16 April Tuesday

ദുരന്തമായി റെയിൽവേയുടെ അമൃതകാലം

എം പ്രശാന്ത്‌Updated: Monday Jun 5, 2023

‘ഇന്ത്യൻ റെയിൽവേയിലെ യാത്ര ഇപ്പോൾ സുഖകരമായ അനുഭവമായി മാറുകയാണ്‌. സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലത്തിൽ വലിയ പുരോഗതിയാണ്‌ റെയിൽവേ കൈവരിക്കുന്നത്‌. ഓരോ വന്ദേഭാരത്‌ ട്രെയിനും ആധുനിക ഇന്ത്യയെ കോർത്തിണക്കുകയാണ്‌. രാജ്യത്തിന്റെ പുരോഗതിയുടെയും ആത്മനിർഭരതയുടെയും പ്രതീകമായി ഓരോ വന്ദേഭാരത്‌ ട്രെയിനും മാറുകയാണ്‌’–-ഇത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണ്‌. കഴിഞ്ഞ ജനുവരി 15ന്‌ സെക്കന്തരാബാദ്‌–- വിജയവാഡ വന്ദേഭാരത്‌ സർവീസിന്‌ തുടക്കമിട്ട്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വന്ദേഭാരതിന്റെയും അമൃത്‌ സ്‌റ്റേഷനുകളുടെയുമൊക്കെ തിളക്കത്തിൽ മോദി സർക്കാർ മറന്നുപോയ ഒന്നുണ്ട്‌–- യാത്രക്കാരുടെ സുരക്ഷ. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പായി പരമാവധി വന്ദേഭാരത്‌ ട്രെയിനുകൾ ഓടിക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമം.

സുരക്ഷയടക്കം റെയിൽവേയുടെ മറ്റ്‌ അടിയന്തര ആവശ്യങ്ങളെല്ലാം വന്ദേഭാരതിനായി മാറ്റിവയ്‌ക്കപ്പെടുകയാണ്‌. ഓരോ വർഷവും വർധിച്ചുവരുന്ന ട്രെയിൻ അപകടക്കണക്കുകൾ സർക്കാർ ഗൗരവത്തിൽ പരിഗണിച്ചതേയില്ല. സിഎജിയുടെ മുന്നറിയിപ്പും സിഗ്നലിങ്‌ സംവിധാനത്തിലെ ഗുരുതര പാളിച്ചകൾ ചൂണ്ടിക്കാട്ടിയുള്ള ഉന്നത ഉദ്യോഗസ്ഥന്റെ കത്തുമെല്ലാം റെയിൽ ഭവനിലെ ചവറ്റുകൊട്ടയിൽ സർക്കാർ തള്ളി. മുന്നൂറോളം പേരുടെ ജീവനെടുത്ത ഒഡിഷ ട്രെയിൻ ദുരന്തം റെയിൽ മേഖലയോട്‌ മോദി സർക്കാർ കാട്ടിയ കൊടിയ അനാസ്ഥയുടെ നേർച്ചിത്രമാണ്‌.

