25 April Thursday

കേരളവിരുദ്ധ പ്രതീതി നിർമാണം - മന്ത്രി പി രാജീവ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 4, 2022

കേരളത്തിലെ കെടിയു വൈസ് ചാൻസലർ നിയമന രീതി തെറ്റാണോ എന്നതല്ല ഇവിടെ പരിശോധിച്ചത്. പകരം, ഈ അളവുകോൽ എടുക്കുകയാണെങ്കിൽ ഇതിനേക്കാളും ഗൗരവമാണ് ഇന്ത്യയിലെ പകുതിയിലധികം സർവകലാശാലകളിലെയും സ്ഥിതി എന്ന് വിശദീകരിക്കുക മാത്രമാണ് ചെയ്‌തത്‌. കേരളത്തിൽ മാത്രം എന്തോ അരുതായ്ക ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ട് എന്ന പ്രചാരവേല ബോധപൂർവമായ പ്രതീതി നിർമാണമാണ്.


സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്ന് കേരളത്തിൽ മാത്രം എല്ലാ സർവകലാശാലകളിലും വൈസ് ചാൻസലർമാരെ നിയമവിരുദ്ധമായ രീതിയിലാണ് നിയമിച്ചിരിക്കുന്നതെന്ന പ്രചാരവേല ശക്തമാണ്. എല്ലാ സർവകലാശാലാ വൈസ് ചാൻസലർമാർക്കെതിരെയും ചാൻസലർ സ്വീകരിച്ച സമീപനം ഈ പ്രചാരവേലയ്‌ക്കുള്ള ആയുധമായി ചിലർ ഉപയോഗിക്കുന്നുണ്ട്. അതു സംബന്ധിച്ച കാര്യങ്ങൾ നീതിപീഠത്തിന്റെ പരിഗണനയിലായതു കൊണ്ട് ഇവിടെ വിശകലനം ചെയ്യുന്നത് അനുചിതമാണ്. എന്നാൽ, കേരളത്തിൽ  എന്തോ തെറ്റായി നടന്നു കൊണ്ടിരിക്കുന്നുവെന്ന പ്രതീതി നിർമാണം തുറന്നു കാട്ടപ്പെടേണ്ടതുണ്ട്.

വിവിധ സർവകലാശാലകളിലെ
 വിസി നിയമനങ്ങൾ
രാജ്യത്തെ പകുതിയിലധികം സർവകലാശാലാ വൈസ് ചാൻസലർമാരെ യുജിസി ചട്ടങ്ങളിൽനിന്നു വ്യത്യസ്തമായ അതതു സംസ്ഥാന നിയമങ്ങൾ അനുസരിച്ചാണ് നിയമിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.  കെടിയു വിധിക്കു മുമ്പ് ഈ വർഷം തന്നെ സുപ്രീംകോടതി, വൈസ് ചാൻസലർ നിയമനം അസ്ഥിരപ്പെടുത്തിയ സർദാർ വല്ലഭായ് പട്ടേൽ സർവകലാശാലയുള്ള ഗുജറാത്തിലെ  സർവകലാശാലാ നിയമം യുജിസി വ്യവസ്ഥകൾക്കനുസരിച്ചല്ലെന്ന് ഉന്നത നീതിപീഠം തന്നെ വ്യക്തമാക്കുകയുണ്ടായി.  ഈ കേസിലെ വിധിയെക്കൂടി  ആധാരമാക്കിയാണ്  കെടിയു കേസിലെ വിധി. സർദാർ വല്ലഭായ് പട്ടേൽ സർവകലാശാലയിൽ നിയമിച്ച  വൈസ് ചാൻസലർക്ക് യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയായ പ്രൊഫസറായി പത്തുവർഷത്തെ പരിചയമുണ്ടായിരുന്നില്ല. സെർച്ച് കമ്മിറ്റിയിൽ യുജിസി പ്രതിനിധിയുമുണ്ടായില്ല. ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് വന്നു. യുജിസി റെഗുലേഷനല്ല, സംസ്ഥാന സർവകലാശാലാ നിയമമാണ് ബാധകമെന്നു പറഞ്ഞ് സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും കേസ് തള്ളി. സംസ്ഥാന നിയമം യുജിസി റെഗുലേഷന് അനുസരിച്ച് ഭേദഗതി ചെയ്യണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോയി. വൈസ് ചാൻസലർക്ക് വിരമിക്കാൻ ഒരു മാസമേ ഉള്ളെന്നും അതുകൊണ്ട് തങ്ങൾ ഇപ്പോൾ ഇടപെടുന്നില്ലെന്നും പറഞ്ഞ്‌  സുപ്രീംകോടതി കേസ് തള്ളി. എന്നാൽ, ഈ കേസിലെ നിയമ പ്രശ്നങ്ങൾ തീർപ്പാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.

