23 April Tuesday

മതനിരപേക്ഷമല്ലാതെ 
എങ്ങനെ നിലനിൽക്കും - പി ഡി ടി ആചാരി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

മതനിരപേക്ഷതയും ഫെഡറലിസവും ഇന്ത്യൻ  ഭരണഘടനയുടെ നട്ടെല്ലാണ്‌. ഭരണഘടനയുടെ ഈ  അന്തഃസത്ത ഇല്ലാതാക്കാനൊരുമ്പെടുകയാണ്‌ രാജ്യം ഭരിക്കുന്നവർ. അവർ  ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി മാറ്റിയേക്കുമെന്ന ആശങ്കക്കിടെ ഗവർണർമാരെയടക്കമുപയോഗിച്ച്‌ ഫെഡറലിസത്തെ തകർക്കാൻ നിരന്തരമായ ശ്രമമുണ്ടാകുന്നു.  രാജ്യത്തെ ഈ   സാഹചര്യം മുൻനിർത്തി ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി ദേശാഭിമാനിക്ക് നൽകിയ അഭിമുഖം 
തയ്യാറാക്കിയത്:  സീനിയർ റിപ്പോർട്ടർ സുജിത്‌ ബേബി

വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയുടെ മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും കാറ്റിൽപ്പറത്തുന്നതിന്റെ ലക്ഷണങ്ങൾ രാജ്യത്തെ എവിടേക്ക്‌ നയിക്കും
മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാനശിലയാണ്‌. മതനിരപേക്ഷത എന്ന ആശയം ഇന്ന്‌ അധിക്ഷേപാർഹമായ ഒരു കാര്യമായി മാറിയിരിക്കുന്നു. മതനിരപേക്ഷമെന്നാൽ മുസ്ലിം പ്രീണനമെന്ന തരത്തിലാണ്‌ പ്രചാരണം.   മതനിരപേക്ഷതയുടെ  അടിസ്ഥാനത്തിലേ രാജ്യത്തിന്‌ നിലനിൽപ്പുള്ളൂ.  വൈവിധ്യങ്ങൾ നിറഞ്ഞ രാജ്യത്ത്‌ നിരവധി മതങ്ങളുണ്ട്‌. ന്യൂനപക്ഷ, ഭൂരിപക്ഷ മതങ്ങൾ. അതേസമയം, ഭരണകേന്ദ്രത്തിന്‌ മതം പാടില്ല. നമ്മുടെ മതനിരപേക്ഷ അടിസ്ഥാനം അതാണ്‌.

ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ഭരണം മതമാണ്‌ വലുതെന്നതിലേക്ക്‌  കൊണ്ടുപോകുകയല്ലേ
ഇന്ത്യക്ക്‌ മതരാഷ്ട്രമായി നിലനിൽക്കാനാകില്ല. മതരാഷ്ട്രമായി മാറിയാൽ എന്ത്‌ സംഭവിക്കുമെന്ന്‌ പാകിസ്ഥാനിലും അഫ്‌ഗാനിസ്ഥാനിലുമെല്ലാം കണ്ടതാണ്‌. ന്യൂനപക്ഷ മതവിഭാഗങ്ങൾ രണ്ടാംകിട പൗരന്മാരാകും. ആത്യന്തികമായി രാജ്യത്തിന്റെ കെട്ടുറപ്പിനെയും ദേശീയോദ്‌ഗ്രഥനത്തെയും ബാധിക്കും.  കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിൽ സവർണരുടെ കിണറിലെ വെള്ളം കുടിച്ച കുട്ടിയെ അടിച്ചുകൊന്നു. ധർമശാസ്ത്ര നിയമമാണത്‌. രാജ്യത്തിന്റെ കെട്ടുറപ്പ്‌ ആഗ്രഹിക്കുന്ന ജനങ്ങൾക്ക്‌ സെക്യുലറിസമല്ലാതെ മറ്റൊരു മാർഗവും മുന്നിലില്ല.

