19 April Friday

രണസ്‌മരണകളിൽ ചുവന്ന്‌ ഒഞ്ചിയം - പി മോഹനൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 30, 2022

ഒഞ്ചിയം രക്തസാക്ഷിത്വം 75–-ാം വർഷത്തിലേക്ക് കടക്കുകയാണ്. 2022 ഏപ്രിൽ 30 മുതൽ 2023 ഏപ്രിൽ 30 വരെ ഒരു വർഷം നീളുന്ന രക്തസാക്ഷി ആചരണ പരിപാടികൾക്കാണ് സിപിഐ എം രൂപം കൊടുത്തിരിക്കുന്നത്. സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ കത്തിജ്വലിച്ചുനിന്ന കുറുമ്പ്രനാട്ടിലെ ചോരയിൽ കുതിർന്ന പോരാട്ടങ്ങളുടെ ഉശിരാർന്ന സ്മരണയാണ് ഒഞ്ചിയം രക്തസാക്ഷിത്വം.

1948 ഏപ്രിൽ 30നാണ് ഒഞ്ചിയം എന്ന കമ്യൂണിസ്റ്റ് ഗ്രാമത്തിൽ  മലബാർ പൊലീസ് കമ്യൂണിസ്റ്റ് വിപ്ലവകാരികളെ തേടി നരനായാട്ടു നടത്തിയത്. കൽക്കത്ത കോൺഗ്രസിന്റെ തീരുമാനങ്ങൾ റിപ്പോർട്ടുചെയ്യാൻ ഒഞ്ചിയത്ത് കുറുമ്പ്രനാട് താലൂക്ക് പാർടിയോഗം നടക്കുന്നുവെന്ന വിവരമറിഞ്ഞാണ്  പൊലീസ് ഇരച്ചെത്തിയത്. ദേശരക്ഷാ സംഘമെന്ന പേരിൽ പ്രവർത്തിച്ചിരുന്ന ജന്മി പ്രമാണിവർഗത്തിന്റെ ഗുണ്ടാസംഘങ്ങളുടെ സഹായത്തോടെയായിരുന്നു ഒഞ്ചിയത്തെ നരഹത്യ. നിരപരാധികളെ കസ്റ്റഡിയിലെടുക്കുന്നതിനെതിരെ ഉയർന്നുവന്ന പ്രതിഷേധ സമരമുഖത്താണ് വെടിവയ്‌പുണ്ടായത്. എട്ട്‌ സഖാക്കൾ പിടഞ്ഞുവിണു. അളവക്കൻ കൃഷ്ണൻ, മേനോൻ കണാരൻ, പുറവിൽ കണാരൻ, പാറോള്ളതിൽ കണാരൻ, കെ എം ശങ്കരൻ, സി കെ ചാത്തു, വി പി ഗോപാലൻ, വട്ടക്കണ്ടി രാഘൂട്ടി... ഈ രണധീരരുടെ മൃതദേഹം ഒഞ്ചിയത്തെ പൊടിമണലിൽ ചോരയിൽ കുതിർന്നുകിടന്നു. മൃതദേഹങ്ങൾ ലോറിയിൽ കയറ്റി വടകരയ്ക്ക് കൊണ്ടുപോകുകയായിരുന്നു. വൈകിട്ട് പുറങ്കര കടപ്പുറത്ത് ഒറ്റക്കുഴിവെട്ടി മൂടി. സഖാക്കൾ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും മൃഗീയമായ മർദനത്തെ തുടർന്ന് രക്തസാക്ഷികളായി.

ഒഞ്ചിയമടക്കം സ്വാതന്ത്ര്യത്തിനുമുമ്പും സ്വാതന്ത്ര്യാനന്തരവും കർഷകരും തൊഴിലാളികളും കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ നേതൃത്വത്തിൽ നടത്തിയ സമരങ്ങളുടെയും രക്തസാക്ഷിത്വത്തിന്റെയും ഫലമായിരുന്നു 1957ലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ അധികാരാരോഹണം. ആദ്യ  ഇ എം എസ് സർക്കാരാണ് ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവും നടപ്പാക്കി  നവകേരളത്തിന് അടിത്തറയിട്ടത്. ഇന്ന്‌ നവകേരളത്തിനായുള്ള പ്രവർത്തനങ്ങളുമായി  പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ്‌ സർക്കാരും മുന്നോട്ടുപോകുന്നു. ബിജെപിയും കോൺഗ്രസും പിൻപറ്റുന്ന കോർപറേറ്റ് അനുകൂല നയങ്ങൾക്ക് ബദൽ സൃഷ്ടിക്കുകയാണ് കേരളം. എല്ലാവർക്കും ഭക്ഷണവും കുടിവെള്ളവും വീടും വൈദ്യുതിയും തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതാണ്‌ ആ നയം.

