19 October Monday

മഴവിൽ സഖ്യത്തിന്റെ നുണനിർമിതി - പി രാജീവ്‌

പി രാജീവ്‌Updated: Thursday Sep 17, 2020

എൽഡിഎഫ് സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന തിരിച്ചറിവിൽ നിയന്ത്രണംവിട്ട വിശാല മഴവിൽ സഖ്യം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഇപ്പോൾ വൃഥാ ശ്രമിക്കുന്നത്. നട്ടാൽ മുളയ്‌ക്കാത്ത നുണകളുടെ പ്രളയം സൃഷ്ടിച്ച് പൊതുബോധം മാറ്റിയെടുക്കാൻ നോക്കുന്നത് സഖ്യത്തിൽ സജീവകക്ഷിയായ ഒരുസംഘം മാധ്യമങ്ങളാണ്. ചില നുണകൾ ആദ്യം ബിജെപി പറയും. ചൂടാറുംമുമ്പ് ചെന്നിത്തല ആവർത്തിക്കും അന്തിച്ചർച്ചകളിൽ മാധ്യമങ്ങൾ ആഘോഷിക്കും. ചിലപ്പോൾ തിരിച്ചുമാകും. ഒരു നുണ ബ്രേക്കിങ്‌ ന്യൂസായി മാറും. ഉടൻ ഓരേ പ്രതികരണവുമായി കോൺഗ്രസും ബിജെപിയും രംഗത്തിറങ്ങും. കഴിയുമെങ്കിൽ മുസ്ലിംലീഗും പങ്കുചേരും. പരമാവധി രണ്ടു ദിവസത്തെ ആയുസ്സുമാത്രമുള്ള ഈയാംപാറ്റ വാർത്ത ലോലമായ ചിറകിന്റെ സൂക്ഷ്‌മമായ അവശിഷ്ടംപോലും കാണിക്കാതെ മരിച്ചുപോകുമ്പോൾ അടുത്ത നുണച്ചിറക് വിരിപ്പിച്ച് അവതരിപ്പിക്കും. ഒറ്റനോട്ടത്തിൽ അസംബന്ധമെന്നു തോന്നുന്ന കാര്യം യൂത്ത് ലീഗുകാരനോ ബിജെപി വക്താവോ വാർത്താസമ്മേളനം വിളിച്ച്‌ പറഞ്ഞാൽ അത് അസംബന്ധമല്ലേ എന്ന് ചോദിക്കുന്നതിനു പകരം അന്തിച്ചർച്ചകളിലെ വിഷയമാക്കി മാറ്റും.

കഴിഞ്ഞ രണ്ടു മാസത്തെ മാധ്യമവാർത്തകൾ നുണനിർമിതിയുടെ മികച്ച ഉദാഹരണങ്ങളായി എടുത്തുസൂക്ഷിക്കാവുന്നതാണ്. സ്വർണക്കടത്തിന്റെ ആദ്യദിവസത്തെ വാർത്തമുതൽ സാമാന്യയുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ സൂചനകളായി അവതരിപ്പിച്ചുകൊണ്ടിരുന്നത്. നുണയെ സത്യമെന്ന പ്രതീതിയിലേക്ക് എത്തിക്കുന്നതിന് വിന്യാസംമുതൽ പ്രയോഗംവരെ പ്രൊഫഷണലാക്കാൻ ഇക്കൂട്ടർ ശ്രമിക്കുകയും ചെയ്തു. എന്നാൽ, എത്ര ശ്രമിച്ചിട്ടും ഇരുട്ടിവെളുക്കുംമുമ്പ് എക്സ്ക്ലൂസീവുകൾ മരിച്ചുപോകുന്നത് അവ അത്രമാത്രം അസംബന്ധമായതുകൊണ്ടാണ്.


