25 April Thursday

പാഠ്യപദ്ധതി പരിഷ്കരണം 
കേരളത്തിൽ

എൻ ടി ശിവരാജൻUpdated: Thursday Aug 26, 2021

സാമൂഹ്യവികസനത്തിന്റെ ഓരോഘട്ടത്തിലും വിദ്യാഭ്യാസത്തിന് സവിശേഷമായ ശ്രദ്ധയും പരിഗണനയും നൽകുന്ന കാര്യത്തിൽ ഇന്ത്യയിൽ പ്രഥമ സ്ഥാനത്തുള്ള സംസ്ഥാനമാണ് കേരളം. ഓരോ കാലത്തും ഉയർന്നുവന്ന വെല്ലുവിളികളെ അതിജീവിച്ച് ജനകീയ ഇടപെടലുകളിലൂടെയും പങ്കാളിത്തത്തോടെയുമാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ അടിത്തറ ശക്തിപ്പെട്ടതും വികാസം പ്രാപിച്ചതും. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾക്കു പുറമെ കർഷകത്തൊഴിലാളി മുന്നേറ്റങ്ങൾ, ദേശീയ സ്വാതന്ത്ര്യസമരം, ഭൂപരിഷ്കരണ നടപടികൾ, ജനകീയ കൂട്ടായ്മകൾ, ഗ്രന്ഥശാലാ പ്രസ്ഥാനം, ജനകീയ സർക്കാരുകളുടെ ഇടപെടൽ, പുരോഗമന അധ്യാപക പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങൾ എന്നിവയെല്ലാം പൊതുവിദ്യാഭ്യാസത്തിന് ശക്തമായ അടിത്തറയൊരുക്കി.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യയിൽ നിയോഗിക്കപ്പെട്ട എല്ലാ വിദ്യാഭ്യാസ കമീഷനുകളും ഒട്ടേറെ പരിഷ്കാരങ്ങൾ നിർദേശിക്കുകയുണ്ടായി. എന്നാൽ, പാഠ്യപദ്ധതിയിലും ബോധനരീതിയിലും ഗുണാത്മകമായ മാറ്റങ്ങൾക്ക് ആദ്യം തുടക്കം കുറിച്ചത് കേരളത്തിലായിരുന്നു. ഡിപിഇപി പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച്‌ നവീന ബോധനരീതികൾ, മൂല്യനിർണയം, പാഠപുസ്തക സമീപനം എന്നിവ രാജ്യത്തിനാകെ മാതൃകയാണ്. സാമൂഹ്യജ്ഞാനനിർമിതി വാദത്തിന്റെ അടിസ്ഥാന തത്വങ്ങൾ സ്വീകരിച്ചുകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങളാണ് 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കാൻ അന്നത്തെ യുപിഎ സർക്കാരിന് പ്രചോദനമായത്. ഈ പാഠ്യപദ്ധതിയുടെ ചുവടുപിടിച്ചാണ് 2007ൽ കേരളത്തിൽ എൽഡിഎഫ് സർക്കാർ കേരള പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കിയത്. എല്ലാതരത്തിലുമുള്ള അസമത്വങ്ങൾക്കും അനീതിക്കുമെതിരെ ക്രിയാത്മകമായി പ്രതികരിക്കുകയും മാനവികതയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിമർശനാത്മക ബോധനശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുമാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കിയത്.

എന്നാൽ, 2011ൽ അധികാരത്തിൽ വന്ന യുഡിഎഫ്‌ സർക്കാർ 2007ൽ നിലവിൽ വന്ന കേരള സ്കൂൾ പാഠ്യപദ്ധതിയെയും അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പാഠപുസ്തകങ്ങളെയും മാറ്റിമറിക്കുകയാണുണ്ടായത്. സർക്കാർ മാറുന്നതിനനുസരിച്ച് മാറേണ്ടതല്ല പാഠ്യപദ്ധതി എന്ന തിരിച്ചറിവ് യുഡിഎഫ് സർക്കാരിനുണ്ടായില്ല.

