14 August Sunday

ഒമിക്രോണിന്‌ വഴിതുറന്നത് എങ്ങനെ

ഡോ. എസ് എസ് സന്തോഷ് കുമാര്‍Updated: Tuesday Dec 7, 2021

കോവിഡ് ലോകമെമ്പാടുമുള്ള ജനതയെ പിടിച്ചുലച്ചപ്പോൾ വാക്സിൻ വരട്ടെ എല്ലാത്തിനും പരിഹാരമാകുമെന്നായിരുന്നു നമ്മുടെ ചിന്ത. വാക്സിൻ വന്നു. പക്ഷേ, കാര്യങ്ങൾക്ക് ഉദ്ദേശിച്ചതുപോലെ പരിഹാരമായില്ലെന്നതാണ് പുറത്തുവരുന്ന വാർത്തകൾ മനസ്സിലാക്കിത്തരുന്നത്. ഡെൽറ്റാ വകഭേദത്തിനുപിന്നാലെ തീവ്രവ്യാപനശേഷിയുമായി ഒമിക്രോൺകൂടി എത്തിയതോടെ വാക്സിനേഷൻ കൊണ്ടൊന്നും പ്രയോജനമില്ലെന്ന മട്ടിലുള്ള പ്രചാരണങ്ങൾ ഉയർന്നു. പക്ഷേ, നാം കാണുന്നതിനുമപ്പുറം മറ്റ് പലതുമാണ് വാസ്തവം. മഹാമാരികളുടെ രാഷ്ട്രീയത്തിലേക്ക് ചുഴിഞ്ഞിറങ്ങേണ്ടി വരുന്നത് അപ്പോഴാണ്. വാക്സിൻ തുല്യതയില്ലായ്മയുടെ സന്തതിയാണ് യഥാർഥത്തിൽ ഒമിക്രോൺ. ദക്ഷിണാഫ്രിക്കയിലെ ലാബിൽ ഒമിക്രോൺ വകഭേദത്തെ കണ്ടെത്തുമ്പോൾ ലോകം പതിവുപോലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിരിഞ്ഞു. ഒമിക്രോൺ പ്രധാനമായും കാണുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലാണെന്നതും പലതരത്തിലുള്ള ചർച്ചകൾക്കാണ് വഴിതെളിച്ചത്. എല്ലായിടവും സുരക്ഷിതമാകുംവരെ ഒരിടവും സുരക്ഷിതമല്ലെന്ന ആപ്തവാക്യം നാം സൗകര്യപൂർവം മറന്നു.

