20 April Saturday

വസ്തുതകളെ ഭയപ്പെടുന്നവർ - പി രാജീവ്‌ എഴുതുന്നു

പി രാജീവ്‌Updated: Tuesday Sep 22, 2020


സ്വർണക്കടത്തിൽ തുടങ്ങി ഖുർആൻ വിതരണംവരെ എത്തിനിൽക്കുന്ന വിവാദവാർത്തകൾ പരിശോധിച്ചാൽ എന്താണ് യാഥാർഥ്യമെന്ന് തിരിച്ചറിയാൻ പറ്റില്ല. നയതന്ത്ര ബാഗേജിലൂടെ വന്ന ഖുർആൻ  വിതരണംചെയ്തത് ഗൗരവമായ കുറ്റമാണെന്നും അതിനിടയിൽ സ്വർണം കടത്തിയെന്നും പ്രചരിപ്പിക്കുന്നു. ഭീകരവാദത്തിന്റെ ആയുധമാണ് ഖുർആൻ എന്നുവരെ ഇക്കൂട്ടർ പറയുന്നു. ഖുർആൻ കടത്തിയ കുറ്റത്തിന് ജലീൽ കുറ്റവാളിയെന്നുവരെ തലക്കെട്ട് നൽകിയവരുണ്ട്.

ഖുർആൻ അടങ്ങിയ പാക്കേജ് വന്നത് യുഎഇ കോൺസുലേറ്റിലേക്കാണ്. ചില മാധ്യമങ്ങൾ കാണിച്ച ദൃശ്യങ്ങൾ അനുസരിച്ച് ഈ പായ്‌ക്കറ്റുകൾ യുഎഇ സർക്കാർ അയച്ചതാണെന്നു കാണിക്കുന്നു. ഒരു വിദേശരാജ്യത്തുനിന്ന്‌ എംബസികളിലേക്കോ കോൺസുലേറ്റിലേക്കോ അയക്കുന്ന ബാഗേജുകൾ കൈകാര്യം ചെയ്യുന്നത് പൂർണമായും കേന്ദ്ര സർക്കാർ ഏജൻസികളാണ്. നയതന്ത്രസ്ഥാപനങ്ങളിലേക്ക് അയക്കുന്ന സാധനങ്ങൾക്ക് സാധാരണ നികുതിയിളവ് നൽകാൻ കസ്റ്റംസ് റൂൾ അനുവാദം നൽകുന്നുണ്ട്. ഇതിനായി എക്സംപ്ഷൻ സർട്ടിഫിക്കറ്റ് (ഇസി )കോൺസുലേറ്റിൽനിന്ന്‌ കസ്റ്റംസിൽ ഹാജരാക്കണം. ഇസിയിലെ ഒപ്പ് കോൺസുലേറ്റ് ജനറലിന്റേതാണെന്ന് സാക്ഷ്യപ്പെടുത്തലും ഇറക്കുമതി ചെയ്യുന്നതായി രേഖപ്പെടുത്തിയ സാധനങ്ങൾ ഇളവിന് അർഹതയുള്ളതാണെന്ന് ഉറപ്പുവരുത്തലുമാണ്  സംസ്ഥാന പ്രോട്ടോകോൾ ഓഫീസറുടെ ഉത്തരവാദിത്തം. -സാക്ഷ്യപ്പെടുത്തൽ (അറ്റസ്‌റ്റേഷൻ) എന്ന് വ്യക്തമായി പറയുകയും ചെയ്യുന്നു. എന്നാൽ, മതഗ്രന്ഥങ്ങൾക്ക് നികുതിയിളവ് നൽകാൻ വകുപ്പുമില്ല. മതഗ്രന്ഥങ്ങൾ ഉൾപ്പെടെ നികുതിയിളവ് അനുവദിക്കാത്തവ സാധാരണ രീതിയിൽ (നോർമൽ റൂട്ട്‌) ഇറക്കുമതി ചെയ്യാൻ വിദേശ നയതന്ത്രാലയങ്ങൾക്ക് അവകാശമുണ്ടെന്ന് ചട്ടം വ്യക്തമാക്കുന്നു. ഖുർആൻ ഇറക്കുമതി ചെയ്യാൻ നിരോധനമുണ്ടെന്ന് പ്രഖ്യാപിക്കുന്ന മനോരമ ചാനൽ അവതാരകയും അതിന്‌ സാധൂകരണം നൽകിയ യൂത്ത് ലീഗ് നേതാവും ഖുർആനെ സാത്താനിക് വേഴ്സസിന്റെ പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്. അതീവ ഗൗരവമായ കുറ്റമാണിത്.