 

ഒടുവിൽ വിവാദമാക്കാൻ ശ്രമിച്ച ജലീലിനെ ഇഡി വിളിപ്പിച്ച കാര്യം സെപ്തംബർ പന്ത്രണ്ടിലെ മനോരമയുടെ പ്രധാന വാർത്ത സ്വസ്ഥമായി ഒന്നു വായിച്ചുനോക്കൂ. ‘തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോകോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട്‌ മന്ത്രി ജലീലിനെ ഇഡി ചോദ്യം ചെയ്തു’. ഇതാണ് പത്രഭാഷയിൽ ഇൻട്രോ എന്നു വിശേഷിപ്പിക്കുന്ന ആദ്യവാചകം. ഇതിൽനിന്നും വായനക്കാരൻ എത്തേണ്ട നിഗമനങ്ങൾ എന്തൊക്കെയാണ്? ഒന്നാമതായി ഇഡിയുടെ അധികാരപരിധിയിൽ വരുന്നതാണ് നയതന്ത്രമേഖലയിൽ ആരെങ്കിലും പ്രോട്ടോകോൾ ലംഘിച്ചുവോയെന്ന കാര്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിക്ക് ഏതു വകുപ്പ് അനുസരിച്ചാണോ പ്രോട്ടോകോൾ ലംഘനമെന്ന കുറ്റം അന്വേഷിക്കാൻ കഴിയുന്നതെന്ന് ആരും ഒരിക്കലും ചോദിക്കുന്നതു പോയിട്ട് ചിന്തിക്കുക പോലും ചെയ്യാൻ പാടില്ല. ഇനി ഇവർക്ക് മനോരമ വഴി പ്രത്യേക അധികാരം ലഭിച്ചെന്നു കരുതിയാലും നയതന്ത്ര ബാഗേജ്‌ കൊണ്ടുവന്ന പ്രശ്നത്തിൽ ആരെയായിരിക്കും സാധാരണ ചോദ്യം ചെയ്യുകയെന്ന കാര്യവും ആരും ഓർക്കാനേ പാടില്ല. ബാഗേജ് ആരുടെ  വിലാസത്തിലായിരുന്നുവെന്നതും ആരാണ് വിമാനത്താവളത്തിൽ അത് ക്ലിയർ ചെയ്തതെന്ന സാധാരണക്കാരന്റെ ചോദ്യങ്ങളൊന്നും അന്വേഷണ ഏജൻസിക്ക് അറിയേണ്ടതില്ല എന്നതാണ് മനോരമയുടെ രീതി.

ഇനി വാർത്തയുടെ ഉള്ളടക്കത്തിലേക്ക് നോക്കിയാൽ സൂചനകളിലും വിവരങ്ങളിലുംപെട്ട് വായനക്കാരൻ വിഷമിച്ചുപോകും. മന്ത്രിയെ ഇഡി ചോദ്യം ചെയ്‌തെന്ന വാർത്തപോലും ലഭിക്കാത്ത സ്രോതസ്സിൽനിന്നും  എത്ര ഗൗരവമായ സൂചനകൾ കിട്ടിയതെന്ന് കണ്ടാൽ അത്ഭുതപ്പെട്ടുപോകും. ‘സ്വർണക്കടത്തിൽ മറ്റു പല വിഷയങ്ങളും ഉൾപ്പെടുമെന്നും പല കാര്യങ്ങളിലും ഉത്തരം നൽകാതെ ജലീൽ ഒഴിഞ്ഞുമാറിയെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു. ചോദ്യം ചെയ്യൽ തൃപ്തികരമായിരുന്നില്ല.’ ഭാവനയിൽ കാണുന്ന കാര്യങ്ങൾ വാർത്തയായി നൽകുമ്പോൾ വായനക്കാരനെ എത്ര നിസ്സാരവൽക്കരിച്ചായിരിക്കണം ആ മാധ്യമം കാണുന്നത്! ഇത്രയും ആധികാരികമായി വ്യക്തമാക്കുന്ന ആൾ ഇഡിയിൽ ഉണ്ടായിട്ടും ചോദ്യംചെയ്ത കാര്യം മാത്രം കിട്ടിയില്ല!

