25 April Thursday

ഉമ്മൻചാണ്ടി വരുമ്പോൾ - കെ ശ്രീകണ്‌ഠൻ എഴുതുന്നു

കെ ശ്രീകണ്‌ഠൻUpdated: Friday Jan 22, 2021


തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോഴെല്ലാം കോൺഗ്രസിലെ പതിവ്‌ കസർത്തുകളാണ്‌ പ്രതിച്ഛായ മിനുക്കലും നേതൃമാറ്റ ചർച്ചയും. അധികാര വടംവലി മൂക്കുമ്പോഴും നേതാക്കൾ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവരുമ്പോഴും ഈ അപഹാസ്യനാടകം അരങ്ങേറും.  തെരഞ്ഞെടുപ്പ്‌ മേൽനോട്ടത്തിന്‌ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഹൈക്കമാൻഡ്‌ രൂപീകരിച്ച പത്തംഗസമിതിക്ക്‌ ഇതിൽക്കവിഞ്ഞ്‌ എന്തെങ്കിലും പ്രാധാന്യമുണ്ടെന്ന്‌ കരുതാനാകില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ മുച്ചൂടും തോറ്റപ്പോൾ ഒരു പറ്റിക്കൽ പരിപാടി. യുഡിഎഫിൽ പുതുയുഗപ്പിറവിയെന്നൊക്കെയുള്ള ചില മാധ്യമങ്ങളുടെ വായ്‌ത്താരി കോൺഗ്രസിനുള്ള ‘ഓക്‌സിജൻ തെറാപ്പി’യാണ്‌. 

തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം തൂത്തെറിഞ്ഞപ്പോൾ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല വകയ്‌ക്ക്‌  കൊള്ളാത്തവനായി. 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന്‌ ഒരു കോൺഗ്രസുകാരനും നിലംതൊടാതെ പോയതിന്റെ ശിക്ഷ ഏറ്റുവാങ്ങിയത്‌ എ കെ ആന്റണിയായിരുന്നു. അന്ന്‌ കാശിന്‌ കൊള്ളില്ലെന്ന ചാപ്പകുത്തി ആന്റണിയെ ഡൽഹിക്ക്‌ വിട്ടു. മുമ്പ്‌ കേരളത്തിൽനിന്ന്‌ ഒഴിവാക്കുന്ന നേതാക്കൾക്ക്‌ ഡൽഹിയിൽ ബർത്ത്‌ ഉറപ്പായിരുന്നു. അതൊക്കെ ഒരുകാലം. മുഖ്യമന്ത്രി പദമൊഴിഞ്ഞ കരുണാകരനെയും ആന്റണിയെയും ശരവേഗത്തിലാണ്‌ കേന്ദ്രമന്ത്രിമാരാക്കിയത്‌.


 

കരുണാകരനും നപുംസകങ്ങളും
കുതികാൽവെട്ട്‌, കൂറുമാറ്റം, ചതി എന്നിവയൊക്കെ കോൺഗ്രസ്‌ നേതൃമാറ്റ നീക്കങ്ങളിൽ താഴെതലംമുതൽ മുകൾത്തട്ടുവരെ അരങ്ങേറിയിട്ടുണ്ട്‌.  സ്വന്തം പാർടിയിലെ ചതിയന്മാരെ ‘നപുംസകങ്ങൾ’, ‘പിന്നിൽനിന്ന്‌ കുത്തിയവർ’ എന്നീ ഗണത്തിലാണ്‌ 25 വർഷംമുമ്പ്‌ ഉൾപ്പെടുത്തിയത്‌. ലീഡർ സമ്മാനിച്ച ഈ അലങ്കാരങ്ങൾ തിളക്കം ഒട്ടും ചോർന്നുപോകാതെ കോൺഗ്രസ്‌ പദാവലിയിൽ ഇന്നും കാണാൻ കഴിയും.

