29 March Friday

യുഡിഎഫ് എന്ന തീവ്രവാദമുന്നണി - പി രാജീവ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020


ഗൗരവമായ സാഹചര്യത്തിലാണ് കേരളരാഷ്ട്രീയം ഇന്നുള്ളത്. കോൺഗ്രസിന്റെ നിർദേശപ്രകാരം മുസ്ലിംലീഗ് മുൻകൈയെടുത്ത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായുണ്ടാക്കുന്ന ധാരണ യുഡിഎഫിനെ ഒരു തീവ്രവാദമുന്നണിയാക്കി മാറ്റിയിരിക്കുന്നു. ഇസ്ലാമിക രാഷ്ട്രരൂപീകരണത്തിനായി പ്രവർത്തിക്കുന്ന പാർടികളുമായി ധാരണ ഉണ്ടാക്കുകവഴി ആ മുദ്രാവാക്യം പരോക്ഷമായി ഏറ്റെടുക്കുകയാണ് കോൺഗ്രസ് നയിക്കുന്ന യുഡിഎഫ്. അത് ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ അങ്ങേയറ്റം അപകടകരമായ നീക്കമാണ്.  രണ്ടു വോട്ടിനായും എന്തും ചെയ്യുകയെന്ന താൽക്കാലിക താൽപ്പര്യത്തെമാത്രം പരിഗണിച്ചുകൊണ്ട് ദീർഘകാല പ്രത്യാഘാതങ്ങളെ കണ്ടില്ലെന്നു നടിക്കുകയോ അവഗണിക്കുകയോ ആണ് കോൺഗ്രസിന്റെയും ലീഗിന്റെയും നേതൃത്വം ചെയ്യുന്നത്. എന്നാൽ, ഈ രണ്ടു പാർടിയുടെയും പുറകിൽ അണിചേർന്നിട്ടുള്ള മതനിരപേക്ഷ ചിന്താഗതിക്കാരും മറ്റു പാർടികളും ഈ നീക്കത്തെ അംഗീകരിക്കുന്ന ആത്മഹത്യാപരമായ സമീപനം സ്വീകരിക്കുന്നുണ്ടോയെന്നതാണ് ഏറ്റവും പ്രധാന ചോദ്യം.

സാമ്പത്തിക നയത്തിൽ വ്യത്യാസമില്ലെങ്കിലും ബിജെപിയെപ്പോലെയല്ല കോൺഗ്രസിനെ വിലയിരുത്തുന്നത്. പലപ്പോഴും ചാഞ്ചാടുകയും വെള്ളംചേർക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും ആ പാർടിക്ക് മതനിരപേക്ഷ സ്വഭാവമാണുള്ളത്. അതിന്‌ കടകവിരുദ്ധമായി മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നതിനും ന്യൂനപക്ഷവർഗീയതയോട്‌ വിധേയത്വം പുലർത്തുന്നതിനും മടിച്ചിട്ടില്ലെന്നത് ചരിത്രത്തിന്റെ ഭാഗം. എന്നാൽ,  ഏതറ്റംവരെയും പോകാൻ മടിക്കില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ നീക്കം.


 

ജനാധിപത്യത്തെ നിരസിക്കുന്നവരുടെ പാർടി
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമാണ് വെൽഫെയർപാർടി.മതനിരപേക്ഷതയെയും ജനാധിപത്യത്തെയും പാർലമെന്ററി സമ്പ്രദായത്തെയും അംഗീകരിക്കാത്തതും ദൈവത്തിന്റെ ഭരണം സ്ഥാപിക്കാനായി പ്രവർത്തിക്കുന്നതുമായ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. മനുഷ്യരുടെ നിയമനിർമാണത്തെ മൗദൂദി അംഗീകരിക്കുന്നില്ല. മുസ്ലിം ഭൂരിപക്ഷമുള്ളതുകൊണ്ടുമാത്രം ഒരു രാജ്യവും ഇസ്ലാമിക രാഷ്ട്രമാകില്ലെന്നും ഇസ്ലാമിക നിയമം അനുസരിക്കുന്നവ മാത്രമാണ് ഇസ്ലാമിക രാഷ്ട്രമെന്നും പ്രഖ്യാപിക്കുന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന കാഴ്ചപാട് അവതരിപ്പിച്ച സംഘടന നിരോധിക്കപ്പെട്ടെങ്കിലും ആ സമീപനം അതേപോലെ ഇക്കൂട്ടർ രഹസ്യമായി പിന്തുടരുന്നു. മതം രാഷ്ട്രീയത്തിലും തിരിച്ചും ഇടപെടരുതെന്ന മതനിരപേക്ഷ  കാഴ്‌ചപ്പാടിനെ ഇവർ അംഗീകരിക്കുന്നില്ല. ഇസ്ലാം രാഷ്ട്രീയമതമാണെന്നും രാഷ്ട്രീയാധികാരം അവിഭാജ്യഭാഗമാണെന്നും ഇവർ വാദിക്കുന്നു.