25 വർഷംകൊണ്ട് വികസിത സമൂഹങ്ങൾക്ക് സമാനമായ ജീവിതസൗകര്യങ്ങളിലേക്ക് കേരളത്തെ ഉയർത്താനുള്ള നവകേരള  വികസനരേഖ സിപിഐ എം മുന്നോട്ടുവച്ചിരിക്കുകയാണ്. ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 74–-ാം വാർഷികത്തിൽ നവകേരള നിർമിതിക്കായുള്ള പ്രവർത്തനങ്ങളെ നമുക്ക് മുന്നോട്ടുകൊണ്ടുപോകാനാകണം.  ബിജെപി –-കോൺഗ്രസ് നേതൃത്വങ്ങളുടെ ഭാഗത്തുനിന്നുള്ള കുത്തിത്തിരിപ്പുകളെ  ജനങ്ങളെ അണിനിരത്തി അതിജീവിക്കാനാകണം. മഹാമാരി സൃഷ്ടിച്ച ജീവിത പ്രതിസന്ധിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും  നടുവിലകപ്പെട്ട സന്ദർഭത്തിലാണ് നാം ഒഞ്ചിയം രക്തസാക്ഷികളെ അനുസ്മരിക്കുന്നത്. 1930കളിലും 1940കളിലും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തുടർച്ചയിൽ കേരളത്തിൽ പ്രവർത്തനോത്സുകമായ കമ്യൂണിസ്റ്റ് പാർടി മഹാമാരികളെയും പകർച്ചവ്യാധികളെയും പ്രതിരോധിച്ചാണ് ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്നത്. 1939ൽ രൂപംകൊണ്ട ഒഞ്ചിയത്തെ ആദ്യത്തെ കമ്യൂണിസ്റ്റ് പാർടി സെല്ലിലെ പ്രവർത്തകരും അവരിൽനിന്ന് ഉയർന്നുവന്ന സഖാവ് മണ്ടോടി കണ്ണനും കോളറയും വസൂരിയുമൊക്കെ പടർന്ന കാലത്ത് ജനങ്ങളെ ശുശ്രൂഷിക്കുന്നതിലും സഹായിക്കുന്നതിലും മുൻനിരയിലായിരുന്നു.  അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുറന്നുകാണിച്ചുകൊണ്ട് വസൂരിയും കോളറയും പിടിച്ച മനുഷ്യർക്കിടയിൽ സധൈര്യം കടന്നുചെന്ന് അവരെ സഹായിച്ചു. അവരുടെ ത്യാഗോജ്വല  പ്രവർത്തനമാതൃകകളാണ് കോവിഡ്‌ വ്യാപനം തീവ്രമായ നാളുകളിൽ  സന്നദ്ധപ്രവർത്തനങ്ങളേറ്റെടുക്കാൻ പാർടി അംഗങ്ങളെ പ്രാപ്‌തരാക്കിയത്.


 

