംഗീതാനുഭൂതിയാണ് ലഭിക്കുക. നിരവലിനു സാധ്യതയില്ലെന്ന് കരുതുന്ന സങ്കീർണ താളങ്ങളിലുള്ള കൃതികളിൽപ്പോലും നിരവലിനുള്ള സാധ്യത കണ്ടെത്തി പാടും. കൽപ്പനസ്വരം ശിഷ്യരെക്കൊണ്ട് ഏറെനേരം പാടിക്കും. പഠിപ്പിക്കുമ്പോൾ കുറഞ്ഞത് അര മണിക്കൂറെങ്കിലും ഓരോ രാഗവും പാടും. എന്നാൽ, കച്ചേരിക്കാകുമ്പോൾ സമയമൊക്കെ കണക്കിലെടുത്ത്, വ്യത്യസ്ത സംഗീതരൂപങ്ങൾക്കും വ്യത്യസ്ത രാഗങ്ങൾക്കും താളങ്ങൾക്കും രചയിതാക്കൾക്കും പ്രാതിനിധ്യം നൽകി പാടും. രാഗാലാപന ആസ്വാദകർക്ക് അനുയോജ്യമാക്കി ക്രമീകരിക്കും.

സംഗീതത്തിന്റെ അമൂല്യമായ ശേഖരമായിരുന്നു പാറശാല ബി പൊന്നമ്മാൾ. സ്വാതിതിരുനാളിന്റെ ഉത്സവപ്രബന്ധം, സ്യാനന്ദൂര പുര വർണന തുടങ്ങി ഏതു കൃതിയായാലും ഏതു സമയത്തും പാടും. കർണാടക സംഗീതത്തിലെ പ്രസിദ്ധ വാഗ്ഗേയകാരരുടെ ഏതു കൃതിയും അവർക്ക് പാടാൻ കഴിഞ്ഞിരുന്നു. സ്വാതിതിരുനാൾ, ഇരയിമ്മൻ തമ്പി, കുഞ്ഞികുട്ടി തങ്കച്ചി, കെ സി കേശവപിള്ള തുടങ്ങിയ കേരളീയ സംഗീതരചയിതാക്കളുടെ കൃതികളുടെ വലിയൊരു ശേഖരംതന്നെ ആ മനസ്സിലുണ്ടായിരുന്നു.

തോടി രാഗത്തോട് പ്രത്യേക സ്നേഹമായിരുന്നു. ആ രാഗത്തിലെ ഏറെക്കുറെ എല്ലാ കൃതിയും പല കച്ചേരികളിലായി പാടി. കല്യാണി, മോഹനം, നീലാംബരി തുടങ്ങിയവയും വളരെ പ്രിയമായിരുന്നു. എന്നാൽ, ആസ്വാദകർക്ക് പ്രിയമെന്ന് തോന്നുന്നത് പാടുന്നതിനാണ് മുൻഗണന നൽകുക.

കച്ചേരിയുള്ള ദിവസം അരങ്ങേറ്റ കച്ചേരിക്കാരെപ്പോലെ പരിഭ്രമിക്കും. രാവിലെ മുതൽ ശിഷ്യരുമൊത്ത് പരിശീലനം തുടങ്ങും. വൈകിട്ടുവരെ നീളും പരിശീലനം. തൊണ്ണൂറ് കഴിഞ്ഞിട്ടും 15–-ാം വയസ്സിൽ കച്ചേരി നടത്തുന്നവരുടെ പരിഭ്രമമായിരിക്കും. എന്നാൽ, സംഗീതമണ്ഡപത്തിലെത്തിയാൽ അത്ഭുതകരമായ ആലാപനം നടത്തി ആസ്വാദകരെ വിസ്മയിപ്പിക്കും. വ്യക്തി ജീവിതത്തിലെ വിനയവും ലാളിത്യവും സംഗീതത്തിൽ അതേപോലെ പ്രതിഫലിക്കുന്നുണ്ട്. രാഗങ്ങളോടുള്ള സമീപനം വളരെ വിശേഷമാണ്. രാഗങ്ങളുടെ മാധുര്യവും വ്യത്യസ്ത രസങ്ങളും പെട്ടെന്ന് ഗ്രഹിക്കത്തക്കവണ്ണം അനുഭവിപ്പിക്കുകയെന്നതാണ് രീതി. സങ്കീർണതകൾ പ്രകടിപ്പിച്ച് ആസ്വാദനം സങ്കീർണമാക്കാൻ ശ്രമിക്കില്ല. ശാന്തമായ പ്രവാഹംപോലെയാണ് രാഗാലാപനം. സംഗീത ജീവിതത്തിലെ അംഗീകാരങ്ങൾക്കും നേട്ടങ്ങൾക്കും ഗുരുക്കന്മാരാണ് കാരണക്കാർ എന്ന്‌ ആവർത്തിച്ചു പറയും.
സ്വാതിതിരുനാളിന്റെ പദവർണങ്ങൾ, നവവിധ ഭക്തി കൃതികൾ, ശ്യാമശാസ്ത്രി സ്വരജതികൾ, നവഗ്രഹ കൃതികൾ എന്നിവ ആകാശവാണി, ദൂരദർശൻ, മറ്റു പരിപാടികൾ എന്നിവയ്‌ക്കുവേണ്ടി പൂർണമായി പാടി റെക്കോഡ് ചെയ്തു. അവരുടെ പക്കലുണ്ടായിരുന്ന അപൂർവ സംഗീതകൃതികളെല്ലാം പാടി റെക്കോഡ് ചെയ്തു സൂക്ഷിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് കേരളത്തിന് വലിയൊരു നഷ്ടംതന്നെയാണ്.

സംഗീതപഠനത്തിൽ പുതിയ രീതി കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞു. കേരളത്തിൽ ഇന്നുള്ള മുതിർന്ന സംഗീതജ്ഞരെയെല്ലാം പരിശീലിപ്പിച്ച തലമുറയിലെ പ്രതിഭാശാലിയാണ് വിട്ടുപോയത്. സ്വാതി പുരസ്‌കാരജേതാവ് കൂടിയായ സുപ്രസിദ്ധ സംഗീതജ്ഞൻ മങ്ങാട് നടേശനെ സ്വാതിതിരുനാൾ സംഗീത കോളേജിൽ പഠിപ്പിച്ച പൊന്നമ്മാൾ, അദ്ദേഹത്തിന്റെ മകൾ ഡോ. എൻ മിനിയെയും (കണ്ണൂർ സർവകലാശാല സംഗീതവിഭാഗം മേധാവി) മിനിയുടെ മകൾ ഡോ. മൈഥിലിയെയും സംഗീതം പഠിപ്പിച്ചു. അങ്ങനെ തലമുറകൾക്ക് ശുദ്ധസംഗീതം പകർന്ന മഹാഗുരുവാണ് അരങ്ങൊഴിഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top