25 April Thursday
ഇന്ന്‌ പാലിയേറ്റീവ്‌ കെയർ ദിനം

ചേർത്തു പിടിയ്ക്കാം, കണ്ണീരൊപ്പാം

പി ജയരാജൻUpdated: Saturday Jan 15, 2022

ജനകീയ പങ്കാളിത്തത്തോടെയുള്ള കേരള മോഡൽ സാന്ത്വന പരിചരണം ഇന്ന്‌ ലോകത്തിന്‌ മാതൃകയാണ്‌. രോഗീ പരിചരണം ബന്ധുക്കളുടെയും കുടുംബത്തിന്റെയും മാത്രമല്ല, സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണ്‌ നാം. സർക്കാരും തദ്ദേശസ്ഥാപനങ്ങളും സന്നദ്ധസംഘടനകളുമെല്ലാം രോഗികൾക്ക്‌ താങ്ങും തണലുമായി ഒപ്പം നിൽക്കുന്നു. ജാതി–- മത–- രാഷ്‌ട്രീയ ഭേദമില്ലാതെ അവശരും ആലംബഹീനരുമായ രോഗികളുടെ കണ്ണീരൊപ്പാൻ എല്ലാവരും ഒന്നിക്കുന്നു. കിടപ്പിലായിപ്പോകുന്ന, ദീർഘകാല പരിചരണം ആവശ്യമായവർക്ക്‌ സാന്ത്വന പരിചരണക്കൂട്ടായ്‌മ നൽകുന്ന പിന്തുണ വളരെ വലുതാണ്‌.

ലോകാരോഗ്യസംഘടന 2002ലാണ്‌ സാന്ത്വന പരിചരണത്തിന്റെ ആവശ്യകത ലോകത്തിന്‌ മുന്നിൽ അവതരിപ്പിച്ചത്‌. ഇതേത്തുടർന്ന്‌ 2008ൽ എൽഡിഎഫ്‌ സർക്കാർ രാജ്യത്താദ്യമായി പാലിയേറ്റീവ്‌ നയം പ്രഖ്യാപിച്ചു. അസുഖം ബാധിച്ചാലുള്ള ചികിത്സപോലെ പ്രധാനമാണ്‌ മാരകരോഗം വന്ന്‌ ജീവിതത്തിന്റെ അവസാനനാളുകളിലൂടെ കടന്നുപോകുന്നവരുടെ പരിചരണവുമെന്നതായിരുന്നു നയത്തിന്റെ സത്ത. പിന്നീട്‌ കാലോചിതമായ മാറ്റവും കൂട്ടിച്ചേർക്കലും വരുത്തി സംസ്ഥാന പാലിയേറ്റീവ്‌ നയം 2019ൽ പരിഷ്‌കരിച്ചു. സാന്ത്വന പരിചരണത്തിന്‌ ത്രിതല സംവിധാനമാണ്‌ പാലിയേറ്റീവ്‌ നയരേഖ വിഭാവനം ചെയ്യുന്നത്‌. ഹോംകെയർ, അയൽക്കൂട്ട പങ്കാളിത്തം, സർക്കാർ–-സ്വകാര്യ ആശുപത്രികളുടെയും സന്നദ്ധ–-സാമൂഹ്യ സംഘടനകളുടെയും സഹകരണം, പാലിയേറ്റീവ്‌ മെഡിസിൻ ഉറപ്പുവരുത്തൽ, പരിശീലനം തുടങ്ങി എല്ലാത്തിനും വ്യക്തമായ മാർഗനിർദേശം നയരേഖയിലുണ്ട്‌. സന്നദ്ധ–-സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയെന്നതായിരുന്നു ഏറ്റവുംവലിയ പ്രത്യേകത. പാലിയേറ്റീവ്‌ നയത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിൽ സന്നദ്ധ സംഘടനാപ്രതിനിധികളെയടക്കം ഉൾപ്പെടുത്തി പാലിയേറ്റീവ്‌ മാനേജ്‌മെന്റ്‌ കമ്മിറ്റികൾ നിലവിൽവന്നു. തദ്ദേശഭരണ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിനുമൊപ്പം _ഹോംകെയർ പരിശീലനം സിദ്ധിച്ച ആയിരക്കണക്കിന്‌ വളന്റിയർമാരും ചേരുന്ന അതിബൃഹത്തായ സംവിധാനമാണ്‌ സംസ്ഥാനത്തെ പാലിയേറ്റീവ്‌ കെയർ പ്രസ്ഥാനം.

