20 April Saturday

ഒമിക്രോൺ : അമിത ആശങ്ക വേണ്ട - ഡോ. ബി ഇക്ബാൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് വകഭേദം വലിയ ആശങ്കകളുയർത്തിയിരിക്കുകയാണ്. ബി 1.1.529 എന്ന ഈ വകഭേദത്തെ ഒമിക്രോൺ എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്തിട്ടുണ്ട്. കോവിഡിന് കാരണമായ സാർഴ്സ് കൊറോണ വൈറസ് 2 ആർഎൻഎ വൈറസായതുകൊണ്ട് ജനിതകമാറ്റത്തിലൂടെ (Mutations)വിവിധ ഭിന്നതരം (Variants) വൈറസുകളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വൈറസുകൾ മനുഷ്യരിൽ കടന്ന് പെരുകുന്നതിന്റെ ( (Replication) ) ഭാഗമായി പകരുമ്പോൾ ജനിതകഘടനയിൽ നേരിയമാറ്റം സംഭവിക്കാം. ഡിഎൻഎ വൈറസുകളുടെ കാര്യത്തിൽ ജനിതകവ്യതിയാനങ്ങളിലെ തെറ്റുതിരുത്താനുള്ള(പ്രൂഫ്‌ റീഡിങ്‌) സംവിധാനമുണ്ട്. എന്നാൽ, ആർഎൻഎ വൈറസുകളിൽ അതില്ല. അതുകൊണ്ടാണ് ആർഎൻഎ വൈറസുകൾ കൂടുതലായി ജനിതകമാറ്റത്തിന് വിധേയമാകുന്നത്. വൈറസുകളിൽ സംഭവിക്കുന്ന എല്ലാ ജനിതകവ്യതിയാനവും നിലനിൽക്കാറില്ല. വൈറസുകളുടെ എണ്ണം വർധിപ്പിക്കാനും മറ്റ് ജീവികളിലേക്ക് കടക്കാനും സഹായിക്കുന്ന വൈറസ് ഭേദങ്ങൾ നിലനിൽക്കും, മറ്റുള്ളവ ജൈവപരിണാമപ്രക്രിയയുടെ ഭാഗമായി നശിച്ചുപോകും.
ജനിതകമാറ്റത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന വൈറസുകളുടെ കാര്യത്തിൽ നാല് കാര്യം പരിഗണിക്കേണ്ടതുണ്ട്.

1.  പകർച്ചനിരക്ക് (Infectivity) ) കൂടുമോ
2.  രോഗരൂക്ഷതയും കാഠിന്യവും ( (Virulence) വർധിപ്പിക്കുമോ?
3.  പുതിയ വകഭേദങ്ങളെ ഇപ്പോഴുപയോഗിക്കുന്ന വൈറസ് പരിശോധനകളുപയോഗിച്ച് കണ്ടെത്താൻ കഴിയുമോ?
4.  ലഭ്യമായ വാക്സിനുകൾ ഇവയ്‌ക്കെതിരെ ഫലപ്രദമാകുമോ?

ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽനിന്ന്‌ വ്യത്യസ്ത ജനിതകഘടനയുള്ള മൂന്നുതരം കോവിഡ് വൈറസുകളാണ് ആദ്യഘട്ടത്തിൽ കണ്ടെത്തിയത്. പിന്നീട് നാലാമതൊരു ജനിതകമാറ്റംകൂടി ഇന്ത്യയിൽനിന്ന്‌ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2020 ഒക്ടോബർ 25ൽ ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ട ബി 1. 617 എന്ന വകഭേദം 2021 മാർച്ച് 29ന് സ്ഥിരീകരിക്കപ്പെട്ടു. പകർച്ചവ്യാധികൾ, രോഗാണുക്കൾ എന്നിവയ്‌ക്ക് രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ മൃഗങ്ങളുടെയോ പേരിടുന്നത് ഒഴിവാക്കണമെന്ന് 2015 മുതൽ ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടുവരികയാണ്. സ്ഥലജന്തുനാമങ്ങളിൽ രോഗമോ രോഗാണുക്കളോ അറിയപ്പെടുന്നത് ആ രാജ്യങ്ങളോടോ ജന്തുക്കളോടോ വിദ്വേഷം ജനിപ്പിക്കുന്നതിനും പതിത്വസമീപനങ്ങൾ (Stigma) ) വളർന്നുവരുന്നതിനും കാരണമാകുന്നുണ്ട്. ഇങ്ങനെ പേരിട്ടിട്ടുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കിനും വ്യാപാരവാണിജ്യ തടസ്സങ്ങൾക്കും മൃഗങ്ങളെ കൂട്ടത്തോടെ കൊല്ലുന്നതിനും മറ്റും ഇത്തരം പേരിടീൽ രീതികൾ കാരണമാകുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ്‌ ഇപ്പോൾ രാജ്യങ്ങളുടെ പേരിലറിയപ്പെടുന്ന വൈറസ് വകഭേദങ്ങൾക്ക് ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, ഒമിക്രോൺ എന്നീ പേരുകൾ ലോകാരോഗ്യസംഘടന നിർദേശിച്ചിട്ടുള്ളത്.


