25 April Thursday

പഴമുറംകൊണ്ട് സൂര്യനെ മറയ്‌ക്കാനാകില്ല - പി കരുണാകരൻ എഴുതുന്നു

പി കരുണാകരൻUpdated: Friday Sep 4, 2020


ജർമനിയിലെ പാർലമെന്റ് മന്ദിരത്തിന് തീവച്ച സംഭവം ചരിത്രത്തിൽ അവിസ്മരണീയമായ ഒരു അധ്യായമാണ്. തീ ആളിക്കത്തുമ്പോൾ പ്രക്ഷേപണ മന്ത്രി ഗീബൽസും സഹപ്രവർത്തകരും കാറിലെത്തി തീയുടെ അരികിൽനിന്ന്‌ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തീ വച്ചത് കമ്യൂണിസ്റ്റുകാരാണ്. തുടർന്ന്, കമ്യൂണിസ്റ്റ് പ്രവർത്തകരെ കൂട്ടമായി അറസ്റ്റ് ചെയ്തു. ഈ സമയത്ത് സാർവദേശീയ കമ്യുണിസ്‌‌റ്റ്‌ പ്രസ്ഥാനത്തിന്റെ നേതാവ് ജോർജ് ദിമിത്രോവ്‌ യൂറോപ്പിൽനിന്ന്‌ ജർമനിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അതിനിടയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. വർഷങ്ങളോളം ജയിലിലടച്ചു. സാർവദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി അദ്ദേഹത്തെ കോടതിയിൽ  ഹാജരാക്കേണ്ടി വന്നു. കോടതിയിൽ അദ്ദേഹം നടത്തിയ പ്രസംഗം ചരിത്രമാണ്. ഫാസിസ്റ്റുകളുടെ മുഖംമൂടി വലിച്ചെറിഞ്ഞ  ആ പ്രസംഗം ഇന്നും ആവേശത്തോടെ മാത്രമേ വായിക്കാൻ കഴിയൂ. പിന്നീട് ചരിത്രത്തിൽ ഗീബൽസിയൻ നുണകൾ എന്ന് പരക്കെ വിശേഷിപ്പിക്കപ്പെട്ട ഗൂഢാലോചനയുടെ മുഖം അനാവരണം ചെയ്യപ്പെടുന്നതായിരുന്നു ദിമിത്രോവിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം.

കമ്യൂണിസ്റ്റുകാരെയും ഇടതുപക്ഷ പ്രസ്ഥാനത്തെയും വേട്ടയാടാൻ ഭരണാധികാരികൾ നടത്തിയ സംഭവങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. ഇൻഡോനേഷ്യയിലെ  കമ്യൂണിസ്റ്റ്‌ കൂട്ടക്കൊല, സോവിയറ്റ് യൂണിയനെ തകർക്കാൻ സിഐഎ നടത്തിയ ഗൂഢശ്രമങ്ങൾ, ഫിഡൽ കാസ്‌ട്രോയ്‌ക്കെതിരെ നടന്ന വധശ്രമങ്ങൾ, ചെഗുവേരയെ കൊലപ്പെടുത്തിയത്, ലുമുംബ ഗവൺമെന്റിനെ തകർത്തത്,  ഷാവേസിനെതിരെ നടന്ന വധശ്രമങ്ങൾ–- ഇങ്ങനെ ഗൂഢാലോചനയുടെയും ചതിയുടെയും അക്രമത്തിന്റെയും നീണ്ട പട്ടികതന്നെയുണ്ട്‌.

