10 December Sunday

ഉലഞ്ഞു നീങ്ങുന്ന പാകിസ്ഥാൻ

ഡോ. പി ജെ വിൻസെന്റ്‌Updated: Wednesday Aug 16, 2023

പാകിസ്ഥാനും അവിടുത്തെ  രാഷ്‌ട്രീയവും ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്‌. സാമ്പത്തികരംഗം ഏറെക്കുറെ സമ്പൂർണ തകർച്ചയെ അഭിമുഖീകരിക്കുകയാണ്‌. രാജ്യത്തിനകത്ത്‌ ഭീകരപ്രസ്ഥാനം വീണ്ടും ശക്തിപ്പെട്ടു. അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ താലിബാൻ കൂടുതൽ ശക്തമായി. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ നേതൃത്വത്തിൽ ബലൂചി മേഖലയിലും സംഘർഷങ്ങൾ അനുദിനം ശക്തിപ്പെടുത്തുകയാണ്‌. നിരവധി സൈനിക കേന്ദ്രങ്ങൾ അവർ ഇതിനകം ആക്രമിച്ചു. മാത്രമല്ല ചൈന–- പാകിസ്ഥാൻ ഇക്കണോമിക്‌ സോണിൽ ചൈന നടത്തുന്ന പല നിർമാണങ്ങളെയും ലക്ഷ്യമിട്ട്‌ ബലൂചി കലാപകാരികൾ നിരന്തര ആക്രമണം നടത്തുകയുമാണ്‌. പഞ്ചാബിലും സിന്ധിലും സാമ്പത്തികപ്രതിസന്ധിയെ തുടർന്നുള്ള രോഷം പലരൂപത്തിലും സംഘർഷമായി മാറി. ഈ അവസ്ഥയിൽ സാമ്പത്തികസ്ഥിതി കണക്കാക്കാതെ ചൈനയിൽനിന്ന്‌ ആണവ റിയാക്ടറുകൾ വാങ്ങാനുള്ള വലിയ കരാറുകൾ ഒപ്പിട്ട്‌ സൈന്യത്തെ  തൃപ്‌തിപ്പെടുത്താനുള്ള ശ്രമം പാകിസ്ഥാൻ സർക്കാർ തുടരുന്നുമുണ്ട്‌. സാമ്പത്തിക തകർച്ചയോടൊപ്പം രാഷ്‌ട്രീയമായ അസ്ഥിരത കൂടിയായപ്പോൾ പാകിസ്ഥാൻ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്‌.