രോഗികൾക്കൊപ്പം എന്നും
രോഗം ബാധിച്ച വ്യക്തിയെ പരിശോധിച്ച്‌ മരുന്ന്‌ നൽകി ആശ്വസിപ്പിക്കുന്നതിൽ മാത്രമായി ഒതുങ്ങുന്നില്ല പാലിയേറ്റീവ്‌ കെയർ. സാന്ത്വന പരിചരണത്തിലൂടെ രോഗിയെയും കുടുംബത്തെയും ഒരു പോലെ ശുശ്രൂഷിക്കുന്നു. പലവിധ രോഗബാധിതരായ, നമ്മുടെ കരുതലും പരിചരണവും ആവശ്യമായ അനേകർ നമ്മുടെ ചുറ്റുമുണ്ട്‌. രോഗത്തിന്റെ പിടിയിൽപ്പെട്ടവർക്ക്‌ ചികിത്സയ്‌ക്കൊപ്പം മാനസികവും സാമ്പത്തികവും സാമൂഹ്യവുമായ പിന്തുണയും ആവശ്യമാണ്‌. തന്നെയും കുടുംബത്തെയും സഹായിക്കാൻ ആരുമില്ലെന്ന നിരാശാബോധത്തിൽ കടുത്ത വിഷാദരോഗികളായ എത്രയോ പേരുണ്ട്. വേദന പലപ്പോഴും ശരീരത്തിന്റേത്‌ മാത്രമല്ല, മനസ്സിന്റേതുകൂടിയാണ്‌. അവരുടെ ബുദ്ധിമുട്ടുകൾ കുറച്ച്‌ ജീവിതം പരമാവധി മെച്ചപ്പെടുത്താൻ അവർക്ക്‌ _സഹായം നൽകുകയാണ്‌. പാലിയറ്റീവ്‌ വളന്റിയർമാരുടെ നിരന്തര സന്ദർശനവും സ്‌നേഹമസൃണമായ സാന്ത്വനത്തിലൂടെയും ജീവിതത്തിലേക്ക്‌ തിരിച്ചുവന്ന എത്രയോപേരുണ്ട്‌. കോവിഡ്‌കാലത്തും സാന്ത്വന പരിചരണ പ്രസ്ഥാനം പകച്ചുനിന്നില്ല. കിടപ്പിലായവരെ നമ്മൾ ചേർത്തുപിടിച്ചു.

കൃഷ്‌ണപിള്ളയുടെ സന്ദേശം
പാർടിയുടെ രൂപീകരണഘട്ടം മുതലേ അവശരായ രോഗികളെ, കിടപ്പിലായവരെ പരിചരിക്കാൻ സഖാക്കൾ സ്വയം സന്നദ്ധരായി മുന്നോട്ട്‌ വന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്‌. വടക്കെ മലബാറിൽ കോളറ പടർന്നകാലത്ത്‌ ആരും കയറിച്ചെല്ലാത്ത വീടുകളിൽ ധൈര്യസമേതം കടന്നുചെന്ന്‌ ആശ്വാസം പകർന്നതും ചരിത്രത്തിന്റെ ഭാഗമാണ്‌. സന്നദ്ധസേവനത്തിന്റെ എക്കാലത്തെയും മഹാമാതൃകയായിരുന്നു സഖാവ്‌ കൃഷ്‌ണപിള്ള. 1943ൽ കൃഷ്‌ണപിള്ള പാർടി പ്രവർത്തകർക്ക്‌ എഴുതിയ കത്തിൽത്തന്നെ ജനസേവനത്തിന്റെ ആവശ്യകത എടുത്തുപറയുകയുണ്ടായി.

എൽഡിഎഫ്‌ സർക്കാർ പാലിയേറ്റീവ്‌നയം പ്രഖ്യാപിച്ചതോടെയാണ്‌ സംസ്ഥാന വ്യാപകമായി സിപിഐ എം വളന്റിയർമാർ സാന്ത്വന പരിചരണ പ്രവർത്തനത്തിൽ കൂടുതൽ മുഴുകിയത്‌. അതുവരെ ഒറ്റപ്പെട്ട നിലയിലായിരുന്നു പ്രവർത്തനം. കോട്ടയം സംസ്ഥാന സമ്മേളനം സാന്ത്വന പരിചരണം പ്രധാനദൗത്യമായി ഏറ്റെടുക്കാൻ പാർടി പ്രവർത്തകരോട്‌ നിർദേശിച്ചു. സിപിഐ എം നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനകൾ സാന്ത്വന പരിചരണം ഏറ്റെടുത്തതോടെ പാലിയേറ്റീവ്‌ കെയർ പ്രസ്ഥാനം സംഘടിതവും സുശക്തവുമായി.

