29 March Friday

ഓൺലൈൻ പഠനം ഡീസ്കൂളിങ്‌ അല്ല - ഡോ. ജെ പ്രസാദ്‌ എഴുതുന്നു

ഡോ. ജെ പ്രസാദ്‌Updated: Wednesday Jun 10, 2020

ഇത് കൊറോണയുടെ കാലം. നമ്മൾ അനുവർത്തിച്ചുവന്ന ആചാരാനുഷ്ഠാനങ്ങളും രീതിശാസ്ത്രങ്ങളും ജീവിതരീതികളും എന്തിനേറെ മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന സാമൂഹ്യബന്ധങ്ങളും രാഷ്ട്രബന്ധങ്ങളും ഭരണനിർവഹണവുമെല്ലാം കാലാനുസൃതമായ മാറ്റത്തിന് വിധേയമാക്കാൻ നാം നിർബന്ധിതരായിരിക്കുന്നു. കൊറോണ വൈറസിനോടൊപ്പം എത്രനാൾ നാം സഞ്ചരിക്കേണ്ടിവരും എന്ന് ആർക്കും പറയാനാകില്ല. ആഗോളവൽക്കരണത്തിന്റെ ദുരന്തങ്ങളിൽപ്പെട്ടുഴലുന്ന ജനകോടികൾക്ക് പ്രതീക്ഷയുടെ പ്രകാശകിരണങ്ങൾ എന്നപോലെ ജനകീയ ബദലുകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേരളം, കോവിഡ്കാലത്തെ വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കും ബദലുകൾ സൃഷ്ടിച്ചുകൊണ്ടാണ് 2020–-21 അധ്യയനവർഷത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി  ‘ഫസ്റ്റ് ബെൽ’ മുഴക്കിക്കൊണ്ട് തുടക്കം കുറിച്ചത്. രാജ്യത്താകെ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുമ്പോൾ കേരളത്തിൽമാത്രമാണ് നൂതനവും വ്യത്യസ്തവുമായ "പ്രവേശനോത്സവത്തി’ലൂടെ ഒന്നുമുതൽ പ്ലസ്ടുവരെയുള്ള കുട്ടികൾക്ക് ഒരേ ദിവസംതന്നെ അധ്യയനം ആരംഭിച്ചത്.  അവശേഷിച്ച പരീക്ഷകൾ കുറ്റമറ്റരീതിയിൽ നടത്തി പ്രശംസ പിടിച്ചുപറ്റിയ വിദ്യാഭ്യാസവകുപ്പിന് കൂടുതൽ ആഹ്ലാദിക്കാൻ വകനൽകുന്നതാണ് പഠനോത്സവവും തുടർന്നുള്ള ഓൺലൈൻ ക്ലാസുകളും. ഈ സന്തോഷങ്ങൾക്കിടയിലും കോട്ടക്കൽ ഇരുമ്പിലിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദേവിക ബാലകൃഷ്ണന്റെ വിയോഗം നമ്മെ വേദനിപ്പിക്കുന്നു. നമ്മുടെ വിദ്യാർഥികൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി പ്രകൃതി ദുരന്തങ്ങൾക്കും മഹാമാരികൾക്കും സാക്ഷ്യം വഹിച്ചവരാണ്. അത്തരം ദുരന്തങ്ങൾക്കിടയിലും കഴിഞ്ഞ നാലു വർഷം വിദ്യാഭ്യാസരംഗത്ത് അഭൂതപൂർവവും അത്ഭുതകരവുമായ ഒട്ടേറെ അനുകരണീയ പുത്തൻ മാതൃകകൾ സൃഷ്ടിക്കാൻ ജനങ്ങളുടെ പിന്തുണയോടെ നമുക്ക് സാധിച്ചു.