പാകിസ്ഥാന്റെ ജനാധിപത്യചരിത്രം ഒട്ടും ശോഭനമല്ല. ഇതുവരെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഒരു പ്രധാനമന്ത്രിയും കാലാവധി പൂർത്തിയാക്കിയിട്ടില്ല. അതിനു മുമ്പ്‌ ഒന്നുകിൽ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയോ അതുമല്ലെങ്കിൽ രാജിവച്ചു പോകുകയോ ആണ്‌ ഉണ്ടായിട്ടുള്ളത്‌. അധികാരം നഷ്‌ടപ്പെടുന്ന പ്രധാനമന്ത്രിമാർക്ക്‌ കേസുകളിൽ പെടുകയോ അറസ്റ്റു ചെയ്യപ്പെടുകയോ ജയിൽവാസം അനുഭവിക്കുകയോ രാജ്യം വിട്ടുപോകുകയോ ആണ്‌ ചെയ്യേണ്ടിവന്നിട്ടുള്ളത്‌. ബേനസീർ ഭൂട്ടോയുടെയും നവാസ്‌ ഷെരീഫിന്റെയും കാര്യത്തിലും ഇത്‌ സംഭവിക്കുകയുണ്ടായി. ഇപ്പോൾ ഇമ്രാൻ ഖാനിലൂടെ ചരിത്രം ആവർത്തിക്കുകയാണ്‌. 2018ൽ യാഥാസ്ഥിതിക കക്ഷികളുടെയും സൈന്യത്തിന്റെയും കലവറയില്ലാത്ത പിന്തുണയോടെയാണ്‌ ഇമ്രാൻ അധികാരത്തിൽ വന്നത്‌. പരമ്പരാഗതമായ രണ്ടു പാർടി; പാകിസ്ഥാൻ മുസ്ലിംലീഗും പാകിസ്ഥാൻ പീപ്പിൾസ്‌ പാർടിയും നിയന്ത്രിക്കുന്ന രാഷ്‌ട്രീയ മേഖലയിലേക്കാണ്‌ പാകിസ്ഥാൻ തെഹ്‌രി കി ഇൻസാഫ്‌–-പിടിഐ എന്ന പാർടി വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നത്‌. ഇമ്രാൻഖാന്‌ സൈന്യത്തിന്റെ പിന്തുണയുള്ളതിനാൽതന്നെ വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും പ്രതീക്ഷിച്ചു. ക്രിക്കറ്റ്‌ നയതന്ത്രസാധ്യത ഇന്ത്യ–- പാകിസ്ഥാൻ ബന്ധത്തെ സാധാരണ നിലയിലാക്കാൻ വിനിയോഗിക്കപ്പെടുമെന്ന ചർച്ച സജീവമായിരുന്നു. പക്ഷേ, രണ്ടു വർഷം കഴിയുമ്പോൾത്തന്നെ ഭരണവിരുദ്ധവികാരം  തൃണമൂല തലത്തിൽ ശക്തമായി.  ഇതിന്റെ തുടർച്ചയിലാണ്‌ ഇമ്രാനെതിരെ അവിശ്വാസപ്രമേയം 2022 ഏപ്രിലിൽ പാസാക്കുന്നത്‌. പാകിസ്ഥാൻ മുസ്ലിംലീഗ്‌ നവാസ്‌ വിഭാഗവും പാകിസ്ഥാൻ പീപ്പിൾസ്‌ പാർടിയും എല്ലാ ചെറുപാർടികളും ചേർന്ന പ്രതിപക്ഷ സഖ്യത്തെ ഷഹബാസ്‌ ഷെരീഫ്‌ നയിച്ചു. അവിശ്വാസത്തിന്‌ നേതൃത്വം നൽകിയ ഷഹബാസ്‌ ഷെരീഫ്‌ തന്നെ പ്രധാനമന്ത്രിയാകുകയും ചെയ്‌തു. ഇതേത്തുടർന്ന്‌ പിടിഐയുടെ പ്രവർത്തകർ കലാപസമാനമായ അക്രമത്തിനാണ്‌ തുടക്കം കുറിച്ചത്‌. അത്‌ ദ്രുതഗതിയിൽ അടിച്ചമർത്തപ്പെട്ടു. മാത്രമല്ല, സൈന്യത്തിനെതിരെ ശക്തമായ വിമർശവും ഇമ്രാൻ ഖാൻ ഉയർത്തി. അമേരിക്കയുമായി കൂടിച്ചേർന്ന്‌ പാകിസ്ഥാന്റെ താൽപ്പര്യങ്ങൾ ബലികഴിക്കുന്നുവെന്ന വിമർശവും ഉയർത്തി. മാത്രമല്ല, ഇന്ത്യയെ കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്‌ക്ക്‌ ശക്തമായ വിമർശം, പാകിസ്ഥാൻ സൈന്യത്തിന്‌ വിമർശം, ഇന്ത്യൻ ഭരണകൂടത്തെ അഭിനന്ദിക്കുന്ന ചില പ്രസ്‌താവനകൾ–- ഇതെല്ലാം ചേർന്ന്‌ പാക്‌ രാഷ്‌ട്രീയത്തിൽ ചില ദിശാമാറ്റത്തിലേക്ക്‌ പോകുന്നുവെന്ന സൂചനകളാണ്‌  ഇമ്രാൻ ഖാന്റെ ഭാഗത്തുനിന്നുണ്ടായത്‌.