ഇന്ത്യയിലും കമ്യൂണിസ്റ്റ് പാർടിക്കും ഗവൺമെന്റിനുമെതിരെ ഇത്തരം ഒട്ടേറെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ കോൺഗ്രസും ബിജെപിയും നടത്തിയിട്ടുണ്ട്. 1957ലെ ഗവൺമെന്റിനെ പിരിച്ചുവിട്ടത്, അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാരെ ജയിലിൽ അടച്ചത്, പശ്‌ചിമബംഗാളിലെയും ത്രിപുരയിലെയും ഗവൺമെന്റിനെ അട്ടിമറിച്ചത് തുടങ്ങിയ നിരവധി സംഭവങ്ങൾ. സ്വാതന്ത്ര്യസമര കാലഘട്ടത്തിലും നിരവധി അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു. മീററ്റ് , പെഷവാർ, കാൺപുർ ഗൂഢാലോചന കേസുകളിലെ പ്രതികളെല്ലാം കമ്യൂണിസ്റ്റ് –-ഇടതുപക്ഷ നേതാക്കളായിരുന്നു. ഒറ്റ കോൺഗ്രസുകാരനോ ബിജെപിക്കാരനോ അതിൽ ഉണ്ടായിരുന്നില്ല. സാമ്രാജ്യത്വവിരുദ്ധ പോരാട്ടം കമ്യൂണിസ്റ്റുകാരുടെ മുഖമുദ്രയാണ്. ജനകീയ പ്രശ്നങ്ങൾക്കുവേണ്ടിയുള്ള സമരവും ജനകീയപ്രശ്നങ്ങൾ പരിഹരിക്കലുമാണ് ലക്ഷ്യം.


 

എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ യുഡിഎഫും ബിജെപിയും നുണക്കഥകൾ ഉയർത്തിക്കൊണ്ടുവരികയാണ്‌.  പ്രത്യേകിച്ച്, മുഖ്യമന്ത്രിക്കെതിരെ തുടർച്ചയായി നടത്തുന്ന അപവാദപ്രചാരണങ്ങൾ അതും കുടുംബങ്ങൾക്ക് എതിരായിപ്പോലും ഉയർത്തുന്നതിന്റെ രാഷ്ട്രീയലക്ഷ്യം വ്യക്തമാണ്. പുതിയ കേരളസൃഷ്ടിക്കായി വ്യക്തമായ കർമപദ്ധതികളോടെ ഗവൺമെന്റ് മുന്നോട്ടുപോകുന്നു. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ തെല്ലും പാലിക്കാതെ സംസ്ഥാന ഗവൺമെന്റിനെ ശ്വാസംമുട്ടിക്കുന്ന സമീപനം കേന്ദ്രം സ്വീകരിക്കുന്നു. ഈ ഘട്ടത്തിൽത്തന്നെയാണ് നിപാ, ഓഖി, രണ്ട് പ്രളയം സംസ്ഥാനം അഭിമുഖീകരിച്ചതും അതിജീവിച്ചതും. കോവിഡ്–-19 നിയന്ത്രിക്കുന്നതിൽ സംസ്ഥാനത്തിന്റെ പദ്ധതികൾ ഇന്ത്യക്ക്‌ മാതൃകയാണ്. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തതാണ്. എന്നാൽ, ആദ്യംമുതൽ കോവിഡ് മാനദണ്ഡങ്ങൾപോലും ലംഘിച്ച് സമരം നടത്താനാണ്  ബിജെപിയും യുഡിഎഫും ശ്രമിച്ചത്. അവർ നടത്തുന്ന തെറ്റായ പ്രചാരവേലകൾ വീണ്ടും വീണ്ടും ആവർത്തിച്ച് ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങൾക്കിടയിൽ സംശയം ഉണ്ടാക്കുന്നു. ഇതുതന്നെയായിരുന്നു ഗീബൽസിന്റെയും തന്ത്രം.

