01 July Friday

അവധിക്കാലം ക്രിയാത്മകമാകട്ടെ

ആർ സുരേഷ് കുമാർUpdated: Wednesday Apr 27, 2022

കോവിഡ് മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വം പൂർണമായി അവസാനിച്ചിട്ടില്ല. അടുത്ത തരംഗം ഉണ്ടാകുമോയെന്ന ആശങ്കയിലാണ്‌ എല്ലാവരും. വർഷംതോറും നടക്കേണ്ട അധ്യയനപ്രവർത്തനങ്ങളെ കോവിഡ് സാരമായി ബാധിച്ചതോടെ വർഷങ്ങളുടെ നഷ്ടം സംഭവിക്കുമോ എന്നതായിരുന്നു കഴിഞ്ഞ രണ്ടുവർഷവും വിദ്യാർഥികളെ പ്രധാനമായും ആശങ്കയിലാഴ്‌ത്തിയത്. സാഹചര്യങ്ങൾക്ക്‌ അനുസരിച്ച് ഡിജിറ്റലായും ഓൺലൈനായും ഓഫ്‌‌ലൈനായും ക്ലാസുകൾ നടത്തി അത്തരം ആശങ്കകൾ ദൂരീകരിച്ചു. ഇന്ത്യയിൽ കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിൽ കേരളം ഒന്നാംസ്ഥാനത്താണെന്ന് കേന്ദ്ര സർക്കാരും യുണെസ്‌‌കോയും വ്യക്തമാക്കിയിട്ടുണ്ട്‌. മുടക്കമില്ലാതെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ കഴിഞ്ഞ രണ്ടുവർഷവും നടത്താൻ സാധിച്ചത്‌ കേരളത്തിനു മാത്രം അവകാശപ്പെടാവുന്ന നേട്ടവുമായി.

മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ മെച്ചമായ അക്കാദമിക അന്തരീക്ഷത്തിലാണ് ഇത്തവണ വിദ്യാർഥികൾ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതിയിട്ടുള്ളത്. ഓൺലൈൻ, ഓഫ്‌ലൈൻ പഠനവിടവ് ശ്രദ്ധയിൽപ്പെട്ടിടത്തെല്ലാം തദ്ദേശസ്ഥാപനങ്ങളും സമഗ്രശിക്ഷാ കേരളവും നാഷണൽ സർവീസ് സ്കീമുമൊക്കെ അക്കാദമിക ഇടപെടലുകൾ നടത്തി പഠനപിന്തുണയും ആത്മവിശ്വാസവും നൽകുകയുണ്ടായി. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നേരിട്ടു തന്നെ ഓരോ ആഴ്ചയിലും  ഉദ്യാഗസ്ഥരുടെ അവലോകനയോഗം വിളിച്ചുചേർത്തിരുന്നത് പാഠഭാഗങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനു സഹായകമായി.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ കഴിഞ്ഞ വിദ്യാർഥികൾ ഈ സാഹചര്യത്തിൽ എങ്ങനെയാണ് വെക്കേഷനെ സമീപിക്കേണ്ടത്‌ എന്നത്  ആലോചിക്കേണ്ടതാണ്. വിനോദത്തിനും വിജ്ഞാനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന തരത്തിലാണ് അവധിക്കാലം പ്രയോജനപ്പെടുത്തേണ്ടത്. വിദ്യാഭ്യാസത്തിലൂടെ ജീവിതനൈപുണികൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. അവധിക്കാലം ക്രിയാത്മകമായി ഉപയോഗിക്കുമ്പോഴും ജീവിതനൈപുണികൾ വികസിക്കുമെന്നതിൽ സംശയമില്ല. ലോകാരോഗ്യ സംഘടന 10 കാര്യത്തെയാണ് ജീവിതനൈപുണികളായി പട്ടികപ്പെടുത്തിയിട്ടുള്ളത്. സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷി, പ്രശ്നപരിഹരണശേഷി, വിമർശനാത്മക ചിന്ത.

