25 April Thursday

കീഴാളന്റെ ചോരകൊണ്ട്‌ എഴുതിയ പാലിയം സമരം

വി യു സുരേന്ദ്രൻUpdated: Thursday Mar 9, 2023

കേരളത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹംപോലെ ഏറെ ചരിത്രപ്രാധാന്യമുള്ള സഞ്ചാര സ്വാതന്ത്ര്യസമരമാണ് 1948ലെ പാലിയം സമരം. മഹാത്മാഗാന്ധിയുടെ ദേശീയ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന കർമപദ്ധതിയായിരുന്നു അയിത്തോച്ചാടനം.  ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും കൊച്ചി സംസ്ഥാനത്ത് അധഃസ്ഥിതർക്ക് പൊതുവഴിയിലൂടെ നടക്കാനുള്ള അവകാശം അനുവദിച്ചില്ല.

പാലിയം പുതിയ തൃക്കോവ് ശിവക്ഷേത്രത്തിനു മുന്നിലെ വഴികളിലൂടെയും സമീപപ്രദേശത്തും അയിത്തജാതിക്കാർക്ക്‌ സഞ്ചാര സ്വാതന്ത്ര്യം നൽകാതിരിക്കാൻ  കൊച്ചിയിലെ ഏറ്റവും വലിയ ജന്മിമാരും മഹാരാജാവിന്റെ പ്രധാനമന്ത്രിസ്ഥാനം കൈകാര്യം ചെയ്യുന്ന പാലിയത്തച്ചൻമാരും സ്വീകരിച്ച സവർണാധീശത്വ നിലപാടുകൾക്കെതിരെ നടന്ന ബഹുജനപ്രക്ഷോഭമാണ് പാലിയം സമരം. പാലിയം സ്ഥാപനങ്ങളുടെ പരിസരത്തുകൂടി അയിത്തജാതിക്കാർക്ക്‌ വഴിനടക്കാനുള്ള അവകാശം നിരോധിച്ച സംഭവം പലപ്പോഴും സംഘർഷങ്ങളിൽ എത്തിയിരുന്നു. സഹോദരൻ അയ്യപ്പന്റെ ആത്മസുഹൃത്ത്‌ കേളപ്പനാശാന്റെ നേതൃത്വത്തിൽ നടന്ന ധീരമായ ചെറുത്തുനിൽപ്പുകളും കുട്ടംകുളം സമരവുമെല്ലാം അയിത്തജാതിക്കാർക്ക്‌ പാലിയത്തെ റോഡുകളിൽ സഞ്ചരിക്കാനുള്ള ആത്മധൈര്യം നൽകിയിരുന്നു. വടക്കുംപുറം കൊച്ചങ്ങാടി തൈപ്പുരയിൽ ടി ആർ രാഘവൻ എന്ന കയർത്തൊഴിലാളിയെ സവർണരുടെ ഗുണ്ടകൾ കുത്തിയതോടെ വൻ പ്രതിഷേധമുയർന്നു.

