28 March Thursday

ക്ലാസ്‌ മുറികൾ വീണ്ടും ‘ലൈവാ’കുമ്പോൾ - ഡോ. മിലൻ ഫ്രാൻസ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

ഇന്റർവെല്ലിനുശേഷം വീണ്ടും ബെൽ മുഴങ്ങുന്നു.  വെർച്വൽ ക്ലാസ് മുറികളിൽനിന്ന് വിദ്യാർഥികൾ തിരിച്ചെത്തുന്നു. സൗഹൃദവും സ്നേഹവും തുളുമ്പുന്ന ജീവിതത്തിന്റെ നിറവാർന്ന ലോകത്തേക്ക്‌. മഹാമാരിമൂലം ഏറ്റവും കൂടുതൽ കാലം അടച്ചിടേണ്ടിവന്നത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ബൗദ്ധികവും മാനസികവും വൈകാരികവുമായ വളർച്ചയുടെ അനുഭവങ്ങൾ ലഭ്യമാകേണ്ടിയിരുന്ന നിർണായകമായ  ഇടങ്ങൾ അടഞ്ഞപ്പോൾ  വിദ്യാർഥിസമൂഹം നേരിട്ട പ്രശ്‌നങ്ങൾ, നഷ്ടങ്ങളൊക്കെ ചിന്തകൾക്കും വിശകലനങ്ങൾക്കുമെല്ലാം അപ്പുറമാണ്. അവരുടെ വൈയക്തികവും സാമൂഹ്യവുമായ ജീവിതവിജയത്തെ നിർണയിക്കുകയും സ്വാധീനിക്കുകയും ചെയ്യേണ്ടിയിരുന്ന അനുഭവങ്ങളുടെ കാലഘട്ടം കവർന്നെടുക്കപ്പെട്ടു. മാനസികവും  വൈകാരികവുമായ സന്തുലനവും പക്വതയും ആർജിക്കാൻ സഹായകമായ സാധ്യതകളുടെ അഭാവം വിദ്യാർഥികളെ തളർത്തി. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാതിലുകൾ വീണ്ടും തുറക്കുന്നത് പ്രത്യാശയുടെ വസന്തകാലത്തിലേക്കാണ്.

ഡിജിറ്റൽ അധ്യയനത്തേക്കാൾ എന്തുകൊണ്ടും നേരിട്ടുള്ള അധ്യയനമാണ് വിദ്യാർഥികളും അധ്യാപകരും ഇഷ്ടപ്പെടുന്നതും സ്വാഗതം ചെയ്യുന്നതും. ഇത്രനാൾ ശീലിച്ച രീതികളിൽനിന്നും സമയക്രമങ്ങളിൽനിന്നും മാറിവരാൻ സമയമെടുക്കും. അനിവാര്യതമൂലം സമരസപ്പെടേണ്ടിവന്ന വീടകത്തെ ജീവിത താളത്തിനനുസരിച്ച് അവരുടെ ചിന്തകളും സ്വഭാവരീതികളും സമയക്രമങ്ങളുമൊക്കെ മാറ്റിപ്പോയി. സ്വന്തം സൗകര്യത്തിനനുസരിച്ച് എല്ലാം ക്രമപ്പെടുത്താനും എവിടെയിരുന്നും  എല്ലാത്തിലും  വെർച്വലായി പങ്കാളിയാകാനുമുള്ള സാഹചര്യം സുഖാലസ്യത്തിന്റെ ശൈലിയിലേക്ക് അവരെ മാറ്റി.  കിടക്കയിൽ കിടന്നുകൊണ്ട്  ലോഗിൻ ചെയ്ത് അറ്റൻഡൻസ് പറഞ്ഞ് എല്ലാ ക്ലാസും അലസ സുഖത്തിലങ്ങനെ കേട്ടുംകണ്ടും ശീലിച്ചത് ഇഷ്ടം ഉണ്ടായിട്ടായിരുന്നില്ല എന്നത് സത്യം. പക്ഷേ, അതാണ് ഇപ്പോൾ അവരുടെ രീതി.  ക്ലാസുകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കാനും  വിരസതയകറ്റാനുമെല്ലാം മാർഗങ്ങളുണ്ടായിരുന്നു. ക്ലാസുകൾ കഴിഞ്ഞാൽ വീണ്ടും ഓൺലൈനിലെ വിവരവിനോദ ലോകങ്ങളിലേക്ക് ഊളിയിടും. ക്ലാസ് മുറിയിലെ വിനിമയങ്ങളിൽനിന്ന് കിട്ടാതിരുന്ന പുതിയ അറിവുകൾ അവർ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽനിന്ന് നേടിയെടുക്കുകയും ചെയ്തു. സ്വന്തം പാഠ്യപദ്ധതിക്കൊപ്പം ലോകത്തിലെ പ്രശസ്ത സ്ഥാപനങ്ങൾ നടത്തുന്ന മികച്ച കോഴ്സുകളും പഠിക്കാൻ അവസരം ലഭിച്ചു. മികച്ച അധ്യാപകരെയും അധ്യാപനബോധന രീതികളെയും സൈബർ ഇടങ്ങളിൽ കണ്ടെത്തി. ഇതിനോടൊക്കെ കിടപിടിക്കാൻ കഴിയുന്നവിധത്തിൽ അധ്യാപകർ സ്വയം പുതുക്കുകയും പരിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. കലാകായിക പ്രവർത്തനങ്ങളിലൂടെയും  മത്സരങ്ങളിലൂടെയും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ലഭിച്ചിരുന്ന നൈപുണ്യവും മികവിനുള്ള പരിശീലനങ്ങളും നൽകാൻ കഴിയുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നിരവധിയായിരുന്നു. പലരും താരങ്ങളായി. നഷ്ടമായ നന്മകൾക്കും സൗഹൃദങ്ങൾക്കും ഊഷ്മളതകൾക്കും ആഘോഷങ്ങൾക്കും അവർ പുതിയ രീതികളും ഇടങ്ങളും കണ്ടെത്തി. നിവൃത്തികേടും അനിവാര്യതയുമൊക്കെയാണ് അവരെ അതിലേക്ക് നയിച്ചത്. മഹാമാരിക്കാലത്ത് അസാധ്യമെന്ന്‌ തോന്നിയിരുന്നവയൊക്കെ പുതിയ സങ്കേതങ്ങളിലൂടെ തിരിച്ചുപിടിച്ചു.


