മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട മറുനാടൻ കവി പാബ്ലോ നെരൂദ ആയിരിക്കും. കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെയാകെത്തന്നെ പ്രിയ കവിയാണ് അദ്ദേഹം; കവിതകൊണ്ടും ജീവിതംകൊണ്ടും.
നെരൂദ 1904-ൽ ചിലിയിൽ ജനിച്ചു. ഇരുപത്തിമൂന്നാം വയസ്സിൽ നയതന്ത്രജ്ഞനായി. പല നാടുകളിൽ ജോലിചെയ്തു. പുരോഗമന നിലപാടുകൾ സ്വീകരിച്ചതിന് കോൺസൽ പദവിയിൽനിന്ന് തിരിച്ചുവിളിക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാർടി അംഗത്വം, സജീവ രാഷ്ട്രീയപ്രവർത്തനം, പാർടിയുടെ നിരോധനം, രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടൽ, അറസ്റ്റു വാറന്റ്, തൊഴിലാളികളുടെ വീടുകളിൽ മാറിമാറിയുള്ള ഒളിവുജീവിതം, വേട്ടയാടപ്പെടൽ, പലവട്ടം മരണത്തെ മുന്നിൽക്കണ്ട സാഹസികമായ പലായനം, വിപ്രവാസജീവിതം എന്നീ അനുഭവങ്ങളിലൂടെയൊക്കെ കടന്നുപോയി, മറ്റൊരു ലോകമഹാകവിക്കുമില്ലാത്ത ജീവചരിത്രത്തിന് അവകാശിയായി. എന്തിനേറെ, ചിലിയിൽ പട്ടാള അട്ടിമറി നടന്നതിനു പിന്നാലെ സംഭവിച്ച അദ്ദേഹത്തിന്റെ മരണം പട്ടാളഭരണകൂടം ആസൂത്രിതമായി നടത്തിയ ഒരു കൊലപാതകം തന്നെയായിരുന്നു എന്ന പഴയ സംശയം ഏതാണ്ട് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.1973 സെപ്‌തംബർ 23ന് ആയിരുന്നു ആ വിയോഗം.
ഈ നിറഞ്ഞ ജീവിതത്തിനിടയ്ക്കാണ് നെരൂദ കവിതയെഴുതിയത്. പതിനഞ്ചാം വയസ്സിൽ ആദ്യ കാവ്യസമാഹാരം ‘സന്ധ്യാപുസ്തകം’. പത്തൊമ്പതാം വയസ്സിൽ പുറത്തുവന്ന രണ്ടാമത്തെ പുസ്തകം, ‘ഇരുപതു പ്രണയകവിതകളും ഒരു നൈരാശ്യഗീതവും’ അദ്ദേഹത്തെ സ്പാനിഷ് ഭാഷയിലെ ഏറ്റവും ശ്രദ്ധേയനായ പുതുമുഖകവിയാക്കി. പിന്നീട് നാൽപ്പതോളം പുസ്തകങ്ങൾ എഴുതി. ‘കാന്റോ ജനറൽ’ എന്ന ബൃഹത്‌കാവ്യമാണ് മാസ്റ്റർപീസ്.
1971ൽ അറുപത്തിയേഴാം വയസ്സിലാണ് നെരൂദയ്ക്കു നൊബേൽ സമ്മാനം ലഭിച്ചത്; മരിക്കുന്നതിനു രണ്ടു വർഷംമാത്രംമുമ്പ്. ആ ബഹുമതി വല്ലാതെ വൈകിയെന്നും അത് കവിയുടെ രാഷ്ട്രീയം കാരണമായിരുന്നു എന്നും ലോകം ഉറച്ചു വിശ്വസിക്കുന്നു.