ചാരവൃത്തി കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും സങ്കൽപ്പകഥകളും ആയുധമാക്കിയാണ്‌ കെ കരുണാകരനെ 1995ൽ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന്‌ തെറിപ്പിച്ചത്‌. ഡൽഹിയിലെ എ കെ ആന്റണിയുടെ ഉപശാലയിൽ പി വി നരസിംഹറാവുകൂടി ഉലയൂതിയതോടെ കാര്യങ്ങൾ എളുപ്പമായി. കോൺഗ്രസ്‌ ചിഹ്‌നമായ ‘കൈപ്പത്തി’ക്ക്‌ ആറ്‌ വിരൽ എന്ന്‌ കരുണാകരൻ പറഞ്ഞാൽ തിരുവായ്‌ക്ക്‌ എതിർവാ ഇല്ലാത്ത കാലമാണെന്ന്‌ ഓർക്കണം. കോൺഗ്രസ്‌ നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷമില്ലെന്ന്‌ ഉറപ്പായിട്ടും കരുണാകരൻ കുലുങ്ങിയില്ല. ഒടുവിൽ പൂഴിക്കടകൻതന്നെ പ്രയോഗിക്കാനുറച്ച്‌ മുന്നിട്ടിറങ്ങിയത്‌ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും. പാണക്കാട്‌ തങ്ങൾ പറഞ്ഞാൽ കരുണാകരനല്ല ഏത്‌ വമ്പനും മുട്ടുകുത്തുമല്ലോ. കരുണാകരൻ രാജിവച്ചില്ലെങ്കിൽ ലീഗ്‌ മന്ത്രിമാർ വീടുമെന്ന തങ്ങളുടെ ഭീഷണിക്ക്‌ പിന്നിൽ  മറഞ്ഞുനിന്നവരെ ലീഡർ കണ്ടു. പുത്തരിക്കണ്ടം മൈതാനത്ത്‌ 1995 മാർച്ച്‌ 16ന്‌ രാജി പ്രഖ്യാപിച്ചപ്പോഴാണ്‌ ‘നപുംസകങ്ങളേ, പിന്നിൽനിന്ന്‌ കുത്തിയവരേ’ എന്ന്‌ കരുണാകരൻ വിളിച്ചത്‌. ആന്റണി, ഉമ്മൻചാണ്ടി,  കുഞ്ഞാലിക്കുട്ടി മുതൽപ്പേരെയാണ്‌ ലീഡർ മനസ്സിൽക്കണ്ടതെന്ന്‌ ഇന്ദിരഭവനിലെ  ഇടനാഴിയിലെവിടെയോ രേഖപ്പെടുത്തി വച്ചിട്ടുണ്ടാകും.

ഹൈക്കമാൻഡിലെ ഉഗ്രപ്രതാപികൾ
പ്രതിച്ഛായ, നേതൃമാറ്റ പ്രശ്‌നങ്ങൾ ഉടലെടുക്കുമ്പോഴൊക്കെ ഹൈക്കമാൻഡ്‌ പ്രതിനിധികളായി ചിലരെത്തും. നാടായ നാടൊക്കെ അലഞ്ഞ്‌ മൊഴിയെടുത്തും കരച്ചിലും പിഴിച്ചിലും കണ്ടും ഒരു റിപ്പോർട്ട്‌ അങ്ങ്‌ കാച്ചും. കരുണാകരന്റെ കുറ്റവിചാരണയ്‌ക്ക്‌ 1994 മുതൽ രാജിവയ്‌ക്കുംവരെ ഒന്നിടവിട്ട്‌ ഇവിടെയെത്തിയത്‌ അന്നത്തെ വീരശൂര പരാക്രമികളായിരുന്നു. ജി കെ മൂപ്പനാരും മാധവ്‌സിങ്‌ സോളങ്കിയും. ഹൈക്കമാൻഡിന്റെ വീറും ശൗര്യവുമൊക്കെ അവരുടെ നടപ്പിലും നോക്കിലും പ്രതിഫലിച്ചിരുന്നുവത്രേ.