ഇനിയുമേറെ രാജ്യങ്ങൾ കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിൽ വളരെ പിന്നിലാണെന്ന യാഥാർഥ്യം കാണാതിരുന്നുകൂടാ. അതിലൊരിടമാണ് ദക്ഷിണാഫ്രിക്കയും. ലോകത്തെ മുഴുവൻ പേരും വാക്സിനെടുത്താൽമാത്രമേ നാം സുരക്ഷിതരാകൂയെന്നതാണ് വസ്തുത. ആഫ്രിക്കയിൽ ഇപ്പോഴും 11 ശതമാനം ആളുകൾക്കേ ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുള്ളൂ. രണ്ടു ഡോസും കിട്ടിയത് ഏഴു ശതമാനം പേർക്ക്.  ഡെൽറ്റാ വകഭേദം പൊതുവേ ഇന്ത്യൻ വകഭേദമായാണ് വിലയിരുത്തപ്പെടുന്നത്. രോഗം വന്നാൽ മരിക്കാനുള്ള സാധ്യതപോലും അതിന്‌ കൂടുതലായിരുന്നു. പകർച്ചാശേഷിയും വാക്സിനെടുത്തവർക്ക് രോഗം വരാനുള്ള സാധ്യതയുമൊക്കെ ആദ്യത്തേതിനേക്കാൾ കൂടുതൽ. ഇന്ത്യ വാക്സിനേഷൻ തുടങ്ങാൻ വൈകിയതുതന്നെയാണ് ഡെൽറ്റാ വകഭേദം ഉണ്ടാകാനുള്ള പ്രധാന കാരണം. വൈറസിന് പകരാനുള്ള അവസരവും ധാരാളമായി ഉണ്ടായി. വൈറസ് എത്രമാത്രം പെരുകുന്നുവോ അത്രയും വകഭേദങ്ങളുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
കോവിഡ് ലോകത്തെ കീഴടക്കിത്തുടങ്ങിയപ്പോഴേ വാക്സിൻ ഗവേഷണങ്ങൾ ആരംഭിച്ചതാണ്. അധികം വൈകാതെ കണ്ടെത്തുകയും ചെയ്തു. വിവിധ വാക്സിനുകൾ ഉൽപ്പാദിപ്പിക്കപ്പെട്ടപ്പോഴും ഇന്ത്യയിലെത്താൻ വൈകി. ഫൈസറും മൊഡേണയും സ്‌പുട്നിക്കും ചൈനീസ് വാക്സിനുമൊക്കെ ലഭ്യമായിരുന്നിട്ടും അതൊന്നും ഇന്ത്യ വാങ്ങാൻ തയ്യാറായില്ല. തുടക്കത്തിൽത്തന്നെ ഇവ വാങ്ങി ആളുകളെ വാക്സിനേറ്റ് ചെയ്ത രാജ്യങ്ങളിലൊന്നും ഡെൽറ്റാ വകഭേദം വലിയ സംഹാരതാണ്ഡവം ആടിയില്ല. പക്ഷേ, ഇന്ത്യയിൽ അതായിരുന്നില്ല സ്ഥിതി. ഡെൽറ്റാ വകഭേദത്തിന്റെ വ്യാപനം പകുതിയോളമെത്തിയപ്പോഴാണ് നാം വാക്സിനേഷൻ തുടങ്ങുന്നതുപോലും. യുഎഇ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങളിലൊക്കെ അപ്പോഴേക്കും ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. സമ്പന്ന രാജ്യങ്ങൾ വാക്സിൻ വാരിക്കൂട്ടി.

ദീർഘകാല രോഗങ്ങളുള്ളവരിൽ വൈറസിന് ജനിതകവ്യതിയാനം ഉണ്ടാകാൻ സാധ്യതയേറെയാണ്. അത് ദക്ഷിണാഫ്രിക്കയിൽ ഉണ്ടായതാണെന്നു പറയാനാകില്ല. ആഫ്രിക്കയിലെവിടെയോ എന്നേ പറയാനാകൂ. ഡെൽറ്റയേക്കാൾ വേഗം സഞ്ചരിക്കാനും വാക്സിനെടുത്തവർക്ക് രോഗം വരാനുള്ള സാധ്യതയും ഒമിക്രോണിന് കൂടുതലാണ്. രോഗതീവ്രത കുറവെന്നതുമാത്രമാണ് ഏക ആശ്വാസം. ഒരു വാക്സിനും എടുക്കാത്തവരെ എങ്ങനെയാണ് ബാധിക്കുകയെന്ന് ഇപ്പോൾ പറയാനാകില്ല. ദരിദ്ര രാജ്യങ്ങളുടെ കാര്യത്തിൽ വാക്സിനേഷന് നിരവധി പ്രശ്നങ്ങളാണുള്ളത്. പരിഹാരമാർഗങ്ങൾ പലതുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാക്കിക്കാണുന്നില്ല. പരിശോധനയുടെ തോത് വർധിപ്പിക്കണമെങ്കിൽ എല്ലാ രാജ്യത്തിനും അതിനുള്ള ശേഷിയും സംവിധാനങ്ങളും മനുഷ്യവിഭവശേഷിയുമുൾപ്പെടെ ഉണ്ടാകണം. ദക്ഷിണാഫ്രിക്കയിലൊഴികെ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതൊക്കെ എത്രമാത്രമുണ്ടെന്ന് വ്യക്തമല്ല. ഇന്ത്യക്കടക്കം ഇത് ബാധകമാണ്. പെട്ടെന്ന് രോഗം പൊട്ടിപ്പുറപ്പെട്ടാൽ ഇത്തരം കാര്യങ്ങൾ നിർണയിക്കാനുള്ള സംവിധാനങ്ങൾ വേണം.
വാക്സിനേഷന് ആവശ്യമായ ശേഷിയും പല രാജ്യങ്ങളിലും വർധിപ്പിക്കേണ്ടതുണ്ട്. കോൾഡ് ചെയിൻ നിലനിർത്താനുള്ള സംവിധാനങ്ങൾ പ്രധാനമാണ്. വൈദ്യുതി, റഫ്രിജറേറ്ററുകൾ തുടങ്ങി പലതും ദരിദ്രരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ബാലികേറാമലകളാണ്. അതിനുള്ള പരിഹാരം കാണാൻ സമ്പന്ന രാജ്യങ്ങൾകൂടി മനസ്സുവയ്‌ക്കേണ്ടതുണ്ട്.