കോവിഡിനെ അവസരമാക്കി സമ്പദ്ഘടനയുടെ എല്ലാ മേഖലയെയും കോർപറേറ്റ്‌ വൽക്കരിക്കുകയാണ് കേന്ദ്രസർക്കാർ. തീവ്രവ്യാപനത്തെ അവസരമാക്കി മിതമായ വിലയ്‌ക്ക് വാക്സിൻ ലഭ്യമാക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന്  ഒഴിഞ്ഞുമാറിയതും നാം കണ്ടു. ഇപ്പോഴാകട്ടെ എൽഐസിയടക്കം രാജ്യത്തിന്റെ  ശക്തിസ്‌തംഭങ്ങളായ  ആസ്‌തികളെല്ലാം കോർപറേറ്റുകൾക്ക് തീറെഴുതുകയാണ് . പെട്രോൾ, ഡീസൽ, മണ്ണെണ്ണ വിലകൾ തുടർച്ചയായി വർധിപ്പിച്ചും  ജനങ്ങളെ കൊള്ളയടിക്കുന്നു. സംഘപരിവാർ സംഘടനകളും കേന്ദ്രസർക്കാരും ഇസ്ലാമാഫോബിയ  രാഷ്ട്രതന്ത്രമാക്കി ന്യൂനപക്ഷവേട്ടയും തീവ്രമാക്കി. ജഹാംഗിർപുരിയിൽ പാവപ്പെട്ട മുസ്ലിങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ ബുൾഡോസറുകൾ കെട്ടിടങ്ങൾ ഇടിച്ചുനിരത്തുന്നതാണ് നാം കണ്ടത്.  ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ സിപിഐ എം, ബുൾഡോസർ രാജിനെ പ്രതിരോധിച്ചത് രാജ്യമെമ്പാടുമുള്ള മതനിരപേക്ഷ ജനാധിപത്യശക്തികൾക്കും ന്യൂനപക്ഷങ്ങൾക്കും ആത്മവിശ്വാസം പകർന്ന സംഭവമാണ്.

ബൂർഷ്വാ ഭൂപ്രഭുവർഗങ്ങൾക്കെതിരായി സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും ഇന്ത്യൻ ജനത നടത്തിയ ഐതിഹാസിക  പോരാട്ടചരിത്രത്തിലെ ഉജ്വല  അധ്യായമാണ് ഒഞ്ചിയം  സഖാക്കളുടെ രക്തസാക്ഷിത്വം. ഒഞ്ചിയത്തെ പൊടിമണലിൽ എട്ട് സഖാക്കളെ വെടിവച്ചിട്ട കോൺഗ്രസ് പ്രതിനിധാനംചെയ്‌ത അതേനയവും  താൽപ്പര്യങ്ങളുമാണ് മോദി സർക്കാർ പ്രതിനിധാനംചെയ്യുന്നത്. ബിജെപിയും കോൺഗ്രസും കോർപറേറ്റുകളും ഇടതുപക്ഷപ്രസ്ഥാനത്തെ അന്നെന്നപോലെ ഇന്നും വേട്ടയാടുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ്‌–- ബിജെപിയും രഹസ്യധാരണയുണ്ടായെന്നത്‌  കോൺഗ്രസ്–-ലീഗ് നേതാക്കൾതന്നെ പരസ്യപ്പെടുത്തി. ഇപ്പോൾ സിൽവർ ലൈൻ ഉൾപ്പെടെ  വികസനപദ്ധതികൾക്കെതിരെ ബിജെപിയും യുഡിഎഫും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് കലാപം അഴിച്ചുവിടാൻ നോക്കുകയാണ്. ഒഞ്ചിയത്തിന്റെ വീരസ്‌മരണ പുതുക്കുമ്പോൾ ഈ സമകാലിക സാഹചര്യത്തെ ജാഗ്രതയോടെ വിലയിരുത്താനാകണം.  ചരിത്രത്തെ ജീവരക്തത്താൽ  ചുവപ്പിച്ച ഒഞ്ചിയം രക്തസാക്ഷികൾ എന്നും കമ്യൂണിസ്റ്റ് വിപ്ലവകാരികൾക്ക് വഴികാട്ടുന്നവരാണ്. 1940കളിൽ പ്രകടമായ കമ്യൂണിസ്റ്റ് വേട്ടയുടെ ശൈലിയാണ് ഹിന്ദുത്വവാദികളും മൗദൂദിസ്റ്റുകളും കോൺഗ്രസും ഇന്നും തുടരുന്നത്. ഒഞ്ചിയം രക്തസാക്ഷികളുടെ ധീരസ്മരണകൾക്ക്‌ മുന്നിൽ  രക്തപുഷ്പങ്ങൾ അർപ്പിച്ച്‌ , വലതുപക്ഷ പ്രചാരണങ്ങൾക്കും കുത്തിത്തിരിപ്പുകൾക്കുമെതിരെ പോരാടുമെന്ന് നമുക്ക് പ്രതിജ്ഞചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top