19 April Friday

ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് - പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

പൊതുമരാമത്തു വകുപ്പിന്റെ നിർമാണപ്രവൃത്തികളിൽ ജനകീയ മോണിറ്ററിങ്‌ സാധ്യമാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമാകുകയാണ്. പുതിയ റോഡുകൾ, നിലവിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ, പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങി പൊതുമരാമത്തു വകുപ്പിനു കീഴിൽ നിർമിക്കപ്പെടുന്നതെല്ലാം കൂടുതൽ സുതാര്യമാകേണ്ടതുണ്ട്. ന്യൂനതകളുടെയും പരിപാലന രീതികളുടെയും കേവലമായ കാഴ്ചക്കാരെന്ന നിലയിൽനിന്ന് പൊതുമുതലുകളുടെ കാവൽക്കാരെന്ന നിലയിലേക്ക് സർക്കാരിനൊപ്പം ജനങ്ങളും മാറണമെന്നാണ് ആഗ്രഹിക്കുന്നത്.

ഒരു പ്രവൃത്തി പൂർത്തിയായാൽ നിശ്ചിത കാലയളവുവരെയുള്ള അതിന്റെ പരിപാലനംകൂടി പ്രവൃത്തി ഏറ്റെടുത്ത കരാറുകാർ നടത്തണമെന്ന നിയമം നിലവിലുണ്ട്. പരിപാലന കാലയളവ് എന്നാണ് ഇക്കാലത്തെ വിളിക്കുക. എന്തെങ്കിലും ന്യൂനതകളോ തകരാറുകളോ സംഭവിച്ചാൽ അത് പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്വവും കരാറുകാർക്കുണ്ട്. അത് നിർവഹിക്കപ്പെട്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ഉദ്യോഗസ്ഥർക്കുമുണ്ട്. പ്രവൃത്തികളുടെ സ്വഭാവമനുസരിച്ച് ആറുമാസംമുതൽ അഞ്ചുവർഷംവരെ പരിപാലന സമയം നിശ്ചയിക്കപ്പെടാറുണ്ട്. ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് ഇങ്ങനയൊരു കാലയളവ് കരാർ വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നത്.

ഉപരിതല–-ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ  ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് റോഡ് പൂർത്തിയാക്കേണ്ടത്. കെട്ടിടങ്ങളുടെ കാര്യത്തിലാകട്ടെ സെൻട്രൽ പബ്ലിക്സ് വർക്സ് ഡിപ്പാർട്ട്മെന്റിന്റെ മാനദണ്ഡങ്ങളാണ് നാം സ്വീകരിച്ചിട്ടുള്ളത്. ഗുണനിലവാര മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ത്രിതല പരിശോധനാ സംവിധാനങ്ങളും നിലവിലുണ്ട്. അവ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടെന്ന് കരാറുകാർ തന്നെ ഉറപ്പാക്കി വകുപ്പിനെ ബോധ്യപ്പെടുത്തുന്നതാണ് ഒന്നാമത്തെ തലം. വകുപ്പുതല ഗുണനിലവാര പരിശോധനാസംഘം  പ്രവൃത്തികൾ പരിശോധിച്ച് നിലവാരം ഉറപ്പാക്കലാണ് രണ്ടാമത്തെ തലം. ന്യൂനതകൾ കണ്ടെത്തിയാൽ കരാറുകാരെക്കൊണ്ടുതന്നെ അതിന് പരിഹാരമുണ്ടാക്കിക്കുക എന്നതാണ്  ലക്ഷ്യം. ഒന്നും രണ്ടും തലങ്ങൾ തമ്മിൽ എന്തെങ്കിലും തർക്കങ്ങൾ, പൊരുത്തക്കേടുകൾ ഉണ്ടായാൽ അവ പരിഹരിക്കുന്നതിനുള്ളതാണ് മൂന്നാംതല പരിശോധക സംഘം. സർക്കാർ ചുമതലപ്പെടുത്തുന്ന ഒരു ബാഹ്യ ഏജൻസിയായിരിക്കും ഇത് നിർവഹിക്കുക. പരിഹാര കാലയളവിനുള്ളിൽ ന്യൂനതകൾ പരിഹരിക്കുകയെന്നത് കരാറുകാരുടെ ബാധ്യതയാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ കഴിയും.


 

ഗുണനിലവാരം ഉറപ്പാക്കാനുള്ള നാലാമത് ഒരു തലംകൂടി കേരളത്തിൽ ആരംഭിക്കുകയാണ്. ‘ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ്' എന്ന സന്ദേശം പ്രചരിപ്പിച്ചാണ് പുതിയ  സംവിധാനത്തിന് പൊതുമരാമത്തു വകുപ്പ് തുടക്കമിടുന്നത്. ഓരോ പ്രവൃത്തി മേഖലയിലും ഇനിമുതൽ ഒരു ബോർഡ് സ്ഥാപിക്കപ്പെടും. പ്രവൃത്തിയുടെ വിശദാംശംമുതൽ കരാറുകാരുടെയും  ഉദ്യോഗസ്ഥരുടെയും പേരും ഫോൺ നമ്പരും പ്രദർശിപ്പിക്കും. ജനങ്ങൾക്ക് നേരിട്ട് ബോധ്യപ്പെടുന്ന ന്യൂനതകൾ, പ്രശ്നങ്ങൾ വിളിച്ചറിയിക്കാം. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങളാണെങ്കിൽ ടോൾ ഫ്രീ നമ്പർകൂടി ബോർഡിലുണ്ടാകും. പരിപാലന കാലയളവിലുള്ള പ്രവൃത്തികളുടെ വിശദാംശം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി പൊതുമരാമത്തു വകുപ്പിന്റെ  വെബ്സൈറ്റും  തയ്യാറാക്കിയിട്ടുണ്ട്.

ജനങ്ങളുടെ നികുതിപ്പണമാണ് സർക്കാർ ചെലവഴിക്കുന്ന ഓരോ രൂപയും. നിർമാണജോലികളുടെ കൃത്യതയും സുതാര്യതയും ഉറപ്പാക്കുക എന്നതോടൊപ്പം അത് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതുകൂടി സർക്കാരിന്റെ ഉത്തരവാദിത്വമാണ്. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ തങ്ങൾക്കും പങ്കാളിത്തമുണ്ടെന്ന തിരിച്ചറിവോടെ പൊതുമുതലുകൾക്ക് ജനങ്ങൾ ജാഗ്രതയോടെ കാവൽ നിൽക്കുന്നിടത്താണ് ജനാധിപത്യം അർഥപൂർണമാകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top