26 April Friday

ആയുധഫാക്ടറി പണിമുടക്ക് നിരോധനം ചെറുക്കുക

എളമരം കരീംUpdated: Wednesday Jul 21, 2021

പ്രതിരോധവകുപ്പിന് കീഴിലുള്ള ഓർഡനൻസ് ഫാക്ടറികളിലെ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ചുകൊണ്ട് മോഡിസർക്കാർ ഓർഡിനൻസ് ഇറക്കിയിരിക്കുകയാണ്. "എസ്‌മ'പോലുള്ള കരിനിയമമാണിത്. 41 ഓർഡനൻസ് ഫാക്ടറി ഏഴ്‌ കമ്പനിയായി കോർപറേറ്റുവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ഡിഫൻസ് സിവിലിയൻ എംപ്ലോയീസ് ഫെഡറേഷനുകൾ പണിമുടക്ക് നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ ഓർഡിനൻസ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഫാക്ടറികൾ സ്വകാര്യവൽക്കരിക്കലാണ് സർക്കാരിന്റെ ലക്ഷ്യം. അതെളുപ്പമാക്കാനാണ് ഇപ്പോഴത്തെ നടപടി. രാജ്യത്ത് നിലവിലുണ്ടായിരുന്ന 1947ലെ വ്യവസായ തർക്ക നിയമം, 2020ൽ പാർലമെന്റ്‌ പാസാക്കിയ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് എന്നിവയിലെ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് പുതിയ ഓർഡിനൻസിലെ വ്യവസ്ഥകൾ. ആയുധഫാക്ടറികൾ സ്വകാര്യകുത്തകകൾക്ക് കൈമാറാനുള്ള നീക്കത്തിനെതിരായി ഉയർന്നുവന്ന എതിർപ്പുകളെ തകർക്കുക മാത്രമാണ് ഓർഡിനൻസിന്റെ ലക്ഷ്യം.

2021 ജൂൺ 30ന് അർധരാത്രിയാണ് ‘എസൻഷ്യൽ ഡിഫൻസ് സർവീസ് ഓർഡിനൻസ് 2021' ഉടൻ പ്രാബല്യത്തിൽ വരത്തക്ക നിലയിൽ സർക്കാർ വിജ്ഞാപനം ചെയ്തത്. 2021 ജൂലൈ 19ന് പാർലമെന്റ്‌ സമ്മേളനം ആരംഭിക്കാൻ തീരുമാനിച്ചതുപോലും സർക്കാർ പരിഗണിച്ചില്ല. ഫാക്ടറികൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ജൂലൈ 26 മുതൽ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു ഈ ഓർഡിനൻസ്. ആയുധ ഫാക്‌ടറികളിലെ ജീവനക്കാരുടെ സമരം തകർക്കലാണ് ഈ കരിനിയമത്തിന്റെ ലക്ഷ്യം. ആയുധ ഫാക്ടറികളിൽ നേരിട്ട് ജോലി ചെയ്യുന്നവരുടെ പണിമുടക്ക് മാത്രമല്ല, പ്രത്യക്ഷമായോ പരോക്ഷമായോ പ്രതിരോധ ഉൽപ്പാദനവുമായി ബന്ധപ്പെടുന്ന സ്ഥാപനങ്ങളിലെ പണിമുടക്കിനെയും നിരോധിക്കാൻ ഈ ഓർഡിനൻസ് സർക്കാരിന്‌ അധികാരം നൽകുന്നു. സർക്കാർ അധികാരികൾക്ക് തോന്നുംപോലെ വ്യാഖ്യാനിക്കാനുള്ള അവസരവും ഓർഡിനൻസ് നൽകുന്നു. "പണിമുടക്ക്' എന്ന വാക്കിനുള്ള വ്യാഖ്യാനങ്ങൾ കടുത്ത തൊഴിലാളിവിരുദ്ധ നിലപാടിന്റെ ഉദാഹരണമാണ്. തൊഴിലാളികളുടെ കൂട്ടായ വിലപേശലിനെയും പ്രതിഷേധം പ്രകടിപ്പിക്കുന്നതിനെയും വിലക്കുന്ന വ്യവസ്ഥകളാണ്‌ പുതിയ ഓർഡിനൻസിൽ ഉള്ളത്. പണിമുടക്കിനെ ഓർഡിനൻസ് വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്.