ഇനി മാതൃഭൂമിയിലെ ഇതേ വാർത്ത കൂടി വായിച്ചാൽ പൂർണമാകും. ‘യുഎഇ നയതന്ത്ര ബാഗേജിലെ സാധനങ്ങൾ എന്തായിരുന്നുവെന്ന് അറിയില്ലെന്നും തനിക്ക് ലഭിച്ച പാക്കറ്റുകളിൽ മതഗ്രന്ഥങ്ങളായിരുന്നെന്നും മന്ത്രി ജലീൽ ആവർത്തിച്ചു’.  ഇതിൽനിന്നും വായനക്കാരൻ എത്തേണ്ട നിഗമനം എന്തായിരിക്കും? നയതന്ത്ര ബാഗേജുകളിൽ എന്തായിരുന്നു എന്ന കാര്യം ജലീൽ അറിയേണ്ടതായിരുന്നുവെന്നും അത് അറിയാനാണ് ഇഡി ചോദ്യം ചെയ്തതെന്നുമാണ് ലളിതമായ അർഥം. ജലീൽ എന്ന സംസ്ഥാന മന്ത്രിക്ക് നയതന്ത്ര ബാഗേജ് ലഭിക്കുന്നതിനുള്ള അവകാശം ഏതു നിയമമാണാവോ നൽകുന്നത്? ലോകത്തിലെ ഏതെങ്കിലും രാജ്യത്തിന് സംസ്ഥാനത്തെ മന്ത്രിക്ക് നയതന്ത്ര ബാഗേജ് അയക്കാൻ ഒരു നിയമത്തിലും വ്യവസ്ഥയില്ലെന്ന കാര്യം ആരും അറിയാൻ പാടില്ല. ഇനി കോൺസുലേറ്റിലേക്ക് വന്ന നയതന്ത്ര ബാഗേജിൽ എന്തായിരുന്നുവെന്ന് അറിയണമെങ്കിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് കോൺസുലേറ്റിൽ ആരുടെ പേരിലാണോ അത് വന്നത് ആ വ്യക്തിയെയാണ്. രണ്ടാമത് ചോദിക്കേണ്ടത് അത് ക്ലിയർ ചെയ്ത കസ്റ്റംസിനോടാണ്. കോൺസുലേറ്റിൽ വന്ന നയതന്ത്ര ബാഗേജ് അവർ ജലീലിനു നൽകിയാൽ തന്നെ അതിനു നയതന്ത്ര ബാഗേജ് എന്ന പരിരക്ഷയുമില്ല.