 

ഇതിൽ  വസ്തുതാപരമായ ചോദ്യമിതാണ്. നികുതിയിളവിന് അർഹതയില്ലാത്ത മതഗ്രന്ഥങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നികുതി വാങ്ങാതെ ക്ലിയർ ചെയ്ത് നൽകിയത്. വിവാദ നിർമാണ മാധ്യമങ്ങളിൽ ഈ ഒരു ചോദ്യം ആരെങ്കിലും കണ്ടിട്ടുണ്ടോ?

ഇനി നയതന്ത്ര ബാഗേജുകളിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ അത് അറിയാവുന്നത് ഏറ്റവും ചുരുങ്ങിയത്  രണ്ട് പേർക്കായിരിക്കും. പായ്‌ക്കറ്റ് അയച്ചയാളും ലഭിച്ചയാളുമാണത്. അത് ഇക്കാര്യത്തിൽ  യുഎഇ സർക്കാരും കോൺസുലേറ്റുമാണ്.  ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്നും  ഭീകരവാദപ്രവർത്തനം നടത്തിയെന്നുമാണ്  ബിജെപിയും ലീഗും കോൺഗ്രസും പറയുന്നത്. യുഎഇ സർക്കാർ അയച്ച ഈന്തപ്പഴത്തിനുള്ളിൽ സ്വർണമാണെന്ന ധ്വനിയിൽ പി കെ കുഞ്ഞാലിക്കുട്ടി ആരോപണം ആവർത്തിക്കുകയും ചെയ്തു. അങ്ങനെയാണെങ്കിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനും  യുഎഇ എന്ന സൗഹൃദരാജ്യത്തെ സംശയത്തിന്റെ നിഴലിൽനിന്ന്‌ മാറ്റേണ്ടതും ഇന്ത്യയുടെ ഉത്തരവാദിത്തമാണ്. 

2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎഇ ഭരണാധികാരിയും ഒപ്പുവച്ച ഭീകരവാദവിരുദ്ധ കരാറിൽ സാമ്പത്തിക ഭീകരവാദത്തെ നേരിടൽ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഭീകരവാദക്കുറ്റം ആരോപിക്കപ്പെട്ട കേസിൽ ആരെ ചോദ്യം ചെയ്യുന്നതിനും തടസ്സമില്ല.  സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയെ യുഎഇയിൽനിന്ന്‌ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയം എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന ചോദ്യവും ഭൂരിപക്ഷ മാധ്യമവും ഉന്നയിക്കുന്നില്ല.
കോൺസുലേറ്റിൽനിന്ന്‌ ആവശ്യപ്പെട്ടതനുസരിച്ച് ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജലീലിനെ അറിയിച്ച് കോൺസുലേറ്റ് കൈമാറിയ ബാഗേജുകൾ ആ സമയം നയതന്ത്ര ബാഗേജുകളല്ല. വിമാനത്താവളത്തിൽനിന്ന്‌ ക്ലിയർ ചെയ്യുന്നതോടെ അത് കേവലം ബാഗേജായി മാറിക്കഴിഞ്ഞു. ഈ ഖുർആൻ പാക്കേജുകൾ വിതരണം ചെയ്യാനായി മൂന്ന്‌ കേന്ദ്രത്തിൽ എത്തിച്ചു എന്ന കാര്യത്തെയാണ് വസ്തുതകളെ മറച്ചുവച്ച് വിവാദമാക്കുന്നത്.