വാക്സിനെടുക്കാൻ പല കാരണത്താൽ വിമുഖത കാണിക്കുന്നവർ ചില രാജ്യങ്ങളിൽ വളരെക്കൂടുതലാണ്.  ഇനിയും ആവശ്യത്തിന്‌ വാക്സിൻ ലഭ്യമാകാത്ത രാജ്യങ്ങൾക്ക് അതു കിട്ടാൻ പല മാർഗങ്ങളുണ്ട്. സമ്പന്നരാജ്യങ്ങൾ അവർക്ക് കൊടുക്കുകയാണ് അതിലേറ്റവും പ്രധാനം. അതിനൊരു ഏകോപനവും വേണ്ടിവരും. ലോകാരോഗ്യസംഘടനയുടെ ഭാഗത്തുനിന്ന് അത്തരമൊരു ശ്രമം ഇതുവരെ ഉണ്ടായിട്ടില്ല. സമ്പന്ന രാജ്യങ്ങളുടെ ഓർഡറുകൾക്കാണ് മിക്കവാറും വാക്സിൻ കമ്പനികൾ മുൻതൂക്കം നൽകുക.

ദരിദ്രരാജ്യങ്ങൾ പണംകൊടുത്തു വാങ്ങാൻ തീരുമാനിച്ചാലും വാക്സിൻ ലഭിക്കാത്ത അവസ്ഥയാണ്. വാക്സിനേഷൻ കഴിഞ്ഞ രാജ്യങ്ങൾ തങ്ങളുടെ ഓർഡറുകളും മറ്റും പിൻവലിച്ചാൽ ദരിദ്രരാജ്യങ്ങൾക്ക് കുറേക്കൂടി പരിഗണന ലഭിക്കും. വാക്സിനുണ്ടാക്കാനുള്ള ശേഷി സൃഷ്ടിച്ചുകൊടുക്കുകയാണ് മറ്റൊന്ന്. പേറ്റന്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊക്കെ ഇളവ്‌ വേണ്ടിവരും. ലോകാരോഗ്യസംഘടനയും മറ്റും ഇതിനു ശ്രമിക്കുന്നുണ്ടെങ്കിലും പ്രാവർത്തികമാകുന്നില്ല. ലാഭം കിട്ടാതായേക്കുമെന്നതിനാലാണ് പേറ്റന്റ് നിയമത്തിൽ ഇളവനുവദിച്ച് എല്ലായിടത്തും വാക്സിൻ ലഭ്യമാക്കാനുള്ള നീക്കത്തിന് ചിലർ തടയിടുന്നത്. വാക്സിൻ കുറഞ്ഞ വിലയ്ക്ക് ഉൽപ്പാദിപ്പിച്ച് എല്ലാവർക്കും നൽകിയില്ലെങ്കിൽ ഇനിയും പുതിയ വകഭേദങ്ങളുണ്ടായി എല്ലാവരെയും ബാധിക്കും. വാക്സിനെ അതിജീവിക്കുന്ന വകഭേദംപോലും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. സമ്പൂർണ വാക്സിനേഷൻ നടന്നിട്ടുള്ള രാജ്യങ്ങളെപ്പോലും അത്‌ ഗുരുതരമായി ബാധിച്ചേക്കാമെന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. ആഫ്രിക്കയിൽ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തുമ്പോൾ അതിന് അവർക്കു മാത്രമല്ല, വാക്സിൻ വാരിക്കൂട്ടിയ, സ്വാർഥരായ സമ്പന്നരാഷ്ട്രങ്ങൾക്കുകൂടി ഉത്തരവാദിത്വമുണ്ടെന്ന കാര്യം നാം മറന്നുകൂടാ.

(തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ 
ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ടാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top