25 April Thursday

പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക്‌‌ 50 - കെ ശ്രീകണ്‌ഠൻ എഴുതുന്നു

കെ ശ്രീകണ്‌ഠൻUpdated: Wednesday Sep 16, 2020

ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽനിന്ന്‌ തുടർച്ചയായി വിജയിച്ച്‌, നിയമസഭാംഗമായതിന്റെ അമ്പതാം വർഷമാണ് ഇപ്പോൾ. പുതുപ്പള്ളിയിൽനിന്ന് പാലായിലേക്ക്‌ ദൂരം 26 കിലോമീറ്ററുണ്ട്‌. പാലാമണ്ഡലം നിലവിൽ വന്ന 1965 മുതൽ പാലായെ പ്രതിനിധാനംചെയ്‌ത കെ എം മാണി, 52 വർഷത്തെ നിയമസഭാംഗത്വമെന്ന റെക്കോഡിട്ട്‌ വിടവാങ്ങി. പാലാക്കാർക്ക്‌ കെ എം മാണി കുഞ്ഞുമാണിയാണെങ്കിൽ ഉമ്മൻചാണ്ടി പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞാണ്‌.

യുഡിഎഫ്‌ നേതൃപദവി കൈയാളാനുള്ള ബലപരീക്ഷണം മുറുകുന്ന വേളയിലാണ്‌ ഉമ്മൻചാണ്ടിയുടെ നിയമസഭാ സുവർണജൂബിലി. കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗമായുള്ള നിയമനവും അതിനൊപ്പം. നേതൃവടംവലിയിൽ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയെ ബഹുകാതം പിന്നിലാക്കാൻ ഇതെല്ലാം ഉമ്മൻചാണ്ടിക്ക്‌ കരുത്തേകുമോയെന്ന്‌ ഉറ്റുനോക്കുകയാണ്‌ പുതുപ്പള്ളിക്കാർ. കോൺഗ്രസിന് ദേശീയതലത്തിൽപ്പോലും ഇത്തരമൊരു നേട്ടം കൈവരിച്ച മറ്റൊരാളില്ല.

വിവിധ മന്ത്രിസഭകളിൽ തൊഴിൽ, ആഭ്യന്തരം, ധനം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ച ഉമ്മൻചാണ്ടി, എ കെ ആന്റണിയുടെ രാജിയെത്തുടർന്ന്‌ 2005ലാണ്‌ ആദ്യം മുഖ്യമന്ത്രിയായത്‌. 2011ൽ വീണ്ടും മുഖ്യമന്ത്രിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ യുഡിഎഫ്‌ പരാജയത്തെതുടർന്ന്‌ പ്രതിപക്ഷ നേതൃപദവി ചെന്നിത്തലയ്‌ക്ക്‌ കൈമാറി. മുസ്ലിംലീഗ്‌ അടക്കമുള്ള കക്ഷികളുടെയും എ ഗ്രൂപ്പിന്റെയും സമ്മർദംമൂലമാണ്‌ വീണ്ടും, തെരഞ്ഞെടുപ്പടുത്തപ്പോൾ യുഡിഎഫ്‌ നേതൃപദവിക്കായി കരുനീക്കം സജീവമാക്കിയത്‌.


 

1970ൽ കന്നിമത്സരം
1970 സെപ്‌തംബർ 17ന്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ്‌ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ കന്നിമത്സരവും വിജയവും. യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്നു അന്ന്‌ ഉമ്മൻചാണ്ടി. പാർടി ചിഹ്നം നല്കാൻ എത്തിയ കോൺഗ്രസ്‌ നേതാവ് പ്രൊഫ. കെ എം ചാണ്ടി അന്ന്‌ പറഞ്ഞു- ‘പുതുപ്പള്ളിയിൽ ജയിക്കാമെന്നു കരുതണ്ടാ, രണ്ടാംസ്ഥാനത്തുവന്നാൽ ജയിച്ചെന്ന്‌ ഞങ്ങൾ കണക്കുകൂട്ടും.' കോൺഗ്രസ് അന്ന്‌ വിഘടിച്ചു നിൽക്കുകയും സംഘടനാ കോൺഗ്രസ് പുതുപ്പള്ളിയിൽ ആധിപത്യം പുലർത്തുകയും ചെയ്ത കാലമായിരുന്നു അത്. രണ്ടു തവണ ജയിച്ച സിപിഐ എമ്മിലെ സിറ്റിങ്‌ എംഎൽഎ ഇ എം ജോർജായിരുന്നു എതിരാളി. 7288 വോട്ടിന്‌ ഉമ്മൻചാണ്ടി ജയിച്ചു. പിന്നീട്‌ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഭൂരിപക്ഷം ഏറിയും കുറഞ്ഞുമിരുന്നെങ്കിലും വിജയം ഉമ്മൻചാണ്ടിക്ക്‌ ഒപ്പം.