(1) ജോലിയിൽനിന്ന് വിട്ടുനിൽക്കൽ
(2) മെല്ലെപ്പോക്ക്
(3) കുത്തിയിരിപ്പ് സമരം
(4) കമ്പനിക്കകത്തുനിന്ന് പുറത്തുപോകാതെ പ്രതിഷേധിക്കൽ
(5) സൂചനാ പണിമുടക്ക്
(6) അനുഭാവ പണിമുടക്ക്
(7) കൂട്ട കാഷ്വൽ ലീവ്

ഇതെല്ലാം പണിമുടക്കായി പരിഗണിക്കപ്പെടും. അവശ്യസേവന മേഖലയിലെ തൊഴിലാളികൾ ഓവർടൈം ജോലി നിഷേധിക്കുന്നതുപോലും പണിമുടക്കായി കണക്കാക്കപ്പെടും. 1947ലെ വ്യവസായ തർക്കനിയമം പണിമുടക്കിനെ വ്യാഖ്യാനിച്ചത് ‘തൊഴിൽ ചെയ്യുന്നത് നിർത്തിവയ്‌ക്കൽ' എന്ന് മാത്രമാണ്. 2020ൽ പാർലമെന്റ്‌ പാസാക്കിയ ‘ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിൽ' ഒരു വ്യവസായ സ്ഥാപനത്തിലെ 51 ശതമാനത്തിലധികം തൊഴിലാളികൾ ‘കൂട്ട കാഷ്വൽ ലീവ്' എടുക്കുന്നത് പണിമുടക്കായി കണക്കാക്കുന്നുണ്ട്. എന്നാൽ, പുതിയ ഓർഡിനൻസ് എല്ലാപരിധിയും കടന്ന്, പണിമുടക്കിന് പ്രേരിപ്പിക്കുന്നത്, പ്രചാരണം നടത്തുന്നത്, പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത് എല്ലാം പണിമുടക്കിന്റെ ഭാഗമായി കണക്കാക്കപ്പെടും. മൂലധനശക്തികളുടെ താൽപ്പര്യം സംരക്ഷിക്കുക എന്നതിൽ കവിഞ്ഞ ഒരു ചിന്തയും മോഡി സർക്കാരിനില്ല. ‘അത്യാവശ്യ പ്രതിരോധ സേവനം' എന്നു പറഞ്ഞാൽ പ്രതിരോധ ഉൽപ്പന്നങ്ങളുടെ നിർമാണം മാത്രമല്ല, മറ്റ് ഒട്ടേറെ മേഖലകളെയും നിരോധനത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതാണ് ഓർഡിനൻസ്. പ്രതിരോധ ആവശ്യത്തിനുള്ള ഉപകരണങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വ്യവസായങ്ങളുമായി ബന്ധപ്പെടുന്ന സ്ഥാപനങ്ങൾ, പ്രതിരോധസേനയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ തുടങ്ങി പ്രതിരോധ ഉപകരണങ്ങളുടെ ഉൽപ്പാദനവുമായി ബന്ധപ്പെട്ടതെല്ലാം ഈ പരിധിയിൽ വരും.


