18 April Thursday
പി ഭാസ്‌കരന്റെ 100–-ാം ജന്മദിനം ഇന്ന്‌

‘ഇന്നലെ നീയൊരു സുന്ദരരാഗമായെൻ...’ - ജയരാജ്‌ വാര്യർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 21, 2023


മലയാളത്തിന്റെ നാട്ടിടവഴികളിലൂടെ നടന്ന കവിയായിരുന്നു ഭാസ്കരൻ മാഷ്. നാളികേരത്തിന്റെ നാട്ടിൽ എനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ടെന്ന് മധുരമായ്‌ ചൊല്ലി. പാട്ടിലൂടെ നമ്മുടെ സ്വപ്നങ്ങളൊക്കെയും പങ്കുവച്ചു. പാവപ്പെട്ടവരുടെ കണ്ണീരും സ്വപ്നങ്ങളും അറിഞ്ഞു പാടി. താമരക്കുമ്പിളിൽ സംഗീതത്തിന്റെ നറുതേൻ ചാലിച്ചുനൽകിയ അസ്‌തമിക്കാത്ത സൂര്യൻ. 

നാഴിയുരിപ്പാലുകൊണ്ടൊരുക്കിയ പൊന്നോണസദ്യയുടെ പാട്ടുരുചി എത്ര നുകർന്നു നാം. ഹേമന്ത ചന്ദ്രനും  വൃശ്ചിക പൂനിലാവും പാട്ടുകളിൽ നൃത്തംചെയ്തു. കൊന്നപ്പൂവും കൊങ്ങിണി പൂവും കസ്തൂരി മുല്ലയും ആലോല നേത്രങ്ങൾ വിടർത്തിയാടി. ആ പാഴ് മുളം തണ്ടിൽനിന്നും ഒഴുകിവന്ന സുന്ദരരാഗങ്ങൾ നമ്മുടെ ഹൃദയരാഗങ്ങളായി മാറി. ഇന്നലെ മാത്രമല്ല... എന്നും മയങ്ങുമ്പോൾ പൊന്നിൻ ചിലമ്പൊലി കേൾപ്പിക്കുന്ന ഹൃദയരാഗങ്ങൾ...

നാട്ടുഭാഷ
സംസാരിക്കുന്ന ഭാഷയിലാണ് ഭാസ്കരൻ മാഷ്‌ പാട്ടുകളെഴുതാറുള്ളത്‌. വളകിലുക്കിയ സുന്ദരിയും കയില് കുത്തി നിരാശനായ കാമുകനും നമുക്ക് സ്വന്തം. ‘വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ കിളിച്ചുണ്ടൻ മാമ്പഴം തിന്നുന്നവൻ’ പോലുള്ള പാട്ടുകൾ ഒരു മലയാള കാലം വരച്ചിടുന്നു. മാഷുടെ പാട്ടുകളെല്ലാം രേഖാചിത്രമാക്കി സങ്കൽപ്പിക്കൂ; അരനൂറ്റാണ്ടു മുമ്പുള്ള കേരളം മുന്നിലെത്തും. ചരിത്രം മാത്രമല്ല, മലയാളത്തിന്റെ ആത്മകഥ പോലും അതിലുണ്ട്‌.ഇന്നലെ നീയൊരു സുന്ദരരാഗമായെൻ..., ഇന്നെനിക്ക് പൊട്ടുകുത്താൻ.., സ്വർണമുകിലേ.., പുലർകാലസുന്ദര സ്വപ്നത്തിൽ തുടങ്ങിയ ഗാനങ്ങളിൽ കവിതയുടെ പൊൻതിടമ്പ്‌ കാണാം. ഒപ്പം നിസ്വന്റെ കണ്ണീരും സ്വപ്നങ്ങളും അകക്കണ്ണ്‌ കൊണ്ട് കണ്ടു. ഉയരും ഞാൻ നാടാകെ പടരും ഞാൻ... എന്ന് ‘വയലാർ ഗർജിക്കുന്നു’വിലെ ധീരപ്രഖ്യാപനം. 