ബജറ്റ്‌ വെട്ടിത്തുടങ്ങി

പൊതുബജറ്റിന്‌ മുമ്പായുള്ള പ്രത്യേക റെയിൽ ബജറ്റ്‌ അവതരണം മോദി സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ അവസാനിപ്പിച്ചു. മറ്റ്‌ സർക്കാർ കണക്കുകളിൽനിന്ന്‌ റെയിൽവേയുടെ കണക്കുകൾ പ്രത്യേകമായി അവതരിപ്പിക്കുന്നത്‌ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ 1924 മുതലാണ്‌. സ്വാതന്ത്ര്യാനന്തരം അത്‌ തുടർന്നു. ജോൺ മത്തായിയാണ്‌ സ്വതന്ത്ര ഇന്ത്യയുടെ  ആദ്യ റെയിൽ ബജറ്റ്‌ അവതരിപ്പിച്ചത്‌. ഇന്ത്യ പോലൊരു ബൃഹത്‌ രാജ്യത്ത്‌ റെയിൽ സംവിധാനത്തിനുള്ള പ്രാധാന്യം മനസ്സിലാക്കിത്തന്നെയായിരുന്നു പ്രത്യേക ബജറ്റ്‌ അവതരണം സ്വാതന്ത്ര്യത്തിനുശേഷവും തുടർന്നത്‌. എന്നാൽ, 2016ൽ മോദി സർക്കാർ പ്രത്യേക റെയിൽ ബജറ്റ്‌ അവസാനിപ്പിച്ച്‌ പൊതുബജറ്റിന്റെ ഭാഗമാക്കി. ബിബേക്‌ ദേബ്‌റോയ്‌ സമിതിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. ഇതോടെ  റെയിൽവേയുടെ പ്രവർത്തനങ്ങൾ ഇഴകീറി പരിശോധിച്ചുള്ള പാർലമെന്റിലെ വിശദമായ റെയിൽ ബജറ്റ്‌ ചർച്ചയും ഇല്ലാതായി. രണ്ടു ലക്ഷ്യമായിരുന്നു സർക്കാരിന്‌. ഒന്ന്‌, തങ്ങളുടെ സ്വകാര്യവൽക്കരണ നീക്കങ്ങൾ പാർലമെന്റിലും മറ്റും ചർച്ചയാകാതിരിക്കുക. രണ്ട്‌, റെയിൽ നിരക്കുകളിലെ സുതാര്യത അവസാനിപ്പിച്ച്‌ ഫ്ലെക്‌സി സമ്പ്രദായവും മറ്റും നടപ്പാക്കുക.

നിയമന നിരോധനം 
ദോഷമായത്‌ റെയിൽവേക്ക്‌


നിയമനങ്ങൾ പരമാവധി വെട്ടിക്കുറയ്‌ക്കുകയെന്നത്‌ തീവ്ര സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി രണ്ടാം യുപിഎ സർക്കാർ തുടങ്ങിവച്ച നയമാണ്‌. മോദി സർക്കാർ ഇത്‌ കൂടുതൽ തീവ്രമായി നടപ്പാക്കി. ഏതാണ്ട്‌ 10 ലക്ഷത്തോളം സർക്കാർ തസ്‌തികയാണ്‌ നിലവിൽ ഒഴിഞ്ഞുകിടക്കുന്നത്‌. ഇതിൽ 3.14 ലക്ഷം തസ്‌തിക  റെയിൽവേയിലാണ്‌. സുരക്ഷാവിഭാഗത്തിലടക്കം പതിനായിരക്കണക്കിന്‌ തസ്‌തിക  ഒഴിഞ്ഞുകിടക്കുന്നു. ആവശ്യത്തിന്‌ ജീവനക്കാരില്ലാത്തതിനാൽ 15–-16 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യമാണ്‌ സുരക്ഷാവിഭാഗത്തിൽ അടക്കമുള്ളത്‌. വനിതാ ലോക്കോപൈലറ്റുമാർ അടക്കം 12 മണിക്കൂർവരെ തുടർച്ചയായി ജോലി ചെയ്യുന്നു. അമിത ജോലിഭാരം സ്വാഭാവികമായും റെയിൽവേയുടെ താളക്രമത്തെ ബാധിച്ചിട്ടുണ്ട്‌. എന്നാൽ, വന്ദേഭാരത്‌ തിരക്കിൽ മോദി സർക്കാർ ഇതൊന്നും ഗൗനിക്കുന്നേയില്ല.