 

അതോടൊപ്പം കോവിഡുകാലം ഏൽപ്പിച്ച മുറിവുകൾ  ഇനിയും ഉണങ്ങാത്ത വ്രണിതമായ മനസ്സുമായി തിരിച്ചുവരുന്നവരുണ്ട്.   പ്രിയപ്പെട്ടവരുടെ വേർപാട്, കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ. ജോലിയും വരുമാനവും നഷ്ടമായ അച്ഛനമ്മമാരെക്കുറിച്ചുള്ള വ്യാകുലതകൾ, സാമ്പത്തികബാധ്യതകൾ, കടക്കെണി, ഡിജിറ്റൽ പിന്നോക്കാവസ്ഥമൂലം നഷ്ടമായ ക്ലാസുകളുടെ വിടവ് ...  അങ്ങനെ ഒരുപാട് നൊമ്പരങ്ങൾ. ഏറെ രാവിലെ ഉണർന്ന്‌ ഒരുങ്ങിയിറങ്ങി ഭക്ഷണപ്പൊതിയുമായി  ബുദ്ധിമുട്ടി ക്ലാസിലെത്തി  മാസ്കും ധരിച്ച്  സാനിറ്റൈസറും പുരട്ടി സാമൂഹ്യ അകലത്തിൽ മണിക്കൂറുകളോളം ക്ലാസ് മുറികളിൽ ഇരിക്കുമ്പോൾ ഓൺലൈൻ ക്ലാസ്‌ മുറികളായിരുന്നു ഭേദമെന്ന് ചിലരെങ്കിലും ചിന്തിക്കും.

മേൽപ്പറഞ്ഞതിൽ ഉൾപ്പെടാത്ത മറ്റു പല നൊമ്പരങ്ങളുമായിട്ടാകും വേറെ ചിലർ ക്ലാസിൽ ഇരിക്കുന്നത്. അങ്ങനെ വളരെ സങ്കീർണവും സന്ദിഗ്‌ധവുമായ ബൗദ്ധിക വൈകാരിക അവസ്ഥയിലാണ് കുട്ടികൾ വീണ്ടും ക്ലാസിൽ എത്തുന്നത്. കോവിഡാനന്തര വിദ്യാഭ്യാസ ക്രമത്തിലേക്കും രീതികളിലേക്കും അവരെ കൂട്ടിക്കൊണ്ടുവരാൻ അധ്യാപകരുടെ ഭാഗത്തുനിന്ന് പക്വമായ ശ്രമങ്ങൾ ആവശ്യമുണ്ട്. ഇക്കാലഘട്ടത്തിൽ അർപ്പണബോധത്തോടെയും സഹജബോധത്തോടെയും നാം ഏറ്റെടുക്കേണ്ടത് ഈയൊരു ദൗത്യമാണ്. ആ ദൗത്യം നമുക്ക് ഹൃദയപൂർവം ഏറ്റെടുക്കാം. 

(ആലുവ സെന്റ്‌ സേവ്യേഴ്സ് കോളേജ്‌ അസോ. പ്രൊഫസറാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top