20 April Saturday

കർമനിരതരായി ‘ഭൂമിയിലെ മാലാഖമാർ’

പി ഉഷാദേവിUpdated: Friday May 12, 2023

ആതുരസേവനരംഗത്ത്‌ നഴ്സുമാർ സമൂഹത്തിനു നൽകുന്ന വിലയേറിയ സേവനം ഓർമപ്പെടുത്താനും അംഗീകരിക്കാനുംവേണ്ടിയാണ് മെയ്‌ 12 അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ആധുനിക നഴ്‌സിങ്ങിന്‌ അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിങ്‌ഗേലിന്റെ ജന്മദിനമാണ്‌ അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. കരുണയുടെ പ്രതീകമായ ഫ്ലോറൻസ് ‘വിളക്കേന്തിയ വനിത’ എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌.  ക്രീമിയൻ യുദ്ധകാലത്ത് പട്ടാളക്കാർക്കു നൽകിയ പരിചരണമാണ്‌ അവരെ ആ പേരിന്‌ അർഹയാക്കിയത്‌. 1974 മുതലാണ് ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് നഴ്‌സസ് ദിനം ആചരിക്കാൻ തുടങ്ങിയത്. ‘നമ്മുടെ നഴ്‌സുമാര്‍ നമ്മുടെ ഭാവി’ എന്നതാണ് ഈവര്‍ഷത്തെ നഴ്‌സസ് ദിന സന്ദേശം. നഴ്സുമാർ ഒന്നിച്ച് അണിചേരുന്ന സുദിനങ്ങൾ കൂടിയാണ്‌ നഴ്സസ് വാരാഘോഷം.

ലോകമെമ്പാടുമുള്ള നഴ്‌സുമാർ വലിയ വെല്ലുവിളി നേരിട്ട കാലമാണ്‌ കഴിഞ്ഞുപോകുന്നത്‌. ലോകത്തെ ഭീതിയിലാഴ്‌ത്തിയ കോവിഡിന്റെ ആക്രമണകാലം ഏറെക്കുറെ കഴിഞ്ഞെന്ന്‌ വിശ്വസിക്കാം. ഈ ആശ്വാസ തീരത്തേക്ക്‌ നമ്മെ കൊണ്ടുചെന്ന്‌ എത്തിച്ചതിൽ ആതുരസേവനരംഗത്തെ പ്രവർത്തകരുടെ ത്യാഗം ആർക്കും മറക്കാനാകില്ല. എത്രയോ നഴ്‌സുമാരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ജീവൻ ബലിയർപ്പിച്ചു. നിപായ്‌ക്കെതിരായ പോരാട്ടത്തിൽ വീണുപോയ ലിനിയെ കേരളം ഒരിക്കലും മറക്കില്ല. ലോകമെമ്പാടും അങ്ങനെ എത്രയെത്രയോ നഴ്‌സുമാരാണ്‌ കർത്തവ്യ പാതയിൽ പൊലിഞ്ഞുപോയത്‌. അവരെയെല്ലാം അനുസ്‌മരിക്കാനുള്ള ദിനംകൂടിയാണ്‌ അന്താരാഷ്‌ട്ര നഴ്‌സസ്‌ ദിനം.

നഴ്‌സുമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ഏറെ വേദനാജനകമാണ്‌. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങൾ വർധിച്ചുവരുന്നു.  ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണം. സമൂഹം ജാഗ്രതയോടെ ഇടപെട്ടാൽ മാത്രമേ ഈ  ആക്രമണപ്രവണത അവസാനിപ്പിക്കാനാകൂ. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അക്ഷീണം പ്രവർത്തിക്കുന്നവരുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം ഇനിയുണ്ടാകരുത്‌.
ഇടതുപക്ഷ സർക്കാർ കേരളം ഭരിക്കുമ്പോഴൊക്കെ കേരളത്തിലെ നഴ്സുമാർക്ക് അനുകൂലമായ തീരുമാനങ്ങൾ നടപ്പാക്കി. എൽഡിഎഫ്‌ സർക്കാർ കൃത്യമായ സേവന വേതന വ്യവസ്ഥകൾ നിശ്ചയിക്കുകയും സ്വകാര്യമേഖലയിലെ ചൂഷണം അവസാനിപ്പിക്കുകയും ചെയ്‌തു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിയമഭേദഗതി കൊണ്ടുവരികയാണ്‌. ഏറ്റവും ജനകീയമൂല്യവും സാമൂഹ്യ കാഴ്ചപ്പാടുമുള്ളവരായി ആധുനിക കാലത്തെ നഴ്സുമാരെ മാറ്റുന്നതിൽ നിരന്തരമായ ഇടപെടലുകളാണ് ഈ രംഗത്ത് മുൻഗാമികളും സമകാലികരും നിർവഹിച്ചിട്ടുള്ളത്.

മഹാമാരിക്കാലത്തും ഉക്രയ്‌ൻ യുദ്ധവേളയിലുമെല്ലാം ‘ഭൂമിയിലെ മാലാഖമാർ’ മനുഷ്യജീവനുകൾ രക്ഷിച്ചെടുക്കാനായി കർമനിരതരായി. രോഗികൾക്കൊപ്പംനിന്ന് തളരാതെ പോരാടിയവർ. ഈ മഹത്തായ ദിനത്തിൽ തങ്ങളുടെ കർത്തവ്യത്തിൽ കർമനിരതരായി  ഏർപ്പെട്ടിരിക്കുന്ന എല്ലാ നഴ്‌സുമാർക്കും ആശംസ അർപ്പിക്കുന്നു.

( കേരള നഴ്‌സിങ്‌ ആൻഡ്‌ മിഡ്‌വൈഫ്‌സ്‌ 
കൗൺസിൽ പ്രസിഡന്റാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top