25 April Thursday

പുരോഗമനവഴിയിലെ പുതുവെളിച്ചം - ഡോ. കെ പി മോഹനൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 6, 2021

പ്രൊഫസർ പാലക്കീഴ് നാരായണന്റെ മരണം കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തനത്തിന്റെ രംഗത്ത് നികത്താനാകാത്ത നഷ്ടമാണ് വരുത്തിവയ്‌ക്കുന്നത്. സർവീസ് സംഘടനാ രംഗത്തും പുരോഗമന കലാസാഹിത്യത്തിന്റെ രംഗത്തും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ രംഗത്തും നിറസാന്നിധ്യമായിരുന്ന ഒരു നിസ്വാർഥ പ്രവർത്തകനാണ് പാലക്കീഴിന്റെ  മരണത്തോടെ അരങ്ങൊഴിയുന്നത്‌.  രാഷ്ട്രീയ പ്രവർത്തനവും സാംസ്കാരിക പ്രവർത്തനവും പരസ്പരപൂരകങ്ങൾ ആയിരിക്കണമെന്ന നിർബന്ധ ബുദ്ധിയോടുകൂടി ഈ രണ്ടു കർമരംഗത്തും നിഷ്ഠയോടെ പ്രവർത്തിച്ച പാലക്കീഴിന്റെ ജീവിതം മാർക്സിസത്തിന്റെ പാതയിൽ അചഞ്ചലമായി മുന്നോട്ടുപോയി.  കണിശമായ പ്രത്യയശാസ്ത്ര ബോധ്യങ്ങളുടെ പിൻബലത്തോടുകൂടി തനിക്കുമുന്നിൽ വരുന്ന പ്രശ്നങ്ങളെ നേരിടാനും പരിശോധിക്കാനും അവയ്ക്ക് പരിഹാരം നിർദേശിക്കാനുമുള്ള ഉൾക്കരുത്തായിരുന്നു പാലക്കീഴിന്റെ സവിശേഷത. എഴുത്തിനേക്കാൾ കൂടുതൽ സംഘടനാ രംഗത്തു പ്രവർത്തിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. എഴുത്തിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നെങ്കിൽ കേരളം മുഴുവൻ അറിയപ്പെടുന്ന കവിയും ഗവേഷകനുമായി മാറുമായിരുന്നു പാലക്കീഴ്‌ എന്ന് നിസ്സംശയം പറയാം. ഇക്കാര്യം തിരിച്ചറിയാൻ കഴിത്തതുകൊണ്ടു തന്നെയാകണം കേരള സാഹിത്യ അക്കാദമി 2019ൽ സമഗ്ര സാഹിത്യ സംഭാവനയ്‌ക്കുള്ള  സർവോന്നത പുരസ്‌കാരം നൽകി പാലക്കീഴിനെ ആദരിച്ചത്‌.