പാലിയം കൊട്ടാരം ആക്രമിക്കാനും  റോഡിലെ നിരോധനാജ്ഞ ലംഘിക്കാനും ജനങ്ങൾ ഒന്നടങ്കം തീരുമാനിച്ചു. ഇതിനിടയിൽ പ്രജാമണ്ഡലം, എസ്എൻഡിപി, കമ്യൂണിസ്റ്റ് പാർടി, പുലയമഹാസഭ പ്രതിനിധികൾ ചേർന്ന് 1947 ജൂണിൽ പാലിയം റോഡ് സമര കർമസമിതി രൂപീകരിച്ചു. സമരക്കാരെ പാലിയത്തച്ചന്റെ ഗുണ്ടകൾ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. സമരസമിതിക്കാർ പാലിയത്തച്ചനെ കണ്ട്‌ നിവേദനം സമർപ്പിച്ചു. 1947 നവംബർ 26ന് സമരസമിതി  അന്ത്യശാസനം പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിനുമുമ്പ്‌ പാലിയം റോഡ് തുറന്നില്ലെങ്കിൽ നിരോധിത വഴിയിലൂടെ സത്യഗ്രഹികൾ സഞ്ചരിക്കുമെന്നായിരുന്നു അത്‌. നാലിന് സി കേശവൻ സമരം ഉദ്ഘാടനം ചെയ്തു. അടയ്ക്കാത്തറ ഇട്ട്യാതിയും വെള്ളായി നാരായണനുമായിരുന്നു നിരോധിത വഴിയിലൂടെ സഞ്ചരിച്ച ആദ്യത്തെ സത്യഗ്രഹികൾ.  പാലിയം റോഡ്   സ്വകാര്യവഴിയാണെന്ന്‌ അവകാശപ്പെട്ട് പാലിയത്തച്ചൻമാർ കോടതിയിൽനിന്ന് നിരോധന ഉത്തരവ് സംഘടിപ്പിച്ചു. വലിയൊരു പൊലീസ് സേനയെ വിന്യസിച്ചു. സമരം ശക്തിപ്പെട്ടു. സമരസമിതി സെക്രട്ടറി ടി ഇ ബാലൻ, ആവൻ വൈദ്യൻ എന്നിവരെല്ലാം പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു. പ്രജാമണ്ഡലവും എസ്എൻഡിപിയും സമരരംഗത്തുനിന്ന് പിന്മാറി.  സമരത്തിന് കൊച്ചി എസ്എൻഡിപിയുടെ പിന്തുണയില്ലെന്ന് ജനറൽ സെക്രട്ടറി ടി കെ കുഞ്ഞയ്യപ്പൻ പ്രസ്താവന ഇറക്കിയെങ്കിലും എസ്എൻഡിപി പ്രവർത്തകരെല്ലാം സമരത്തോടൊപ്പം അണിനിരന്നു.

അയിത്തജാതിക്കാരും കമ്യൂണിസ്റ്റ് പാർടിക്കാരും മാത്രമല്ല അണിനിരന്നത്.  ആര്യാപള്ളത്തിന്റെ നേതൃത്വത്തിൽ അന്തർജനങ്ങൾ എത്തി. ഇ എസ് സരസ്വതി, ഐ സി പ്രിയദത്ത, പി പ്രിയദത്ത, ദേവസേന തുടങ്ങിയവർ കൊടുംമർദനങ്ങൾക്ക്‌ ഇരയായി. കൊടുങ്ങല്ലൂർ കോവിലകത്തെ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി, ഇന്ദിരത്തമ്പുരാട്ടി, രമത്തമ്പുരാട്ടി എന്നിവരും  കൊച്ചി കോവിലകത്തെ പി രവിവർമ, കേരളവർമ എന്നീ യുവാക്കളും  അണിനിരന്നു.

എ കെ ജിയുടെ സാന്നിധ്യം  പുത്തനുണർവ്‌ നൽകി.  വിവിധ പ്രദേശങ്ങളിൽ നിന്നുവരുന്ന ജാഥകൾ മൂന്നിടത്ത്‌ കേന്ദ്രീകരിച്ച്  അവിടെനിന്ന് പാലിയത്തേക്ക് ശക്തമായ ബഹുജന മുന്നേറ്റം നടത്താനായിരുന്നു തീരുമാനം.  ഇതിനിടയിൽ മാർച്ച് ആറിന് കോഴിക്കോട്ടുവച്ച് എ കെ ജി അറസ്റ്റ് ചെയ്യപ്പെട്ടു.