ഫെഡറലിസത്തെ തകർക്കാനുള്ള ശ്രമം മറ്റൊരു വശത്തുണ്ട്‌. ഇത്‌ ഭരണഘടനയുടെ നിലനിൽപ്പിനെ എങ്ങനെയാകും ബാധിക്കുക
യൂണിറ്ററി ഫീച്ചേഴ്‌സ്‌ കൂടുതലുള്ള ഫെഡറലിസമാണ്‌ നമ്മുടേത്‌. അത്‌ നമ്മുടെ പ്രത്യേകതയായാണ്‌ കണക്കാക്കുന്നത്‌. കേന്ദ്രസർക്കാരിന്‌ സംസ്ഥാന സർക്കാരിനോട്‌ പാർലമെന്റിന്റെ നിയമങ്ങൾ നടപ്പാക്കണമെന്ന്‌ പറയാനും സംസ്ഥാനത്തിന്റെ ഉത്തരവുകൾ കേന്ദ്രത്തിന്റേതിന്‌ അനുസൃതമായി മാറ്റംവരുത്താനും അധികാരമുണ്ട്‌. കേന്ദ്രം ഇനിയും കടക്കാത്ത മേഖലയിൽ സംസ്ഥാനം ഒരു നിയമമുണ്ടാക്കിയാൽ അതിൽ വൈരുധ്യത്തിന്റെ പ്രശ്‌നമുദിക്കുന്നില്ല. എങ്കിലും കേന്ദ്രം ഭരിക്കുന്ന കക്ഷി വിചാരിച്ചാൽ അവരുടെ ഭൂരിപക്ഷമുപയോഗിച്ച്‌ സംസ്ഥാന നിയമം അസാധുവാക്കാം. കേന്ദ്രം നൽകുന്ന നിർദേശം സംസ്ഥാനം നിഷേധിച്ചാൽ ഭരണം നടക്കുന്നില്ലെന്ന്‌ കണ്ട്‌ രാഷ്ട്രപതിക്ക്‌ ഭരണമേറ്റെടുക്കാം. ഇത്രയും കാലമില്ലാതിരുന്ന രീതിയിൽ ഈ വകുപ്പുകൾ ഉപയോഗിക്കുന്ന നിലയിലേക്ക്‌ രാജ്യമെത്തിയിരിക്കുകയാണ്‌.  സംസ്ഥാന വിഷയമായിരുന്ന വിദ്യാഭ്യാസമേഖല കൺകറന്റ്‌ ലിസ്റ്റിലേക്ക്‌ മാറ്റിയത്‌ ഇതിനുദാഹരണമാണ്‌. അതിന്റെ വിപത്താണ്‌ വൈസ്‌ ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട്‌ കേരളത്തിലടക്കമുണ്ടായത്‌.

ഫെഡറലിസത്തിലേക്ക്‌ കടന്നുകയറാൻ പലയിടത്തും ഗവർണർമാരെ ഉപയോഗിക്കുന്നു. നിലവിലെ ഗവർണർമാരുടെ ചെയ്‌തികൾ ഭരണഘടനാപരമായി നിലനിൽക്കുമോ
ഗവർണർക്ക്‌ എക്‌സിക്യൂട്ടീവ്‌ അധികാരമില്ലെന്ന്‌ സുപ്രീംകോടതി വിധികൾ വ്യക്തമാക്കുന്നുണ്ട്‌. ഗവർണർ മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ്‌ പ്രവർത്തിക്കേണ്ടത്‌. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‌ ഉത്തരവാദിത്വം ജനങ്ങളോടാണ്‌. ഗവർണർക്ക്‌ ഭരണഘടനാപരമായി ജനങ്ങളോട്‌ ഉത്തരവാദിത്വമില്ല. അതിനാൽ സർക്കാരിനാണ്‌ കൂടുതൽ അധികാരം. ഗവർണറെ ചാൻസലറാക്കുന്നതിന്‌ ഭരണഘടനാപരമായ പിൻബലമില്ലെങ്കിലും കീഴ്‌വഴക്കമുണ്ടാക്കി. ചാൻസലർക്ക്‌ സ്വതന്ത്രമായി പ്രവർത്തിക്കാനാകും. അതൊരു ഓപ്പണിങ് ആണ്‌. വിദ്യാഭ്യാസമേഖലയെ അതിലൂടെ നിയന്ത്രിക്കാമെന്നാണ്‌ അവർ കരുതുന്നത്‌.