ഇപ്പോൾ ദേശീയാടിസ്ഥാനത്തിൽത്തന്നെ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആറ് മാസത്തിനുള്ളിൽ സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ ദേശീയ പാഠ്യപദ്ധതിചട്ടക്കൂട് രൂപപ്പെടുത്തിയതിനുശേഷം സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്ന രീതിയാണ് അനുവർത്തിച്ചിരുന്നത്. പതിവിനു വിപരീതമായി സംസ്ഥാനങ്ങളോട് ആദ്യം നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെടുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. കോവിഡിനെ മറയാക്കി ദേശീയ വിദ്യാഭ്യാസനയം 2020ന്റെ ചുവടുപിടിച്ച് തങ്ങളുടെ ഹിന്ദുത്വ അജൻഡ വിദ്യാഭ്യാസരംഗത്തേക്കുകൂടി മറയില്ലാതെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ ചുവടുമാറ്റത്തെ കാണേണ്ടത്.


 

സ്വതന്ത്ര ഇന്ത്യയിലെ ഒന്നാമത്തെ വിദ്യാഭ്യാസനയം 1968ലും രണ്ടാമത്തേത് 1986ലുമാണ് പ്രഖ്യാപിച്ചത്. ഒട്ടേറെ പരിമിതികളും വിമർശങ്ങളും ഉണ്ടായെങ്കിലും വിദ്യാഭ്യാസരംഗത്ത് ദേശീയ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാനും 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് അവസരം നൽകാനും മതനിരപേക്ഷത, ദേശീയ ഉദ്ഗ്രഥനം, മാനവികത, സ്ഥിതിസമത്വം തുടങ്ങിയവ ഉയർത്തിപ്പിടിക്കാനും വൈവിധ്യങ്ങൾ അംഗീകരിക്കാനും ഒന്നും രണ്ടും വിദ്യാഭ്യാസനയങ്ങൾ ശ്രദ്ധിച്ചിരുന്നു.

മാരകപ്രഹരമുള്ള ചേരുവകളാണ് ഇപ്പോൾ ദേശീയ വിദ്യാഭ്യാസനയത്തിൽ ചേർത്തിട്ടുള്ളത്. സൗജന്യ വിദ്യാഭ്യാസം എന്ന ആശയംതന്നെ ബോധപൂർവം ഒഴിവാക്കുകയും സാർവത്രിക വിദ്യാഭ്യാസത്തിന്റെ പേരിൽ സമാന്തര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. സമാന്തരവിദ്യാഭ്യാസവും ബദൽ സ്കൂളുകളും കടന്നുവരുന്നതോടെ ഗുണമേന്മയുള്ളതും സാങ്കേതികമേന്മയുള്ളതുമായ വിദ്യാഭ്യാസം കുട്ടികൾക്ക് നഷ്ടപ്പെടുമെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമാണ്. എന്നിട്ടും സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾ കണക്കിലെടുക്കാതെയാണ് കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസയം 2020 ഏകപക്ഷീയമായി പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷ, മൂല്യനിർണയരീതി എന്നിവയെല്ലാം പുതിയ നയത്തിലൂടെ മാറ്റിമറിക്കാൻ ശ്രമിക്കുകയാണ്. ഒരു സ്കൂൾ ഒരു യൂണിറ്റ് എന്നത് മാറ്റി സ്കൂൾ കോംപ്ലക്സുകളും ക്ലസ്റ്ററുകളും എന്ന പുതിയ നിർദേശം നടപ്പാക്കാൻ ശ്രമിക്കുന്നതിലൂടെ അയൽപക്ക സ്കൂൾ എന്ന ആശയം ഇല്ലാതാവുകയും ഒറ്റപ്പെട്ടതും കുട്ടികൾ കുറവുള്ളതുമായ വിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയും സംജാതമാകും.