സംഘപരിവാരപ്രവർത്തന രീതികളാണ് ഇവരും പിന്തുടരുന്നത്. പൊതുസമ്മതി ലഭിക്കുന്നതിനായി പാരിസ്ഥിതിക, മനുഷ്യാവകാശ, സാന്ത്വന സംഘടനകളിലൂടെ പ്രവർത്തിക്കുന്നു. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത് അങ്ങേയറ്റം തെറ്റാണെന്ന് പറഞ്ഞിരുന്നവർ തങ്ങളുടെ ലക്ഷ്യത്തിനായി അതിനെയും ഉപയോഗിക്കുന്നു. സമൂഹത്തെ സ്വാധീനിക്കുന്നതിന് സിനിമയ്‌ക്ക് കഴിയുമെന്ന് മനസ്സിലായപ്പോൾ അതിലും മറ്റു മാധ്യമങ്ങളിലും ഇടപെടാൻ ശ്രമിക്കുന്നു. മാധ്യമം വാരികയും മീഡിയാവണും വഴി പൊതുസ്വഭാവം നിലനിർത്താൻ ശ്രമിക്കുമ്പോൾത്തന്നെ മറുവശത്ത് പ്രബോധനം വാരികയിലൂടെ തങ്ങളുടെ മതമൗലികവാദപ്രചാരവേലയും നടത്തുന്നു. മൗദൂദിയുടെ കാഴ്ചപ്പാടുകളെയാണ് ജമാഅത്തെ ഇസ്ലാമി പിന്തുടരുന്നത്. താൻ ജനിച്ച സ്ഥലവും പ്രവർത്തിക്കുന്ന കേന്ദ്രവും ഇന്ത്യയുടെ അതിർത്തിക്കുള്ളിലായിട്ടും ഇവിടെ തുടരാൻ ആഗ്രഹിക്കാതെ പാകിസ്ഥാനിലേക്ക് പോയ വ്യക്തിയാണ് മൗദൂദി. പാകിസ്ഥാനെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റിത്തീർക്കാനുള്ള ഉപദേശകരിൽ പ്രധാനിയായി മാറിയതും ചരിത്രത്തിന്റെ ഭാഗം.

ജമാഅത്തെ ഇസ്ലാമിയുടെ ചരിത്രവും ആശയവും  മഹാഭൂരിപക്ഷവും തിരിച്ചറിയുന്നതുകൊണ്ടാണ്‌ അവർക്ക് മുസ്ലിംസമുദായത്തിൽ അംഗീകാരം ലഭിക്കാതെ പോകുന്നത്. ജമാഅത്തെ ഇസ്ലാമിക്കെതിരെ ഒരു കാലത്ത് മുസ്ലിംലീഗുപോലും ശക്തമായ നിലപാട് സ്വീകരിച്ചത് ഈ യാഥാർഥ്യബോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതുകൂടി മനസ്സിലാക്കിയാണ് ജമാഅത്തെ ഇസ്ലാമിയും അതിന്റെ പരിവാർ സംഘടനകളും മതനിരപേക്ഷതയുടെയും  ജനാധിപത്യത്തിന്റെയും മുഖംമൂടി അണിയുന്നത്.