കേരളത്തിൽ ചാൻസലർ പദവിയിൽനിന്ന്‌ മാറില്ലെന്നാണ്‌ ഗവർണർ പറയുന്നത്
അങ്ങനെ ആർക്കും പറയാനാകില്ല. സംസ്ഥാന നിയമമാണ്‌ ഗവർണറെ ചാൻസലറാക്കിയത്‌. നിയമത്തിലെ വ്യവസ്ഥ അസംബ്ലിക്ക്‌ മാറ്റാൻ അധികാരമുണ്ട്‌. അതിനെ ചോദ്യം ചെയ്യാൻ ആർക്കുമാകില്ല. ഗവർണറുടെ അംഗീകാരത്തിനുവേണ്ടി അയക്കുന്നിടത്ത്‌ ചില പ്രശ്‌നങ്ങളുണ്ട്‌. ബിൽ പാസാക്കിയാൽ ഗവർണർക്ക്‌ നാല്‌ മാർഗം മാത്രമാണുള്ളത്‌ –- അംഗീകാരം നൽകുക, നൽകാതിരിക്കുക, തിരികെ നിയമസഭയിലേക്ക്‌ മടക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക്‌ അയക്കുക. ഇതിൽ ഏതെങ്കിലും ഒന്നല്ലാതെ ബിൽ പിടിച്ചുവയ്‌ക്കാൻ ഗവർണർക്ക്‌ സാധിക്കില്ല.  

രാഷ്ട്രപതിക്ക്‌ അയക്കാനാണ്‌ ഗവർണർ തീരുമാനിക്കുന്നതെങ്കിൽ  
അസംബ്ലി പാസാക്കുന്ന ബില്ലിൽ തീരുമാനമില്ലാതായാൽ ജനാധിപത്യത്തിന്‌ എന്താണ്‌ പ്രസക്തി. കോടതി ഇതിൽ വ്യക്തത വരുത്തുകയെന്നത്‌ മാത്രമാണ്‌ പരിഹാരം. ഭരണഘടന വ്യാഖ്യാനിക്കുന്ന അധികാരം കോടതിക്ക്‌ മാത്രമാണുള്ളത്‌.

സംസ്ഥാനങ്ങൾ ഒരുമിച്ച്‌ നിൽക്കേണ്ട സാഹചര്യമല്ലേ
തീർച്ചയായും. സംസ്ഥാനങ്ങൾക്ക്‌ രാഷ്ട്രപതിയെ സമീപിക്കാം. ഗവർണർ സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നത്‌ പുതിയ സാഹചര്യമാണ്‌. കോടതിയെ സമീപിക്കുകയാണ്‌ രണ്ടാമത്തെ വഴി. ഭരണഘടനാ വിരുദ്ധമാണ്‌ കാണിക്കുന്നതെന്ന്‌ കോടതിയെ ബോധ്യപ്പെടുത്തുമ്പോൾ ചില ഇംപാക്ടുണ്ടാകും.

എന്തുകൊണ്ടാകാം ഈ വിഷയങ്ങളിൽ പ്രതി
പക്ഷം സർക്കാരിന്‌ പിന്തുണ നൽകാതിരിക്കുന്നത് ‌
കർഷകസമരത്തിലുണ്ടായതുപോലെ സർവപിന്തുണ ഈ വിഷയത്തിൽ പ്രതീക്ഷിക്കരുത്‌. അവർക്ക്‌ അധികാരം മാത്രമാണ്‌ ലക്ഷ്യം. മറ്റൊരു താൽപ്പര്യവുമുണ്ടാകില്ല. നിലനിൽക്കുന്ന സർക്കാരിനെ മാറ്റുകയെന്ന കേവല ലക്ഷ്യം മാത്രമുള്ളതിനാലാണ്‌ കേരളത്തിലടക്കം സർവകലാശാലാ വിഷയങ്ങളിൽ പ്രതിപക്ഷം ഗവർണർക്കൊപ്പം നിലപാട്‌ സ്വീകരിക്കുന്നത്‌. എല്ലാ സംസ്ഥാനങ്ങളിലും ഇതുതന്നെയാണ്‌ നടക്കുന്നത്‌. ഇന്ത്യൻ പാർലമെന്റിൽ 40 വർഷം നിരീക്ഷകനായിരുന്നയാൾ എന്നനിലയിൽ എന്റെ അനുഭവമതാണ്‌. അധികാരരാഷ്ട്രീയത്തിനു മുന്നിൽ ആദർശങ്ങളും ആശയങ്ങളുമെല്ലാം ഭസ്മമായി പോകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top