മഹാരാജാവ് 1947 ഡിസംബർ 20ന് ഒരു വിളംബരം നടത്തി. 1948 ഏപ്രിൽ 14 മുതൽ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശക്ഷേത്രം ഒഴികെയുള്ള ക്ഷേത്രങ്ങൾ മുഴുവൻ അവർണർക്ക്‌ തുറന്നുകൊടുക്കാമെന്നായിരുന്നു അതിലെ മറ്റൊരു പ്രഖ്യാപനം. പക്ഷേ, പാലിയം വഴിതുറക്കുകയില്ലെന്നുള്ള വ്യവസ്ഥയും അതിലുണ്ടായിരുന്നു. സമരസമിതിയിൽ അഭിപ്രായവ്യത്യാസം വളർന്നു. എന്നാൽ, കമ്യൂണിസ്റ്റ്‌ പാർടി സമരം തുടരാൻ തീരുമാനിച്ചു.  ഈ ഘട്ടത്തിൽ എ കെ ജി സമരഭൂമിയിൽ എത്തി.  അധികാരികൾ അദ്ദേഹത്തിന്റെ ചേന്ദമംഗലത്തേക്കുള്ള പ്രവേശനവും യോഗവും നിരോധിച്ചു. എ കെ ജിയുടെ സാന്നിധ്യത്തിൽ സമരസമിതി രഹസ്യമായി യോഗം ചേർന്നു. 1948 മാർച്ച് ഒമ്പതിന് പരമാവധി നിരോധനാജ്ഞ ലംഘിക്കണമെന്നതായിരുന്നു ആ പദ്ധതി. എ കെ ജിയുടെ സാന്നിധ്യം  പുത്തനുണർവ്‌ നൽകി.  വിവിധ പ്രദേശങ്ങളിൽ നിന്നുവരുന്ന ജാഥകൾ മൂന്നിടത്ത്‌ കേന്ദ്രീകരിച്ച്  അവിടെനിന്ന് പാലിയത്തേക്ക് ശക്തമായ ബഹുജന മുന്നേറ്റം നടത്താനായിരുന്നു തീരുമാനം.  ഇതിനിടയിൽ മാർച്ച് ആറിന് കോഴിക്കോട്ടുവച്ച് എ കെ ജി അറസ്റ്റ് ചെയ്യപ്പെട്ടു. എം എസ് കുമാരൻ, എം എൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ജാഥ കൊടുങ്ങല്ലൂർ പടാകുളത്ത് കേന്ദ്രീകരിച്ച് മാർച്ച് ഒമ്പതിന് സംഘങ്ങളായി തിരിഞ്ഞ് ചേന്ദമംഗലത്തേക്ക് നീങ്ങി. പുലയ മഹാസഭാ നേതാവ് കെ കെ അയ്യപ്പന്റെ ഭാര്യ കെ സി കാളി  സമരരംഗത്തേക്ക് കുതിച്ചു. ജോസഫ് പുലിക്കോടൻ, കെ എൻ നമ്പൂതിരി, ടി എ വേലായുധൻ, സി എ കുമാരൻ മാസ്റ്റർ, കെ എസ് ശങ്കരൻ, കെ സി ചേന്നൻ എന്നിവർക്കെല്ലാം മർദനമേറ്റു. കെ സി  കാളി ക്ഷേത്രത്തിനകത്ത്‌ കയറി ഉറക്കെ ‘അയിത്തം നശിക്കട്ടെ’ എന്ന് മുദ്രാവാക്യം വിളിച്ചു. കാളിയെ പൊലീസുകാർ മർദിച്ചവശയാക്കി. ഗുരുവായൂർ സത്യഗ്രഹസമരകാലത്ത് പി കൃഷ്ണപിള്ള ശ്രീകോവിലിനു മുമ്പിലുള്ള മണി അടിച്ച അതേ ചരിത്രപ്രാധാന്യം  കാളിയുടെ ക്ഷേത്രത്തിനകത്തെ മുദ്രാവാക്യം വിളിയിലും കാണാം. പാലിയം സമരത്തിന്റെ സമരനായികായി കാളിയെ അടയാളപ്പെടുത്തേണ്ടതാണ്.