കേശാദിപാദം തൊഴുന്നേൻ..., നവകാഭിഷേകം കഴിഞ്ഞു..., പാവനനാം ആട്ടിടയാ..., അല്ലാവിൻ കാരുണ്യമില്ലെങ്കിൽ... ഭക്തിയും പ്രണയവും കാരുണ്യവും അലിഞ്ഞുണ്ടാകുന്ന വിശ്വഭാവനകൾ. പുഴ നിറയുന്ന എത്രയോ പാട്ടുകളിൽ ജീവിതം പ്രതിഫലിപ്പിച്ച കവി; കരയുന്നോ പുഴ ചിരിക്കുന്നോ, പേരാറ്റിൻ കരയിൽ മഞ്ഞളരച്ചുവച്ച് നീരാടുന്ന മഞ്ഞണി പൂനിലാവ്, ചെമ്പൊന്നിൻ ചെപ്പുകുടം കടവത്ത് കമഴ്ത്തി എന്നിങ്ങനെ. പ്രണയത്തെ പൂത്തുനിക്കണ പൂമരമായും കാത്തുനിക്കണ പൈങ്കിളിയായും ഭാവന ചെയ്തു. മഹാനഗരം കവിക്ക്‌ ‘പിരിയാൻവിടാത്ത കാമുകി.’  മലയാളത്തിനുചുറ്റുമുള്ള കിളികളും മാമരങ്ങളും പൂക്കളും നിലാവും... പാട്ടുവിരുന്നൊരുക്കി. നീലക്കുയിലും കല്യാണക്കുരുവിയും മയൂരങ്ങളും മലയാളം പാടി. കൊന്നപ്പൂവും  കൊങ്ങിണി പൂവും നന്ദ്യാർ വട്ടവും കർണികാരവും നാം തേടിയിറങ്ങി.

കെ രാഘവൻ മാസ്റ്റർ, എം എസ് ബാബുരാജ്, ജി ദേവരാജൻ മാസ്റ്റർ, ചിദംബരനാഥ്‌, ദക്ഷിണാമൂർത്തി, പുകഴേന്തി, ജോബ്, ഉഷാഖന്ന, ശ്യാം, ജോൺസൺ, രവീന്ദ്രൻ, വിദ്യാധരൻ...  തുടങ്ങിയ സംഗീത സംവിധായകരുടെ ഹാർമോണിയത്തിന്റെ വാതായനത്തിലൂടെ... സ്വരങ്ങളുടെ അകമ്പടിയാൽ... രാഗപരാഗങ്ങൾ ഏറ്റ് പാട്ടുകൾ ജനിച്ചു. ദാസേട്ടനും  ജയേട്ടനും ജനകിയമ്മയും  സുശീലാമ്മയും  ബ്രഹ്മാനന്ദനും ചിത്രയും  സുജാതയും മറ്റു ഗായകരും ചേർന്ന് ഗാനസൂര്യന്റെ രശ്മികളെ കോടികളിലേക്ക് എത്തിച്ചു. ആയിരം ഗാനങ്ങൾ തൻ ആനന്ദലഹരിയിൽ നാദബ്രഹ്മത്തിന്റെ മഹാസാഗരത്തിൽ നാം അലിഞ്ഞു..