 

പ്രതിരോധ ഉപകരണങ്ങളുടെ ഉൽപ്പാദനത്തെ ബാധിക്കുന്നതും പ്രതിരോധ ഉൽപ്പന്നങ്ങളുടെ പ്രവർത്തനം നടത്തുന്നതോ അറ്റകുറ്റപ്പണികളിൽ ഏർപ്പെടുന്നതോ ആയ സ്ഥാപനങ്ങളും ഈ ഓർഡിനൻസിന്റെ പരിധിയിൽ വരും. ഇത്തരം സ്ഥാപനങ്ങളിലെല്ലാം പണിമുടക്ക് നിരോധിക്കാൻ സർക്കാരിന്‌ അധികാരമുണ്ടായിരിക്കും. ഓർഡിനൻസിന്റെ സെക്‌ഷൻ 3 അനുസരിച്ച് ഇന്ത്യയുടെ അഖണ്ഡത, ഏതെങ്കിലും സംസ്ഥാനത്തിന്റെ സുരക്ഷ, പൊതു താൽപ്പര്യം, പൊതു വ്യവസ്ഥകൾ എന്നിവയുടെ താൽപ്പര്യം സംരക്ഷിക്കാൻ ആവശ്യമെന്ന് തോന്നുന്ന മേഖലകളിൽ പണിമുടക്ക് നിരോധിക്കാം. നിരോധന ഉത്തരവിന്റെ കാലാവധി ആറ്‌ മാസമായിരിക്കും. വീണ്ടും ആറ്‌ മാസത്തേക്ക് ദീർഘിപ്പിക്കാനും വ്യവസ്ഥയുണ്ട്. തൊഴിലാളികളുടെ പണിമുടക്കാനുള്ള അവകാശം നിഷേധിക്കലാണ് ലക്ഷ്യം.

പ്രതിരോധ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിനാവശ്യമായ വസ്തുക്കൾ, അസംസ്കൃത വസ്തുക്കൾ മുതലായവ നൽകുന്ന–- ഉദാഹരണത്തിന്, ഊർജം,- സ്റ്റീൽ, ധാതു വിഭവങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വ്യവസായ സ്ഥാപനങ്ങളിലെ പണിമുടക്കവും നിരോധിക്കാൻ ഓർഡിനൻസ് സർക്കാരിന് അധികാരം നൽകുന്നു. ആയുധ ഫാക്ടറികളിലെ പണിമുടക്കിൽ മാത്രമല്ല, വിപുലമായി ഉപയോഗിക്കത്തക്ക നിലയിലാണ് പുതിയ ഓർഡിനൻസ്. നിരോധിച്ചശേഷം പണിമുടക്കിൽ പങ്കെടുക്കുന്ന തൊഴിലാളികൾക്ക് ഒരു വർഷംവരെ തടവ് ശിക്ഷയോ 10,000 രൂപ പിഴയോ രണ്ടും ചേർന്നോ ശിക്ഷ നൽകാവുന്നതാണ്. ഓർഡിനൻസ് പ്രകാരം നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട പണിമുടക്കിന് പ്രേരണ നൽകുന്നവർ, ധനസഹായം നൽകുന്നവർ രണ്ട് വർഷം തടവോ 15,000 രൂപ പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷയ്‌ക്ക് വിധേയരാകും. ഇതിനുപുറമേ നിയമവിരുദ്ധ പണിമുടക്കിലേർപ്പെട്ടവരും പണിമുടക്കിന് സഹായിച്ചവരുമായ തൊഴിലാളികളടെ പേരിൽ മാനേജ്മെന്റുകൾക്ക് ശിക്ഷാനടപടി സ്വീകരിക്കാം. പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ ഒരു അന്വേഷണവും കൂടാതെ സ്വീകരിക്കാം. ഓർഡിനൻസ് പ്രകാരമുള്ള കുറ്റം ചെയ്യുന്നവർക്ക് ജാമ്യത്തിനുള്ള അവകാശമുണ്ടായിരിക്കില്ല.