ആദ്യഘട്ടത്തിൽ ആ വിരട്ടലൊന്നും കരുണാകരന്‌ മുമ്പിൽ ഏശിയില്ല. രാജിയില്ലെന്ന്‌ തീർത്തുപറഞ്ഞ് ഇരുവരെയും ലീഡർ യാത്രയാക്കി. പക്ഷേ, അരുമയായ കുഞ്ഞാലിക്കുട്ടി വില്ലനാകുമെന്ന്‌ കരുണാകരൻ കരുതിയില്ല. അന്ന്‌ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ ഔദ്യോഗിക വസതിയിൽ ബിരിയാണിയുടെ രുചി നോക്കാൻ ഉമ്മൻചാണ്ടിയും ഒപ്പം കൂടി.

വിരൽ ഞൊടിച്ചു, ചെന്നിത്തല ഫ്‌ളാറ്റ്‌
കരുണാകരനെ രാജിവയ്‌പിക്കാൻ അരങ്ങേറിയ അടിമുടി ത്രില്ലർ മെഗാ പരമ്പരയുമായി തട്ടിച്ചുനോക്കിയാൽ ഇപ്പോൾ രമേശ്‌ ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും എത്ര സ്‌മൂത്തായാണ്‌ ഹൈക്കമാൻഡ്‌ കൈാര്യം ചെയ്‌തത്‌ എന്ന്‌ പറയാതെ വയ്യ. നേരിയ പൊട്ടലും ചീറ്റലും പോലുമുണ്ടായില്ല. ഡൽഹിയിലെ കേരള ഹൗസിൽ മുറിയടച്ചിരുന്ന്‌ രമേശ്‌ ചെന്നിത്തല മണിക്കൂറുകളാണ്‌ തേങ്ങിക്കരഞ്ഞത്‌. തദ്ദേശ പോരിൽ നിലംപൊത്തിയപ്പോൾ താരിഖ്‌ അൻവറിന്റെ നേതൃത്വത്തിലാണ്‌ സംഘത്തെ അയച്ചത്‌. പറഞ്ഞാൽ നാലാൾ അറിയുന്നവരാരും കൂട്ടത്തിലുണ്ടായിരുന്നില്ല. പക്ഷേ, ചെന്നിത്തലയെ കുഴിച്ചുമൂടാൻ എഐസിസിയിൽ സംഘടനാ ചുമതലയുമായി ഒരാളുള്ളപ്പോൾ ഇതുതന്നെ ധാരാളം. കെ സി വേണുഗോപാൽ സ്‌ക്രിപ്‌റ്റ്‌ തയ്യാറാക്കി. സോണിയഗാന്ധിയും രാഹുൽഗാന്ധിയും സാക്ഷികളായി. കളരി ആശാനായി ആന്റണിയും. ഉമ്മൻചാണ്ടിയെ വാഴിച്ചു. മുല്ലപ്പള്ളി, ചെന്നിത്തല ഔട്ട്‌. അപ്പം ചുട്ടെടുക്കുന്ന വേഗത്തിൽ കാര്യങ്ങൾ എളുപ്പമാകുമെന്ന്‌ ‘ഹൈ’കമാൻഡും കരുതിയില്ലെന്നാണ്‌ കേൾവി.

ഉമ്മൻചാണ്ടി -കുഞ്ഞാലിക്കുട്ടി ഉപജാപക സംഘം
കോൺഗ്രസിലെ നേതൃമാറ്റത്തിൽ എല്ലായ്‌പ്പോഴും മുൻകൈ എടുക്കുന്നതിൽ ബദ്ധശ്രദ്ധാലുവാണ്‌ കുഞ്ഞാലിക്കുട്ടി. കരുണാകരന്റെ കാലത്ത്‌ തുടങ്ങിയതാണ്‌ ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചേർന്നുള്ള ഈ സ്വയമ്പൻ കൂട്ട്‌. തിരക്കഥ തയ്യാറാക്കിയാൽ പിന്നെ കുഞ്ഞാലിക്കുട്ടി വരച്ച വരയിൽ കാര്യങ്ങൾ എത്തിക്കും. കരുണാകരനെയും ആന്റണിയെയും മുഖ്യമന്ത്രി കസേരയിൽനിന്ന്‌ ഇറക്കിയപ്പോഴും ഇപ്പോൾ ചെന്നിത്തലയ്‌ക്ക്‌ കിഴുക്ക്‌ കൊടുത്തപ്പോഴും അതൊന്നും ‘വല്യ ഇഷ്യൂ’ ആക്കേണ്ട എന്നാണ്‌ മട്ട്‌.