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപപ്പെടുന്നതിനുമുമ്പേതന്നെ സംസ്ഥാനങ്ങളുടെ പാഠ്യപദ്ധതി രേഖ തയ്യാറാക്കി നൽകാൻ കേന്ദ്രസർക്കാർ നിർബന്ധിക്കുന്നത് തികച്ചും ദുഷ്ടലാക്കോടെയാണ്. കേരളത്തിൽ 2013ലാണ് ഏറ്റവും അവസാനമായി പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്കരിച്ചത്. ഈ സാഹചര്യത്തിൽ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും അറിവിന്റെ മേഖലകളിലും ബോധനരീതികളിലും സംഭവിച്ചിട്ടുള്ള എല്ലാവിധ മാറ്റങ്ങളെയും ഉൾക്കൊണ്ട് ആധുനിക കാഴ്ചപ്പാടിനനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കാൻ കേരളത്തിലും നടപടി സ്വീകരിക്കേണ്ടതുണ്ട്. പാഠ്യപദ്ധതി പരിഷ്കരണത്തിന് തയ്യാറെടുക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ മൗലികവും അക്കാദമികവുമായ നിലപാടുകൾ, സമീപനരീതി, വിനിമയരീതി, മൂല്യനിർണയരീതി, സമകാലീന സംഭവങ്ങളോടുള്ള സമീപനം, പാഠപുസ്തകങ്ങൾ, ഡിജിറ്റൽ വിഭവ സാധ്യതകൾ, മറ്റ് പഠനബോധന സാമഗ്രികൾ എന്നിവയെല്ലാം പ്രധാനമാണ്. പ്രാദേശിക സമ്പദ്ഘടനയെ ശക്തിപ്പെടുത്തിക്കൊണ്ട് പുതിയ വിജ്ഞാന സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ ഉപകരിക്കുന്ന സാമൂഹ്യ രേഖയായി പാഠ്യപദ്ധതിയെ മാറ്റിയെടുക്കാൻ നമുക്ക് കഴിയണം.

പുതിയ കാലത്തിന് അനുയോജ്യമായ തരത്തിൽ അഭികാമ്യമായ മാറ്റങ്ങളോടെയാകണം പാഠ്യപദ്ധതിയും തുടർന്ന് പാഠപുസ്തകങ്ങളും രൂപപ്പെടുത്തേണ്ടത്. ശാസ്ത്ര സാങ്കേതിക രംഗത്തും വിവര വിനിമയ രംഗത്തും ഇതിനകം ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും പുതിയ കാലത്തിന് അനുയോജ്യമായി പ്രവർത്തിച്ച് മുന്നേറാനുമുള്ള കഴിവ് ആർജിക്കാൻ കഴിയുന്ന തരത്തിൽ നിരന്തരമായ നവീകരണത്തിന് സഹായകമാകണം പാഠ്യപദ്ധതി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ വിദ്യാഭ്യാസ സംസ്ഥാനമായി കേരളം ഇതിനകം മാറിക്കഴിഞ്ഞു. സാങ്കേതികവിദ്യാ സൗഹൃദമാണ് ഇന്ന് നമ്മുടെ ക്ലാസ് മുറികളെല്ലാം. ഈ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിന് സഹായകമായതരത്തിൽ ആധുനിക സാങ്കേതികവിദ്യയെ പാഠ്യപദ്ധതിയിൽ ഉൾച്ചേർക്കാൻ ശ്രദ്ധിക്കണം.

തൊഴിൽ സംസ്കാരം വിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറേണ്ടതുണ്ട്. കേരളത്തിൽ ലഭ്യമായ തൊഴിൽസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ ശാസ്ത്രീയമായി വൈവിധ്യവൽക്കരണത്തോടെ തൊഴിൽവിദ്യാഭ്യാസത്തെ പാഠ്യപദ്ധതിയുമായി കോർത്തിണക്കാൻ കഴിയണം. സ്കൂളിലെത്താൻ കഴിയാത്തതിന്റെയും ഒരുമിച്ച് ചേരാൻ കഴിയാത്തതിന്റെയും ആകുലതയിലാണ് കുട്ടികൾ. വൈകാരികമായും മാനസികമായും കുട്ടികളെ പഠനപരിസരവുമായി ബന്ധപ്പെടുത്താനും തികഞ്ഞ ആത്മവിശ്വാസത്തോടെ പഠനപാതയിൽ ഉറപ്പിച്ചുനിർത്താൻ കഴിയുന്ന തരത്തിൽ പാഠ്യപദ്ധതി മാറ്റപ്പെടണം. വിനിമയരീതിയിലും മാറ്റം വരുത്തിയ പരിശീലനങ്ങൾ അധ്യാപകർക്കായി ഒരുക്കേണ്ടതുണ്ട്. ക്ലാസുകളിൽ നൂതനമായ അറിവ് സൃഷ്ടിക്കുന്ന കുട്ടിയെ വളർത്തിയെടുക്കാൻ കഴിയുന്ന പ്രക്രിയാ ബന്ധിതമായ ക്ലാസ് മുറികൾ രൂപപ്പെടുത്താൻ പാകത്തിലുള്ള പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുമാണ് നമുക്കാവശ്യം.

(കെഎസ്ടിഎ ജനറൽ സെക്രട്ടറിയാണ്‌ 
ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top