ഈ വിധികൾ എല്ലാം നിൽക്കെ, സംസ്ഥാന നിയമം ഭേദഗതി ചെയ്യാതെ, യുജിസി യോഗ്യതയില്ലാത്ത അതേ വ്യക്തിയെത്തന്നെ വീണ്ടും വൈസ് ചാൻസലറാക്കി . ഇതിനെതിരെയുള്ള പുതിയ കേസിലാണ് സുപ്രീംകോടതി നിയമനം റദ്ദാക്കിയത്. 2014ൽ യുജിസി മാനദണ്ഡങ്ങൾക്ക് അനുസരിച്ചു മാത്രമേ വിസി നിയമനങ്ങൾ നടത്താവൂ എന്ന്‌ ചാൻസലറായ ഗവർണർക്ക് യുജിസി തന്നെ കത്തയച്ചിരുന്നു. ഗവർണർ അത് സംസ്ഥാന സർക്കാരിനു നൽകി. ഇതെല്ലാം ലംഘിച്ചത് കുടി ചൂണ്ടിക്കാട്ടിയാണ് വിധി.  ഭാവിനിയമനങ്ങൾ യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചാകണമെന്ന്‌ സുപ്രീംകോടതി വിധി ആവശ്യപ്പെടുകയും ചെയ്തു.  " We are sure and we hope and trust that while making afresh appointment of Vice Chancellor in the State and the Universities thereunder, the aforesaid aspects shall be kept in mind by the State and the concerned universities. അതോടൊപ്പം യുജിസി റഗുലേഷന് അനുസരിച്ച് നിയമങ്ങൾ പിന്നീട് ഭേദഗതി ചെയ്യണമെന്ന് നിർദേശിക്കുക മാത്രമാണ് ചെയ്തത് .17. "Before parting we may hope and trust that wiser counsel will now prevail and the State Government shall amend the State legislation accordingly on par with the UGC Regulations.’ യുജിസി വ്യവസ്ഥയനുസരിച്ച യോഗ്യത പോലും നിഷ്കർഷിക്കാത്ത സംസ്ഥാന നിയമം അനുസരിച്ചുള്ള  നിയമനങ്ങൾ ഒന്നും തന്നെ  റദ്ദാക്കപ്പെട്ടില്ല.