 

2003ലെ ന്യൂനപക്ഷവിരുദ്ധ പരാമർശമാണ്‌ ആന്റണിക്ക്‌ കുരുക്കായത്‌. ഇങ്ങനെയൊക്കെ പറയാമോ എന്ന ചോദ്യമുയർത്തി ഉമ്മൻചാണ്ടിയെ പ്രലോഭിപ്പിച്ചു. ആന്റണി വിരോധത്തിന്‌ പിന്നിലെ യഥാർഥ കാരണം വേറെയായിരുന്നെങ്കിലും കുഞ്ഞുഞ്ഞ്‌ ആണ്‌ എന്തുകൊണ്ടും നല്ലതെന്ന്‌ കുഞ്ഞാപ്പക്കറിയാം. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനം കൈവിട്ടു. അതോടെ ആന്റണിയുടെ രാജി ഉറപ്പായി. ഹൈക്കമാൻഡ്‌ ഇടപെടലിനൊന്നും കാക്കാതെയാണ്‌ ആന്റണി ഒഴിഞ്ഞത്‌.  സ്ഥാനാർഥി നിർണയംമുതൽ തന്ത്രങ്ങൾ മെനയൽവരെയുള്ള നിർണായക ചുമതലകൾ നൽകിയാണ്‌ ഉമ്മൻചാണ്ടിയെ നിയോഗിച്ചിരിക്കുന്നത്‌. മതസാമുദായിക സംഘടനാ നേതൃത്വങ്ങളുടെ പിന്തുണ ഉറപ്പാക്കുകയും വേണം. ഇത്രയും കാലം ഉമ്മൻചാണ്ടി ഗഗനചാരിയായിരുന്നോയെന്ന്‌ ഇതൊക്കെ കേട്ടാൽ തോന്നിപ്പോകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയാണ്‌  പ്രതിപക്ഷ നേതൃപദവി നിരസിക്കാൻ കാരണം. 2006ലും 2011ലും 2016ലും കോൺഗ്രസിനെ നയിച്ചത്‌ ഉമ്മൻചാണ്ടി തന്നെയാണ്‌. 2006ലും 16ലും എൽഡിഎഫ്‌ തൂത്തുവാരി. 2011ൽ രണ്ട്‌ സീറ്റിന്റെ വ്യത്യാസത്തിലാണ്‌ എൽഡിഎഫിന്‌ തുടർഭരണം നഷ്‌ടമായത്‌.

കോൺഗ്രസിനെയും യുഡിഎഫിനെയും ജനങ്ങൾ പാടെ തള്ളിയെന്നതാണ്‌ യാഥാർഥ്യം. ഇത്‌ തിരിച്ചറിഞ്ഞിട്ടും പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിൽ നിറച്ച്‌ ജനങ്ങളെ കബളിപ്പിക്കുകയാണ്‌. കരുണാകരനെതിരെ ജനവികാരം ഉയർന്നപ്പോൾ ആന്റണിയെയും അദ്ദേഹത്തിനെതിരെ മുസ്ലിംലീഗ്‌ പരസ്യനിലപാട്‌ എടുത്തപ്പോൾ ഉമ്മൻചാണ്ടിയെ അവരോധിച്ചതും ഈ പറ്റിക്കൽ തന്ത്രമാണ്‌ പുറത്തെടുത്തത്‌. ഈ ചരിത്രം മറ്റൊരുതരത്തിൽ ആവർത്തിച്ചിരിക്കുന്നുവെന്ന്‌ ചുരുക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top