ഇവിടെ കോൺസുലേറ്റിൽനിന്നും റമദാനോട് അനുബന്ധിച്ച് വിതരണം ചെയ്യാൻ നൽകിയ വിശുദ്ധ ഖുർആൻ പാക്കറ്റുകൾ ഏതുവഴിയിൽ വന്നാലും അതിന്റെ വിവരമറിയണമെങ്കിൽ അവരോടു തന്നെയാണ് ചോദിക്കേണ്ടതെന്ന സാമാന്യയുക്തി മറന്നുവേണം വാർത്ത വായിക്കാൻ! തൊട്ടടുത്ത ദിവസത്തെ പ്രധാന വാർത്തയും നമ്മളെ അമ്പരപ്പിക്കുന്നതാണ്. ‘പിന്നാലെ കസ്റ്റംസും, ജലീലിനെ ചോദ്യം ചെയ്യുക കസ്റ്റംസ് ആക്ട് പ്രകാരം’ എന്ന തലക്കെട്ട് വായിച്ചാൽ ജലീൽ ചെയ്ത അതീവ ഗൗരവമായ കുറ്റം കൈകാര്യം ചെയ്യുന്ന കസ്റ്റംസ്‌ ആക്ടിലെ വകുപ്പ് എന്ന് ഏതു വായനക്കാരനും ചിന്തിച്ചുപോകും. ‘ജലീലിന്റെ വിശദീകരണം കസ്റ്റംസ് ആക്ട് 108 പ്രകാരമായിരിക്കും രേഖപ്പെടുത്തുക’ എന്ന വിശദീകരണം ലേഖനം നൽകുന്നുണ്ട്. വായനക്കാരൻ ഞെട്ടലോടെ കൈയിലെ മൊബൈലിലെ ഗൂഗിളിൽ ഈ സെഷൻ വായിച്ചാൽ ചിരിച്ചുപോകും. തെളിവ് നൽകുന്നതിനും രേഖകൾ ഹാജരാക്കുന്നതിനും ഏതൊരാളെയും വിളിപ്പിക്കുന്നതിന് കസ്റ്റംസിന്‌ അധികാരം നൽകുന്നതാണ് ഈ 108. ഒരു ഗൂഗിൾ സെർച്ചിന്റെ മാത്രം ആയുസ്സുള്ള ലീഡ് വാർത്ത!

17,000 കിലോ ഈന്തപ്പഴം വന്നതും ജലീൽ മറുപടി പറയേണ്ട വിഷയമെന്ന മട്ടിൽ വാർത്ത നൽകിയത് മാതൃഭൂമി തന്നെ. ചെന്നിത്തലയും മറ്റും അന്വേഷണം ആവശ്യപ്പെട്ട് സജീവമാക്കുകയും ചെയ്തു. 38.5 ശതമാനം കസ്റ്റംസ് ഡ്യൂട്ടി അടയ്‌ക്കേണ്ടതായിരുന്നെന്നും ഇതുസംബന്ധിച്ച് സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിൽ യുഎഇ കോൺസുലേറ്റ് എന്തു വിവരമാണ് നൽകിയതെന്ന കാര്യം പരിശോധിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ മാതൃഭൂമിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും വാർത്തയിൽ പറയുന്നു. അപ്പോൾ ആരായിരിക്കും ഇതെല്ലാം കടത്തിക്കൊണ്ടുവരാൻ സഹായിച്ചതെന്ന സൂചന കിട്ടിയില്ലേ! വിമാനത്താവളത്തിലൂടെ കോൺസുലേറ്റിലേക്ക് വരുന്ന കാര്യങ്ങളെല്ലാം പ്രോട്ടോകോൾ ഓഫീസ് അറിയേണ്ടതില്ല. നികുതി ഇളവുകൾ വേണ്ട ബാഗേജുകൾ വരുന്ന വിവരമാണ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന കോൺസുലേറ്റുകൾ പ്രോട്ടോകോൾ ഓഫീസറെ അറിയിക്കുന്നത്. എന്നാൽ, കഴിഞ്ഞകാലങ്ങളിലൊന്നും ഇങ്ങനെയുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്ന വിവരവും വാർത്തയിലുണ്ട്. അപ്പോൾ നികുതി വെട്ടിച്ചെങ്കിൽ കസ്റ്റംസ് ആദ്യം തെരയേണ്ടത് അവർക്കുള്ളിൽ തന്നെയാണ്. പിന്നെ ബാഗേജിന്റെ  വിലാസക്കാരനെയും. ഇത്തരം ചോദ്യമൊന്നും വായനക്കാരനിൽ ഉയരില്ലെന്നു കരുതുന്ന കാലമൊക്കെ എന്നോ പോയി.