 

സാക്ഷിയെന്ന നിലയിൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ജലീലിനെ എൻഐഎയെ വിളിപ്പിച്ച വസ്തുതയും മാധ്യമങ്ങൾ തെറ്റായാണ് അവതരിപ്പിച്ചത്. അറസ്റ്റ് ചെയ്യാത്ത പ്രതിയെ സംബന്ധിച്ച് തെളിവുകൾ ലഭിച്ചാൽ ചോദ്യം ചെയ്യുന്നതിന് പൊലീസിന് അധികാരം നൽകുന്നത് സിആർപിസി 41 എ പ്രകാരമാണ്. ഈ സത്യം തെളിവുസഹിതം പുറത്തുവന്നതോടെ ജലീലിന്റെ രാജി ആവശ്യപ്പെട്ട സമരങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു. ഇതോടെ സാക്ഷിയായി വിളിപ്പിച്ചാലും പിന്നീട് വേണമെങ്കിൽ പ്രതിയാക്കാമല്ലോ എന്ന ആശ്വാസം പ്രകടിപ്പിക്കുന്നു! വസ്തുതകളെ മറച്ചുവച്ച് പ്രതീതി നിർമാണത്തിലൂടെ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഈ ശ്രമങ്ങൾ.

നിരവധിതവണ നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കിയതോടെ ആരാണ് ഇതിന് സൗകര്യം നൽകിയെന്ന ചോദ്യവും ഇക്കൂട്ടർ ഉയർത്താത്തതും ബോധപൂർവമാണ്.  ഒന്നുകിൽ കസ്റ്റംസിൽ ആരോ സൗകര്യം ചെയ്തുകൊടുക്കണം. അല്ലെങ്കിൽ, നയതന്ത്ര ബാഗേജ് എന്ന പരിരക്ഷയുടെ മറവ് ഉപയോഗിക്കാൻ വിദേശകാര്യ മന്ത്രാലയം സൗകര്യം ചെയ്തുകൊടുത്തു. ഈ വസ്തുത പുറത്തുവന്നാൽ അനുബന്ധ ചോദ്യം സ്വാഭാവികമാണെന്ന് ഇവർക്ക് അറിയാം. അന്വേഷണ ഏജൻസികളെയും ആഭ്യന്തര, ധനമന്ത്രാലയ നിലപാടിനെയും തള്ളി പോലും വിദേശ സഹമന്ത്രി വി മുരളീധരൻ പരസ്യമായ നിലപാട് സ്വീകരിച്ചത് ചിലരെ രക്ഷപ്പെടുത്താനെന്നത് പകൽപോലെ വ്യക്തം.

ജലീൽ ഗുരുതരമായ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന കാര്യം എൻഐഎ അന്വേഷിക്കുന്നുവെന്ന് ബ്രേക്കിങ്‌ ന്യൂസുകളിലും ലീഡ് വാർത്തകളിലും കാണാം. പ്രോട്ടോകോൾ ലംഘിച്ചോ എന്ന കാര്യം നിൽക്കട്ടെ. ലളിതമായി പറഞ്ഞാൽ പ്രോട്ടോകോൾ ലംഘനം കുറ്റമായി കാണുന്ന ഒരു നിയമവും രാജ്യത്ത് നിലനിൽക്കുന്നില്ല . അത് കേവലം മാർഗനിർദേശങ്ങൾ മാത്രമാണ്. അതുകൊണ്ടുതന്നെ ഒരു അന്വേഷണ ഏജൻസിയുടെയും അധികാരപരിധിയിൽ പ്രോട്ടോകോൾ ലംഘനം കാണാത്തത്. ഇരുട്ടത്ത് ഇല്ലാത്ത കറുത്ത പൂച്ചയെ തേടുന്നവർക്ക് മാത്രമേ ജലീലിന്റെ പ്രോട്ടോകോൾ ലംഘനമെന്ന ശിക്ഷാർഹമായ കുറ്റം  വിശദീകരിക്കാൻ കഴിയൂ. വസ്തുതകളെയാകെ തമസ്കരിക്കുകയും നുണകളെ ആഘോഷിക്കുകയും ചെയ്യുന്നവർ അതിവേഗം നഗ്നരാക്കപ്പെടുകയാണെന്ന് തിരിച്ചറിയുന്നത് നന്ന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top