20 April Saturday

നവോത്ഥാന ചരിത്രത്തിലെ മായാസ്‌മൃതി - ഡോ. ധർമരാജ് അടാട്ട് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹ്യ- രാഷ്ട്രീയാന്തരീക്ഷം ജാതീയതയുടെ കള്ളറകളിൽ തളയ്‌ക്കപ്പെട്ടതായിരുന്നു. പലതരത്തിലുളള ജാതിക്കൂട്ടങ്ങൾ എന്നതിനപ്പുറം അസ്തിത്വമില്ലാതിരുന്ന ജനസമൂഹം. ജാതി തിരിച്ചുളള തരംതിരിവും ഉച്ചനീചത്വവും തീണ്ടലും തൊടീലും ലോകഗതിയുടെ അലംഘനീയ നിയമമായി ജനങ്ങൾ കണക്കാക്കി. അതിൽ എന്തെങ്കിലും പന്തികേടുള്ളതായി ആർക്കും തോന്നിയിരുന്നില്ല. ഇത്തരം ആചാരങ്ങൾ മനുഷ്യവിരുദ്ധമാണെന്നോ ഉന്മൂലനം ചെയ്യേണ്ട ദുരാചാരമാണെന്നോ ഒരു ജാതിസമൂഹവും തിരിച്ചറിഞ്ഞില്ല.

തീണ്ടൽ, തൊടീൽ എന്നിങ്ങനെയുള്ള ദുരാചാരങ്ങളാലും പൈശാചികമായ ശിക്ഷാവിധികളാലും ദുർഗന്ധമലീമസമായ കേരളമെന്ന ഭ്രാന്താലയത്തിലാണ് എറണാകുളം ജില്ലയിലെ ചേരാനല്ലൂരിൽ  കണ്ടത്തിൽ പറമ്പിൽ അത്തോപ്പൂജാരി എന്ന പേരിൽ പ്രസിദ്ധനായ അയ്യപ്പന്റെയും കൊച്ചുപെണ്ണിന്റെയും രണ്ടാമത്തെ മകനായി 1885 മെയ് 25ന്‌ കെ പി  കറുപ്പൻ ജനിച്ചത്.  പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ്‌ സംസ്കൃതത്തിൽ ഉപരിവിദ്യാഭ്യാസം നേടാനുളള കറുപ്പന്റ ഒടുങ്ങാത്ത  അഭിവാഞ്ഛ അദ്ദേഹത്തെ കൊടുങ്ങല്ലൂർ കളരിയിൽ എത്തിച്ചു.

തീണ്ടലും തൊടീലുമടക്കം നിരവധി ദുരാചാരങ്ങൾ  നിലനിന്ന അക്കാലത്ത്, അതിന്റെയെല്ലാം കേന്ദ്രമായിരുന്ന കൊട്ടാരവളപ്പിൽ അവർണനായ കറുപ്പൻ പ്രവേശിക്കുകയും വിദ്യ അഭ്യസിക്കുകയും ചെയ്തു എന്നത് തികച്ചും അത്ഭുതകരമായ കാര്യമാണ്. കറുപ്പൻ വിവിധ സ്കൂളുകളിൽ അധ്യാപകനായും സർക്കാർ ഗുമസ്തനായും സേവനമനുഷ്ഠിച്ചു. 1932 മുതൽ 1938 മാർച്ച്  23ന്‌ മരിക്കുംവരെ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിലെ മലയാളം അധ്യാപകനായിരുന്നു. ഇക്കാലത്താണ് പാർശ്വശുല എന്ന രോഗം  ഗുരുതരമായി    53–-ാമത്തെ വയസ്സിൽ അദ്ദേഹം മരിച്ചത്‌.
കൊച്ചി വിദ്യാഭ്യാസവകുപ്പിലെ അധഃസ്ഥിതോപ സംരക്ഷകൻ, പ്രാഥമിക വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റിയുടെ കാര്യദർശി, നാട്ടുഭാഷാ സൂപ്രണ്ട്, കൊച്ചി ഭാഷാപരിഷ്കരണ കമ്മിറ്റിയുടെ കാര്യദർശി, സർവകലാശാലാ പരീക്ഷാ ബോർഡ് മെമ്പർ, പരീക്ഷാ ബോർഡ് ചെയർമാൻ എന്നിങ്ങനെ വിവിധ ചുമതലകളിൽ അദ്ദേഹം പ്രവർത്തിച്ചു. പിറന്ന സമുദായത്തിന്റെ എന്നതല്ല, അവരേക്കാൾ താഴ്ന്ന ശ്രേണിയിൽ വർത്തിക്കുന്നവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്  അദ്ദേഹം തൂലിക ചലിപ്പിച്ചു. മാത്രമല്ല, പുലയർ മുതൽ നായാടിവരെയുള്ളവരുടെ സംഘടനയുണ്ടാക്കുകയും അതിലൂടെ ജാതീയമായ തിന്മകൾക്കെതിരെ അധഃസ്ഥിതരെ കർമോത്സുകരാക്കുകയും ചെയ്ത വ്യക്തിപ്രഭാവമാണ് പണ്ഡിറ്റ് കെ പി കറുപ്പൻ.  കവിത്വവും പാണ്ഡിത്യവും സമഞ്ജസമായി സമ്മേളിച്ച അദ്ദേഹത്തെ കേരളവർമ വലിയ കോയിത്തമ്പുരാൻ ‘വിദ്വാൻ’ എന്ന ബഹുമതിയും കൊച്ചി മഹാരാജാവ് ‘കവിതിലകൻ’ എന്ന ബിരുദവും തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാൾ രാമവർമ വജ്രമോതിരവും നൽകി ആദരിച്ചു.