1940 മാർച്ച് മൂന്നിന്‌ ഇന്നത്തെ മലപ്പുറം ജില്ലയിൽ അവിഭക്ത പാലക്കാട് ജില്ലയിലെ മേലാറ്റൂരിനടുത്തുള്ള ചെമ്മാണിയോട്ട്‌ പാലക്കീഴ്‌ മനയ്‌ക്കലിലാണ്‌ അദ്ദേഹത്തിന്റെ ജനനം. ആചാരബദ്ധവും അനുഷ്‌ഠാന ബഹുലവുമായിരുന്നു പൊതുവേ ഗൃഹാന്തരീക്ഷമെങ്കിലും പാലക്കീഴിന്റെ മൂത്ത രണ്ടു സഹോദരന്മാരും തികഞ്ഞ കമ്യൂണിസ്റ്റുകാരായി മാറി.  പഴയ വള്ളുവനാട്ടിലും ഏറനാട്ടിലും സമ്പന്നമല്ലാത്ത മിക്ക ഇടത്തരം നമ്പൂതിരി ഇല്ലങ്ങളും തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളെയും പാർടി പ്രവർത്തനങ്ങളെയും സമരസപ്പെടുത്തി മുന്നോട്ടുകൊണ്ടു പോകുന്ന  ഉദാരസമീപനം പൊതുവേ കൈക്കൊണ്ടിരുന്നതുപോലെ പാലക്കീഴ് മനയും കമ്യൂണിസത്തിന്റെ മനുഷ്യ സ്നേഹത്തെയും സമഭാവനയെയും ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായി. പാലക്കീഴ്‌ മനയിലെ പുതുതലമുറയിലെ സുബ്രഹ്മണ്യൻ നമ്പൂതിരി എന്ന തുപ്പേട്ടനും പാലക്കീഴ്‌ ലക്ഷ്‌മണനും പാലക്കീഴ്‌ നാരായണനും അങ്ങനെ കർഷകസംഘം, ഗ്രന്ഥശാലാ രൂപീകരണം, നാടകപ്രവർത്തനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കമ്യൂണിസ്റ്റ് പാർടിയിൽ എത്തിപ്പെട്ടു.  മലപ്പുറം ജില്ലയിലെ കമ്യൂണിസ്റ്റ് നേതാക്കളായ ആർ പിയും ( സി ഇ രാഘവ പിഷാരോടി) പാലോളി മുഹമ്മദുകുട്ടിയും മറ്റും പാലക്കീഴ്‌ മനയ്‌ക്കലിലെ നിത്യസന്ദർശകരായി മാറി. പാലക്കീഴ്‌ നാരായണനെ സംബന്ധിച്ചിടത്തോളം മണ്ണാർക്കാട്‌ ഹൈസ്‌കൂളിൽ ടി ശിവദാസ മേനോൻ, എച്ച്‌ കെ പിഷാരോടി  തുടങ്ങിയ അധ്യാപകരുമായുള്ള ഹൃദയബന്ധവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രപാതയിലേക്കുള്ള വഴിയൊരുക്കുകയും ചെയ്‌തു.  ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പട്ടാമ്പി ശ്രീനീലകണ്‌ഠ സംസ്‌കൃത കോളേജിൽ മലയാളം വിദ്വാൻ കോഴ്‌സിനു ചേർന്നപ്പോൾ സാക്ഷാൽ ചെറുകാട്‌ അദ്ദേഹത്തിന്റെ എല്ലാതരത്തിലുമുള്ള വഴികാട്ടിയായി മാറുകയും ചെയ്തു.

1960ൽ വിദ്വാൻ പരീക്ഷ പാസായി മേലാറ്റൂർ ഹൈസ്കൂളിൽ അധ്യാപകനായി. 1967 കേരളത്തിലെ സർക്കാർ ഹൈസ്കൂളുകളിൽ അധ്യാപകനായി. കോളേജ് വിദ്യാഭ്യാസം മുഴുവനും സ്വകാര്യപഠനത്തിലൂടെ പൂർത്തിയാക്കി 1982 മുതൽ സർക്കാർ കോളേജുകളിൽ അധ്യാപകനായി. 1995ൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ചു.