കൊച്ചി ജാഥ നയിച്ചത് ഇ കെ നാരായണനായിരുന്നു. അഴീക്കൽ എത്തിയപ്പോൾ സമരജാഥയുടെ നേതൃത്വം എ ജി വേലായുധൻ ഏറ്റെടുത്തു. രോഗിയും അവശനുമായ അദ്ദേഹം നയിച്ച ജാഥ എത്തിയപ്പോഴേക്കും സമരാവേശം അലയടിച്ചു. പൊലീസ് അതിക്രൂരമായ മർദനം നടത്തി. ആദ്യത്തെ അടിയിൽത്തന്നെ എ ജി വേലായുധൻ വീണു. കൈകാലുകൾ ഒടിഞ്ഞ അദ്ദേഹം അപ്പോഴും അയിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ മുദ്രാവാക്യം വിളിച്ചു. സമരക്കാരെ മർദിച്ചൊതുക്കി മടങ്ങിപ്പോയ പൊലീസ് സംഘം ചോരയിൽ കുളിച്ചുകിടക്കുന്ന എ ജി വേലായുധൻ ‘അയിത്തം നശിക്കട്ടെ, സഖാക്കളേ മുന്നോട്ട്, ഇൻക്വിലാബ് സിന്ദാബാദ്' എന്ന് ക്ഷീണിച്ച സ്വരത്തിൽ വിളിക്കുന്നത് കേൾക്കാനിടയായി. അദ്ദേഹത്തെ പൊലീസ് തോക്കിന്റെ പാത്തികൊണ്ട്‌ ഇടിക്കുകയും ബയണറ്റ് നെറുകെയിൽ കുത്തിയിറക്കുകയും ചെയ്തു. ആ മർദനത്തിൽ എ ജി വേലായുധൻ എന്ന സമരപോരാളി രക്തസാക്ഷിത്വം വരിച്ചു.  ചലനമറ്റ വേലായുധനെ കാളിയുടെ സമീപത്തു കൊണ്ടുവന്നിട്ടു. വേലായുധൻ കൊല്ലപ്പെട്ടത്‌ ലോകത്തോടു വിളിച്ചുപറഞ്ഞത് ദൃക്‌സാക്ഷിയായ കാളിയാണ്.

എ ജി വേലായുധന്റെ രക്തസാക്ഷിത്വത്തോടെ പാലിയം സമരം നിർത്തിവയ്‌ക്കാൻ സമരസമിതി തീരുമാനിച്ചു. 1947 ഡിസംബർ നാലിന് ആരംഭിച്ച അയിത്തോച്ചാടന സമരം 1948 മാർച്ച് ഒമ്പതുവരെ നീണ്ടു. 97 ദിവസം നീണ്ട  കീഴാളജനതയുടെ സഞ്ചാരസ്വാതന്ത്ര്യ സമരം കൃത്യമായി ഏറ്റെടുത്ത് നടത്തിയത് കമ്യൂണിസ്റ്റ് പാർടിയാണ്. അതുകൊണ്ടുതന്നെയാണ് നമ്മുടെ വരേണ്യ ചരിത്രകാരന്മാരും അക്കാദമിക് ബുദ്ധിജീവികളും ഈ വീരോജ്വല സമരത്തെ തമസ്കരിക്കുന്നത്. അതേവർഷം സവർണാധികാരികൾ കീഴാള ജനതയ്‌ക്ക് വഴിനടപ്പ് അവകാശവും ക്ഷേത്രപ്രവേശനവും നൽകാൻ നിർബന്ധിതരായി. അയിത്താചാരത്തിനും ജാത്യാധിഷ്ഠിത സാമൂഹ്യവ്യവസ്ഥയ്‌ക്കും ബ്രാഹ്മണിക്കൽ ഹൈന്ദവ മതത്തിന്റെ നീതിശാസ്ത്രങ്ങൾക്കും എതിരായി കീഴാള ജനതയുടെ  സഞ്ചാര സ്വാതന്ത്ര്യാവകാശത്തിനു വേണ്ടിയുള്ള പോരാട്ടചരിത്രത്തിൽ കീഴാളന്റെ ചോര കൊണ്ടെഴുതിയ അധ്യായമാണ് പാലിയം സമരം.

(കലിക്കറ്റ് സർവകലാശാലയിൽ സെക്ഷൻ ഓഫീസറായിരുന്ന ലേഖകൻ പുരോഗമന കലാ സാഹിത്യ സംഘം തൃശൂർ ജില്ലാ കൗൺസിൽ അംഗമാണ് )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top