കടുത്ത മുതലാളിത്ത ചൂഷണത്തിനെതിരെ ദീർഘകാലം നടത്തിയ പോരാട്ടത്തെ തുടർന്നാണ്‌ പണിമുടക്കാനുള്ള അവകാശം തൊഴിലാളികൾ നേടിയെടുത്തത്. 1947ലെ വ്യവസായ തർക്കനിയമവും 1926ലെ ട്രേഡ് യൂണിയൻ നിയമവും പണിമുടക്കവകാശം അംഗീകരിച്ചു. പൊതുഅവശ്യ സ്ഥാപനങ്ങളിലെ പണിമുടക്കിന് തൊഴിൽ തർക്കനിയമം ചില വ്യവസ്ഥകൾ നിർദേശിക്കുക മാത്രമാണ് ചെയ്തത്. ഈ ഓർഡിനൻസ് ചെയ്തതുപോലെ നിരോധനം ഏർപ്പെടുത്തിയിട്ടില്ല. പുതിയ ഓർഡിനൻസ് ഐഎൽഒ അംഗീകരിച്ച 87, 98 കൺവൻഷനുകൾക്ക് (സംഘടിക്കാനുള്ള സ്വാതന്ത്ര്യം, കൂട്ടായ വിലപേശാനുള്ള അവകാശം) വിരുദ്ധമാണ്.

മുതലാളിത്ത ചൂഷണത്തിനെതിരെ സംഘടിക്കാനും സമരം നടത്താനുമുള്ള തൊഴിലാളികളുടെ അവകാശം ചവിട്ടിമെതിക്കുന്ന നടപടിയാണ് മോഡി സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഇത് കോർപറേറ്റുകളെ പിന്തുണയ്‌ക്കുന്ന നയത്തിന്റെ ഭാഗമാണ്. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുത്ത ലേബർ കോഡുകളെയും കടത്തിവെട്ടുന്നതാണ് പുതിയ ഓർഡിനൻസ്. പ്രതിരോധ വകുപ്പിന് കീഴിലുള്ള ഫാക്ടറികളിൽ മാത്രമല്ല, മറ്റ് മേഖലയിലും പണിമുടക്ക് നിരോധിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഈ ഓർഡിനൻസ്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള നിരവധി സ്ഥാപനങ്ങളെ ഇതിനകം അവശ്യസേവന മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഉരുക്കു വ്യവസായമാണ് അവശ്യ സർവീസായി പ്രഖ്യാപിക്കപ്പെട്ടത്. ചുരുക്കത്തിൽ ഏത് വ്യവസായ മേഖലയിലും തോന്നുമ്പോൾ പണിമുടക്ക് നിരോധിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഈ ഓർഡിനൻസ്.

സ്വതന്ത്ര ഇന്ത്യയിൽ മുമ്പും ഇത്തരം തൊഴിലാളിവിരുദ്ധ നിയമങ്ങൾ ഉണ്ടായിട്ടുണ്ട്. ജീവനക്കാർക്കും തൊഴിലാളികൾക്കും എതിരെയായിരുന്നു അത്തരം നിയമങ്ങൾ. 61 വർഷംമുമ്പ് കേന്ദ്ര സർക്കാർ ജീവനക്കാർ നടത്താനിരുന്ന ദേശീയ പണിമുടക്കിനുമുമ്പ്; പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. അത്തരം കരിനിയമങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ഇന്ത്യൻ തൊഴിലാളിവർഗം മുന്നേറിയത്. എല്ലാ തൊഴിലാളി സംഘടനയും ഇത്തരം സമരങ്ങളിൽ ഒന്നിച്ച് നിലകൊണ്ടു. അതേ ഐക്യവും സമരവീര്യവും ഇന്നും നിലനിൽക്കുന്നുണ്ട്. മോഡി സർക്കാരിന്റെ കരിനിയമത്തിനെതിരെ രാജ്യത്തെ തൊഴിലാളികൾ ഒറ്റക്കെട്ടായി അണിനിരക്കും. ഈ മാസം 23ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താൻ ട്രേഡ് യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം നൽകിയിട്ടുണ്ട്. ഈ പ്രക്ഷോഭങ്ങളിൽ കേരളത്തിലെ മുഴുവൻ തൊഴിലാളികളും അണിചേരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top