മാനവികതയുടെ ഊർജം
1954ൽ ഇറങ്ങിയ ‘ നീലക്കുയിൽ’ എത്രയോ മലയാളികളെ പാട്ടുപ്രേമികളാക്കി മാറ്റി. പച്ചമലയാളത്തിലുള്ള താളാത്മക വരികൾ വീണ്ടും പാടാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പാട്ടെഴുതിയ ഭാസ്കരൻ മാഷ്‌ അതിൽ സുപ്രധാന വേഷവും ചെയ്തു; പോസ്റ്റുമാൻ ശങ്കരൻ നായർ. പാവപ്പെട്ട ഒരു ദളിത് പെൺകുട്ടിയെ മാനഭംഗപ്പെടുത്തുന്ന സമ്പന്നനായ നായർ യുവാവ് , അതിലൊരു കുഞ്ഞുണ്ടാകുമ്പോൾ മാന്യതയുടെ പേരിൽ ആ കുഞ്ഞിനെ സ്വീകരിക്കാതെ മാറിനിൽക്കുകയാണ്. ആ അനാഥബാലനെ സ്വീകരിക്കുന്ന കഥാപാത്രമായിരുന്നു മാഷുടേത്. അത്യുജ്വലമായ അഭിനയ മുഹൂർത്തങ്ങളുണ്ടതിൽ.

മലയാളസിനിമയുടെ നവോത്ഥാനത്തിന്റെ ആരംഭമായിരുന്നു അവിടെ. കവി, എഴുത്തുകാരൻ,  സംവിധായകൻ, മാധ്യമ പ്രവർത്തകൻ എന്നിങ്ങനെ ഭാസ്കരൻ മാഷ്‌ തിളങ്ങാത്ത മേഖലകളില്ല.‘പി ഭാസ്കരൻ മലയാളസിനിമയുടെ നവോത്ഥാനനായകൻ ’എന്നെഴുതാൻ എനിക്കിഷ്ടമാണ്! സ്വതന്ത്രമായ ലളിതഗാനശാഖയ്ക്ക് തുടക്കംകുറിച്ചത് മാഷായിരുന്നു. മാനവികതയുടെ അനശ്വരഗീതങ്ങൾ മതജാതിഭേദമില്ലാത്ത കൂട്ടായ്മകൾക്ക്‌ ശക്തിപകർന്ന വരികളെത്ര. തലമുറകൾക്കായി പങ്കുവച്ച ഗുരുനാഥൻ. പാടാനോർത്തൊരു മധുരിത ഗാനങ്ങൾ എഴുതി നമ്മെ മലയാളികളാക്കി അദ്ദേഹം. ലോകം മുഴുവൻ സുഖം പകരാനായി ആ സ്നേഹദീപം പ്രകാശിച്ചു. പാട്ടിന്റെ കായലരികത്തും  മഞ്ഞണി പൂനിലാവ് ഒഴുകി പരന്ന പുഴയോരത്തും നീലക്കടലിൻ തിരമാലകൾ ഉയർന്നുപൊങ്ങിയ കടലോരത്തും അപാരസുന്ദര നീലാകാശത്തും  വിണ്ണിന്റെ വിരിമാറിൽ വർണങ്ങൾ വാരിവിതറിയ മഴവില്ലിൻ മലർമാലയിലും  കടവുതോണി കാത്തുനിന്ന പുഴക്കരയിലും കായൽക്കരയിലും ചളിയും ചുഴിയും നിറഞ്ഞ് പുറമേ പുഞ്ചിരി തൂകിനിന്ന മഹാനഗരങ്ങളിലും മലയാള പാട്ടിനെ വീണ്ടും എഴുത്തിനിരുത്തിയ എഴുത്തച്ഛന്റെ തൂലികയിൽനിന്ന് പാട്ടിന്റെ പാലാഴി ഒഴുകി. പൗർണമി രാവുകളിൽ നിലാ ചന്തത്തിന്റെ വെണ്മ കവിതയായി പതഞ്ഞൊഴുകി.

ട്രോളുകളും ഫുഡ്‌ബ്ലോഗുകളും ട്രെൻഡ്‌ മ്യൂസിക്കുകളും നിറഞ്ഞാടുന്ന സങ്കരഭൂവിൽനിന്നുകൊണ്ട്‌ മലയാളത്തിന്റെ തനിരൂപങ്ങൾ കൊത്തിയെടുത്ത ഭാസ്കരൻ മാഷിലൂടെ കേരളത്തെ അറിയണം. പുതുതലമുറകൾ പരിചയിക്കാത്ത ഒരു കേരളത്തെ. -
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top