കണ്ണൂരിന്റെ അനുഭവം
സാന്ത്വന പരിചരണത്തിനായി 2012ലാണ്‌ കണ്ണൂർ ജില്ലയിൽ പാലിയേറ്റീവ്‌ _പ്രസ്ഥാനം ‘ഇനീഷ്യേറ്റീവ്‌ ഫോർ റിഹാബിലിറ്റേഷൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ’ (ഐആർപിസി) ആരംഭിച്ചത്‌. രോഗം ബാധിച്ച്‌ ബുദ്ധിമുട്ടുന്ന എത്രയോ പേർക്ക്‌ ഹോംകെയറിലൂടെ ആശ്വാസം പകരാൻ ഇതിനകം സാധിച്ചു. ഇതിലൂടെ രാഷ്‌ട്രീയഭേദമില്ലാതെയുള്ള പിന്തുണയാണ്‌ ഐആർപിസിക്ക്‌ ലഭിച്ചത്‌. കെപിസിസി അംഗം പി പി ലക്ഷ്‌മണൻ ഉൾപ്പെടെ എത്രയോ പേർ തുടക്കംമുതൽ പിന്തുണച്ചു.

നിസ്വാർഥരും സമർപ്പിതരുമായ വളന്റിയർമാരാണ്‌ ഐആർപിസിയുടെ ശക്തി. കിടപ്പുരോഗികളുടെ സർവേ നടത്തിയാണ്‌ ഗൃഹകേന്ദ്രീകൃത പരിചരണം നാം ആരംഭിച്ചത്‌. 12,361 കിടപ്പുരോഗികളെയാണ്‌ കണ്ണൂർ ജില്ലയിൽമാത്രം അന്ന്‌ കണ്ടെത്തിയത്‌. ഫിസിയോതെറാപ്പിയിലൂടെ കിടപ്പുരോഗികളായ നിരവധിപേരെ എഴുന്നേറ്റ്‌ നടക്കാൻ പ്രാപ്‌തരാക്കി. കണ്ണൂർ തയ്യിലിൽ 2012ൽ ആരംഭിച്ച സാന്ത്വന പരിചരണകേന്ദ്രത്തിൽ താമസിപ്പിച്ചാണ്‌ കിടപ്പുരോഗികളെ പരിചരിക്കുന്നത്‌. രോഗം ഭേദമായി മടങ്ങുന്നവരുടെ മുഖങ്ങളിലെ പുഞ്ചിരിയാണ്‌ ഐആർപിസിയെ എന്നും മുന്നോട്ട്‌ നയിച്ചത്‌.

350ലേറെ സന്നദ്ധസാമൂഹ്യ സംഘടനകൾ സംസ്ഥാനത്ത്‌ സാന്ത്വന പരിചരണ സേവനം നൽകുന്നതായാണ്‌ കണക്ക്‌. സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള സാന്ത്വന പരിചരണമെന്ന സർക്കാർ നയത്തിന്റെകൂടി ഭാഗമായാണ്‌ ഇത്രയേറെ സംഘടനകൾ പാലിയേറ്റീവ്‌ കെയർരംഗത്ത്‌ സജീവമായത്‌. മനുഷ്യമനസ്സുകളിലെ ഉറവവറ്റാത്ത നന്മയുടെ പ്രതീകമാണ്‌ ഓരോ പ്രദേശത്തെയും പാലിയേറ്റീവ്‌ കൂട്ടായ്‌മകൾ. കൂടുതൽ രോഗികളിലേക്ക്‌, സാന്ത്വനത്തിന്റെ കരങ്ങൾ നീട്ടാനുള്ള കരുത്തായി ഈ പാലിയേറ്റീവ്‌ കെയർ ദിനവും മാറട്ടെ.

(ഐആർപിസി ഉപദേശക സമിതി ചെയർമാനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top