പുറത്തായശേഷം നിരവധി കേസുകളാണ്‌ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌. നൂറ്റമ്പതിലധികം കേസുകൾ. അതിൽ നിയമവിരുദ്ധ പ്രവർത്തനത്തിന്‌ അനുയായികളെ പ്രേരിപ്പിച്ചത്‌, ഭീകരപ്രവർത്തനത്തിന്‌ അനുകൂലമായ നിലപാടുകൾ എടുത്തത്‌, അഴിമതി ആരോപണം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ്‌ നൂറ്റമ്പതിലധികം കേസുകൾ. കഴിഞ്ഞ മേയിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്‌തു. അതേത്തുടർന്ന്‌ വലിയ കലാപം പാകിസ്ഥാനിൽ ഉണ്ടായി. പിടിഐ പ്രവർത്തകർ ഒരേസമയം സർക്കാർ– -സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചു. സൈന്യവുമായി ജനം നേരിട്ട്‌ തെരുവിൽ അണിനിരക്കുന്നതും സർക്കാരിന്‌ എതിരെ കലാപം നടത്തുന്നതും പാകിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമാണ്‌. പൊതുവേ രാഷ്‌ട്രീയ പാർടികൾ സൈന്യത്തെ നേരിട്ട്‌ കടന്നാക്രമിക്കുന്ന ശീലം പാകിസ്ഥാനിൽ ഇല്ല.

ഇതിന്റെ തുടർച്ചയായാണ്‌ തോഷഖാന അഴിമതി കേസ്‌ വിധി ഉണ്ടായത്‌. വളരെ പ്രധാനപ്പെട്ട ഒരു അഴിമതി കേസ്‌ ആണിത്‌. 2018– -2022 കാലത്ത്‌ പ്രധാനമന്ത്രി ആയിരിക്കെ വിദേശ രാജ്യങ്ങളിൽനിന്ന്‌ ലഭിച്ചിട്ടുള്ള അമൂല്യ സമ്മാനങ്ങൾ സഹായികളുടെ പിന്തുണയോടെ ദുബായിൽ വിറ്റഴിച്ചു സമ്പത്തുണ്ടാക്കി എന്നാണ്‌ ഏറ്റവും പ്രധാന കേസ്‌. തോഷഖാന കേസ്‌ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. തോഷഖാന എന്നത്‌ പാകിസ്ഥാൻ ട്രഷറിയുടെ പേരാണ്‌. ഇമ്രാൻ പ്രധാനമന്ത്രിയായ കാലത്ത്‌ ഏകദേശം അഞ്ചു ലക്ഷം ഡോളർ വിലയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്‌.  ഇത്തരത്തിലുള്ള സമ്മാനങ്ങൾ രാജ്യത്തിന്‌ കിട്ടുന്നതാണ്‌. അത്‌ ട്രഷറിയിലേക്ക്‌ മുതൽക്കൂട്ടുകയാണ്‌ പതിവ്‌. അങ്ങനെ ചെയ്യുന്നതിനു പകരം തെറ്റായ മാർഗത്തിലൂടെ വിറ്റ്‌ പണം നേടി എന്നാണ്‌ കേസ്‌. വ്യാപക ചർച്ചയായ കേസാണത്‌. ഈ കേസിലാണ്‌ ഇമ്രാനെ മൂന്നു വർഷം തടവിന്‌ ശിക്ഷിച്ചുള്ള വിധി വന്നത്‌. മാത്രവുമല്ല, അഞ്ചു വർഷത്തേക്ക്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല. വിധി വന്നയുടൻ പൊലീസ്‌ ലാഹോറിലെ വസതിയിൽനിന്ന്‌ അറസ്റ്റു ചെയ്‌തു. ഇതേത്തുടർന്ന്‌ പാകിസ്ഥാനിൽ വലിയ സംഘർഷംതന്നെ ഉണ്ടായി.