 

ഐഎസ്ഐഎസിന്റെ ഇന്ത്യൻ പതിപ്പെന്നപോലെ പ്രവർത്തിക്കുന്ന എസ് ഡിപിഐ ആർഎസ്എസിന്റെ മറ്റൊരു പതിപ്പാണ്. പല പേരുകളിൽ ഇതിനുമുമ്പ് പ്രവർത്തിച്ചവർ നിരോധനമോ തിരിച്ചടികളോ വരുമ്പോൾ പേരുമാറ്റി കുറെക്കൂടി തീവ്രമായ ആശയങ്ങളുമായി വീണ്ടും വരികയാണ് പതിവ്. കുറച്ചുകാലത്തിനുള്ളിൽ കേരളത്തിൽ ഇക്കൂട്ടർ നടത്തിയ കൊലപാതകങ്ങളും ഭീകരപ്രവർത്തനങ്ങളും മുസ്ലിം സമുദായത്തിനകത്തുപോലും ഇവരെ ഒറ്റപ്പെടുത്തുന്നതിലേക്ക് നയിച്ചു.

എന്നാൽ, കടുത്ത ഇടതുപക്ഷ വിരുദ്ധതയുടെ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോൺഗ്രസ് മുന്നണി തങ്ങളുടെ അടിത്തറ ദുർബലപ്പെടുന്നതുകണ്ട് ഈ രണ്ടു കൂട്ടരുമായി ധാരണയുണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ നേരത്തേ തുടങ്ങിയെന്നതാണ് യാഥാർഥ്യം. അതിന്റെ ആദ്യ പ്രയോഗം ലോക്‌സഭാ തെരഞ്ഞെടുപ്പായിരുന്നു. രാഹുൽഗാന്ധിയെ ഭാവി പ്രധാനമന്ത്രിയായി അവതരിപ്പിച്ചുള്ള ശക്തമായ പ്രചാരവേല കേരളത്തിൽ കോൺഗ്രസിനായി നടത്തിയത് ജമാഅത്തെ ഇസ്ലാമിയായിരുന്നു. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ ഇതേ സമീപനം സ്വീകരിക്കുന്നതിന് കോൺഗ്രസ് തയ്യാറായില്ല. കോൺഗ്രസിന്റെ സിറ്റിങ്‌ സീറ്റുകളിൽവരെ വെൽഫെയർ പാർടി മത്സരിക്കുകയും ചെയ്‌തു. ഈ ഇഴുകിച്ചേർന്ന പ്രവർത്തനത്തിന്റെ തുടർച്ചയാണ് പൗരത്വഭേദഗതി നിയമത്തെ മുസ്ലിം പ്രശ്നമാക്കി മാറ്റി ഇരുകൂട്ടരും ചേർന്ന് നടത്തിയ സമരം. ഭരണഘടനയെയും അതിന്റ അടിസ്ഥാനശിലകളെയും ചോദ്യം ചെയ്യുന്ന നിയമഭേദഗതിക്കെതിരായ വിശാലമായ സമരത്തെ ദുർബലപ്പെടുത്തുകയും പ്രശ്നത്തെ വർഗീയവൽക്കരിക്കുകയും ചെയ്യാനുള്ള നീക്കത്തിന് മുസ്ലിംലീഗും കോൺഗ്രസും കേരളത്തിൽ നേതൃത്വം നൽകി. മുസ്ലിം സംഘടനകളുടെ ധൈഷണിക നേതൃത്വമായി ജമാഅത്തെ ഇസ്ലാമിയെ ഉയർത്താനാണ് ലീഗ്‌ അവസരം നൽകിയത്. അതോടൊപ്പം ഇത്തരം പ്രവർത്തനങ്ങൾവഴി തങ്ങൾതന്നെ തുറന്നുകാണിച്ചിരുന്ന ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ആയി ഇഴുകിച്ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള പരിസരം ബോധപൂർവം ഒരുക്കുകയാണ് യുഡിഎഫ് നേതൃത്വം ചെയ്തത്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ മഹാഭൂരിപക്ഷവും നാലുവർഷത്തിനുള്ളിൽ നടപ്പാക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനും മുന്നണിക്കും നല്ല സ്വീകാര്യതയാണ് പൊതുസമൂഹത്തിലുള്ളത്. പ്രകൃതിദുരന്തങ്ങളെയും കോവിഡ്പോലുള്ള മഹാമാരിയെയും നേരിടുന്നതിൽ സർക്കാർ കാണിച്ച അനിതരസാധാരണമായ നേതൃത്വമികവ് രാഷ്ട്രീയ ശത്രുക്കളുടെവരെ അംഗീകാരം നേടി.