വരേണ്യന്യൂനപക്ഷത്തിന്റേതാണ് കവിത എന്ന ദുഃഖയാഥാർഥ്യത്തെ തന്റെ നാട്ടിൽ തന്റെ കാലത്തെങ്കിലും അട്ടിമറിച്ച കവിയാണ് നെരൂദ. കവിതയെ ഭൂരിപക്ഷത്തിന്റേതാക്കി അദ്ദേഹം. തന്റെ കവിതയെ സാഭിമാനം ‘അവിശുദ്ധകവിത’ എന്നു വിളിച്ചു. ശുദ്ധകലാവാദികൾ അമൂർത്തകവിതകളെഴുതി സാഹിത്യലോകം വാഴുമ്പോൾ അതിനെതിരായ സാംസ്കാരിക പ്രയോഗമായി കാവ്യവൃത്തിയെമാറ്റി.
ജനങ്ങൾ ആ കവിത ഏറ്റെടുക്കുകയും ചെയ്തു. പിനോഷെയുടെ പട്ടാളഭരണത്തിനെതിരായ ആദ്യത്തെയും അവസാനത്തെയും പ്രതിഷേധപ്രകടനം എന്നു വിശേഷിപ്പിക്കപ്പെടുന്ന നെരൂദയുടെ ശവമടക്കുയാത്രതന്നെ അതിനു സാക്ഷി. പട്ടാള അട്ടിമറി കഴിഞ്ഞ ചിലിയിൽ, നെരൂദ മരിച്ച വിവരം ആർക്കും ജനങ്ങളെ അറിയിക്കാനാകുമായിരുന്നില്ല. പക്ഷേ, ആ വിയോഗം പറഞ്ഞുകേട്ടറിഞ്ഞ്, ആളുകൾ ഓടിക്കൂടി. ഭീതിയിൽ മരവിച്ചുനിന്ന ചിലിയൻ തെരുവുകളിൽ അവർ സ്വമേധയാ ഒരു മഹാപ്രകടനമായി മാറി. ആ ആൾക്കൂട്ടത്തിലെ ഓരോരുത്തരും സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് മരണം കാവൽനിൽക്കുന്ന തെരുവിലിറങ്ങിയത്. ഒരു കവിക്കു വേണ്ടിയും ഒരു ജനതയും അങ്ങനെയൊരു വിലാപയാത്ര ചരിത്രത്തിലൊരിടത്തും നടത്തിയിട്ടുണ്ടാകില്ല.
“നെരൂദയുടെ വാക്കിനേക്കാൾ ആത്മാവിനെ ഉന്മത്തമാക്കുന്ന മദ്യമില്ല” എന്ന് ഏറ്റുപറഞ്ഞുകൊണ്ട് കവിയുടെ ഓർമക്കുറിപ്പുകൾ മലയാളത്തിലാക്കിയത് ഗുരു നിത്യചൈതന്യ യതിയാണ്.
‘വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും കവി’ എന്നതാണ് നെരൂദയ്ക്കു നൽകാവുന്ന ഏറ്റവും നല്ല ലക്ഷണവാക്യം എന്നാണ് പൊതുവേ പറയുക. പക്ഷേ, ഏതു നിർവചനത്തിനുമുള്ള ലഘൂകരണസ്വഭാവം ആ വിശേഷണത്തിനുമുണ്ട്. ‘കാന്റോ ജനറൽ’ എന്ന മഹാകാവ്യപ്പേര് ഓർമിപ്പിക്കുംവിധം ‘എല്ലാത്തിന്റെയും കവി’യായിരുന്നു നെരൂദ.
വിപ്ലവകവി കെ പി ജിയിലൂടെയാണ് അദ്ദേഹം മലയാളത്തിലെത്തുന്നത്, 1950-കളിൽ, മലയാളത്തിന്റെ ചുവന്നദശകത്തിൽ. എന്നിരുന്നാലും 1970-കളിൽ കെ സച്ചിദാനന്ദനാണ് നെരൂദയെ മലയാളത്തിന്റെ സ്വന്തമാക്കാനുള്ള സാംസ്കാരികസംരംഭം ഒരുപക്ഷേ, അങ്ങനെയൊന്നു ചെയ്യുകയാണ് എന്നറിയാതെ, അടിയന്തരാവസ്ഥയ്ക്കെതിരായ സാംസ്കാരികപ്രതിരോധത്തിന്റെ ഭാഗമായി, തുടങ്ങിവയ്ക്കുന്നത്. പിന്നാലെ, നെരൂദയുടെ കേരളീയജീവിതം യാഥാർഥ്യമായി.