അവഗണിക്കപ്പെട്ട മുന്നറിയിപ്പുകൾ


ട്രെയിനുകൾ തുടർച്ചയായി പാളംതെറ്റുന്നത്‌ ഗൗരവമായി പരിഗണിച്ച്‌ പരിഹാരം കാണണമെന്ന്‌ കഴിഞ്ഞ ഡിസംബറിൽ പാർലമെന്റിൽവച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതിന്റെ അപര്യാപ്‌തതയടക്കം പാളംതെറ്റലിന്റെ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്‌. ഇതിനുപുറമെ ഫെബ്രുവരിയിൽ സൗത്ത്‌–- വെസ്റ്റ്‌ റെയിൽ സോണിന്റെ പ്രിൻസിപ്പൽ ചീഫ്‌ ഓപ്പറേറ്റിങ്‌ മാനേജർ സിഗ്നലിങ്‌ സംവിധാനത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി സർക്കാരിന്‌ കത്തയച്ചിരുന്നു. യശ്വന്ത്‌പുർ–- നിസാമുദ്ദീൻ സമ്പർക്കക്രാന്തി എക്‌സ്‌പ്രസ്‌ സിഗ്നൽ തെറ്റി ഒരു ചരക്കുവണ്ടിയിൽ ഇടിക്കേണ്ടിയിരുന്ന സാഹചര്യം വിശദീകരിച്ചായിരുന്നു കത്ത്‌. ലോക്കോപൈലറ്റിന്റെ ജാഗ്രത കൊണ്ടുമാത്രമാണ്‌ വലിയൊരു അപകടം ഒഴിവായതെന്നും അടിയന്തരമായി സിഗ്നലിങ്‌ സംവിധാനങ്ങൾ പരിശോധനാ വിധേയമാക്കി പിഴവുകൾ തിരുത്തണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും ഗൗരവത്തിൽ പരിഗണിക്കപ്പെട്ടില്ല. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ കൊട്ടിഘോഷിച്ച്‌ സർക്കാർ നടപ്പാക്കിയ കവച്‌ സംവിധാനവും പാളുകയാണ്‌.

ലക്ഷ്യം 
അതിവേഗ 
സ്വകാര്യവൽക്കരണം

അധികാരത്തിൽ എത്തിയതുമുതൽ റെയിൽവേയുടെ സ്വകാര്യവൽക്കരണത്തിലാണ്‌ മോദി സർക്കാരിന്റെ ഊന്നൽ. പിപിപി മാതൃകയുടെ മറവിലാണ്‌ സ്വകാര്യവൽക്കരണത്തിന്റെ ഒളിച്ചുകടത്തൽ. 109 റൂട്ടുകളിൽ ഇതിനകം സ്വകാര്യ ട്രെയിനുകൾക്ക്‌ അനുമതിയായി. ഇതിൽ ആദ്യ ട്രെയിനുകൾ ഓടിത്തുതുടങ്ങിയിട്ടുണ്ട്‌. 2027 ഓടെ 151 സ്വകാര്യ ട്രെയിനുകൾ ഇന്ത്യൻ പാളങ്ങളിൽ ഓടും. സ്‌റ്റേഷനുകളുടെ നവീകരണമെന്നപേരിലും സ്വകാര്യവൽക്കരണം നടപ്പാക്കുകയാണ്‌. എയർപോർട്ടുകൾക്ക്‌ സമാനമായി റെയിൽവേ സ്‌റ്റേഷനുകളിലും യൂസർ ഫീ ഏർപ്പെടുത്തുന്നത്‌ സർക്കാർ ഗൗരവത്തിൽ പരിഗണിക്കുകയാണ്‌. സ്‌റ്റേഷനുകൾ അപ്പാടെ സ്വകാര്യ കമ്പനികൾക്ക്‌ കൈമാറാനും നീക്കമുണ്ട്‌. സാധാരണക്കാരുടെ ആശ്രയമായിരുന്ന  റെയിൽവേ സാവധാനത്തിൽ സമ്പന്നരുടെ ആഡംബര യാത്രയ്‌ക്കുള്ള വേദിയാകുകയാണ്‌. തസ്‌തികകൾ നികത്താതെയും സുരക്ഷാ പാളിച്ചകൾ പരിഹരിക്കാതെയുമുള്ള വന്ദേഭാരത്‌ ഉദ്‌ഘോഷങ്ങൾ കൂടുതൽ ദുരന്തങ്ങളിലേക്കാകും റെയിൽവേയെ നയിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top