എന്നാൽ, സർക്കാർ ഈ കാര്യത്തിൽ വ്യത്യസ്‌തമായ നിലപാടാണ്‌ എടുത്തത്‌. വാർത്താവിനിമയമന്ത്രി മറിയം ഔറംഗസേബ്‌ പറഞ്ഞത്‌ ‘നിയമവിരുദ്ധ പ്രവർത്തനം നടത്തിയ ഇമ്രാൻ ഖാന്‌ കോടതി ന്യായമായ ശിക്ഷ വിധിച്ചു എന്നും ഇതിൽ രാഷ്‌ട്രീയമായ പകപോക്കലിന്റെ അംശങ്ങൾ ഒന്നുമില്ല’ എന്നുമാണ്‌. മുപ്പതു പേജുള്ള വിധിന്യായത്തിൽ ജഡ്‌ജി ഹുമയൂൺ ദിലാവർ അടിവരയിട്ടു പറഞ്ഞത്‌ ഇമ്രാൻ ഖാൻ സത്യസന്ധതയില്ലാത്ത ആൾ ആണെന്നാണ്‌.

പാകിസ്ഥാൻ അടുത്ത തെരഞ്ഞെടുപ്പിലേക്ക്‌ പോകുകയാണ്‌. സർക്കാരിനെ പിരിച്ചുവിട്ട്‌ കാവൽ പ്രധാനമന്ത്രി അധികാരത്തിലേറി. വളരെ പ്രധാനപ്പെട്ട സാഹചര്യമാണിത്‌. പ്രതിപക്ഷ പാർടികൾ ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാൽ ഇമ്രാൻ ഖാന്‌ തിരിച്ചു വരാനുള്ള എല്ലാ സാധ്യതയും അസ്‌തമിക്കും എന്നത്‌ നിസ്‌തർക്കമാണ്‌. ഇപ്പോൾത്തന്നെ പാകിസ്ഥാൻ മുസ്ലിംലീഗ്‌ നവാസ്‌ വിഭാവും പാകിസ്ഥാൻ പീപ്പിൾസ്‌ പാർടിയും മറ്റു ചെറുപാർടികളും ഐക്യപ്പെട്ടു പ്രവർത്തിക്കുകയാണ്‌. സൈന്യം നേരിട്ട്‌ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കടുത്ത ഇമ്രാൻവിരുദ്ധ നിലപാടിലാണ്‌. അങ്ങനെ നിർണായക തെരഞ്ഞെടുപ്പിലേക്ക്‌ പോകുന്ന ഘട്ടത്തിലാണ്‌ തോഷഖാന കേസിലെ വിധി. ഇമ്രാൻ ഖാന്‌ അഞ്ചു വർഷത്തേക്ക്‌ മത്സരിക്കാനും കഴിയില്ല. മാത്രമല്ല, ഇമ്രാൻ കഴിഞ്ഞാൻ വലിയ സ്വാധീനമുള്ള നേതാക്കൾ പാർടിയിലില്ല എന്നതും പാർടിക്ക്‌ തിരിച്ചടിയാകും. രാജ്യം തെരഞ്ഞെടുപ്പിലേക്കും ഇമ്രാൻഖാൻ ജയിലിലേക്കും പോയ സാഹചര്യത്തിൽ കോടതിയെ ആശ്രയിക്കുകയേ ഗതിയുള്ളൂ. അപ്പീലിൽ സുപ്രീംകോടതിയിൽനിന്ന്‌ അനുകൂല വിധി ഉണ്ടായാൽ മാത്രമേ ഇമ്രാൻഖാന്‌ തിരിച്ചുവരവിന്‌ സാധ്യതയുള്ളൂ. അല്ലാത്തപക്ഷം അദ്ദേഹത്തിന്‌ നവാസ്‌ ഷെരീഫിനെപ്പോലെ രാജ്യം വിടുകയേ മാർഗമുള്ളൂ. അതീവ ഗുരുതര സാഹചര്യത്തിലൂടെ ഇമ്രാനും പാർടിയും കടന്നുപോകുകയാണ്‌. പാകിസ്ഥാനാകട്ടെ സാമ്പത്തിക–- സുരക്ഷാ കാര്യങ്ങളിൽ വലിയ വെല്ലുവിളി നേരിടുന്നു. പാകിസ്ഥാന്റെ മുന്നോട്ടുള്ള പോക്ക്‌ തികച്ചും അനിശ്ചിതത്വത്തിലാണ്‌ എന്ന കാര്യത്തിൽ സംശയമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top