ഒരു ഭാഗത്ത് കാലാകാലങ്ങളായി ചൂഷണത്തിനു വിധേയരായി കഴിയുന്നവരെ ബോധവൽക്കരിക്കുകയും മറുഭാഗത്ത് ചൂഷകരെ തിരുത്തുകയും ഇനിയുമൊരിടത്ത് ഭരണാധികാരികളെ ഉത്തരവാദിത്വത്തോടെ ഭരണം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് കവിത  ചരിത്രപരമായ ദൗത്യം നിറവേറ്റുന്നത്.

കുമാരനാശാൻ ദുരവസ്ഥ എന്ന വിപ്ലവഖണ്ഡകാവ്യം രചിക്കുന്നതിന് 17 വർഷംമുമ്പ്‌ രചിച്ച കൃതിയാണ് ജാതിക്കുമ്മി. ആശാനേക്കാൾ 12 വയസ്സിന് ഇളപ്പമായിരുന്ന പണ്ഡിറ്റ് കറുപ്പൻ കൊടുങ്ങല്ലൂർ കളരിയിൽ വിദ്യാർഥിയായിരുന്ന കാലത്ത്, കൃത്യമായി പറഞ്ഞാൽ 1905ൽ, എഴുതിയ കൃതി. എഴുതി പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ ജനങ്ങൾ അത്‌ ഏറ്റെടുക്കുകയും അവരുടെ ഹൃദയതാളമായി മാറുകയും ചെയ്‌തു. സ്വാഭാവികമായും  സമൂഹമാകെ ഉണർന്നാലേ അടിച്ചമർത്തപ്പെട്ടവരുടെ മോചനമെന്ന തന്റെ സ്വപ്നം സാക്ഷാൽക്കരിക്കാനാകൂ. അതിനുതകുന്ന രീതിയിൽ ഒരേസമയം വ്യത്യസ്തമായ പോർമുഖങ്ങൾ നൽകിക്കൊണ്ടാണ് കവി ജാതിക്കുമ്മിയെ വാർത്തെടുത്തത്. ഒരു ഭാഗത്ത് കാലാകാലങ്ങളായി ചൂഷണത്തിനു വിധേയരായി കഴിയുന്നവരെ ബോധവൽക്കരിക്കുകയും മറുഭാഗത്ത് ചൂഷകരെ തിരുത്തുകയും ഇനിയുമൊരിടത്ത് ഭരണാധികാരികളെ ഉത്തരവാദിത്വത്തോടെ ഭരണം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് കവിത  ചരിത്രപരമായ ദൗത്യം നിറവേറ്റുന്നത്.  ഇപ്രകാരം വളരെ യുക്തിഭദ്രമായി, സമഗ്രമായി ജാതീയമായ ഉച്ചനീചത്വങ്ങളെ വിശദമാക്കി മുന്നേറുന്ന കവി ഒടുവിൽ ഭരണാധികാരികളെ കർത്തവ്യനിരതരാകാൻ പ്രചോദിപ്പിക്കുന്നു. 

അരയ സമുദായ സംഘടന രൂപീകരിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല പുലയരുടെ സംഘടന രൂപീകരിക്കുക. കാരണം അവർക്ക് എറണാകുളം നഗരത്തിൽ ഒരിടത്തും കാലുകുത്താൻപോലും അനുവാദമുണ്ടായിരുന്നില്ല. അങ്ങനെയാണ്  പുതിയ പോംവഴി  കറുപ്പൻ കണ്ടെത്തിയത്. ‘കരയിലല്ലേ പ്രവേശനവിലക്ക്, കായലിലില്ലല്ലോ! എറണാകുളം കായലല്ലേ നമ്മുടെ മുന്നിൽ വിശാലമായി പരന്നു കിടക്കുന്നത്. കുറെ വള്ളങ്ങൾ കൊണ്ടുവരിക. കായലിലുള്ള കമ്പിക്കുറ്റികളിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി മുകളിൽ പലകകൾ നിരത്തി ഒരു തട്ടുണ്ടാക്കുക. നമുക്കവിടെ യോഗം ചേരാം.’ പിൽക്കാലത്ത് ‘കായൽ സമ്മേളനം’ എന്ന് പുകൾപെറ്റ അധഃസ്ഥിതരുടെ ഈ മുന്നേറ്റം കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. ജാതീയമായ അടിച്ചമർത്തലുകൾക്ക് വിധേയരായി സ്വത്വബോധം നഷ്ടപ്പെട്ട് മാടുകളായി കഴിഞ്ഞിരുന്ന കേരളത്തിലെ അധഃകൃത ജനവിഭാഗങ്ങളിൽ അന്തസ്സും അഭിമാനവും സംഘടനാബോധവും ഊട്ടിയുറപ്പിച്ച് അവരെ മനുഷ്യരാക്കി മാറ്റാൻ തന്റെ ജീവിതംതന്നെ സമർപ്പിച്ച പണ്ഡിറ്റ് കറുപ്പൻ കേരളത്തിലെ നവോത്ഥാന നായകരിൽ സമാനതകളില്ലാത്ത സ്ഥാനം അലങ്കരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top