സർഗാത്മക ചിന്ത, സ്വയമറിയാനും വിലയിരുത്താനുമുള്ള ശേഷി, മറ്റുള്ളവരുടെ ദുഃഖങ്ങളും പ്രശ്‌നങ്ങളും സ്വന്തമെന്നനിലയ്ക്ക് ഉൾക്കൊള്ളാനും പരിഹരിക്കാനുമുള്ള മനോഭാവം, പ്രയോജനപ്രദമായ ആശയവിനിമയം, ഫലപ്രദമായി വ്യക്ത്യാന്തരബന്ധങ്ങൾ വികസിപ്പിക്കാനുള്ളശേഷി, പക്വതയോടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്‌ ,പിരിമുറുക്കത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ളശേഷി എന്നിവയെയാണ് ജീവിതനൈപുണികളായി പറഞ്ഞിരിക്കുന്നത്. 10–-ാം ക്ലാസിലും 12–-ാം ക്ലാസിലും പരീക്ഷ കഴിഞ്ഞ വിദ്യാർഥികളിൽ ഇത്തരം നൈപുണികൾ കുറച്ചൊക്കെ  വികസിച്ചിട്ടുണ്ടാകാം. അതിന് വ്യക്തിപരമായ ഏറ്റക്കുറച്ചിലുകളുമുണ്ടാകാം. അവ കൂടുതൽ വളരുന്നതിനു സഹായിക്കുന്ന പ്രവർത്തനങ്ങളിലാണ് അവധിക്കാലത്ത്‌ ഇടപെടേണ്ടത്.


 

അവധിക്കാലത്ത്‌ പ്രാധാന്യം നൽകേണ്ട ഒന്നാണ് വായന. പാഠപുസ്തകവായന എന്നത് നിശ്ചിതമായ പാഠ്യപദ്ധതികളെ കേന്ദ്രീകരിച്ചാകുമ്പോൾ അതിനു പുറത്തുള്ള വായനകൾ മനസ്സിനെ കൂടുതൽ വിശാലമാക്കാറുണ്ട്. നോവലും കഥയും കവിതയും നാടകവും യാത്രാവിവരണവും നിരൂപണവും ചരിത്രവും ശാസ്ത്രവും മറ്റു വിജ്ഞാനകൃതികളും അത്തരത്തിൽ മനുഷ്യമനസ്സുകളെ അഗാധത്തിൽ സ്വാധീനിക്കുന്നുണ്ട്. ജീവിതനൈപുണികളിൽ പറയുന്ന മിക്കവാറും ശേഷികളുടെ വികാസത്തിന് വായന സഹായിക്കുമെന്നതാണ് യാഥാർഥ്യം. ലഭ്യമാകുന്ന സൗകര്യങ്ങളിൽ നിന്നുകൊണ്ട് യാത്രകൾ നടത്തുകയെന്നത് മറ്റൊരു വിനോദവിജ്ഞാന പരിപാടിയാണ്. പ്രാദേശികമായ പഠനയാത്രകൾമുതൽ വിദൂരസ്ഥലങ്ങളിലേക്കുള്ള യാത്രകൾവരെയാകാം. ദിനക്കുറിപ്പുകൾ എഴുതുന്ന ശീലം വളർത്താം. ഓൺലൈനിൽ ബ്ലോഗ് എഴുതുന്നതും പുതിയ രീതിയാണ്. പല വിദ്യാർഥികളുടെയും അത്തരം രചനകൾ വാർത്തകളിൽ ഇടംനേടാറുണ്ട്. പൂന്തോട്ടമൊരുക്കൽ, വീട്ടിൽ കൃഷി ചെയ്യുക എന്നിവയും ഒഴിവുകാല പ്രവർത്തനങ്ങളുടെ ഭാ‌ഗമാക്കാം. ചിത്രരചന, പെയിന്റിങ്‌, വിവിധതരം ആൽബം തയ്യാറാക്കുക എന്നിവ ഹോബിയാക്കാം. സന്നദ്ധസേവനങ്ങളിൽ പങ്കാളികളാകുന്നത് വിദ്യാർഥികളുടെ സാമൂഹ്യ കാഴ്ചപ്പാടുകളിൽ വലിയ മാറ്റം കൊണ്ടുവരും. അതുപോലെ സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിലെ വിവിധ ഏജൻസികൾ നടത്താറുള്ള  ക്യാമ്പുകളിൽ പങ്കെടുക്കുന്നത് അവധിദിനങ്ങളെ ആഹ്ലാദകരമാക്കുക മാത്രമല്ല, വിജ്ഞാനപ്രദമാക്കുകയും ചെയ്യും.  