ആന്ധ്രയിലെയും ബംഗാളിലെയും രീതികൾ
ആന്ധ്രയിലെ സർവകലാശാലയിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നത് ആ സംസ്ഥാനത്തെ നിയമം അനുസരിച്ചാണ്. അവിടെ സംസ്ഥാന സർക്കാരാണ് സെർച്ച് കമ്മിറ്റിയെ നിയോഗിക്കുന്നത്. അതിൽ സർക്കാരിന്റെ പ്രതിനിധിയും ഉണ്ടാകും. ഈ കമ്മിറ്റി മൂന്നുപേരുടെ പാനൽ സംസ്ഥാന സർക്കാരിനാണ് നൽകുന്നത്. അതിൽനിന്ന്‌ ഒരാളെ സർക്കാർ തെരഞ്ഞെടുക്കും. ആ പേരാണ് ചാൻസലറായ ഗവർണർക്കു നൽകുന്നത് . സർക്കാർ നിർദേശിച്ച ഈ വ്യക്തിയെ ചാൻസലറായ ഗവർണർ വൈസ് ചാൻസലറായി നിയമിക്കും.  ആന്ധ്രയിലെ 25 സംസ്ഥാന സർവകലാശാലകളിൽ  മുമ്പ് പ്രതിപാദിച്ച രീതിയിലാണ്  വൈസ് ചാൻസലർമാർമാർ നിയമിക്കപ്പെടുന്നത് ' ആന്ധ്രയിലെ അതേ നിയമം പിന്തുടരുന്ന തെലങ്കാനയിൽ 17  സംസ്ഥാന  സർവകലാശാലകളുണ്ട്‌.

ബംഗാളിലെ 24 പർഗാനയിലെ ബർസാദ് സർവകലാശാല പോലുള്ള ചില സർവകലാശാലകളിൽ കോർട്ട് നൽകുന്ന പാനലിൽനിന്നുമാണ് ചാൻസലർ, വൈസ് ചാൻസലറെ നിയമിക്കുന്നത് . രാജ്യത്തെ നല്ലൊരു ശതമാനം സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിർദേശിക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ സർക്കാർ പ്രതിനിധിയുണ്ട്'. ഇതെല്ലാം യുജിസി നിർദേശത്തിൽ ഇല്ലാത്തതാണ്. ഓരോ വൈസ് ചാൻസലറുടെയും നിയമനം ഒറ്റക്കൊറ്റയ്‌ക്ക് പരിശോധിച്ചിട്ടില്ല.

എന്നാൽ, ഈ നിയമങ്ങൾ അനുസരിച്ച് നിയമനം ലഭിച്ച പകുതിയിലധികം വൈസ് ചാൻസലർമാരും ഇപ്പോഴത്തെ വിധി പ്രകാരം തെറ്റായ നിയമന രീതിയിലൂടെ ചുമതലയിൽ വന്നവരാണ്. അപ്പോൾ കേരളത്തെ മാത്രം തെറ്റായ നിയമന രീതിയെന്ന്  വലിയ തോതിൽ മോശമായി ചിത്രീകരിക്കുന്നത് തെറ്റാണ്.

കേന്ദ്ര സർവകലാശാലകളിലെ സ്ഥിതി
ഇതുവരെ പ്രതിപാദിച്ചത് സംസ്ഥാന സർവകലാശാലകളെ സംബന്ധിച്ചാണ്. കോടതി വിധികളൊന്നും ആവശ്യമില്ലാതെ തന്നെ കേന്ദ്ര നിയമങ്ങളും ഉത്തരവുകളും നടപ്പാക്കാൻ നിയമപരമായ ബാധ്യതയുള്ള കേന്ദ്ര സർവകലാശാലകളിലെ സ്ഥിതിയെന്താണെന്നു നോക്കാം. ഭരണഘടനയിൽത്തന്നെ പരാമർശിക്കുന്ന കേന്ദ്ര സർവകലാശാലയാണ് അലിഗഡ്‌ സർവകലാശാല. ഇവിടെ വൈസ് ചാൻസലറെ നിയമിക്കുന്നത് അലിഗഡ്‌ സർവകലാശാലാ സ്റ്റാറ്റ്യൂട്ട് അനുസരിച്ചാണ്. എക്സിക്യൂട്ടീവ് കൗൺസിൽ അഞ്ചുപേരുടെ പാനൽ സർവകലാശാല കോർട്ടിനു നൽകും. അതിൽനിന്നു മൂന്നുപേരുടെ പാനൽ വിസിറ്റർക്ക് കോർട്ട് സമർപ്പിക്കും. ഈ പാനലിൽനിന്ന്‌ ഒരാളെ വിസിറ്റർ വൈസ് ചാൻസലറായി നിയമിക്കും. 