1977 മാർച്ച് 19 ഉമ്മൻചാണ്ടിയുടെ രണ്ടാമൂഴം. 15,910 വോട്ട്‌ ഭൂരിപക്ഷം. 111 സീറ്റ് നേടി കെ കരുണാകരന്റെ നേതൃത്വത്തിൽ യുഡിഎഫ് മാർച്ച് 25ന് അധികാരത്തിലേറി. ഉമ്മൻചാണ്ടി തൊഴിൽമന്ത്രിയായി. രാജൻകേസിലെ കോടതിവിധിയെത്തുടർന്ന് ഒരു മാസം കഴിഞ്ഞ്‌ കെ കരുണാകരൻ രാജിവച്ചു. എ കെ ആന്റണി പകരക്കാരനായി.

കോൺഗ്രസ് പിളർന്നതിനെത്തുടർന്ന്‌ 1978 ഒക്ടോബർ 27ന്‌ ആന്റണി രാജിവച്ചു. പി കെ വാസുദേവൻനായരുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചെങ്കിലും ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർ മന്ത്രിയായി തുടർന്നില്ല. ഒരു വർഷം കഴിഞ്ഞപ്പോൾ മന്ത്രിസഭ രാജിവച്ചു. സി എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചെങ്കിലും കോൺഗ്രസ് പുറത്തുനിന്ന് പിന്തുണച്ചു.

എം എ കുട്ടപ്പന് രാജ്യസഭാ സീറ്റ് നല്കാത്തതിൽ പ്രതിഷേധിച്ച് ഉമ്മൻചാണ്ടി 94 ജൂൺ 16ന് ധനമന്ത്രിസ്ഥാനം രാജിവച്ചു. തുടർന്ന്‌ കെ കരുണാകരനെതിരെ പടയൊരുക്കം. ചാരക്കേസ്‌ ഉയർത്തിക്കൊണ്ടു വന്ന്‌ കരുണാകരനെ പുകച്ച്‌ പുറത്തുചാടിച്ചു.

 

1980ൽ എൽഡിഎഫിൽ
1980ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -യു ഉൾപ്പെട്ട എൽഡിഎഫ്‌ പ്രതിനിധിയായി ഉമ്മൻചാണ്ടി ജയിച്ചുവന്നു. 16 മാസം കഴിഞ്ഞപ്പോൾ കോൺഗ്രസ്- യു മന്ത്രിസഭയ്‌ക്കുള്ള പിന്തുണ പിൻവലിച്ചു. തുടർന്ന് കോൺഗ്രസ്- എ രൂപീകൃതമായി. ഉമ്മൻചാണ്ടി എ വിഭാഗത്തിന്റെ പാർലമെന്ററി പാർടി നേതാവായി. 1982ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി വീണ്ടും ജയിച്ചു. യുഡിഎഫിന്‌ ഭൂരിപക്ഷം കിട്ടിയെങ്കിലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമായില്ല. 1987ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി സിപിഐ എമ്മിലെ വി എൻ വാസവനെ 9164 വോട്ടിന്‌ തോൽപ്പിച്ചു. 1991 ജൂൺ 24ന് കെ കരുണാകരൻ നാലാംതവണ മുഖ്യമന്ത്രിയും ഉമ്മൻചാണ്ടി ധനമന്ത്രിയുമായി.

എ കെ ആന്റണിയെ തോൽപ്പിച്ച് വയലാർ രവി കെപിസിസി പ്രസിഡന്റായി. എം എ കുട്ടപ്പന് രാജ്യസഭാ സീറ്റ് നല്കാത്തതിൽ പ്രതിഷേധിച്ച് ഉമ്മൻചാണ്ടി 94 ജൂൺ 16ന് ധനമന്ത്രിസ്ഥാനം രാജിവച്ചു. തുടർന്ന്‌ കെ കരുണാകരനെതിരെ പടയൊരുക്കം. ചാരക്കേസ്‌ ഉയർത്തിക്കൊണ്ടു വന്ന്‌ കരുണാകരനെ പുകച്ച്‌ പുറത്തുചാടിച്ചു.

1995 മാർച്ച് 22ന് എ കെ ആന്റണി മുഖ്യമന്ത്രിയായി. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി ഒഴികെ 19 സീറ്റിലും യുഡിഎഫ് തോറ്റു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ കെ ആന്റണി രാജിവച്ചു. ഉമ്മൻചാണ്ടി ആഗസ്‌ത്‌ 31ന് ആദ്യമായി മുഖ്യമന്ത്രിയായി. 2011 ഏപ്രിലിലാണ്‌ രണ്ടാം ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നത്‌. ഈ സർക്കാരിന്റെ കാലത്താണ്‌ കോളിളക്കം സൃഷ്ടിച്ച സോളാർ അഴിമതി അരങ്ങേറിയത്‌. ഇത്‌ സംബന്ധിച്ച്‌ യുഡിഎഫ്‌ സർക്കാർ നിയോഗിച്ച ജസ്റ്റിസ്‌ ജി ശിവരാജൻ കമീഷൻമുമ്പാകെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ മണിക്കൂറുകളോളം വിസ്‌തരിച്ചത്‌ രാജ്യത്ത്‌ ആദ്യസംഭവമായി‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, എസ്‌എഫ്‌ഐ നേതാവ്‌ ജെയ്‌ക്‌ സി തോമസിനെയാണ്‌ ഉമ്മൻചാണ്ടി പരാജയപ്പെടുത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top