ഒരുപരിധിവരെ പ്ലസ് വൺ പ്രവേശന നടപടികളിലേക്ക് കടക്കുന്നതുവരെ എസ്എസ്എൽസി വിദ്യാർഥികൾക്ക് വെക്കേഷൻ പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയും. പ്രവേശനപരീക്ഷകളെ അഭിമുഖീകരിക്കേണ്ടതായ ആവശ്യം അവർക്ക് വരുന്നില്ല. എന്നാൽ, പ്ലസ് വണ്ണിന് ഏത് ഗ്രൂപ്പിലേക്കാണ് ചേരേണ്ടത് എന്നത് കൃത്യമായി ഉറപ്പിക്കേണ്ടതുണ്ട്. അഭിരുചിക്കും അതിനനുസൃതമായ തൊഴിൽ മേഖലയ്‌ക്കും ഊന്നൽ നൽകിയില്ലെങ്കിൽ പിന്നീട് ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകാം. രക്ഷിതാക്കൾ അക്കാര്യത്തിൽ സ്വന്തം താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് ദോഷം ചെയ്തേക്കാം.  

പ്രൊഫഷണൽ കോഴ്സുകളിലെ പ്രവേശനത്തിനുവേണ്ടി കേരളത്തിൽ കീം എൻട്രൻസ് പരീക്ഷ, ദേശീയതലത്തിൽ ജെഇഇ മെയിൻ അഡ്വാൻസ്ഡ് പരീക്ഷകൾ, നീറ്റ്, നാറ്റ്‌ പരീക്ഷകൾ തുടങ്ങിയവയ്‌ക്കുള്ള തയ്യാറെടുക്കലിന്റെ ഘട്ടംകൂടിയാണ് വെക്കേഷൻ. മറ്റ് ഡിഗ്രി കോഴ്സുകളിൽ ചേരാനാഗ്രഹിക്കുന്നവർക്ക് പ്രവേശനപരീക്ഷകളെ നേരിടേണ്ടതില്ലായിരുന്നു. എന്നാൽ, ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി എല്ലാ ബിരുദ കോഴ്‌സുകൾക്കും പ്രവേശനപരീക്ഷ ഏർപ്പെടുത്തണമെന്ന നിർദേശം വന്നതോടെ കേന്ദ്ര നിയന്ത്രണത്തിലുള്ള സർവകശാലകളിൽ അത് നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വിവി‌ധ ബോർഡുകളിൽ പഠിച്ചവർക്ക് ഏകീകൃത രീതിയിൽ നടക്കുന്ന ബിരുദപ്രവേശനപരീക്ഷയെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടാകുമെന്ന വിമർശം ഉയർന്നുവന്നിട്ടുണ്ട്. സ്റ്റേറ്റ് സിലബസുകളിൽ പഠിക്കുന്ന വിദ്യാർഥികളെ അത് സാരമായി ബാധിക്കുമെന്നും സാമൂഹ്യനീതിക്ക്‌ എതിരാകുമെന്നും പാർലമെന്റിൽവരെ അഭിപ്രായമുയർന്നതാണ്. കേരളത്തിലെ സർവകലാശാലകൾ അത്തരമൊരു തീരുമാനം ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇവിടെ ബിരുദപ്രവേശന നടപടികൾ മുൻവർഷങ്ങളിലേതുപോലെ  നടക്കുമെന്ന് കരുതാം. എങ്കിലും കേന്ദ്ര സർക്കാർ അക്കാര്യത്തിൽ മുന്നോട്ടുപോകുകയാണെങ്കിൽ കേന്ദ്ര സർവകലാശാലകളിൽ പ്രവേശനൻ ആഗ്രഹിക്കുന്നവരും വെക്കേഷനിൽ പ്രവശനപരീക്ഷയ്‌ക്ക് തയ്യാറെടുക്കേണ്ട സാഹചര്യമാണ് വരുന്നത്.   

(ഹയർ സെക്കൻഡറി ജോയിന്റ്‌ ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top