‘ലൈഫ്: ചോദിച്ച കമീഷൻ 15 ശതമാന’മെന്ന സെപ്തംബർ 14ന്റെ മനോരമയിലെ ഒന്നാം പേജിലെ പ്രധാന വാർത്തയുടെ ഹൈലൈറ്റ് വായിച്ച് വാർത്ത വായിക്കാൻ തുടങ്ങിയാൽ വഞ്ചിക്കപ്പെട്ടത് തിരിച്ചറിയും. ഇതുസംബന്ധിച്ച ഒന്നും വാർത്തയിൽ ഇല്ല. എങ്ങനെയെങ്കിലും ലൈഫിനെ തകർക്കുന്നതിനുള്ള ആവേശം മാത്രം.

സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും വിളിച്ചുവെന്നതിൽ തുടങ്ങിയ നുണപരമ്പരകളിലെ ചിലതു മാത്രമാണ് ഇവ. കമ്യൂണിസ്റ്റ് വിരുദ്ധരാഷ്ട്രീയത്തിന്റെ വിധേയത്വത്തിൽ തങ്ങളുടെ സങ്കുചിത അജൻഡ നടപ്പിലാക്കുന്നതിനാണ് ഇവർ ശ്രമിക്കുന്നത്. നയതന്ത്ര ബാഗേജല്ല എന്നുപറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിച്ച വി മുരളീധരന്റെ ഇടപെടൽ ഇവർക്കൊന്നും വാർത്തയല്ല. സ്ത്രീപീഡനങ്ങളെ ന്യായീകരിച്ച ചെന്നിത്തലയെ പിന്തുണച്ച് ചോദ്യം ചോദിച്ചത് കൈരളിയുടെ ലേഖകനാണെന്ന് വീക്ഷണത്തിനുപോലും തോന്നാത്ത ജാഗ്രതയോടെ പ്രസിദ്ധപ്പെടുത്തിയ മനോരമയ്‌ക്ക് കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച അനിൽ നമ്പ്യാർ ഏതു മാധ്യമത്തിലാണ് ജോലി ചെയ്യുന്നതെന്ന് അറിയുക പോലുമില്ല. ട്രഷറിത്തട്ടിപ്പിലെ പ്രതി എൻജിഒ യൂണിയൻ പ്രവർത്തകനും സൈബർ പോരാളിയാണെന്നും ഒന്നാം പേജിൽ കള്ളം എഴുതിയ മനോരമയ്‌ക്ക് കോവിഡ് സർട്ടിഫിക്കറ്റിന് ചെന്ന സ്ത്രീയെ മാനഭംഗപ്പെടുത്തിയ വ്യക്തി കോൺഗ്രസ് അനുകൂല സംഘടനയുടെ പ്രവർത്തകനാണെന്ന സത്യം അറിയാനും ഇതുവരെ കഴിഞ്ഞിട്ടില്ല. 

തിരുവോണപ്പുലരിയിൽ രണ്ടു ചെറുപ്പക്കാരെ കോൺഗ്രസുകാർ കൊലപ്പെടുത്തിയപ്പോൾ ‘വെട്ടേറ്റ് മരിച്ചു’ എന്ന തലക്കെട്ട് നൽകിയതും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കരയുന്ന ഒരു ചിത്രംപോലും വരരുതെന്ന ശ്രദ്ധയും ഈ തമസ്കരണ അജൻഡയുടെ ഭാഗം തന്നെ.  കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അന്ധതയിൽ പ്രവർത്തിക്കുന്നവരുടെയും വാണിജ്യതാൽപ്പര്യം മാത്രം നോക്കുന്നവരുടെയും അജൻഡകൾ ജനം തിരിച്ചറിയും.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വാർത്തയുമായി പുറത്തിറങ്ങിയ പത്രത്തിൽ രാജസ്ഥാനിലെ വെട്ടുകിളി ശല്യത്തെക്കുറിച്ചും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ അമേരിക്കൻ ആധിപത്യത്തെക്കുറിച്ചും മുഖപ്രസംഗം എഴുതി ചരിത്രദൗത്യം നിർവഹിച്ചവരുടെ പിന്മുറക്കാരിൽനിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top