നാഷണൽ ലോ യൂണിവേഴ്‌സിറ്റി
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചാൻസലറായ ബാംഗ്ലൂർ നാഷണൽ ലോ യൂണിവേഴ്സിറ്റി നിയമത്തിലെ ഷെഡ്യൂൾ 18 പ്രകാരം വൈസ് ചാൻസലറെ നിയമിക്കുന്നത് ചാൻസലറോട്  ആലോചിച്ച്‌ എക്സിക്യൂട്ടീവ് കൗൺസിലാണ്. 9 (1) പ്രകാരം എക്സിക്യൂട്ടീവിന്റെ അധികാരത്തിൽ ആദ്യമായി നിർവചിച്ചിരിക്കുന്നത് വൈസ് ചാൻസലർ നിയമനമാണ്. പത്തു വർഷത്തെ സീനിയോറിറ്റിയുള്ള പ്രൊഫസർമാർക്കു മാത്രമേ വൈസ് ചാൻസലറാകാൻ കഴിയൂ എന്ന് യുജിസി പറയുമ്പോൾ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാൻസലറായ അവിടത്തെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ 2018 മുതൽ വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്നത് വിരമിച്ച  ഹൈക്കോടതി ജഡ്ജി  മൃദുല മിശ്രയാണ്.  ഹിദായുത്തള്ള നാഷണൽ  ലോ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറെ നിയമിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ഉപദേശം കൂടി പരിഗണിച്ച് ചാൻസലറാണ്. 

ആദ്യ വിസിയുടെ നിയമനാധികാരം
ഡിജിറ്റൽ സർവകലാശാലയിലെയും ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിലെയും വൈസ് ചാൻസലർമാർ ആദ്യത്തേതായതു കൊണ്ട് നിയമപ്രകാരം നിയമനാധികാരം സംസ്ഥാന സർക്കാരിനാണ്. ആ നിയമന രീതി കൊണ്ട് ഇവർ അയോഗ്യരാക്കപ്പെടുകയാണെങ്കിൽ പല  കേന്ദ്ര സർവകലാശാലകളിലെ നിയമനങ്ങളും റദ്ദാക്കപ്പെടേണ്ടിവരും. ഉദാഹരണത്തിന് ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ്  സർവകലാശാല ( IFFLU ) നിയമത്തിലെ സെഷൻ 46 പ്രകാരം ആദ്യ വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം കേന്ദ്ര  സർക്കാരിനാണ് . രാജീവ് ഗാന്ധി കേന്ദ്ര സർവകലാശാലയിലെ സെഷൻ നാൽപ്പത്തേഴും സമാനമാണ്.  വിസ്താര ഭയത്താൽ മറ്റു സർവകലാശാലകളെ സംബന്ധിച്ച് വിശദീകരിക്കുന്നില്ല
കേരളത്തിലെ കെടിയു വൈസ് ചാൻസലർ നിയമന രീതി തെറ്റാണോ എന്നതല്ല ഇവിടെ പരിശോധിച്ചത്. പകരം, ഈ അളവുകോൽ എടുക്കുകയാണെങ്കിൽ ഇതിനേക്കാളും ഗൗരവമാണ് ഇന്ത്യയിലെ പകുതിയിലധികം സർവകലാശാലകളിലെയും സ്ഥിതി എന്ന് വിശദീകരിക്കുക മാത്രമാണ് ചെയ്‌തത്‌.  കേരളത്തിൽ മാത്രം എന്തോ അരുതായ്ക ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ട് എന്ന പ്രചാരവേല ബോധപൂർവമായ പ്രതീതി നിർമാണമാണ്.