 

പകർച്ചനിരക്ക് (Infectivity) കൂടുതലുള്ള വൈറസ് ഭേദങ്ങളിവയെല്ലാമെന്നാണ് വിദഗ്ധരുടെ നിഗമനം. എന്നാൽ, രോഗരൂക്ഷത വർധിപ്പിക്കുമോയെന്ന കാര്യത്തിൽ ഭിന്നാഭിപ്രായമാണുള്ളത്. രോഗം കണ്ടെത്താനുള്ള പരിശോധനകളുപയോഗിച്ചുതന്നെ ഇത്തരം ജനിതകമാറ്റം സംഭവിച്ച വൈറസുകൾമൂലമുണ്ടാകുന്ന കോവിഡ് കണ്ടെത്താൻ കഴിയും. ലഭ്യമായ വാക്സിനുകൾ എല്ലാംതന്നെയും എല്ലാ ഭിന്നതരം വൈറസുകൾക്കും എതിരെ പ്രതിരോധശേഷിയുണ്ടാക്കുമെന്നാണ് നിഗമനം. എന്നാൽ, ഡെൽറ്റ വകഭേദം ഭാഗികമായ പ്രതിരോധം നേടിയിട്ടുള്ളതിനാൽ വാക്സിൻ സ്വീകരിച്ചവരിൽ രോഗമുണ്ടാക്കുന്നുണ്ട്. ഇതിനെ ബ്രേക്ക് ത്രൂ ഇൻഫെക്‌ഷൻ എന്നാണ് വിളിക്കുക. അതുപോലെ രോഗംവന്ന് മാറിയവരിൽ വീണ്ടും രോഗമുണ്ടാക്കാനും (റീ ഇൻഫെക്‌ഷൻ) ഡെൽറ്റ വൈറസുകൾക്ക് കഴിയും. എന്നാൽ, ബ്രേക്ക് ത്രൂ ഇൻഫെക്‌ഷൻ, റീ ഇൻഫെക്‌ഷൻ എന്നിവ ബാധിച്ചവരിൽ കടുത്ത രോഗലക്ഷണങ്ങൾ കാണുന്നില്ല. മാത്രമല്ല, ആരും മരിച്ചതായും റിപ്പോർട്ടില്ല. 2021 ജൂണോടെ ആവിർഭവിച്ച പുതിയ വൈറസ് വകഭേദമാണ് ഡെൽറ്റ പ്ലസ്. ഡെൽറ്റ വൈറസിന്റെ സ്വഭാവത്തിൽനിന്ന്‌ കാര്യമായ വ്യത്യാസം ഡെൽറ്റ പ്ലസ് വൈറസിനില്ല. ഇന്ത്യയിൽ ഇതുവരെ ഡെൽറ്റ പ്ലസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