നീക്കം തീവ്രവാദികൾക്ക്‌ സ്വീകാര്യത നൽകാൻ
ഇപ്പോഴത് രാഷ്ട്രീയ സഖ്യത്തിലേക്ക് വികസിച്ചിരിക്കുന്നു. ഇങ്ങനെയൊരു മുന്നണിയെ നയിക്കുന്നതിന് ഉമ്മൻചാണ്ടിയെപ്പോലെയൊരു നേതാവിനേ കഴിയൂ എന്ന പ്രചാരവേലയും കൂട്ടത്തിൽ ആസൂത്രിതമായി നടക്കുന്നുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പിലും പിന്നീടുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിനെ നേരിടുന്നതിന് തങ്ങൾക്ക് കഴിയില്ലെന്ന തിരിച്ചറിവിൽനിന്നാണ് ഇത്തരം എളുപ്പവിദ്യകൾക്കായി ശ്രമിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ മഹാഭൂരിപക്ഷവും നാലുവർഷത്തിനുള്ളിൽ നടപ്പാക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിനും മുന്നണിക്കും നല്ല സ്വീകാര്യതയാണ് പൊതുസമൂഹത്തിലുള്ളത്. പ്രകൃതിദുരന്തങ്ങളെയും കോവിഡ്പോലുള്ള മഹാമാരിയെയും നേരിടുന്നതിൽ സർക്കാർ കാണിച്ച അനിതരസാധാരണമായ നേതൃത്വമികവ് രാഷ്ട്രീയ ശത്രുക്കളുടെവരെ അംഗീകാരം നേടി. അതേസമയം, നാട് ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭത്തിൽ പ്രതിപക്ഷം സ്വീകരിച്ച വിനാശകരമായ സമീപനം അവരെ സമൂഹത്തിൽ അപഹാസ്യരാക്കി. ഇതെല്ലാം ഭരണമാറ്റത്തിന്റെയും അധികാരമോഹത്തിന്റെയും യുഡിഎഫ് കണക്കൂട്ടലുകളെ തകർത്തിട്ടുണ്ട്. ഈ നിരാശയാണ്  ഏതറ്റംവരെയും പോകുന്നതിന് കോൺഗ്രസിനെയും ലീഗിനെയും പ്രേരിപ്പിക്കുന്നത്.

യഥാർഥത്തിൽ ബിജെപിയെ സഹായിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ഹിന്ദുത്വശക്തികളെ നേരിടുന്നതിന് ഇസ്ലാമിക രാഷ്ട്രവാദികളുമായി സഖ്യമുണ്ടാക്കുകവഴി ശത്രുവിന് ആയുധം നൽകാനാണ് ശ്രമിക്കുന്നത്. യുഡിഎഫ് നീക്കത്തിൽ മർമരമായിപ്പോലും പ്രതികരിക്കാത്ത ബിജെപി നിലപാടും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം സഖ്യം ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും  നയമായി സ്വീകരിച്ചിട്ടുള്ളതാണ്. വിയോജിപ്പുള്ളവരുമായി ചേർന്ന് ഫാസിസത്തെ നേരിടുന്ന ‘വിശാല ജനാധിപത്യ’ നിലപാട് ഇക്കൂട്ടർ ഉയർത്തിപ്പിടിക്കുന്നുണ്ട്. മുല്ലപ്പൂ വിപ്ലവത്തിന്റെ സമയത്ത് ചില രാജ്യങ്ങളിൽ സമാന സംഘടനകൾ ഉയർത്തിപ്പിടിച്ച വിയോജിപ്പുള്ളവരുമായുള്ള കൂട്ടുകെട്ടിന്റെ ബാക്കിചരിത്രം അറിയാവുന്നതാണല്ലോ. അധികാരം കിട്ടിക്കഴിഞ്ഞയുടൻ തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന പുരോഗമന ചിന്താഗതിക്കാർക്ക് എതിരെ ആയുധം തിരിച്ചുവച്ച് ഇസ്ലാമിക രാഷ്ട്രസ്ഥാപനത്തിനായി ശ്രമിക്കുകയാണ് ഇക്കൂട്ടർ ചെയ്തത്. തങ്ങളുടെ ആത്യന്തിക ലക്ഷ്യത്തിനായുള്ള യോജിപ്പ് മാത്രമാണ് ഇവർ പറയുന്നത്.