സ്വർണക്കടത്ത് പ്രശ്നത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എൻഐഎ കോടതിയിൽത്തന്നെ ഇത് വ്യക്തമാക്കി.  അറസ്റ്റ് ചെയ്യപ്പെട്ട മിക്ക പ്രതികളും ബിജെപിയുമായും എസ്ഡിപിഐയുമായും ബന്ധമുള്ളവരാണ്. മുസ്ലിംലീഗിന്റെ നേതാക്കളുടെ ബന്ധുക്കളും ഉൾപ്പെടുന്നു. പക്ഷേ,  തീവ്രവാദ ബന്ധത്തെക്കുറിച്ചും സാമ്പത്തിക അട്ടിമറിയെക്കുറിച്ചും ഉള്ള അന്വേഷണം വഴിതിരിച്ച്‌ കേസിന്റെ ഗതിതന്നെ മാറ്റാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.  ബിജെപിക്ക് ഒരിക്കലും കേരളത്തിൽ അധികാരത്തിൽ വരാൻ കഴിയില്ല. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ച് ഒരു ഗവൺമെന്റ് വന്നാൽ കേന്ദ്ര ഭരണം ഉപയോഗിച്ച് അതിനെ പിന്നീട് സ്വാധീനിക്കാൻ കഴിയും.

വിദ്യാഭ്യാസം, ആരോഗ്യം, നിയമസമാധാനം, വികസനം, പാർപ്പിട സൗകര്യം, ശുചിത്വകേരളം, കാർഷികരംഗം തുടങ്ങിയ രംഗങ്ങളിലെ കേരളത്തിന്റെ  നേട്ടങ്ങൾ കേന്ദ്ര ഗവൺമെന്റിനുപോലും അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞ മഹാഭൂരിപക്ഷം കാര്യങ്ങളും ചെയ്തുതീർത്തു. പ്രതിസന്ധികളെ അതിജീവിച്ച് വികസനരംഗത്ത് ഉണ്ടായ നേട്ടങ്ങൾ, കാർഷികമേഖലയിലെ വളർച്ച, പുതിയ തൊഴിലവസരങ്ങൾ, വ്യാവസായികമേഖലയെ പുനരുദ്ധീകരിച്ചത്, സാമൂഹ്യക്ഷേമ പദ്ധതികൾ–- രാഷ്ട്രീയത്തിമിരം ബാധിച്ചവർക്ക് മാത്രമേ ഇതിനെയൊക്കെ എതിർക്കാൻ കഴിയൂ. 


 

യുഡിഎഫിന്റെ കാലഘട്ടത്തിൽ കേരളത്തിന്റെ സാമ്പത്തികരംഗം പൂർണമായും തകർന്നു. വ്യാവസായികമേഖല  നഷ്ടത്തിലായി. കാർഷികരംഗത്തെ ഉൽപ്പാദനം കുറഞ്ഞു. പകുതിയിലേറെ മന്ത്രിമാർ അഴിമതിക്കേസിൽ പ്രതികൾ, സരിത കേസ്‌ ഉൾപ്പെടെ സാമ്പത്തിക ക്രമക്കേടുകൾ–-കേരളത്തിന്റെ സാംസ്കാരിക രംഗംതന്നെ തകർന്നടിഞ്ഞിരുന്നു. ഇതിൽനിന്ന്‌ തികച്ചും വ്യത്യസ്തമായി ഒരു പുതിയ കേരളം കെട്ടിപ്പടുത്തുകൊണ്ടിരിക്കുകയാണ് എൽഡിഎഫ് ഗവൺമെന്റ്.