അധ്യാപനത്തിൽ പുത്തൻ രീതിശാസ്ത്രം
കോവിഡ്‌–- 19 പൊതുവിദ്യാഭ്യാസമേഖലയെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കാതെയുള്ള യുക്തിഭദ്രവും ആസൂത്രിതവും യാഥാർഥ്യബോധത്തോടുകൂടിയതും സുശക്തവും നൂതനവുമായ പ്രവർത്തനങ്ങൾക്കാണ് വിദ്യാഭ്യാസവകുപ്പ് രൂപം നൽകിയിരിക്കുന്നത്. നീതി ആയോഗ് ഉൾപ്പെടെയുള്ള ഏജൻസികൾ ക്വാളിറ്റി ഇൻഡക്സിൽ കേരളമാണ് മുന്നിലെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുന്ന സ്ഥിതി ഉണ്ടായി. ഇത്തരം പുരസ്കാരങ്ങളെല്ലാം നമ്മളെ കൂടുതൽ കർമോത്സുകരും പ്രതിബദ്ധരും ആക്കിമാറ്റുന്നു. ഈ പശ്ചാത്തലത്തിലാണ് 2020–-21 അധ്യയനവർഷം സുവർണവർഷമായി ആചരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്.  മഹാമാരി നമ്മുടെ പ്രതീക്ഷകൾക്കെല്ലാം വിലങ്ങുതടിയായി വർത്തിക്കുമ്പോൾ അതിനെ നിസ്സംഗതയോടെ കൈയുംകെട്ടി നോക്കിനിൽക്കാൻ നമുക്കാകില്ല. ഇന്നലെവരെ വിദ്യാലയവും ക്ലാസും കുട്ടിയും അധ്യാപകനും മറ്റനുബന്ധ സഹായക സംവിധാനവുമെല്ലാം ഒരു സ്ഥലത്ത് ലഭ്യമായിരുന്നെങ്കിൽ ഇപ്പോൾ അവയെല്ലാം കോവിഡ് പ്രോട്ടോകോൾ മാതിരി വളരെ അകലത്തിലാണ് വർത്തിക്കുന്നത്. ഭൗതികമായി അകലത്തിലാണെന്ന യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് ഓൺലൈൻ സംവിധാനത്തിലൂടെ വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ ഭാഗഭാക്കുകളെയും സഹകരിപ്പിച്ചുകൊണ്ട് ഈ പുതിയ ദൗത്യം നമുക്ക് വിജയിപ്പിക്കേണ്ടതുണ്ട്. ഓൺ ലൈൻ ക്ലാസ് മുക്‌ (എംഒഒസി) പോലുള്ള കോഴ്സുകളാണ് ഓൺലൈൻ കോഴ്സുകളായി കണക്കാക്കപ്പെടുന്നത്. യഥാർഥത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് നടത്തുന്നത് ഡിജിറ്റൽ അഥവാ വീഡിയോ ക്ലാസുകളാണ്. നാം അതിനെ പറഞ്ഞുപറഞ്ഞ് ഓൺ ലൈൻ ക്ലാസ് എന്ന് പ്രചരിപ്പി ക്കുകയാണ് ഉണ്ടായത്. ചുരുക്കിപ്പറഞ്ഞാൽ എസ്‌സിഇആർടിയിൽ നടക്കുന്ന ത്രിമാന പരിശോധനകൾക്കുശേഷമാണ് വിക്ടേഴ്സ് ചാനൽവഴിയും മറ്റും പ്രസരണം നടത്താൻ സാധിക്കുന്നത്.


 

ഓൺ ലൈൻ ക്ലാസുകൾക്ക് അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. ഇത് ഒരർഥത്തിൽ ‘ഇ‐സ്കൂളിങ്‌’ആണ്, ഒരിക്കലും സ്കൂൾ സം വിധാനത്തെത്തന്നെ ഇല്ലാതാക്കുന്ന "ഡീസ്കൂളിങ്‌’ അല്ല. അത്തരത്തിലുള്ള ആശങ്കകൾ പല കോണുകളിൽനിന്നും ഉയർന്നുവരുന്നുണ്ട്. അത്തരത്തിലുള്ള ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. നാം തുടർന്നുവരുന്ന സാമൂഹ്യജ്ഞാനനിർമിതിവാദത്തിൽ അധിഷ്ഠിതമായ പഠനബോധന രീതിശാസ്ത്രവും അതിന്റെ ഭാഗമായി കുട്ടികളിൽ ഉണ്ടാകേണ്ട ജ്ഞാനാർജനപരതയും ജ്ഞാനനിർമിതിയും കരിക്കുലം വിഭാവനം ചെയ്യുന്ന രീതിയിൽ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്നത് പര്യാലോചനയ്ക്ക് വിഷയീഭവിക്കേണ്ടതാണ്. ഇത് ഒരിക്കലും ഔപചാരിക വിദ്യാഭ്യാസത്തിന് ബദലല്ല. ക്ലാസ്‌മുറിയിൽ അധ്യാപകനും വിദ്യാർഥികളും തമ്മിൽ നടത്തുന്ന ചർച്ചകളും സംവാദങ്ങളും തുടർന്നുള്ള അന്വേഷണങ്ങങ്ങളും നിരീക്ഷണങ്ങളും ഗവേഷണങ്ങളും അതുവഴിയുള്ള പുത്തൻ അറിവുൽപ്പാദനവും എല്ലാം ഈ അനൗപചാരിക ഓൺലൈൻ പ്രക്രിയയിൽ അതിന്റെ പൂർണതയിൽ എത്തിക്കാനാകില്ല.