ലോക്‌സഭാതെരഞ്ഞെടുപ്പിലെ പിന്തുണ രാഷ്ട്രീയ സഖ്യമാക്കി വികസിപ്പിക്കുമ്പോൾ ആ മുന്നണിയിലുള്ള പാർടികളും അതിനു പുറകിൽ അണിനിരന്നിട്ടുള്ള ജനങ്ങളും എന്തു നിലപാട് സ്വീകരിക്കുന്നുവെന്നതാണ് പ്രധാനം. ഇസ്ലാമിക രാഷ്ട്രത്തിനായി പ്രവർത്തിക്കുന്നവരുമായി യോജിക്കുന്ന തീവ്രവാദമുന്നണിയുടെ ഭാഗമായി ഇവർക്ക്‌ തുടരാൻ കഴിയുമോ? ഇത് കേരള രാഷ്ട്രീയത്തെ മറ്റൊരു ധ്രുവീകരണത്തിലേക്ക് നയിക്കുന്നുണ്ട്. ഒരു വശത്ത് വിശാല ജനാധിപത്യ മതനിരപേക്ഷ  നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി. മറുവശത്ത് ഇസ്ലാമിക രാഷ്ട്രവാദക്കാരുമായി ചേരുന്ന യുഡിഎഫ് എന്ന തീവ്രവാദമുന്നണിയും ഹിന്ദുത്വശക്തികളുടെ എൻഡിഎ മുന്നണിയും. മതത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഈ രണ്ടു മുന്നണിയും കേരളത്തിന്റെ ഭാവിക്ക് അപകടകരമാണ്.

ഇപ്പോൾ കോൺഗ്രസും ലീഗും സ്വീകരിച്ച സമീപനം മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ജനാധിപത്യശക്തികൾക്ക് പുനർവിചിന്തനത്തിനുള്ള സന്ദർഭം കൂടിയാണ്. യുഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചവർക്ക് മാത്രമല്ല,  ഇപ്പോഴും ആ മുന്നണിയുടെ ഭാഗമായിരിക്കുന്നവർക്കും  ഇത് ബാധകമാണ്.

1979 അവസാനം കേരളത്തിൽ രൂപംകൊണ്ട ഇടതുപക്ഷ ജനാധിപത്യമുന്നണി  ആന്റണി കോൺഗ്രസും മാണി കേരളയും മറ്റും ചേരുന്നതായിരുന്നു. സങ്കുചിത അധികാരതാൽപ്പര്യങ്ങൾക്കായി ആന്റണിയും മറ്റും മുന്നണി വിട്ടെങ്കിലും ഇടതുപക്ഷ ജനാധിപത്യമുന്നണി ഇടതുപാർടികളും ജനാധിപത്യപാർടികളും ചേരുന്ന വിശാല മുന്നണിയായി തുടർന്നു. മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർടികളുമായി ബന്ധമില്ലാത്ത നിലപാട് സ്വീകരിച്ച് 1987ൽ ആ മുന്നണി വീണ്ടും കേരളത്തിന്റെ രാഷ്ട്രീയാധികാരത്തിലേക്ക് വന്നു.

ഇപ്പോൾ കോൺഗ്രസും ലീഗും സ്വീകരിച്ച സമീപനം മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ജനാധിപത്യശക്തികൾക്ക് പുനർവിചിന്തനത്തിനുള്ള സന്ദർഭം കൂടിയാണ്. യുഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചവർക്ക് മാത്രമല്ല,  ഇപ്പോഴും ആ മുന്നണിയുടെ ഭാഗമായിരിക്കുന്നവർക്കും  ഇത് ബാധകമാണ്. ഇത്തരം രാഷ്ട്രീയ പ്രശ്നങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളാണ് ഏതു പാർടിയെ സംബന്ധിച്ചിടത്തോളവും വിലയിരുത്തലിന്റെ മാനദണ്ഡം. വിനാശകരമായ സഖ്യത്തിനു നേതൃത്വം നൽകുന്ന കോൺഗ്രസിനെയും മുസ്ലിംലീഗിനെയും പിന്തുണയ്‌ക്കുന്ന മതനിരപേക്ഷ  ജനാധിപത്യശക്തികൾക്കും ശരിയായ നിലപാട് സ്വീകരിക്കേണ്ടത് ഭാവി കേരളത്തിന്റെ ആവശ്യം കൂടിയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top