23 April Tuesday

ആനന്ദാനുഭൂതി പകർന്ന
 സംഗീത സാന്നിധ്യം - എം എ ബേബി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

അതുല്യ സംഗീതജ്ഞൻ പണ്ഡിറ്റ്‌ ശിവകുമാർ ശർമയുടെ മരണം, സന്തൂർ എന്ന മധ്യേഷ്യൻ വാദ്യോപകരണത്തിന്റെ ഗമക സാധ്യതകൾ കണ്ടെത്തി അവതരിപ്പിച്ച കലാപ്രതിഭയുടെ തിരോധാനമാണ്. പകരക്കാരനില്ലാത്ത വേദനയോടെ നാം ചില നേരത്ത്‌ തരിച്ചിരുന്നു പോകുമല്ലോ. ഷെഹ്‌നായിയുടെ ബിസ്മില്ലാ ഖാൻ, മാൻഡൊലിൻ ശ്രീനിവാസ്, ഫ്ലൂട്ട് മാലി,  ടി എൻ രാജരത്തിനം, എം ഡി ആർ, അന്നപൂർണ, കിശോരി അമോങ്കർ ഇങ്ങനെ പറയാവുന്ന അന്യാദൃശമായ പ്രതിഭകളുടെ നിരയിലാണ് ശിവകുമാർജി.

നാടോടിവാദ്യമായി ജമ്മുവിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന സന്തൂറിനെ ശാസ്ത്രീയ സംഗീതവേദിയിൽ കൈപിടിച്ചു കയറ്റിയത് ശിവകുമാർജിയാണ്. അതിനായി ശതതന്ത്രി വീണയിൽ അദ്ദേഹം ചില മാറ്റവും കൊണ്ടുവന്നു. ഒരേസമയം അതുല്യ കലാകാരനും സംഗീതോപകരണ പരിഷ്കർത്താവുമെന്ന് അദ്ദേഹം സാംസ്കാരിക ചരിത്രത്തിൽ അടയാളപ്പെടുന്നു. അദ്ദേഹത്തിന്റെ സ്വന്തവും ഹരിപ്രസാദ് ചൗരസ്യയുമായി ചേർന്നുള്ളതുമായ അസംഖ്യം കച്ചേരികൾ കേട്ട ഓർമ മനസ്സിൽ അവാച്യമായ അനുഭൂതികൾ നിറയ്‌ക്കുന്നു. അദ്ദേഹം മലയാളികളെ ആനന്ദിപ്പിക്കാൻ മറക്കാതെ അവതരിപ്പിക്കാറുള്ള ഹംസധ്വനിയും.

2019 മേയ് 19ന് ബംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയിൽ ഹരിപ്രസാദ് ചൗരസ്യക്കൊപ്പം ‘സ്വരലയ' പുരസ്കാരം നൽകിയ വേളയിലായിരുന്നു അദ്ദേഹത്തെ ഒടുവിലായി കണ്ടത്. ചടങ്ങിൽ സംബന്ധിച്ച ഉമയാൾപുരം ശിവരാമൻജി, ശിവഹരിമാരുമായി സ്നേഹം പങ്കിട്ടതും ഓർക്കുന്നു. നന്മയുടെ പക്ഷത്തുവേണം കലാകാരന്മാർ ചേർന്നുനിൽക്കേണ്ടതെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. പാലക്കാട്ടു നടത്തിയ മാനവമൈത്രി സംഗീതികയിലും അതിന്റെ ഭാഗമായ ഘോഷയാത്രയിലും ശിവകുമാർജി ഉത്സാഹപൂർവം പങ്കെടുത്തത് മറക്കാനാകില്ല.

ലേഖകൻ പണ്ഡിറ്റ്‌ ശിവകുമാർ ശർമയ്‌ക്കൊപ്പം ഒരു വേദിയിൽ

ലേഖകൻ പണ്ഡിറ്റ്‌ ശിവകുമാർ ശർമയ്‌ക്കൊപ്പം ഒരു വേദിയിൽ


 

1998 ജനുവരി 13 വൈകിട്ട്‌. ഒരിക്കലും മറക്കാനാകാത്ത സംഗീതസാന്ദ്രമായ നിമിഷങ്ങൾ ശിവകുമാർജിയുടെ സ്നേഹമസൃണമായ ക്ഷണംവഴി എനിക്കു ലഭിക്കുകയുണ്ടായി. മുംബൈയിൽ നടന്ന അദ്ദേഹത്തിന്റെ 60–--ാം പിറന്നാൾ ആഘോഷ പരിപാടികളായിരുന്നു സന്ദർഭം. ഭീംസെൻജോഷിയുടെ കച്ചേരിയായിരുന്നു ഉദ്ദേശിച്ചിരുന്നത്. ചില അസൗകര്യംമൂലം അദ്ദേഹത്തിന് അന്ന് പാടാൻ കഴിയുമായിരുന്നില്ല.

സംഗീതലോകത്തെ സകല മഹാപ്രതിഭകളും പുതുതലമുറയിലെ നവവാഗ്ദാനങ്ങളും അവിടെ എത്തിയിരുന്നു. പണ്ഡിറ്റ് ജസ്‌രാജും ഉസ്താദ് സക്കിർഹുസൈനും അന്ന് അവരുടെ ഏറ്റവും മികച്ച സംഗീതമാണ് അവിടെ അവതരിപ്പിച്ചത്. ഭീംസെൻജോഷിക്ക് വരാനാകാതെ പോയതിനാലുള്ള, പകരം പാട്ടെന്ന് തോന്നരുതെന്ന കരുതലും തങ്ങളുടെ പ്രിയസംഗീതജ്ഞൻ ശിവകുമാർ ശർമയ്‌ക്കുള്ള ഷഷ്ട്യബ്ദപൂർത്തി ഉപഹാരമെന്ന വികാരവും സദസ്സ് 99 ശതമാനവും സംഗീതവിദ്വാൻമാരാൽ നിറഞ്ഞിരിക്കുന്നുവെന്ന തിരിച്ചറിവുമെല്ലാം ചേർന്നാകണം അന്നത്തെ സായാഹ്നം ശിവകുമാർജിയുടെയെന്ന പോലെ അന്നവിടെ എത്തിയവരുടെ ജീവിതത്തിലും സംഗീതനിർവൃതിയുടെ നിമിഷങ്ങൾ നിറച്ചത്.

തന്റെ കച്ചേരികളിലൂടെയും താൻ പങ്കാളിയായ സംഗീത സന്ദർഭങ്ങളിലൂടെയും -സിൽസിലയിലെയും ചാന്ദ്നിയിലെയും ലംഹേയിലെയും ദറിലെയും ശിവഹരിമാരുടെ ഗാനങ്ങൾ എങ്ങനെ മറക്കാൻ. -അവിസ്മരണീയമായ സംഗീതസാന്നിധ്യമായി ശിവകുമാർജി എന്നും സുമനസ്സുകൾക്കൊപ്പം ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top