വിദ്യാർഥികൾ ഇതൊരു ഇടക്കാലാശ്വാസമായി കണക്കാക്കിയാൽ മതി. കോവിഡിന്റെ ഭീതി വിട്ടുമാറുന്നതോടെ നമ്മുടെ വിദ്യാലയങ്ങൾ വീണ്ടും പഴയതുപോലെ സജീവമാകും. ഈ പരിമിതി അപ്പോൾ പരിഹരിക്കപ്പെടും. അതിനുള്ള പ്രവർത്തനങ്ങൾ നമ്മുടെ അധ്യാപകർ ഇപ്പോൾത്തന്നെ ആരംഭിച്ചിട്ടുണ്ട്. ഓൺ ലൈൻ ക്ലാസിനുമുമ്പും ശേഷവുമുള്ള സമയങ്ങളിൽ അധ്യാപകർ കുട്ടികളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെടുന്നുണ്ട്. കുട്ടികൾക്കെല്ലാവർക്കും ഓൺ ലൈൻ ക്ലാസ് കാണാൻ കഴിയുന്നു എന്ന് ഉറപ്പുവരുത്തുകയും ക്ലാസുമായി ബന്ധപ്പെട്ട ചർച്ചകൾ സംഘടിപ്പിക്കുകയും വേണം. നിരന്തര മൂല്യനിർണയത്തിനായി ‘സഹിതം' പോർട്ടൽ ഫലപ്രദമായി ഉപയോഗിക്കാനുള്ള സുവർണാവസരമായാണ് അധ്യാപകർ ഓൺ ലൈൻ പഠനസംരംഭത്തെ കാണുന്നത്.


 

പുത്തൻ സാധ്യതകൾ കണ്ടെത്തണം
ഓൺ ലൈൻ ക്ലാസുകൾക്ക് ഒട്ടേറെ മേന്മകളും സാധ്യതകളും ഉള്ളതുപോലെതന്നെ പരിമിതികളും പോരായ്മകളും ഉണ്ട്. അവ കണ്ടെത്തുകയും ആവശ്യമായ പരിഹാരനടപടികൾക്ക് രൂപം നൽകുകയും വേണം. കുട്ടികൾ ഈ പഠനപ്രക്രിയയിൽ സജീവമായി ഇടപെടുന്നതിന്‌ അധ്യാപകർക്കും രക്ഷിതാക്കൾക്കും ചെറുതല്ലാത്ത പങ്ക് വഹിക്കാനുണ്ട്. വീഡിയോ പഠനക്ലാസ്‌ കുട്ടികൾക്ക് ലഭിക്കുന്നു എന്ന്‌ അധ്യാപകരും പിടിഎയും ഉറപ്പുവരുത്തണം. ഇതിനായി ഓരോ രക്ഷിതാവിനെയും ബന്ധപ്പെട്ട് ആവശ്യമായ ബോധവൽക്കരണം നടത്തേണ്ടതുണ്ട്. ‘വീട് ഒരു വിദ്യാലയം' എന്ന നിലയിൽ രക്ഷിതാക്കളുടെ ബോധവൽക്കരണവും സഹകരണവും അനിവാര്യമാണ്. തുടക്കം എന്ന നിലയിൽ എല്ലാ ക്ലാസുകളിലെയും എല്ലാ വിഷയങ്ങളും പഠിപ്പിക്കാൻ ആരംഭിച്ചിട്ടില്ല. അതിന്റെ പേരിൽ വിദ്യാർഥികൾ പരിഭ്രമിക്കേണ്ട കാര്യമില്ല. ഘട്ടം ഘട്ടമായി ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസവകുപ്പ് കൈക്കൊള്ളുന്നുണ്ട്. ഒപ്പം സവിശേഷ വിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികളെയും ഈ സംവിധാനത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരേണ്ട ബാധ്യതയും ഉത്തരവാദിത്തവും നമുക്കുണ്ട്. പരിമിതികളുള്ള കുട്ടികൾക്ക് അവരുടെ പരിമിതികൾ മറികടക്കുന്നതിനും കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും നമ്മുടെ നൂതന സാങ്കേതികവിദ്യകൾ ഏറെ പ്രയോജനപ്രദമാണ്. ഒപ്പം ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ കൂടുതൽ പഠനങ്ങളും അന്വേഷണങ്ങളും ഗവേഷണങ്ങളും നടക്കേണ്ടതുണ്ട്. ഇത് ഒരവസരമായി കണ്ട് അതിനുള്ള പ്രവർത്തനങ്ങൾക്ക് എസ്‌സിഇആർടി നേതൃത്വം നൽകും. വിദ്യാഭ്യാസ പ്രവർത്തകരുടെ നിർദേശങ്ങളും ഉപദേശങ്ങളും സർവാത്മനാ സ്വാഗതം ചെയ്യുകയാണ്. നമ്മുടെ മാധ്യമങ്ങൾ കലവറയില്ലാത്ത പിന്തുണയാണ് നൽകിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ അക്കാദമികവും ഭൗതികവുമായ പ്രവർത്തനങ്ങൾ കോവിഡ്‌കാലശേഷം പുത്തൻ സാധ്യതകൾക്ക് വഴിതുറക്കും. കേരളം കോവിഡ്‌കാല വിദ്യാഭ്യാസത്തിനും ബദൽ സൃഷ്ടിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top