പലരും തെറ്റായിപ്പറയുന്നതുപോലെ, നെരൂദ കമ്യൂണിസ്റ്റുകാരുടെ മാത്രം കവിയല്ല. “നെരൂദയുടെ വാക്കിനേക്കാൾ ആത്മാവിനെ ഉന്മത്തമാക്കുന്ന മദ്യമില്ല” എന്ന് ഏറ്റുപറഞ്ഞുകൊണ്ട് കവിയുടെ ഓർമക്കുറിപ്പുകൾ മലയാളത്തിലാക്കിയത് ഗുരു നിത്യചൈതന്യ യതിയാണ്. “ദൈവങ്ങളും സാധുവായ മനുഷ്യന്റെ ശത്രുക്കളാണ്” എന്നെഴുതിയ ഒരവിശ്വാസിയുടെ ജീവിതകഥയെ ഒരു സംന്യസ്തൻ സ്വന്തം അനുവാചകർക്കു കൈയേൽപ്പിച്ചുകൊടുത്തു എന്ന ലോകൈകാത്ഭുതമാണ് അപ്പോൾ സംഭവിച്ചത്.
‘കം ആൻഡ് സീ ദ ബ്ലഡ് ഇൻ ദ സ്ട്രീറ്റ്സ്’ എന്നതാണ് നെരൂദയുടെ ഏറ്റവും പ്രശസ്തമായ ഈരടി. സ്വന്തം കാലത്തെ തെരുവുകളിലെ ചോരയിലേക്ക് വിളിച്ചിറക്കിയ കവി എന്ന വിശേഷണം അദ്ദേഹത്തിനു നൽകി ആ വരികൾ. അതുകൊണ്ടുതന്നെ, തെരുവുകളിൽ ചോര വീഴുമ്പോഴൊക്കെ ലോകം ആ വരികൾ ഓർക്കും. തെരുവുകളിൽ ഏറെ ചോര വീഴുന്ന നമ്മുടെ കാലത്ത് നെരൂദ ഏറെയേറെ പ്രസക്തൻ.
എന്നാൽ, കറുപ്പുചെടിപ്പൂക്കൾ ചൂടിയ ആധ്യാത്മവിദ്യയെപ്പറ്റി പാടലാണ് കവിതയും കലയും സംസ്കാരവും എന്ന് വീണ്ടും വീണ്ടും മനുഷ്യവിരുദ്ധർ വിളിച്ചുകൂവുന്ന കാലം കടന്നു വന്ന ഇന്ത്യയിൽ, നെരൂദയുടെ അമ്പതാം രക്തസാക്ഷിത്വവാർഷികം എത്തുന്നത് ഒരോർമപ്പെടുത്തൽപോലെയാണ്. തൊഴിലാളികൾക്കൊപ്പംനിന്ന് ആത്മാവിന്റെ തൂമ്പകൊണ്ട് മഞ്ഞും ചോരയും കയറ്റുകയും ഇറക്കുകയും ചെയ്യലാണ് തന്റെ കവിതയുടെ ദൗത്യമെന്ന് ഉദ്ഘോഷിച്ച ആ കവിയുടെ രക്തം ഈ കാലത്തെ രാഷ്ട്രീയജ്ഞാനസ്നാനം ചെയ്യിക്കട്ടെ. തൊഴിലാളികൾ ആക്രമിക്കപ്പെട്ട ഖനികൾക്കു മുന്നിലേക്ക് കവിതയുമായി നടന്നുചെന്ന ആ കവിയുടെ കാൽപ്പാടുകൾ നമ്മുടെ കവിതയെയും കലയെയും സംസ്കാരത്തെയും ജീവിതത്തെയും ജനാധിപത്യത്തെത്തന്നെയും നയിക്കട്ടെ.
(കവിയും മാധ്യമപ്രവർത്തകനുമാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..