പ്രസക്തവകഭേദങ്ങൾ
നിലവിലുള്ള രോഗനിർണയരീതികൾ, രോഗംവന്ന് ശമിച്ചവരിൽ രോഗപ്രതിരോധശേഷി അതിജീവിക്കാനുള്ള കഴിവ്, വ്യാപനസ്വഭാവം, തീവ്രത എന്നിവയുടെ അടിസ്ഥാനത്തിലും ചികിത്സയോടും രോഗനിർണയത്തോടും രോഗപ്രതിരോധത്തോടുമുള്ള പ്രതിശക്തിയുടെയും അടിസ്ഥാനത്തിൽ ലോകാരോഗ്യസംഘടന, പുതുതായി പ്രത്യക്ഷപ്പെടുന്ന വൈറസ് വകഭേദങ്ങളെ തരംതിരിച്ചിട്ടുണ്ട്. പ്രതികൂല പ്രത്യാഘാത സാധ്യതയുണ്ടെന്ന് സംശയിക്കുന്നവയെ പ്രസക്തവകഭേദം (VoI: Variants of Interest), അങ്ങനെ ഉറപ്പുള്ളവയെ ആശങ്കാവകഭേദം (VoC: Variants of Concern)) എന്നിങ്ങനെ വിളിക്കുന്നു. ചികിത്സയോടും പ്രതിരോധത്തോടും തീരെ പ്രതികരിക്കാത്തവയെ വൻപ്രത്യാഘാത വകഭേദങ്ങളെന്നും ((Variant of High Consequence)) വിശേഷിപ്പിക്കുന്നു. ഇതുവരെ വൻപ്രത്യാഘാത വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ വൈറസ്‌ വകഭേദങ്ങളെ ആശങ്കാ വകഭേദങ്ങളായാണ് കണക്കാക്കുന്നത്. ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തെ ഈ വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളത്.

ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ
ഒമിക്രോൺ വകഭേദത്തെ വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടന വിളിച്ച സാങ്കേതിക ഉപദേശകസമിതി (The Technical Advisory Group on SARS-CoV-2 Virus Evolution‌TAG-VE)) എത്തിയിട്ടുള്ള നിഗമനം ഒമിക്രോൺ വകഭേദത്തിന് രോഗവ്യാപനനിരക്ക് കൂടുതലാണെന്നാണ്. ആർടിപിസിആർ ടെസ്റ്റ് വഴിതന്നെ ഈ വകഭേദം കണ്ടെത്താൻ കഴിയും. ആർടിപിസിആർ ടെസ്റ്റിൽ കാണാൻ കഴിയുന്ന മൂന്ന് ജീനുകളിൽ എസ് ജീൻ ((S gene dropout)) ഒമിക്രോണിന്റെ കാര്യത്തിൽ ഉണ്ടാകില്ല. തന്മൂലം ജനിതകപഠനത്തിന് മുമ്പുതന്നെ ഒമിക്രോൺ വ്യാപിച്ചിട്ടുണ്ടോ എന്നറിയാൻ കഴിയും. ഒമിക്രോൺ വകഭേദത്തിന് ഇപ്പോൾ നൽകിവരുന്ന വാക്സിനുകളെ അതിജീവിക്കാനുള്ള കഴിവുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ നിഗമനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ലോകാരോഗ്യ സംഘടന നിരന്തരം നിരീക്ഷിച്ചു വരികയാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയിൽനിന്ന്‌ നൂറിനടുത്തും ബോട്ട്സ്വാന 4, ഹോങ്കോങ് 2, ബെൽജിയം, ഡെന്മാർക്ക്, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽനിന്ന്‌ ഒന്നുവീതവുമാണ്‌ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ നടപ്പാക്കാൻ ശ്രദ്ധിക്കുക മാത്രമാണ് ചെയ്യാനുള്ളത്. രോഗനിർണയ പരിശോധനകളും ജനിതകപഠനവും വ്യാപകമായി നടത്തേണ്ടതാണ്. അപകടസാധ്യത കൂടുതലുള്ളവർ കൂടുതൽ ശ്രദ്ധ കാട്ടേണ്ടതാണ്. ഒമിക്രോണിന്റെ കാര്യത്തിൽ കരുതൽ ശക്തിപ്പെടുത്തണം. എന്നാൽ, അമിതമായ ആശങ്ക വേണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തലിൽനിന്ന്‌ മനസ്സിലാക്കാൻ കഴിയുന്നത്. ഒന്നും രണ്ടും ഡോസ് വാക്സിനേഷൻ ത്വരിതഗതിയിൽ പൂർത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top