സർക്കാരിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ളവരെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. എന്നാൽ, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തുടർച്ചയായി ഉന്നയിച്ച് മുഖ്യമന്ത്രിയെയും സർക്കാരിനെയും തകർക്കലാണ് ഇവരുടെ ലക്ഷ്യം. കേരളത്തിന്റെ മുഖ്യമന്ത്രി വിദ്യാർഥി–-യുവജന–-സമരങ്ങളിലൂടെ കടന്നുവന്ന നേതാവാണ്‌. അദ്ദേഹം ഡൽഹി, ഭോപാൽ, മംഗളൂരു എന്നീ  സ്ഥലങ്ങൾ സന്ദർശിച്ചപ്പോൾ ആർഎസ്എസുകാർ തടയാൻ ശ്രമിച്ചിരുന്നു. അവരുടെ ലക്ഷ്യം വ്യക്തമാണ്, വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരമാണ് പിണറായി വിജയൻ നടത്തിയിരുന്നത്. ആർഎസ്എസുകാർ അദ്ദേഹത്തിനെതിരെ നടത്തിയ പ്രസ്താവന ഒരു ഘട്ടത്തിൽ ലേഖകൻതന്നെ പാർലിമെന്ററിൽ ചോദ്യം ചെയ്തിട്ടുണ്ട്.  പിണറായിയെ കായികമായി അക്രമിക്കാൻ നിരവധി ശ്രമങ്ങൾ നടന്നിരുന്നു. അടിയന്തരാവസ്ഥയിൽ ഭീകരമർദനത്തിൽ വിധേയനായി. കറകളഞ്ഞ രാഷ്ട്രീയജീവിതത്തിന് ഉടമയാണ്. നയപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്തതുകൊണ്ട് എതിർപ്പിന്റെ കാഠിന്യം കൂടും എന്നത് സ്വാഭാവികമാണ്.

അവസാന ബ്രഹ്മാസ്ത്രമായിട്ടാണ് യുഡിഎഫ് നിയമസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. എന്നാൽ, അവിശ്വാസപ്രമേയങ്ങളും പ്രതിപക്ഷത്തിന്റെ പ്രസംഗങ്ങളും തികച്ചും നനഞ്ഞ പടക്കമായി. പിറ്റേ ദിവസം ഷോർട്ട്സർക്യൂട്ട് കാരണം സെക്രട്ടറിയറ്റിലെ ഒരു മുറിയിൽ തീപിടിത്തമുണ്ടായപ്പോൾ യുഡിഎഫും ബിജെപിയും നേരത്തേ തീരുമാനിച്ചുറപ്പിച്ചതുപോലെ സെക്രട്ടറിയറ്റ് അങ്കണം സമര കേന്ദ്രമാക്കാനാണ് ശ്രമിച്ചത്. ഒരു ഫയലും നശിച്ചിട്ടില്ല എന്ന് ബോധ്യമായിട്ടും പ്രതിപക്ഷം അടങ്ങാൻ തയ്യാറായില്ല.  മാധ്യമങ്ങൾ സ്വർണക്കടത്ത് ഫയലുകളാണ് കത്തിച്ചതെന്നുള്ള വാർത്തകൾ കൊടുത്തുകൊണ്ടേയിരുന്നു. സെക്രട്ടറിയറ്റിൽ ഇ ഫയലിങ് നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ഒരു ഫയൽ നഷ്ടമായാൽത്തന്നെ അതിനെ ഹാർഡ് കോപ്പിയിൽനിന്ന് ഒറിജിനൽ എടുക്കാൻ ഒരു പ്രയാസവുമുണ്ടാകില്ല. 

വ്യാജപ്രസ്താവനകളും അസത്യങ്ങളുംകൊണ്ട് കെട്ടിപ്പടുക്കുന്ന കോട്ടകൾക്ക് അൽപ്പായുസ്സ് മാത്രമേയുള്ളൂ. വസ്തുതകൾ പുറത്തുവരുന്ന നിമിഷങ്ങളിൽത്തന്നെ അവ തകർക്കപ്പെടും. സങ്കുചിത രാഷ്ട്രീയം ഉയർത്തി അഹങ്കരിക്കുന്നവർ രാഷ്ട്രീയ–-ചരിത്ര വിദ്യാർഥികളോട് മാപ്പ് പറയേണ്ടിവരും. മുഖ്യമന്ത്രി രാജിവയ്‌ക്കണം എന്ന് ആവശ്യപ്പെടുന്നവർ ഒരു കാര്യം മനസ്സിലാക്കണം, പഴമുറംകൊണ്ട്  സൂര്യനെ മറയ്‌ക്കാൻ കഴിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top