  ഔദ്യോഗിക ജീവിതകാലത്ത് കെജിടിഎ, എഫ്എസ്‌ഇടിഒ, എകെജിസിടി എന്നീ സംഘടനകളുടെ മുൻനിര പ്രവർത്തകനായിരുന്നു. സമാന്തരമായി സാംസ്കാരികരംഗത്ത് എൻ വി കൃഷ്ണവാര്യരുടെയും എസ് കെ പൊറ്റെക്കാട്ടിന്റെയും നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രമാക്കി രൂപംകൊണ്ട കേരള സാഹിത്യസമിതി, ദേശാഭിമാനി സ്റ്റഡി സർക്കിൾ, പുരോഗമനകലാ സാഹിത്യസംഘം, പാലക്കാട് ജില്ലാ കവി –-കാഥിക സമ്മേളനം, ഗ്രന്ഥശാലാ പ്രസ്ഥാനം എന്നിങ്ങനെ വിവിധ മേഖലയിൽ പാലക്കീഴ്‌ സജീവമായി പ്രവർത്തിച്ചു. 2005–-10ൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിദ്ധീകരണമായ  ഗ്രന്ഥാലോകത്തിന്റെ പത്രാധിപരായി. ഏറ്റവും നല്ല ഗ്രന്ഥശാലാ പ്രവർത്തകനുള്ള പുരസ്കാരം, ഐ വി ദാസ്‌ പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്കാരം എന്നിവയ്ക്കും അർഹനായി. പെരിന്തൽമണ്ണ നഗരമധ്യത്തിൽ എല്ലാ രംഗത്തും തന്റെ മാർഗദർശിയായ ചെറുകാടിന്‌  ഒരു സ്മാരക മന്ദിരം നിർമിക്കാൻ മുൻകൈയെടുത്തത് പാലക്കീഴ്‌ ആയിരുന്നു. ചെറുകാട് സ്മാരക ട്രസ്റ്റ് മാനേജിങ്‌ ട്രസ്റ്റിയും ആയിരുന്നു അദ്ദേഹം.

ഇടതുപക്ഷ സാംസ്കാരിക പ്രവർത്തനത്തിന്റെ മേഖല സമൂഹത്തിന്റെ തൃണമൂല തലങ്ങളിൽ ആകേണ്ടതുണ്ടെന്ന മാർക്സിയൻ തിരിച്ചറിവാണ് പാലക്കീഴിനെ ശ്രദ്ധേയനാക്കുന്നത്. ചെറുകാടും വി ടി  ഭട്ടതിരിപ്പാടും ഇടശ്ശേരിയും എൻ വി കൃഷ്‌ണവാര്യരും ഇക്കാര്യത്തിൽ  പാലക്കീഴിന്റെ ആചാര്യൻമാരായി. വ്യക്തിജീവിതത്തിൽ അത്രയധികം ദുഃഖങ്ങളും ധർമസങ്കടങ്ങളും നിലനിൽക്കുമ്പോഴാണ് എല്ലാം മറന്നുകൊണ്ടുള്ള ഈ സാംസ്‌കാരിക പ്രവർത്തനങ്ങളെന്ന്‌ ഓർക്കുമ്പോഴാണ് പാലക്കീഴ്‌ സഞ്ചരിച്ച വഴികളുടെ മൂല്യം തിരിച്ചറിയുകയുള്ളൂ.  

ജീവിതത്തിലുടനീളം യുക്തിബോധം നിലനിർത്താൻ പാലക്കീഴിനു കഴിഞ്ഞുവെന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിൽ നാലിനും അഞ്ചിനും പാലക്കീഴിന്റെ  80–-ാം പിറന്നാൾ  വിപുലമായ രീതിയിൽ കൊണ്ടാടാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തീരുമാനിച്ചതായിരുന്നു. കോവിഡിന്റെ വിളയാട്ടം തുടങ്ങിയത് അപ്പോഴാണ്. പക്ഷേ, കർമോത്സുകതയുടെ വള്ളുവനാടൻ മുഖം എന്ന ഒരു ആദരഗ്രന്ഥം പുറത്തിറക്കാൻ കഴിഞ്ഞു. 2021 ജൂലൈ 20നു പാലോളി മുഹമ്മദുകുട്ടി ഗ്രന്ഥം പ്രകാശനം ചെയ്തു. പക്ഷേ, ആദരഗ്രന്ഥം പുറത്തിറക്കുന്ന ദിവസം സമ്പൂർണ ബോധത്തോടെ രംഗത്തിനു സാക്ഷിയാകാൻ പാലക്കീഴിനു കഴിഞ്ഞില്ല. തുടർന്നുള്ള മറ്റൊരു ദിവസം കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരം വീട്ടിലെത്തി നൽകുമ്പോഴും പാലക്കീഴ് തീർത്തും അവശനായിരുന്നു. കർമചൈതന്യം തുളുമ്പുന്ന ആ മുഖം ഇനി ഓർമയിൽ മാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top