സുപ്രീംകോടതി 
നേരത്തേ പറഞ്ഞത്‌
യുജിസി റെഗുലേഷനിൽനിന്ന്‌ വ്യത്യസ്തമായ വൈസ് ചാൻസലർ നിയമന രീതി കേരളമോ മറ്റു സംസ്ഥാനങ്ങളോ ബോധപൂർവം സ്വീകരിച്ചതായി സുപ്രീംകോടതിയും പറഞ്ഞിട്ടില്ല. 2015ൽ തമിഴ്നാട്ടിലെ കല്യാണി മതിവനൻ കേസിൽ, യുജിസി മാനദണ്ഡത്തിന് വിരുദ്ധമെന്നു പ്രഖ്യാപിച്ച് ഹൈക്കോടതി റദ്ദുചെയ്ത വൈസ് ചാൻസലർ നിയമനം ശരിവച്ചുകൊണ്ട് സുപ്രീംകോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തുകയുണ്ടായി. ഖണ്ഡിക 44 (4)ൽ യുജിസി റെഗുലേഷൻ 2010  സംസ്ഥാന നിയമങ്ങൾക്കു കീഴിലുള്ള സർവകലാശാലകൾക്കും കോളേജുകൾക്കും മാർഗനിർദേശമാണെന്ന് വിധിച്ചു. റെഗുലേഷനും യുജിസി സ്കീമും നടപ്പാക്കുന്നത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും അങ്ങനെ നിശ്ചയിച്ചാൽ ഭേദഗതി ചെയ്യുന്ന സംസ്ഥാന നിയമങ്ങൾ റെഗുലേഷന് അനുസൃതമായിരിക്കണമെന്നും വ്യക്തമാക്കി. 44 (3)ൽ കേന്ദ്ര സർവകലാശാലകൾക്ക് മാത്രമാണ് mandatory എന്നും പറഞ്ഞു.  യുജിസി റെഗുലേഷൻ പ്രകാരം കോളേജ് അധ്യാപകരുടെ പെൻഷൻ പ്രായം ഉയർത്താൻ ഉത്തരവ് ആവശ്യപ്പെട്ട  2022ലെ  ഡോ. വിജയൻ കേസിൽ വിധിയുടെ 31–--ാം ഖണ്ഡികയിൽ സുപ്രീംകോടതി ജഗദീഷ് പ്രസാദ് വർമ കേസിലെ വിധി ആധാരമാക്കി ഇപ്രകാരം പറഞ്ഞു. "This Court unequivocally held that the State was not bound to accept or follow the UGC Regulations.’ എന്നാൽ, ഇപ്പോൾ അതിൽനിന്ന്‌ വ്യത്യസ്തമായി യുജിസി റെഗുലേഷന്റെ അപ്രമാദിത്വം സർദാർ വല്ലഭായ് പട്ടേൽ സർവകലാശാലാ കേസിലും കെടിയു കേസിലും സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നു.  ഗുജറാത്ത് സംസ്ഥാനത്തെ  ഭാവി നിയമനങ്ങൾ ഇതിന് അനുസരിച്ചായിരിക്കണമെന്ന് വിധിച്ച ഉന്നത നീതിപീഠം യുജിസിക്ക് വിരുദ്ധമായ നിയമനങ്ങൾ തുടക്കം മുതൽ നിയമവിരുദ്ധമാണെന്ന പൊതുതത്വം  കെടിയു കേസിൽ വ്യക്തമാക്കിയിരിക്കുന്നു.  ഈ വിധി മറ്റു നിയമനങ്ങൾക്കു കുടി ബാധകമാണോ അല്ലയോ എന്നത് സാധാരണ ഗതിയിൽ  നീതിപീഠം തന്നെ വ്യക്തത വരുത്തേണ്ടതാണ്. എന്നാൽ, ഇന്ത്യയിലെ പൊതുസ്ഥിതി മറച്ചുവച്ച്  നിയമന രീതിയിലെ വ്യത്യസ്തത ഇവിടെ മാത്രമാണെന്ന് സ്ഥാപിക്കുന്ന കേരളവിരുദ്ധ പ്രതീതി നിർമാണം ഉന്നത വിദ്യാഭ്യാസ മേഖലയിലെ വലിയ മാറ്റങ്ങളെ തമസ്കരിക്കാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top